ഇന്നലെ കഥാരചന ക്യാമ്പിൽ കുട്ടികൾ പലതവണ ചോദിച്ചു. എന്തായിരിക്കും ആ കാരണം? കാരണമെന്താണെന്ന് എനിക്ക് പെട്ടന്ന് പറയാൻ കഴിഞ്ഞില്ല. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ മാർത്താണ്ഡവർമ്മ എന്ന പുസ്തകത്തിന്റെ ചട്ട കണ്ട് അത് തുറന്നു നോക്കി; എന്തോ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇതുപോലെ ഒരു പുസ്തകം എഴുതണമെന്നു മനസ്സിൽ ചിന്തിച്ചു. അങ്ങനെ ഒരു ചിന്തക്ക് പ്രത്യേകിച്ച് പ്രത്യക്ഷത്തിൽ കാരണമൊന്നുമില്ലെങ്കിലും പരോക്ഷമായി ഉണ്ടെന്നു ചിലപ്പോൾ തോന്നാറുണ്ട്. നാലാം ക്ലാസ്സ് കഴിഞ്ഞിരിക്കുമ്പോഴാണ് അൾത്താര ബാലനാകാനുള്ള തിരഞ്ഞെടുപ്പ്. എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും അതിൽ ചേർന്നു. ഞാൻ വളരെ വിദഗ്ദ്ധമായി അതിൽനിന്നും മാറി നിന്നു. അന്ന് കൂടെ ഉണ്ടായിരുന്ന ഫ്രാങ്കോ, സാജൻ തുടങ്ങിയവർ പല തവണ പ്രലോഭിപ്പിച്ചു. പ്രലോഭനത്തിൽ ഞാൻ വീണില്ല. വ്യക്തിത്വ വികസനം, സ്റ്റേജിൽ കയറാനുള്ള ഭയം മാറും എന്നൊക്കെ സാജൻ പറഞ്ഞു നോക്കിയെന്നാണ് എന്റെ ഓർമ്മ. അന്നത്തെ മാനസിക അവസ്ഥയിൽ അതിൽ ചേരാതിരുന്നതിനുള്ള കാരണം വളരെ ലളിതമായിരുന്നു. കുർബാനക്കിടയിൽ അൾത്താര കുട്ടികളെ വഴക്ക് പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എനിക്ക് അത് തീരെ ഇഷ്ടമായിരുന്നില്ല. രണ്ടാമത്തെ കാരണം അവരുടെ നിയമത്തിൽ കുടുങ്ങി കെട്ടിയിട്ടപോലെ ഒന്നോ രണ്ടോ മണിക്കൂർ ഒരേ കാര്യം ശരണം വിളിപ്പോലെ പറഞ്ഞു കൊണ്ടിരിക്കണം. അറുബോറൻ പരിപാടി. അത് വേണ്ട ഉറപ്പിച്ചു. ഫ്രാങ്കോയാണോ സാജനാണോ ചോദിച്ചത് എന്നോർമ്മയില്ല,
"പിന്നെ എന്താ ഇന്ദുചൂഡന്റ് ഫ്യുച്ചർ
പ്ലാൻ ?" അപ്പോൾ തന്നെ മറുപടിയും കൊടുത്തു.
“അതേയ്, നമ്മൾ എന്തെങ്കിലും അടുത്ത തലമുറ
ഓർത്തിരിക്കുന്ന ഒരു സംഭവം ചെയ്യണം. "അത് എന്താണെന്നാണ് ചോദിക്കുന്നത്
?"
അഞ്ചാം ക്ലാസ്സിലേക്ക് കടക്കുന്ന അവസരത്തിലെ
ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാത്തത്കൊണ്ട്
ഞാൻ മറുപടി പറഞ്ഞു,
"അതൊക്ക ഒരു രഹസ്യമാണ്. പുറത്തു
പറയാൻ പാടില്ല."