വർഷം 1991, ഭൂമി ഗ്രഹത്തിലെ അരിന സംസ്ഥാനത്തിലെ ഒരാൾ പ്രധാനമന്ത്രിയാവുന്നു.
അതിന് ഏറ്റവും കൂടുതൽ സഹായിച്ചത് തേങ്ങാന സംസ്ഥാനത്തിലെ ഒരു ലീഡർ മുഖ്യമന്ത്രി.
ഏതാണ്ട് ആ കാലത്ത് തന്നെ ഭൂമിയുടെ അടുത്ത് കിടക്കുന്ന ഒരു ചൊവ്വ
കമ്മ്യൂണിസ്റ് രാഷ്ട്രം തകരുന്നു. അവിടെ നിന്ന് റോക്കറ്റ് സാങ്കേതിക വിദ്യ
പഠിക്കാൻ പോയ തമ്പിയും കൂട്ടുകാരും കുറഞ്ഞ വിലയ്ക്ക് കാര്യങ്ങൾ പഠിച്ചെടുത്ത്
തമ്പാനൂരിൽ വലിയ കാര്യങ്ങൾ സൃഷ്ടിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അരിന
സംസ്ഥാനത്തിലെ ആയുധ കച്ചവട ലോബ്ബിക്ക് പ്രത്യേകിച്ചും പ്രധാനമന്ത്രിയുമായി
നേരിട്ട് ബന്ധമുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) ചില കക്ഷികൾക്ക് തമ്പിയെ ഒന്ന് തടയണമെന്ന
മോഹമുദിക്കുന്നു. കോടികണക്കിന് രൂപ കമ്യൂണിസ്റ് ചൊവ്വയുടെ എതിരാളികളുടെ കയ്യിൽ
നിന്നും ബിസ്സിനസ് ലഭിക്കുന്ന അവസ്ഥ ശാസ്ത്രജ്ഞൻ തമ്പി ഇല്ലാതാക്കും. അതുകൊണ്ട്
അയാളെ തടയാതെ നിവർത്തിയില്ല. .ഐ.ബി, വരുന്നു. കുടുക്കുന്നു. ലോക്കൽ പോലീസ്
അനുസരണയോടെ (അന്ത കാലം, മമ്മുട്ടി സിനിമ കണ്ട് തെറ്റി ധരിച്ചവർ) ഐ.ബി
പറഞ്ഞത് അനുസരിക്കുന്നു. കോലാഹലം ആരംഭിക്കുന്നു. തേങ്ങാ സംസ്ഥാനത്തെ ഉയർന്ന പോലീസ്
ഉദ്യോഗസ്ഥന് വരെ വലിയ തെറ്റുകൾ പറ്റുന്നു. തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. (അയാൾ
തെറ്റ് പരസ്യമായി സമ്മതിക്കുന്നില്ല.) പോലീസ് ഐ.ജി വിഡ്ഢിയാക്കപ്പെടുന്നുവെന്ന്
പറയുന്നത് ശരിയല്ലല്ലോ. അവർ അതിനെ മറികടക്കേണ്ടവരാണല്ലോ. തേങ്ങാ രാജ്യത്തെ
മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുന്നു. ലീഡർ മുഖ്യമന്ത്രി ശുദ്ധന്റെ സുഹൃത്തിനെ
((ധനമന്ത്രി കൂടിയായ) മുടി നീട്ടി വളർത്തിയ വഞ്ചകനെന്ന് വിളിക്കുന്നു.
ലീഡർ പ്രധാനമന്ത്രിയെ സഹായിച്ചെങ്കിലും, തേങ്ങാ മുഖ്യ മന്ത്രിയുടെ ശല്യം
കൂടി വരുന്നുവെന്ന തോന്നൽ പ്രധാനമന്ത്രിക്ക് (അല്ല ...അരി സംസ്ഥാന സഹായികൾക്ക് )
ഉണ്ടാവുന്നു. ശുദ്ധനായ ഒരുവനെ അവിടെ നിന്ന് ശല്യം തീർക്കാൻ പറഞ്ഞയക്കാം.
ചർച്ചകൾക്കൊടുവിൽ തീരുമാനമെടുത്തു. ശുദ്ധനെ പുതിയ മുഖ്യമന്ത്രിയാക്കുന്നു.
ഇന്ദ്രപ്രസ്ഥത്തിലെ ഒരു ശല്യം തീർന്നു. ലീഡറുടെ ശല്യം തീർന്നു. അതോടൊപ്പം തന്റെ
ഒപ്പം നിൽക്കുകയും ആർമി ഡീലുകളിൽ പങ്കാളിത്ത കച്ചവടം
നടത്തുന്ന സുഹൃത്തുക്കളുടെ ചെറിയ (ആയിര കണക്കിന് കോടി രൂപയുടെ ) ആവശ്യം (സന്തോഷങ്ങൾ)നിർവഹിക്കുന്നു.
ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴ്ത്തുന്നു.
ശാസ്ത്രജ്ഞൻ തമ്പി അന്തം വിട്ട് നിൽക്കുന്നു. കാര്യങ്ങൾ ശുദ്ധ
മുഖ്യമന്ത്രിക്കും ലീഡറിനും മനസിലായി തുടങ്ങുന്നു. അവർ രാഷ്ട്രീയത്തിൽ
ഇറങ്ങാൻ താല്പര്യമില്ലാത്ത സോണി നേതാവിനെ പോയി കാണുന്നു. ലീഡറുടെ നിർബന്ധ പ്രകാരം പാർട്ടിയെ
രക്ഷിക്കാൻ വിധവയാണെങ്കിലും സമ്മർദ്ദ തന്ത്രത്തിൽ വീഴുന്നു. അവർ ഇറങ്ങുന്നു.
ചതിയുടെ കഥകൾ അവരും തിരിച്ചറിയുന്നു. പ്രധാനമന്ത്രിയുടെ കാലാവധി പൂർത്തിയാവുന്നു.
അതോടെ അയാൾ പാർട്ടി പരിപാടികളിൽ നിന്ന് പുറത്താകുന്നു. പൊതു ജനത്തിന് പിന്നിലെ
കഥകൾ മുഴുവൻ മനസിലാവുന്നില്ല. 7 വർഷം കഴിഞ്ഞപ്പോൾ പഴയ പ്രധാനമന്ത്രി മരിക്കുന്നു.
അവർക്ക് സാധാരണ പാർട്ടി കൊടുക്കാറുള്ള ബഹുമാനം മുഴുവൻ
നൽകാതെ സംസ്ക്കരിക്കുന്നു. ചില ചതികൾ ചിലർ പൊറുക്കുകയില്ല.
20 വർഷം കഴിഞ്ഞപ്പോൾ തമ്പിയെ പറ്റി സിനിമ വരുന്നു. അതിലെ രാഷ്ട്രീയം മാത്രം
ഒഴിവാക്കുന്നു. ഐ.ബിയെ ദുരുപയോഗം ചെയ്തവർ ആരാണ്? ആലോചിച്ചാൽ നിങ്ങൾക്ക് കാര്യങ്ങൾ
മനസിലാകും...ഈ കഥയിലെ സത്യം. തമ്പിയുടെ ഊഹങ്ങളിലെ ഒരു ഭാഗം പല ചാനലുകളിലും
അദ്ദേഹം തന്നെ പറഞ്ഞു. മറുവശം അദ്ദേഹത്തിന് അറിയാമായിരുന്നോ? അതോ പറയാൻ വേണ്ടത്ര
തെളിവ് ഇല്ലാത്തതുകൊണ്ടാണോ? അതോ പഴയ സെൻട്രൽ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട
ചില വൃത്തങ്ങളെ കുറിച്ച് പറയാൻ മനോബലം അദ്ദേഹത്തിന് ഇല്ലെന്നോ...അങ്ങനെയാകാൻ
തരമില്ല. കൃത്യമായി തെളിവുകൾ ഇല്ലെങ്കിൽ കഥകൾ എഴുതാൻ മാത്രമേ കഴിയൂ. അത്
തമ്പിക്കും അറിയാം.
No comments:
Post a Comment