Tuesday, January 31, 2023

പദ്‌മനാഭൻ മാഷിന്റെ ഫിസിക്സ് കട്ട് - സിനിമ

പദ്മനാഭൻ മാഷിന്റെ ഫിസിക്സ് ക്ലാസിൽ പ്രീഡിഗ്രി ഒരു വർഷവും  ഡിഗ്രിക്ക് രണ്ട് വർഷവും ഇരുന്നിട്ടുണ്ട്. നല്ല രീതിയിൽ വിഷയം പറഞ്ഞു തരുന്ന അദ്ധ്യാപകനായി എല്ലാവർക്കും പൊതുവിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഞാൻ പെട്ടന്ന് ഓർക്കുന്നത് എന്തോ പറഞ്ഞപ്പോഴുള്ള മാഷിന്റെ ഉദാഹരമാണ്. സിനിമ കാണാൻ ക്‌ളാസ് കട്ട് ചെയ്ത പോയ കുട്ടികളെ ചെറിയ രീതിയിൽ ശകാരിക്കുന്നു. ജയറാം മാഷിന്റെ പോലെ അത്ര കോപം അഭിനയിക്കില്ല. ശകാരിക്കുന്നുവെന്ന് പലപ്പോഴും തോന്നാറില്ല. എങ്കിലും ഒരിക്കൽ ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ടവരോട് ശാസനയായി സംസാരിക്കുന്നതിനിടയിൽ. "നിങ്ങൾ സിനിമ കാണുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല... പക്ഷേ അതെങ്കിലും ശരിക്ക് കാണണം."

അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

പെട്ടന്ന് മാഷ് ഒരു ചോദ്യം ചോദിച്ചു. "അടുത്ത കാലത്ത് ഇറങ്ങിയ വിയറ്റ്നാം കോളനി എത്ര പേര് കണ്ടു?"

ഹിറ്റ് സിനിമയായതിനാൽ മിക്കവാറും ക്‌ളാസ്സിലെ എഴുപത് ശതമാനംപേരും കണ്ടതാണ്.

അതിൽ നിന്ന് എന്ത് പഠിച്ചു എന്നതാണ് അടുത്ത ചോദ്യം.

‘എന്ത് പഠിക്കാൻ...സൂപ്പറല്ലെ..സാറേ..സൂപ്പറ്‍ കോമഡിയല്ലേ?’ എല്ലാവരും മനസ്സിൽ പറഞ്ഞു.

മാഷ് എല്ലാവരുടെയും മുഖത്തേക്ക് നോക്കി. ആകാംഷയോടെ ഞങ്ങളും മാഷിന്റെ മുഖത്തേക്ക് നോക്കി. അതിനു ശേഷം ആ സിനിമയിലെ നായക കഥാപാത്രം 5 ഗുണ്ടകളോട് പ്രത്യേകം സംസാരിക്കുന്ന ഭാഗത്തെ കുറിച്ച് വിവരിച്ചു. "ഇരുമ്പ് സമ്മതിക്കുമ്പോൾ ജോൺ സമ്മതിക്കില്ല. ജോൺ സമ്മതിക്കുമ്പോൾ വട്ടപ്പിള്ളി സമ്മതിക്കില്ല. അങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിൽ നിന്നും എന്ത് മനസിലായി?"

"എന്ത് മനസ്സിലാവാൻ?"   ഞങ്ങൾ അന്തവിട്ടു.  അവർ ഗുണ്ടകളല്ലേ സാറേ.

"എടൊ ... അത്  നായകന്റെ സ്റ്റേക്ക് ഹോൾഡർ മാനേജ്‌മെന്റിന്റെ ഉദാഹരണമാണ്.  അതാണ് സിനിമയിൽ കാണിക്കുന്നത്. "

ഞങ്ങൾ പിന്നിലിരുന്ന് മനസ്സിൽ പറഞ്ഞു. "എന്ത് ഹോൾഡർ? ഇതൊക്കെ സംവിധായകൻ പോലും വിചാരിച്ചു കാണില്ല."

എന്നിട്ട് സിനിമ കണ്ടവരെ ഒരിക്കൽക്കൂടി ചീത്ത പറഞ്ഞു. "വെറുതെ സിനിമ കണ്ടാൽ പോര. അതിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണം." മാഷ് അവസാനിപ്പിച്ചു.

"കൊള്ളാം മാഷ് കിടിലൻ.." ഞാൻ മനസ്സിൽ പറഞ്ഞു. "വെറും ഫിസിക്സ് മാത്രമല്ല.." 

Monday, January 30, 2023

ചെറിയ സ്വാർത്ഥത

കോളേജിൽ പഠിക്കുമ്പോൾ  ഡോക്ടറെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കണമെന്ന് റോസിയമ്മ ആഗ്രഹിച്ചിരുന്നു. കാരണം വളരെ ലളിതമാണ്. വെറും സ്വാർത്ഥത.  എന്തെങ്കിലും രോഗം വന്നാൽ സത്യസന്ധമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ വീട്ടിലുണ്ടെങ്കിൽ അമ്മയുടെ ആരോഗ്യം രക്ഷപ്പെട്ടു. കുറ്റം പറയാൻ കഴിയില്ല. ആശുപത്രികളെ കുറിച്ച് ദിവസവും പത്രത്തിൽ വായിക്കുന്ന, ചിന്തിക്കുന്ന വ്യക്തികൾക്ക്; രോഗം, രോഗത്തിന്റെ  കാരണം, ചികിത്സ ഇതൊക്കെ ശരിയായി എല്ലായിടത്തും നടക്കുന്നുണ്ടോയെന്ന സംശയം ഉണ്ടാവുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. പത്രത്തിലും, ടീവിയിൽ വരുന്ന ചില വാർത്തകൾ , ഒന്നിനെ പത്താക്കി വലുതാക്കി സംശയം വരുന്ന തരത്തിലാണല്ലോ. (പ്രത്യേകിച്ചും ആശുപത്രികൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ.) അതുകൊണ്ട് തന്നെയാവണം വീട്ടിൽ  ഒരു ഡോക്ടറെന്ന  സ്വാർത്ഥ ചിന്ത വളർന്നത്.  അമ്മക്ക് ആകെ വിശ്വാസമുള്ള രണ്ട് ഡോക്ടർമാരെ ലോകത്തിലുള്ളു. ഫസ്റ്റ് കസിൻ ഡോക്ടർ ഡോക്ടർ വർക്കിയും,  ഡോക്ടർ എൽസിയുമാണ്. ഫസ്റ്റ് കസിൻ ഡോക്ടറായാൽ ഗുണം അതാണ്. രണ്ടു പേരും കേരള ഗവണ്മെന്റ് സർവീസിൽ നിന്നും വിരമിച്ചവരാണ്. അവരോട് സംസാരിക്കുമ്പോൾ അവർ തന്നെ പല മരുന്നുകളും കഴിക്കാൻ  ഭയപ്പെടുന്നതിനെ കുറിച്ച് പറയുന്നത് കണ്ടിട്ടുണ്ട്.  ഒരിക്കൽ വർക്കിയച്ചൻ പറഞ്ഞു...: "ഗ്യാസ്..ഹ്മ്മ് ... ഞാൻ തന്നെ ഉള്ളിയാണ് കഴിക്കുന്നത്... പിന്നെ എങ്ങനെ നിന്നോട് ഞാൻ വേറെ മരുന്ന് കഴിക്കാൻ പറയും." 

റോസിയമ്മ പണ്ട് പറയുന്നത് കേട്ടിട്ടുണ്ട് "അവരുടെ മകൾ വളർന്നു ഒരു ഡോക്ടറവും അവളെ നീ കല്യാണം കഴിച്ചാൽ..... "

ഞാൻ വാചകം പൂർത്തിയാക്കും, "മമ്മിയുടെ ഭയം തീരും...."  ബന്ധുക്കൾ ഡോക്ടർമാരായാൽ പോരാ. വീട്ടിൽ തന്നെ വേണം, അതിരു കടന്ന സ്വാർത്ഥത. അതിന് ശേഷം അമ്മ തന്നെ പറയും "ബന്ധുക്കൾ തമ്മിലുള്ള വിവാഹം പാടില്ല." ഡിഗ്രി ബയോളജിക്കൽ ശാസ്ത്രം പഠിച്ചതുകൊണ്ട് അങ്ങനെ ഒരു കാര്യം അമ്മ ഓർക്കുന്നുണ്ട്.

ഇനി എന്റെ മകളെയാണ് റോസി അമ്മമ്മ അടുത്ത ഡോക്ടർ ഊഴത്തിനു കണ്ടുവെച്ചിരിക്കുന്നത്. 45 വർഷം മുമ്പ്  ബന്ധുവായ ഡോക്ടറെ കുറിച്ച്  അപ്പാപ്പൻ പറയുന്നത് കേട്ടിട്ടുണ്ട് "മരുന്ന് അരയ്ക്കാൻ വീട്ടില് ഒരാളായില്ലേ...." 

എന്റെ എം.സി.എ സുഹൃത്ത് വിജു വിവാഹം കഴിഞ്ഞു ഭാര്യ വീട്ടിലെത്തിയപ്പോൾ ആദ്യ ദിവസം തന്നെ വീട്ടിലെ കേടുവന്ന കമ്പ്യൂട്ടർ ശരിയാക്കാൻ ഇട്ടുകൊടുത്തതും, അതുവരെ കമ്പ്യൂട്ടർ കൈകൊണ്ടു തൊടാതെ തന്നെ ഡിഗ്രി ലഭിച്ചത്കൊണ്ട് കുറച്ചു അറപ്പോടെ വെറുപ്പോടെ എന്നാൽ സ്നേഹത്തോടെ കമ്പ്യൂട്ടറിനെ നോക്കി നിൽക്കുമ്പോൾ അടുത്ത വീട്ടിലെ ഒരു ചെറിയ കുട്ടി ഓടിവന്ന് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തപ്പോൾ കമ്പ്യൂട്ടർ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. വിജു നാണക്കേടിൽ നിന്നും രക്ഷപ്പെട്ടു. എം.സി.എ കഴിഞ്ഞ വ്യക്തി കമ്പ്യൂട്ടർ ശരിയാക്കികൊടുക്കുമെന്നത് വീട്ടുകാരുടെ പ്രതീക്ഷയാണ്.

മകൾ ഡോക്ടറാവുമോ എന്നെനിക്കറിയില്ല. പക്ഷേ, അമ്മാമ്മ  പ്രതീഷിക്കുന്നത് മരുന്ന് അരയ്ക്കുകയെന്ന  പണി ചെയ്യുന്ന ആളിനെയാണ്. അതിന്റെ പ്രവേശന പരീക്ഷ അടുത്തു വരുന്നു. ഈ പ്രാവശ്യം ലഭിക്കില്ലെന്ന് മകൾ കട്ടായം പറയുന്നു.


Friday, January 27, 2023

എക്സാം സീൻ - എം.സി.എ തൃശൂർ എഞ്ചിനീയറിംഗ് കോളേജ്

 എം.സി.എ സെക്കന്റ് സെമസ്റ്റർ പരീക്ഷകൾക്കുള്ള തയാറെടുപ്പ് നടക്കുന്നു. ഞാനും വിജുവും ബുദ്ധിമുട്ടുള്ള പരീക്ഷയെ കുറിച്ച് ചർച്ച നടത്തുന്നു.

 

ലിയോൺ : അറിയുന്ന വല്ലതും പരീക്ഷക്ക് വരോട?എളുപ്പമല്ലെങ്കിൽ കടക്കുക എളുപ്പമാവില്ല...

വിജു : എടാ ലിയോണെ പരീക്ഷ ബുദ്ധിമുട്ടാവുന്നതാണ് മ്മക്ക്  നല്ലത്

ലിയോൺ : അതെന്താടാ നീ അങ്ങനെ പറയണത്...

വിജു : പരീക്ഷ എളുപ്പമായാൽ മനോജ്, കെ.ജി , പ്രീതി , രാം , പല്ലവി ഇവരൊക്ക ഫുൾ മാർക്ക് വാങ്ങിക്കും

ലിയോൺ :അത്കൊണ്ട് ….മ്മള് ജയിച്ചാൽ പോരെ

വിജു : അതല്ല ഞാൻ പറയണത്

ലിയോൺ : പിന്നെ

വിജു : പരീക്ഷ ബുദ്ധിമുട്ടായാൽ അവരുടെ മാർക്ക് കുറയും...

ലിയോൺഎന്തിന്

വിജു : ഞാൻ പറയണത് നിനക്ക് മനസിലാവാണില്യ

ലിയോൺ : നീ തെളിച്ചു പറയടാ..

വിജു : എടാ പരീക്ഷ എളുപ്പമായാലും ബുദ്ധിമുട്ടായാലും എന്റെ കാര്യം പോക്കാ ...വട്ടപ്പൂജ്യം ..അപ്പൊ പിന്നെ ബുദ്ധിമുട്ടാവുന്നതാണ് നല്ലത്

ലിയോൺഅത് ശരി

വിജു : നിന്റെ കാര്യം എനിക്കറിയില്ല ... എന്റെ പൂജ്യം മാർക്കും  കെ.ജിയുടെ മാർക്കും തമ്മിലുള്ള വ്യത്യാസം കുറയാൻ പരീക്ഷ ബുദ്ധിമുട്ടാവുന്നതാണ് നല്ലത്........




Sunday, January 22, 2023

വലിയ മനുഷ്യരും ചെറിയ മനുഷ്യരും - ഇന്നൊസെന്റ് വിസ്തരിക്കുന്നു

 

ലഘു നാടകം

[അന്താരാഷ്ട്ര നാടകോത്സവം പ്രമാണിച്ച് ഒരു ന്യു ജനറേഷൻ  ലഘു കോമഡി നാടകം ]

രചന: ലിയോൺസ്  (നോവലിസ്റ്റ് - ദൈവകണികകൾ, മീൻകാരനും ലോലിതയും)

 

ടാഗോർ: നമ്മൾ വിനയത്തിൽ ജീവിക്കുമ്പോഴാണ് വലിയവരായി മാറുന്നത്.

ഇന്നൊച്ചൻ : എന്നിട്ട് വലിയ ഒരാൾക്കും വിനയം ഇല്ലല്ലോ, മാഷേ?.. അല്ലാ ഞാൻ പറഞ്ഞൂന്നേള്ളൂ

ടാഗോർ: പറഞ്ഞത് മനസിലായില്ലല്ലോ...

ഇന്നൊച്ചൻ  : ഗീതാഞ്ജലി മുഴുവൻ എഴുതിയ ആൾക്ക് ഞാൻ ഈ പറഞ്ഞത് മനസിലായില്ലാലേ

ഇന്നൊച്ചൻ : ഒരു ഉദാഹരണം പറയാൻ പറ്റോ?

ടാഗോർ: യേശു

ഇന്നൊച്ചൻ: ജീവിച്ചിരിക്കണ വല്ലോരുടെയും പേര് പറയ് ടാഗോരെ

ടാഗോർ : ബ ബ

റോജർ നാഷ് ബാൾഡ്വിൻ : (US Humanist) ചെറിയ പ്രവർത്തികളാണ് ഗംഭീര ചിന്തകളേക്കാൾ നല്ലത്.

എഡ്വേർഡ് ഹിഷ് : കവിത ഒരു വെളിപാടാണ്.

ഇന്നൊച്ചൻ :  30 വർഷം കഷ്ടപ്പെട്ട് വിനയത്തോടെ വയലിൽ പണി എടുക്കുന്ന വ്യക്തി, പണ്ടാരമടങ്ങി ചത്തുപോകുന്നു....താൻ കവിതയും നാടകവും എഴുതി വലിയ ആളായി സുഖിച്ചു നടക്കുന്നു...ഒന്ന്‌ പോ മാഷേ.

വോൾട്ടയർ : ഒരാളെ വിലയിരുത്തേണ്ടത് ഉത്തരങ്ങളിൽ നിന്നല്ല അയാളുടെ ചോദ്യങ്ങളിൽ നിന്നാണ്.

ഇന്നൊച്ചൻ : അപ്പൊ എന്റെ  ടാഗോറെ വിട് വിട് ..വണ്ടി വിട്

ഹെൻറി ഓസ്റ്റിൻ ഇംഗ്ലീഷ് കവി : കാലം പോകുന്നുവെന്ന് നമ്മൾ പറയും, പക്ഷെ പോകുന്നത് നമ്മളാണ്.കാലമെവിടെ തന്നെയുണ്ട്

അഗസ്റ്റ് സ്റ്റിൻബെർഗ് [സ്വീഡിഷ് നോവലിസ്റ്റ്]: ഞാൻ സ്വപ്നം കാണുന്നു, അതിനാൽ ജീവിക്കുന്നു.

നസിം ഹിക് മത്ത് [ടർക്കി കവി ] : മരിക്കില്ല എന്നപോലെ ജീവിക്കുക എവിടെയായാലും

ഇന്നൊച്ചൻ :  വേറെ ഒരു മഹാൻ പറഞ്ഞത്  നിങ്ങൾക്ക് ഇനി ഒരു ദിവസമേ ഉള്ളുവെങ്കിൽ നിങ്ങൾ എന്തൊക്ക ചെയ്യും അതുപോലെ ജീവിക്കുക എന്നാണല്ലോ.അതൊക്കെ പോട്ടെ, ക്യാഷ് വല്ലതും കിട്ടുണ്ട്ടാ നിനക്ക് ?

ജാക്ക് ലണ്ടൻ [അമേരിക്കൻ നോവലിസ്റ്റ്]: പ്രോത്സാഹനത്തിനായി കാത്ത് നിൽക്കരുത് അത് തേടിപോകുക

സ്വാമി വിവേകാന്ദൻ: സ്വയം ദുർബലനെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ പാപം.

സ്റ്റീവ് ഗുഡിയിർ: നമ്മൾ ചിന്തിക്കുന്നതിനേക്കാൾ സ്ട്രോങാണ്

ഇന്നൊച്ചൻ : എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ ഞാൻ ഭയങ്കര സ്ട്രോങ്ങാ

ഓഷോ : ശക്തിമാനെന്ന് സ്വയം കരുതേണ്ട,  നിങ്ങളുടെ ആ അഹങ്കാരം ശമിപ്പിച്ചാലേ നിങ്ങൾ ആരാണെന്നു നിങ്ങൾക്ക് മനസ്സിലാവൂ

ഇന്നൊച്ചൻ : എന്നാൽ ഞാൻ ഒരു സത്യം പറയാം ഞാൻ ഭയങ്കര വീക്കാണ്

എബ്രഹാം ലിങ്കൺ: ഭാവി പ്രവചിക്കാൻ ഏറ്റവും നല്ലത് സ്വയം നിർമ്മിക്കലാണ്

ഇന്നൊച്ചൻ : അത് തന്നെയല്ലേ ഞാൻ ടാഗോറിനോട് പറഞ്ഞത്..... 30 വർഷം വിനയത്തോടെ ഒരാൾ വയലിൽ പണി എടുത്തിട്ട് ഒരു കാര്യവുമില്ല.അയാൾ പണി എടുക്കും, വല്ലോരും തിന്നും....

ജെ.ആർ.ആർ ടോൾകീൻ : [ഇംഗ്ലീഷ് എഴുത്തുകാരൻ]- അലഞ്ഞു നടക്കുന്നവരെല്ലാം നഷ്ടപ്പെട്ടവരല്ല.

ഇന്നൊച്ചൻ : പിന്നേ നല്ല സുഖാണല്ലോ..അലഞ്ഞു നടക്കാൻ 

ഏപിജെ അബ്ദുൽ കലാം:  അവസാനത്തെ ബെഞ്ചിലാണ് ഏറ്റവും നല്ല...

ഇന്നൊച്ചൻ : ബാക്കി പറയേണ്ട എനിക്ക് മനസിലായി ..ഞാൻ ബാക്ക് ബഞ്ചിലായിരുന്നു




നാടകം കഴിഞ്ഞു 

[പറമ്പിലെ പണികൾ കഴിഞ്ഞ് വായനക്ക് സമയമുണ്ടെങ്കിൽ എന്റെ നോവലുകൾ ഗ്രീൻബുക്സിൽ അന്വേഷിക്കുക: ലിയോൺസ് - നന്ദി ] 

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...