വർഷം 2000. UST സോഫ്റ്റ്‌വെയർ തുടങ്ങുന്ന സമയം. കേരളത്തിൽ നിന്നും ഒരുപാട് കുട്ടികളെ ക്യാമ്പസ് ഇന്റർവ്യൂ നടത്തി എടുക്കാൻ അവർ തയ്യാറായിരിക്കുന്നു. സീനിയർസ് പലരും പറഞ്ഞു, നിങ്ങളുടെ ഭാഗ്യമാണ്, കൃത്യമായി കമ്പനികൾ കേരളത്തിൽ വരാൻ തുടങ്ങുന്ന സമയം. ആ കാലത്തിനു മുമ്പ് കോളേജിൽ കമ്പനികൾ അങ്ങനെ വരുന്ന പതിവില്ല. വിരലിൽ എണ്ണാവുന്ന ചിലർക്ക് മാത്രം കോഴ്സ് കഴിയുമ്പോഴേക്കും ജോലി ലഭിക്കുന്ന കാലത്തിൽ നിന്നും ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. രണ്ടോ മൂന്നോ ക്യാമ്പസ് ടെസ്റ്റുകൾ കോളേജിലും ബാക്കി പത്തിലധികം ടെസ്റ്റുകൾ കൊച്ചിയിൽ പോയി എഴുതിയുമാണ് ജോലി ലഭിച്ചതെങ്കിലും, ഇപ്പോൾ എഴുതുന്നത് ആദ്യ ക്യാമ്പസ് ടെസ്റ്റ് അനുഭവമാണ്.
അഞ്ചാം സെമ്സ്റ്റർ തുടങ്ങുമ്പോൾ തന്നെ ക്യാമ്പസ് ടെസ്റ്റ് എഴുതാൻ ആദ്യ അവസരം. ടെസ്മിക്കും ഞാനും ചിരിച്ചു കളിച്ചു വിമല കോളേജിലേക്ക് പോകുന്ന സന്തോഷത്തോടെ പരീക്ഷ എഴുതാൻ നടന്നു പോകുന്ന സമയം. (വിമല കോളേജ് കാലഘട്ടങ്ങൾക്ക് അതീതമായി ഉപയോഗിക്കുന്ന ഒരു ചിന്ഹമാണ്.) അങ്ങനെയിരിക്കെ, കമ്പ്യൂട്ടർ സയൻസിലെ ഒരുവൻ ഞങ്ങളെ പുച്ഛിച്ചു സംസാരിച്ചു. ആദ്യ പരീക്ഷയിൽ പാസാവാനുള്ള സംഗതിയൊന്നും നിങ്ങൾക്കില്ല മക്കളെ എന്നതാണ് പുച്ഛത്തിന്റെ അടിസ്ഥാനം. അവന് എന്തുകൊണ്ട് അങ്ങനെ ഒരു ചിന്ത ഉണ്ടായിയെന്ന് എനിക്കറിയില്ല. (എന്റെ മിമിക്രി ലേബൽ + ടെസിന്റെ പാട്ട് ആണോ കാരണം? )
കോളേജിൽ ആദ്യമായി വരുന്ന കമ്പനി, എല്ലാവരും എഴുതുന്ന പരീക്ഷ. പാസ്സാവാൻ എളുപ്പമല്ല. ലോജിക്കുണ്ട്, പക്ഷേ, ഒരേ പരീക്ഷ എഴുതാൻ പോകുന്നവൻ തന്നെ മറ്റുള്ളവരെ പുച്ഛിക്കാൻ പാടുണ്ടോ?
അന്ന് തന്നെ റിസൾട്ട് വന്നു. ഞങ്ങൾ രണ്ടു പേരും പരീക്ഷയിൽ പാസ്. പുച്ഛിച്ചവൻ ഫെയിൽ. റിസൾട്ട് വന്ന് വീണ്ടും വിമലയിൽ പോകുന്ന സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ പുച്മോന്റെ വെളുത്ത മുഖം ഇരുണ്ടു പോയത് ഞാൻ ശ്രദ്ധിച്ചു. ഈ ഭൂമിയിൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത വികാരം… പുച്ഛം. ആരോടും ഒരു നിമിഷം പോലും എന്റെ മനസ്സിൽ അങ്ങനെ തോന്നരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാലത്തും.