Sunday, November 19, 2023

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർന്ന്കൊണ്ടിരുന്നു. പേര് ബാലൻ എന്നാണെങ്കിലും പ്രായം 50 കൂടുതൽ കാണും. ബസ് കയറാൻ പോകുമ്പോൾ ഞാൻ അവനെ നോക്കികൊണ്ട് നിൽക്കും. ആശാരി ബാലൻ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്. പണ്ട് അവൻ ആശാരിയായി പണിയെടുത്തിരിക്കാം. എപ്പോഴും ഒരു മരത്തിൽ ഉളി പിടിച്ചു ഉരക്കുന്ന ബാലൻ ഇടയ്ക്ക് ആ മരം കഷണം  ഒരു കണ്ണ് ഇറുക്കി ശരിയായില്ലേ എന്ന് നോക്കി കൊണ്ടിരിക്കും. എന്നും ഇതേ പരിപാടി തന്നെ. ഒരു ചെറിയ മരകഷ്ണവും ഉളിയും പിടിച്ചു എത്രയോ വർഷങ്ങൾ അവൻ ആ ബസ് സ്റ്റോപ്പിൽ വെയിലും മഴയും കൊണ്ടിരുന്നു. എപ്പോഴോ കേട്ടു ബാലൻ അസൂഖം പിടിച്ചു മരിച്ചുപോയെന്ന്.  സ്ഥിരമായി ഉളിയുടെയും മരത്തിന്റെയും മൂർച്ച നോക്കികൊണ്ടിരുന്ന ബാലന്റെ മുഖം എനിക്ക് അടുത്തിടെ ഓർമ്മ വന്നു. ഞാൻ എഴുതിയ പല കഥാ ഭാഗങ്ങളും വെട്ടിയും തിരുത്തിയും തൃപ്തി വരാതെ ഇരുന്നപ്പോൾ തോന്നിയ ഏറ്റവും അനുയോജ്യ ചിത്രം ഭ്രാന്തൻ ബാലന്റെയാണ്.


Wednesday, October 18, 2023

ശാസ്ത്രജ്ഞൻ തമ്പിയും രാഷ്ട്രീയ കഥകളും

വർഷം 1991, ഭൂമി ഗ്രഹത്തിലെ അരിന സംസ്ഥാനത്തിലെ ഒരാൾ പ്രധാനമന്ത്രിയാവുന്നു. അതിന് ഏറ്റവും കൂടുതൽ സഹായിച്ചത് തേങ്ങാന സംസ്ഥാനത്തിലെ ഒരു ലീഡർ മുഖ്യമന്ത്രി. ഏതാണ്ട് ആ കാലത്ത് തന്നെ ഭൂമിയുടെ അടുത്ത് കിടക്കുന്ന  ഒരു ചൊവ്വ കമ്മ്യൂണിസ്റ് രാഷ്ട്രം തകരുന്നു. അവിടെ നിന്ന് റോക്കറ്റ് സാങ്കേതിക വിദ്യ പഠിക്കാൻ പോയ തമ്പിയും കൂട്ടുകാരും കുറഞ്ഞ വിലയ്ക്ക് കാര്യങ്ങൾ പഠിച്ചെടുത്ത് തമ്പാനൂരിൽ വലിയ കാര്യങ്ങൾ സൃഷ്ടിക്കാൻ തീരുമാനിക്കുന്നു.  എന്നാൽ അരിന സംസ്ഥാനത്തിലെ ആയുധ കച്ചവട ലോബ്ബിക്ക് പ്രത്യേകിച്ചും പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) ചില കക്ഷികൾക്ക് തമ്പിയെ ഒന്ന് തടയണമെന്ന മോഹമുദിക്കുന്നു. കോടികണക്കിന് രൂപ കമ്യൂണിസ്റ് ചൊവ്വയുടെ എതിരാളികളുടെ കയ്യിൽ നിന്നും ബിസ്സിനസ് ലഭിക്കുന്ന അവസ്ഥ ശാസ്ത്രജ്ഞൻ തമ്പി ഇല്ലാതാക്കും. അതുകൊണ്ട് അയാളെ തടയാതെ നിവർത്തിയില്ല. .ഐ.ബി, വരുന്നു. കുടുക്കുന്നു. ലോക്കൽ പോലീസ് അനുസരണയോടെ  (അന്ത കാലം, മമ്മുട്ടി സിനിമ കണ്ട് തെറ്റി ധരിച്ചവർ) ഐ.ബി പറഞ്ഞത് അനുസരിക്കുന്നു. കോലാഹലം ആരംഭിക്കുന്നു. തേങ്ങാ സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് വരെ വലിയ തെറ്റുകൾ പറ്റുന്നു. തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. (അയാൾ തെറ്റ് പരസ്യമായി സമ്മതിക്കുന്നില്ല.) പോലീസ് ഐ.ജി വിഡ്ഢിയാക്കപ്പെടുന്നുവെന്ന് പറയുന്നത് ശരിയല്ലല്ലോ. അവർ അതിനെ മറികടക്കേണ്ടവരാണല്ലോ. തേങ്ങാ രാജ്യത്തെ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുന്നു. ലീഡർ മുഖ്യമന്ത്രി ശുദ്ധന്റെ സുഹൃത്തിനെ ((ധനമന്ത്രി കൂടിയായ) മുടി നീട്ടി വളർത്തിയ വഞ്ചകനെന്ന് വിളിക്കുന്നു.

ലീഡർ പ്രധാനമന്ത്രിയെ സഹായിച്ചെങ്കിലും, തേങ്ങാ മുഖ്യ മന്ത്രിയുടെ ശല്യം കൂടി വരുന്നുവെന്ന തോന്നൽ പ്രധാനമന്ത്രിക്ക് (അല്ല ...അരി സംസ്ഥാന സഹായികൾക്ക് ) ഉണ്ടാവുന്നു. ശുദ്ധനായ ഒരുവനെ അവിടെ നിന്ന് ശല്യം തീർക്കാൻ പറഞ്ഞയക്കാം. ചർച്ചകൾക്കൊടുവിൽ തീരുമാനമെടുത്തു. ശുദ്ധനെ പുതിയ മുഖ്യമന്ത്രിയാക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഒരു ശല്യം തീർന്നു. ലീഡറുടെ ശല്യം തീർന്നു. അതോടൊപ്പം തന്റെ ഒപ്പം നിൽക്കുകയും  ആർമി ഡീലുകളിൽ  പങ്കാളിത്ത കച്ചവടം നടത്തുന്ന സുഹൃത്തുക്കളുടെ ചെറിയ (ആയിര കണക്കിന് കോടി രൂപയുടെ ) ആവശ്യം (സന്തോഷങ്ങൾ)നിർവഹിക്കുന്നു. ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴ്ത്തുന്നു.

ശാസ്ത്രജ്ഞൻ തമ്പി അന്തം വിട്ട് നിൽക്കുന്നു. കാര്യങ്ങൾ ശുദ്ധ മുഖ്യമന്ത്രിക്കും ലീഡറിനും മനസിലായി തുടങ്ങുന്നു. അവർ  രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യമില്ലാത്ത സോണി നേതാവിനെ പോയി കാണുന്നു. ലീഡറുടെ നിർബന്ധ പ്രകാരം പാർട്ടിയെ രക്ഷിക്കാൻ വിധവയാണെങ്കിലും സമ്മർദ്ദ തന്ത്രത്തിൽ വീഴുന്നു. അവർ ഇറങ്ങുന്നു. ചതിയുടെ കഥകൾ അവരും തിരിച്ചറിയുന്നു. പ്രധാനമന്ത്രിയുടെ കാലാവധി പൂർത്തിയാവുന്നു. അതോടെ അയാൾ പാർട്ടി പരിപാടികളിൽ നിന്ന് പുറത്താകുന്നു. പൊതു ജനത്തിന് പിന്നിലെ കഥകൾ മുഴുവൻ മനസിലാവുന്നില്ല. 7 വർഷം കഴിഞ്ഞപ്പോൾ പഴയ പ്രധാനമന്ത്രി മരിക്കുന്നു. അവർക്ക് സാധാരണ പാർട്ടി കൊടുക്കാറുള്ള ബഹുമാനം മുഴുവൻ നൽകാതെ  സംസ്ക്കരിക്കുന്നു. ചില ചതികൾ ചിലർ പൊറുക്കുകയില്ല.

20 വർഷം കഴിഞ്ഞപ്പോൾ തമ്പിയെ പറ്റി സിനിമ വരുന്നു. അതിലെ രാഷ്ട്രീയം മാത്രം ഒഴിവാക്കുന്നു. ഐ.ബിയെ ദുരുപയോഗം ചെയ്തവർ ആരാണ്? ആലോചിച്ചാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകും...ഈ കഥയിലെ സത്യം. തമ്പിയുടെ ഊഹങ്ങളിലെ ഒരു ഭാഗം പല ചാനലുകളിലും അദ്ദേഹം തന്നെ പറഞ്ഞു. മറുവശം അദ്ദേഹത്തിന് അറിയാമായിരുന്നോ? അതോ പറയാൻ വേണ്ടത്ര തെളിവ് ഇല്ലാത്തതുകൊണ്ടാണോ? അതോ പഴയ സെൻട്രൽ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളെ കുറിച്ച് പറയാൻ മനോബലം അദ്ദേഹത്തിന് ഇല്ലെന്നോ...അങ്ങനെയാകാൻ തരമില്ല. കൃത്യമായി തെളിവുകൾ ഇല്ലെങ്കിൽ കഥകൾ എഴുതാൻ മാത്രമേ കഴിയൂ. അത് തമ്പിക്കും അറിയാം.

Wednesday, September 6, 2023

ഒരു പൊങ്ങച്ച കഥ - ഞാൻ അദ്ധ്യാപകൻ

മൂന്ന് മാസം കോലഴി ചിന്മയ കോളജിൽ എം.സി.എ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ സെക്കന്റ് സെമസ്റ്റർ കംപൈലർ പഠിപ്പിച്ച കാര്യം ഒരിക്കൽ ഞാൻ പറഞ്ഞിരുന്നല്ലോ.  അധ്യാപക ദിനത്തിൽ ഈ കഥ ഇരിക്കട്ടെ ; നടന്നിട്ടില്ലാത്ത  കാര്യങ്ങൾ പറയുന്നതാണ് പൊങ്ങച്ചം. എന്നാൽ ചിലപ്പോൾ കൃത്യമായി സ്വന്തം ജീവിതത്തിൽ  നടന്ന കാര്യം പറയുന്നതും പൊങ്ങച്ചമായി തോന്നിയേക്കാം. എന്നാലും കുഴപ്പമില്ല, ഇപ്പോൾ ഇത് പറയാതിരിക്കാൻ കഴിയുന്നില്ല.  ഞങ്ങളുടെ  അദ്ധ്യാപകൻ രഘുദാസ് സാർ പറഞ്ഞിട്ടാണോ അതോ പ്രിൻസ് തന്നെയാണോ എന്നെ അവിടെ ശുപാർശ ചെയ്തതെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല.

2001-ൽ ടാറ്റയിൽ ജോലിക്ക് കയറി ഏതാണ്ട് ഒരു വർഷം കഴിഞ്ഞു. ഒരു ദിവസം ഉദ്ദേശം നാല് മണി നേരത്ത് എന്റെ ബാംഗ്ളൂർ ടിസിഎസ് ഓഫീസ് ഫോണിൽ അപ്രതീക്ഷിതമായി ഒരു വിളി വന്നു. എന്റെ എംസിഎ  സീനിയർ പ്രിൻസ്. അദ്ദേഹം ചിന്മയ കോളേജിൽ പഠിപ്പിച്ചിരുന്നു. ഞാൻ മൂന്ന് മാസം അവിടെ പഠിപ്പിക്കുന്ന സമയത്ത് അദ്ദേഹവും എന്റെ കൂടെ അവിടെ ജോലി ചെയ്തിരുന്നു.

പ്രിൻസ് : എങ്ങനെ പോകുന്നു നിന്റെ  ടാറ്റ ജോലി?

ലിയോൺ : ജീവിച്ചു പോകുന്നു മാഷേ

പ്രിൻസ് : ലിയോൺ, പിന്നെ, ഞാൻ വേറെ ഒരു കാര്യം പറയാനാണ് വിളിച്ചത് .. റിസൾട്ട് വന്നു

ലിയോൺ: മനസിലായില്ല.

പ്രിൻസ് : എടാ നീ പഠിപ്പിച്ച കുട്ടികളുടെ റിസൾട്ട് വന്നു.

[എന്റെ ഹാർട്ട് നിലച്ചു. എല്ലാ വിഷയവും ആദ്യ സെമസ്റ്റർ തോറ്റ കുട്ടികളുടെ രണ്ടാം സെമസ്റ്റർ റിസൾട്ട് എനിക്ക് കേൾക്കണമെന്ന് വലിയ ആഗ്രഹമൊന്നും തോന്നിയില്ല...സത്യമാണ്.]

ലിയോൺ :  സോറി പ്രിൻസ്; ജോലിയിൽ കയറിയപ്പോൾ, ഞാൻ  ആ കാര്യം മറന്നു ....കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ ..ല്ലേ ?

 

പ്രിൻസ് : എല്ലാരും പാസായി.

ലിയോൺ:  “ക്ക് ..സമാധാനമായി ...കഴിഞ്ഞ സെമസ്റ്റർ എല്ലാരും എല്ലാം വിഷയവും തോറ്റതാണ് എന്ന് പറഞ്ഞപ്പോഴേ എന്റെ കിളി പോയതാണ്....എന്നാലും എല്ലാരും ജയിച്ചല്ലോ... [സമാധാനം സമാധാനം ...ഞാൻ മനസ്സിൽ പറഞ്ഞു.]

പ്രിൻസ് : പക്ഷേ എന്റെ സമാധാനം പോയി...

ഞാൻ നെറ്റി ചുളിച്ചു....

ലിയോൺ : അതെന്ത് പറ്റി?

പ്രിൻസ് : ഞാൻ പഠിപ്പിച്ച വിഷയം മാത്രമല്ല... ബാക്കി എല്ലാ വിഷയവും എല്ലാ കുട്ടികളും വീണ്ടും തോറ്റു...

അത് കേട്ടപ്പോൾ സത്യസന്ധമായി ഞെട്ടിപ്പോയി. “ജാലിയൻ കണാരൻ വിടൽസ് എന്ന് നിങ്ങൾക്ക് തോന്നിയില്ലേ?” ആ സെമസ്റ്റർ ഏറ്റവും ബുദ്ധിമുട്ടുള്ള കംപൈലർ വിഷയം എല്ലാവരും പാസാവുകയും, ബാക്കി എല്ലാ വിഷയവും കുട്ടികൾ തോറ്റു എന്നാണ് പ്രിൻസ് പറയുന്നത്.

ലിയോൺ :  അതെങ്ങനെ ശരിയാകും?

പ്രിൻസ് : അത് തന്നെയാണ് ഇവിടെ എല്ലാവർക്കും അറിയേണ്ടത്....നീ എന്താണ് ചെയ്തത്?

ലിയോൺ : ഞാൻ എന്ത് ചെയ്യാൻ ....പോറ്റി മാഷ് മ്മളെ പഠിപ്പിച്ചത് ഞാൻ അവരെ പഠിപ്പിച്ചു...

പ്രിൻസ് : വേറെ ഒന്നും ചെയ്തില്ലേ ?

ലിയോൺ : എനിക്ക് കിട്ടിയ 100 ഹോം വർക്ക് അവർക്കും കൊടുത്തു.

പ്രിൻസ് : വേറെ ഒന്നും ചെയ്തില്ലേ?

ലിയോൺ : ഇല്ലന്നേ ?

പ്രിൻസ് : ഉറപ്പാണോ ?

ലിയോൺ : ആ.. പിന്നെ ഒരു കാര്യം കൂടി ചെയ്തു ....അവസാന ദിവസം കൃത്യം 30 ചോദ്യങ്ങൾ ഫൈനൽ പരീക്ഷക്ക് വരുമെന്ന് ഒരു പ്രവചനം നടത്തി....ചിലപ്പോൾ അതിൽ നിന്നും കൂടുതൽ വന്നു കാണും...അവർ അത് കൃത്യമായി പഠിച്ചിട്ടുണ്ടാവും....

പ്രിൻസ്: എന്തൊക്കെയായാലും, ഞങ്ങൾക്ക് ഇനി ഇവിടെ ജീവിക്കാൻ പറ്റാതായി.... ബാംഗ്ളൂർ ജോലി നന്നായി പോണില്ലേ .... അപ്പൊ ശരി ..കാണാം.

[Note the point: സത്യമാണ്,  സംശയമുള്ളവർക്ക് കോളജിൽ അന്വേഷിക്കാം.Also thanks to Manoj A.M, my classmate for clarifying my doubts during my GEC college days..]

Monday, August 28, 2023

ടൈപ്പും ഐ.ആർ.എസ് കമ്പ്യൂട്ടറും ജോണേട്ടനും

എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്രോഗ്രാമിങ്. അവധികാലം കളിക്കാൻ സമയം കണ്ടെത്തുന്നതിനുമൊപ്പം എന്തെങ്കിലും പഠിക്കാനും സമയം നീക്കിവെക്കണമെന്ന വീട്ടിലെ നിർദ്ദേശങ്ങൾ അതിനു പിന്നിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. (1990 April - May) എന്നാൽ ആ കാലത്ത് ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകുന്നതും ഒരു സാധാരണ പഠന കാര്യമായി പലരും കരുതിയിരുന്നു. എന്നാൽ രണ്ടു മാസം ടൈപ്പ് പഠിക്കാൻ പോകുന്ന സമയത്ത് നാട്ടിൽ ചിലർ പറയുമായിരുന്നു, "ടൈപ്പ് പഠിക്കുന്നത് നല്ലതാണ്, കമ്പ്യൂട്ടർ പഠനം എളുപ്പമാകും."

അവിടുത്തെ ആദ്യ കമ്പ്യൂട്ടർ അധ്യാപകന്റെ പേര് എനിക്ക് ഓർമ്മയുണ്ട് ടോബി. പിന്നീട് ഒരു തവണ ഒറാക്കിൾ മിടുക്കനായ രാജേഷ് അധ്യാപകനായിരുന്നു. രണ്ടോ മൂന്നോ തവണ അവിടെ കമ്പ്യൂട്ടർ പഠിക്കാൻ പോയിട്ടുണ്ട്. ജോണേട്ടൻ പപ്പയുടെ അടുത്ത ബന്ധുവും എന്നാൽ  അതിനേക്കാൾ ഉപരി ഏറ്റവും അടുത്ത സുഹൃത്തായിരുന്നതുകൊണ്ടും എന്റെ കയ്യിൽ നിന്നും പഠനത്തിനുള്ള  ഫീസ് വാങ്ങിക്കാറില്ല. ഒരു പക്ഷേ കോർപ്പറേറ്റ് ഓഫിസ് ശൈലിയിലുള്ള ആധുനിക സംവിധാനങ്ങൾ ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്. ഐ.ആർ.സിൽ  പഠിക്കാൻ കയറുമ്പോൾ എന്റെ നാട് പല കാര്യങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നാറുണ്ട്.  പുരോഗതിയുടെയും പുതുമയുടെയും അടയാളമായതുകൊണ്ട് ഐ.ആർ.എസ് കമ്പ്യൂട്ടറിന്റെ പേര് സ്വരാജ് റൗണ്ടിൽ ഉയർന്ന് നിൽക്കുന്നത് കാണുമ്പോൾ സുഹൃത്തുക്കളോട് അത് എന്റെ ബന്ധുവിന്റെയാണെന്ന് അഭിമാനത്തോടെ പറയുമായിരുന്നു. ഒരു സ്ഥാപനം തുടങ്ങാനുള്ള എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത്, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയതിനു ശേഷം,  മനോഹരമായ ഒരു ഗ്ലാസ് ഫൈബർ ക്യാബിനിൽ ഇരുന്ന് അഭിമാനത്തോടെ വീക്ഷിക്കുന്ന ജോണേട്ടന്റെ മുഖം; വ്യക്തിപരമായ  വിജയത്തിന്റെ പ്രതീകമായി പലപ്പോഴും ഓർക്കാറുണ്ട്. തൃശൂരിൽ ടെൿനോളജി  രംഗത്ത് ആദ്യ സ്ഥാപനങ്ങളിലൊന്നായിരുന്നു  ഐ.ആർ.എസ്.

Monday, August 7, 2023

ലജ്ജ തിയ്യറ്റർ - വിയ്യൂർ

നല്ല കുട്ടിയായാൽ (നല്ല കുട്ടിയെന്ന ചിത്രം) ചില നഷ്ടങ്ങൾ അനുഭവിക്കേണ്ട വരും. അതിലൊന്നാണ് ഒരിക്കലും സിനിമ കാണാൻ കയറാതെ പോയ വിയ്യൂരിലെ ലജ്ജ തീയറ്റർ. സെയിന്റ് തോമസിൽ പഠിക്കുമ്പോൾ നഗരത്തിലെ ലജ്ജ തീയറ്റർ ഒഴികെ എല്ലാ തീയറ്ററും സന്ദർശിച്ചിരുന്നു. ചില കൂട്ടുകാർ ലജ്ജയിൽ പോകുന്നതിനെ ശക്തമായി വിലക്കിയിരുന്നു.

അമ്പരാജു എന്നും പറഞ്ഞുകൊണ്ടിരിക്കും, "അവിടെ നിന്നെ പോലെയുള്ള നല്ല കുട്ടികൾക്ക് പോയാൽ..."

“എന്ത് കുഴപ്പം? നിനക്ക് പോകാമെങ്കിൽ എനിക്കും പോകാം....” ഞാൻ ഇടയ്ക്ക് മറുപടി പറയും.

"മുകളിൽ നിന്ന് മെഴുക്-തിരി മെഴുക് തലയിൽ വീഴും." അവൻ എന്നെ പിന്തിരിപ്പിച്ചു. "ബാൽക്കണിയിൽ ഇരിക്കാമല്ലോ...ഒന്നും വീഴില്ല..." "ബാൽക്കണിയായാലും... അവിടെ വഴുക്കി വീഴും....നിനക്കൊന്നും ഈ വക കാര്യങ്ങൾ മനസിലാകില്ലേ..?" രാജുവിന് സ്വയം വലിയ ആളാണെന്നാണ് ഭാവം. അന്ന് ലജ്ജ തീയറ്ററിൽ  സിനിമ കാണാൻ കയറിയവർക്ക് ഹിമാലയം കയറിയ പവർ ഉണ്ട്. അവരാണ് ഏറ്റവും മുന്തിയ അറിവുള്ളവർ എന്നാണ് ഭാവം.

അവൻ കൂടെയുള്ളവരോട് പറഞ്ഞു കളിയാക്കും... "ഡാ.... ഈ ചെക്കന് വല്ല സിഡി സങ്കടിപ്പിച്ച് കൊടുക്ക് ...ആദ്യം കാര്യങ്ങൾ പഠിക്കട്ടെ..."

20-വർഷം കഴിഞ്ഞിരിക്കുന്നു. ഏതായാലും വർഷങ്ങൾക്ക് ശേഷം ആ തീയേറ്ററിൽ ഞാൻ ഒരു ചിരി പടം കാണാൻ കയറി രണ്ട് മണിക്കൂർ ചിരിച്ചു. പക്ഷെ തീയറ്റർ പേര് ലജ്ജ എന്നത് പൂജയായി മാറിയിരുന്നു.


Friday, July 28, 2023

സഖാവ് രഘുവിന്റെ ലഡു - 1954 Flashback.

1954 - സ്ഥലം : കേരളം

രഘുവും നാരായണനും അന്നത്തെ പേര് കേട്ട കുട്ടി സഖാക്കളായി മാറിയിരുന്നു. അന്നത്തെ കല്യാണ പാർട്ടിക്ക് അവർക്ക് പോകണം. അത് ഒരു ആഗ്രഹമാണ്. പക്ഷെ ഭയമാണ്. ആരാണ് കൊല്ലാൻ ശ്രമിക്കുകയെന്നറിയില്ല. കൊല്ലാൻ തക്ക കുറ്റമൊന്നും ചെയ്തിട്ടില്ല. പക്ഷേ, ആ കാലത്ത് കമ്മ്യൂണിസ്റ്റാണെങ്കിൽ കൊല്ലാൻ പ്രത്യേക കാരണമൊന്നും വേണ്ട. എന്നാലും രണ്ട് പേരുടെയും കുട്ടി പ്രായം വിട്ടു മാറിയിട്ടില്ല.

ഭാര്യ രമ പിന്നിൽ നിന്നും പറഞ്ഞു "പലഹാരം തിന്നാൻ കൊതി തന്നെ. അല്ലാതെ ആരെങ്കിലും ജീവന് ഭയമുള്ളവർ അവിടെ പോകുമോ?"

"കൊതിയായിട്ടില്ല, എത്ര കാലം ഒളിച്ചു ജീവിക്കും..."

"ഉവ്വ് ...ആ പ്രായത്തിൽ...ഞാൻ വിശ്വസിക്കില്ല..." രമ പൊട്ടിച്ചിരിച്ചു.

"നിനക്ക് 70 വർഷം മുമ്പത്തെ കാര്യങ്ങളെ  കുറിച്ച് ഒരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്... ഈ വയസ്സുകാലത്ത് നമ്മൾ ഒരുമിച്ചിരുന്നു സംസാരിക്കാൻ കാരണം തന്നെ ചിലപ്പോൾ " രഘു അവളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.

"എന്നാലും ജന്മിയുടെ കല്യാണ വീട്ടിൽ പോയി ലഡു കഴിക്കും വേണം...അവര് നിങ്ങളെ കൊല്ലാനും പാടില്ല...ഞാൻ ആ ഭാഗത്തേക്ക് തന്നെ പോകില്ല.. ആ നാരായണന് ബുദ്ധിയുണ്ടല്ലോ..അയാളും ഉപദേശിച്ചില്ലേ?" ഭാര്യ രമ ആവർത്തിച്ചു.

രഘുവും നാരായണനും ജന്മിയുടെ വീട്ടിൽ കല്യാണത്തിന് പോയി. അന്ന് അവിടെ ബെഞ്ചും ഡെസ്കും പലഹാരങ്ങൾ നിരത്തിവെച്ചിട്ടുണ്ട്. അവർ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു. അവരുടെ മുന്നിൽ പലഹാരങ്ങളും ചായയും പണിക്കാർ കൊണ്ടുവച്ചു. പെട്ടന്ന് അവർ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് മുൻമ്പേ പലഹാരം തയ്യാറാക്കി വെച്ച ബെഞ്ചിലേക്ക് മാറിയിരുന്നു. അവിടെ ഉണ്ടായിരുന്ന ലഡുവും ചായയും കഴിച്ചു.

തങ്ങളുടെ മുന്നിൽ കൊണ്ടുവെച്ച ചായയിൽ വിഷമുണ്ടോ എന്ന് അവർക്ക് സംശയം തോന്നി. അത്കൊണ്ടാണ് അവർ കസേര മാറി ഇരുന്നത്.  

അത് കേട്ട് വീണ്ടും രമ പൊട്ടിച്ചിരിച്ചു. "അത് തന്നെയാണ് ഞാൻ പറഞ്ഞത് ഞാൻ ആ ഭാഗത്തേക്ക് തന്നെ പോകില്ല...ഇത്ര സംശയം ഉണ്ടെങ്കിൽ ആരെങ്കിലും ജന്മി ചായ കുടിക്കാൻ പോകുമോ?"

രഘുവിന് ഉത്തരം കിട്ടിയില്ല. "അത് പിന്നെ ..."

"അത് തന്നെയാണ് ഞാൻ പറഞ്ഞത്... ഭയത്തേക്കാൾ നിങ്ങളുടെ കൊതിയാണ് വിജയിച്ചത്.!" രമ വീണ്ടും ചിരിച്ചു. നീട്ടി വളർത്തിയ നരച്ച താടി തലോടി രഘു അവളുടെ ചിരിയോട് ചേർന്ന് കൂടുതൽ തർക്കം ആ വിഷയത്തിൽ നടത്തിയില്ല.

Sunday, July 16, 2023

യുഗോസ്ലാവിയ-ചെക്കൊസ്ലാവ്യ

മാതൃഭൂമി പത്രത്തിൽ നിന്നും ഒരിക്കൽ (1998) എനിക്ക് , ബിപിൽ മ്യൂസിക്  വാക്ക് മാൻ സമ്മാനമായി ലഭിച്ചിട്ടുണ്ട്. 1998 ഫുട്ബാൾ വേൾഡ് കപ്പ് സെമി ഫൈനൽ ലൈനപ്പ് , ഫൈനൽ ജേതാക്കൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പ്രവചനം നടത്തിയതാണ് കാരണം. അന്നത്തെ സുഹൃത്തുക്കൾക്ക് മനസിലാവാതിരുന്ന കാര്യം ക്രോയേഷിയ കുറിച്ച് എങ്ങനെ പറയാൻ കഴിഞ്ഞു എന്ന് മാത്രമായിരുന്നു. തീർത്തും പ്രശസ്തമല്ലാത്ത രാജ്യം. കേരളത്തിൽ ആർക്കും അറിയാതെ കിടന്നിരുന്ന കാര്യം. ഉത്തരം ലളിതമാണ്, യൂറോപ്പിയൻ രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ അവർ തുടർച്ചയായി നടത്തിയ മുന്നേറ്റത്തെ കുറിച്ച് ഞാൻ മാഗസിനുകളിൽ വായിച്ചിരുന്നു. പഴയ യുഗോസ്ലാവിയിലെ മിക്കവാറും താരങ്ങൾ ആ ടീമിന്റെ ഭാഗമാണെന്ന് മനസിലാക്കിയിരുന്നു. അവർ അണ്ടർ 20 ലോകകപ്പ് നേടുകയും 1990.ൽ അർജന്റീനയെ വിറപ്പിച്ചതും  ശ്രദ്ധിച്ചതാണ്. യുഗോസ്ലാവിയ രാജ്യം എനിക്കിഷ്ടമായിരുന്നു. കാരണം ചോദിക്കരുത്. എന്തോ പേര് കേൾക്കുമ്പോൾ ഒരു സുഖം. അതുകൊണ്ട് തന്നെ ബെൽഗ്രേഡ് എന്ന സ്ഥലവും ഇഷ്ടമായി. എന്നാൽ അവർക്ക് അവരുടെ സ്ഥലം ഇഷ്ടമുണ്ടോ എന്നെനിക്കറിയില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ ചില ദിവസങ്ങളിൽ പ്രമോദ് എന്നെ കളിയാക്കി വിളിക്കും "ദേ വരുന്നു യുഗോസ്ലാവിയ-ചെക്കൊസ്ലാവ്യ..." ക്ലാസ്സിലെ ക്വിസ് മത്സരത്തിൽ യുഗോസ്ലാവ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് അവൻ എനിക്ക് തന്ന പേരാണ്.


ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...