ബ്രോക്കർ
മൈക്ക് പറഞ്ഞ കഥ. എന്റെ പേര് മൈക്ക്. പേര് പറയുന്നതിൽ അർത്ഥമൊന്നുമില്ല. എയർപോർട്ടിൽ
ഇറങ്ങിയ ശേഷം എനിക്ക് എന്ത് സംഭവിച്ചുവെന്നറിയില്ല. കാറിൽ കയറിയതും അപരിചതരായ സുന്ദരികളായ രണ്ടു സ്ത്രീകൾ എന്നോടൊപ്പം കയറി. ഞാൻ
ശബ്ദം ഉയർത്താൻ തുടങ്ങുന്നതിന് മുമ്പേ എന്റെ ബോധം പോയിരുന്നു. കണ്ണ് തുറന്നപ്പോൾ മുതൽ
ഞാൻ പൊടി പിടിച്ച ഈ മുറിയിലാണ്. എത്ര ദൂരം കാറിൽ സഞ്ചരിച്ചു എന്നറിയില്ല. അതോ വേറെ
ഏതെങ്കിലും രാജ്യത്തെ സങ്കേതമാണോയെന്നുപോലും
അറിയില്ല. എന്റെ വസ്ത്രങ്ങൾ അടങ്ങിയ ചെറിയ ബാഗ് മാത്രം അടുത്തുണ്ടായിരുന്നു.
മുറിയുടെ ഒരു മൂലയിൽ ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. കട്ടിൽ, മേശ, കസേര എന്നിവ മറ്റൊരു വശത്ത് കിടന്നിരുന്നു. ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ല.
കാലങ്ങൾ കടന്നു പോയി. കാലാവസ്ഥ വ്യത്യാസം അത്ര പ്രകടമല്ല. എന്റെ
തോന്നലാണോയെന്ന് തോന്നിയാലും നിങ്ങൾ സംശയിക്കേണ്ടതില്ല. എന്റെ അനുഭവം നിങ്ങൾക്ക്
അനുഭവിക്കാൻ കഴിയില്ലല്ലോ. ചില സമയങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്തായാലും
എപ്പോഴും വായു സഞ്ചാരമുണ്ട്. ഇല്ലെങ്കിൽ ഇതെഴുതാൻ ഞാൻ
ജീവിച്ചിരിക്കുമായിരുന്നില്ല. എത്ര ദിവസം കഴിഞ്ഞു പോയെന്നു ഞാൻ കണക്കു കൂട്ടിയിരുന്നില്ല.
അങ്ങനെ ഒരു സ്വഭാവം എനിക്ക് പണ്ടും ഉണ്ടായിരുന്നില്ല. നിങ്ങൾ അധികം ചിന്തിക്കേണ്ട.
മൊബൈൽ ഫോൺ, കലണ്ടർ തുടങ്ങിയ യാതൊന്നും എന്റെ കൂടെയില്ല. വീതി കുറഞ്ഞ
ഒരു വെന്റിലേറ്ററിലൂടെ വെളിച്ചം വരുന്ന കണക്ക് ഞാൻ കുറിച്ച് വെച്ചിരുന്നെങ്കിൽ എത്ര
ദിവസങ്ങൾ കടന്നുപോയെന്നു ഊഹിച്ചെടുക്കാമായിരുന്നു. കുറിച്ച് വെക്കാൻ പേനയോ പെൻസിലോ
കൂടെയില്ലെന്നത് മറ്റൊരു കാര്യം. പുറത്തെത്തിയാൽ താടിയും മുടിയും വളർന്ന കണക്ക് എടുക്കേണ്ടി
വരും. ഞാൻ എന്ത് മണ്ടനാണ്. പുറത്തെത്തിയാൽ എനിക്ക് നിങ്ങളെ പോലെ കലണ്ടർ നോക്കി അത്
സ്വയം കണ്ടുപിടിക്കാമല്ലോ. കാരാഗ്രഹ വാസം സുബോധം നഷ്ടപ്പെടുത്തി തുടങ്ങിയോ? എന്നെ ചങ്ങലയാൽ ബന്ധിച്ചിരുന്നില്ല. ഞാൻ വരുന്നത് വരെയും ഈ
മുറി വളരെ ഭംഗിയോടെ ഉപയോഗിച്ചുകൊണ്ടിരുന്നതാണെന്നു എനിക്ക് മനസ്സിലായിരുന്നു.
പ്രാഥമിക ആവശ്യത്തിന് വേണ്ട മുറിയും നല്ല വൃത്തിയോടെ സൂക്ഷിച്ചിരുന്നുവെന്നു
മനസിലാക്കാൻ അധികം ബുദ്ധിമുട്ടില്ല. എന്നെ ബന്ദിയാക്കിയതാണെന്നു ഊഹിക്കാൻ വലിയ
ബുദ്ധിമുട്ടുണ്ടായില്ല. എന്താണ് അവരുടെ ഉദ്ദേശമെന്നു എനിക്കറിയില്ല. അവർ ആരാണെന്നു
പോലും മനസിലായിട്ടില്ല.
ഭൂമിക്കടിയിൽ എല്ലാ
സൗകര്യങ്ങളോടും കൂടി തടവിൽ പാർപ്പിക്കപ്പെടുകയെന്ന ഭാഗ്യം എന്നെ
തേടിയെത്തിയിട്ട് ഇപ്പോൾ എത്ര വർഷമായെന്ന് അറിയില്ല. ഈ മുറിയിൽ ഇരുന്നാൽ പുറത്തെ
കാഴ്ചകൾ കാണാൻ കഴിയില്ല. ജനാലകൾ ഇല്ല. നേരത്തെ പറഞ്ഞ പോലെ രണ്ടു ചെറിയ
വെന്റിലേറ്ററുകൾ. വെന്റിലേറ്ററിലൂടെ നേരിയ
തോതിൽ പ്രകാശം വരുന്നുണ്ട്. അതാണ് ആകെയുള്ള പ്രകാശം. ഇടയ്ക്ക് ഞാൻ സ്വയം സംസാരിക്കും "മൈക്ക് നീ രക്ഷപ്പെടും." കാരാഗ്രഹത്തിൽ അടക്കയ്പ്പെട്ടവന്റെ വേദന പലരിൽ നിന്നും നിങ്ങൾ അറിഞ്ഞിട്ടുണ്ടാവാം. അവർ ചെയ്ത കുറ്റവും അവർക്ക് കിട്ടിയ ശിക്ഷയും നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടാവാം. നിരവധി പീഡന കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവാം.
അതുകൊണ്ട് തന്നെ എന്നെ പീഡിപ്പിച്ച കഥക്ക് നിങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടാകില്ല. ഞാൻ കഥാകാരനല്ല. എങ്കിലും ഒരാൾക്ക് സ്വന്തം കഥ എഴുതാൻ എഴുത്തുകാരനാകണമെന്നില്ലല്ലോ. ഒരു
കഥയെങ്കിലും പറയാൻ കാണുമല്ലോ. ദിവസങ്ങൾക്കും
മാസങ്ങൾക്കും വർഷങ്ങൾക്കു ശേഷം ഇന്നാണെനിക്ക് പേനയും പുസ്തകവും കിട്ടിയത്. അതും ഒരു കൊച്ചു കുട്ടിയുടെ കാരുണ്യമാണ്. ആ കുട്ടി ആരാണെന്നു എനിക്ക് കാണാൻ സാധിക്കുന്നില്ല. വാതിലിന്റെ വിടവിലൂടെ പുസ്തകവും പേനയും എറിഞ്ഞു തന്നു. ഇതിനു മുമ്പ് കുട്ടി വരച്ച ചിത്രങ്ങൾ വാതിലിനടിയിലൂടെ തന്നിരുന്നു. നല്ല ജീവനും ഊർജവുമുള്ള ചിത്രങ്ങൾ. കുട്ടി ഊമയായിരിക്കുമോ. കുട്ടിയാണെന്ന് വരച്ച ചിത്രങ്ങളിൽ നിന്നുമുള്ള എന്റെ ഊഹമാണ്. ഞാൻ അവളുടെ അല്ലെങ്കിൽ അവന്റെ ശബ്ദം കേട്ടിട്ടില്ല. എനിക്ക്
കിട്ടിയ ചിത്രങ്ങൾ കുട്ടിയുടെ പ്രായം എന്നോട് പറയുന്നുണ്ട്. ഉദ്ദേശം അഞ്ചു വയസ്സ്. ചിലപ്പോൾ എന്റെ ഊഹം തെറ്റാകാം. എന്നോടുള്ള കുട്ടിയുടെ സഹതാപം പോലും അവിടെയുള്ള മുതിർന്നവർക്കില്ലെന്നത് എന്നെ
അത്ഭുതപ്പെടുത്തിയില്ല. കൃത്യമായി രണ്ടു നേരമാണ് എനിക്ക് ഭക്ഷണം
കിട്ടികൊണ്ടിരിക്കുന്നത്. അത് മുടങ്ങിയിട്ടില്ല. ഭക്ഷണം ഉള്ളിലേക്ക് വെച്ച് തരാൻ
ഇരുമ്പുകൊണ്ടുള്ള ഒരു കിളിവാതിൽ തുറക്കും. വളരെ പെട്ടന്ന് അടയ്ക്കുകയും ചെയ്യും.
ഒരു സ്ത്രീയാണ് ഭക്ഷണം തരുന്നത്. അവരുടെ കൈകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ വന്ന
ആദ്യ ദിവസങ്ങളിൽ ഞാൻ ഉറക്കെ കരഞ്ഞിരുന്നു. കരച്ചിൽ ആരും കേൾക്കുന്നില്ലായെന്നു
മനസിലാക്കിയപ്പോൾ കരച്ചിൽ നിർത്തി. ആ സ്ത്രീ കരച്ചിൽ കേൾക്കാഞ്ഞിട്ടൊന്നുമല്ല.
അവരെ ഏൽപ്പിച്ച ജോലിയാണ് അവർ ചെയ്യുന്നതെന്ന് കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായിരുന്നു.
"മൈക്ക്
നീ രക്ഷപ്പെടും." ഓ അത് ഞാൻ പറഞ്ഞതല്ല. സ്വപനത്തിൽ ആരോ പറഞ്ഞതാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ കർമ്മമാണ് എല്ലായ്പ്പോഴും
ചെയ്തിരിക്കുന്നത്. വലിയ ബിസിനസ് ഡീലുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നത്
എങ്ങനെയാണ് കുറ്റകരമാകുന്നത്. ശരിയാണ്, ആയുധ കച്ചവടത്തിലും ഞാൻ
ഇടനിലക്കാരനായിട്ടുണ്ട്. കല്യാണ ബ്രോക്കർ ആയി ഞാൻ ജോലി തുടങ്ങി. ബ്രോക്കർ
അല്ലെങ്കിൽ ഇടനിലക്കാരൻ എന്നത് ഒരു മോശം ജോലിയല്ലല്ലോ. എനിക്ക് കമ്മീഷൻ കിട്ടാൻ
ഞാൻ പലവിധ സൂത്രപ്പണികൾ ചെയ്തിട്ടുണ്ട്. അതൊന്നും തെറ്റാണെന്നു എനിക്ക്
തോന്നിയിട്ടില്ല. ഞാൻ ബ്രോക്കർ ജോലി ചെയ്യുന്നത് എനിക്ക് ജീവിക്കാൻ വേണ്ടിയാണ്.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ലല്ലോ. രണ്ടു മുതൽ അഞ്ച് ശതമാനം കമ്മീഷൻ എനിക്ക് എല്ലാ
കച്ചവടത്തിലും ലഭിച്ചിട്ടുണ്ട്. അതിൽ നിന്ന് പത്തു ശതമാനം സെയിന്റ് പീറ്റേഴ്സ് പള്ളിയിൽ
കൊടുക്കാറുണ്ട്. പിന്നെ ഞാൻ എങ്ങനെ തെറ്റുകാരനാകും. വലിയ കമ്പനികളിൽ ഇത്തരം ജോലി
ചെയ്യുന്നവരെ കൺസൾട്ടൻസ് എന്ന ഓമന പേര് വിളിച്ചു താലോലിക്കാറുണ്ട്. വലിയ
കമ്പനികളുടെ പിൻബലത്തിൽ ചെയ്യുമ്പോൾ അത് മാന്യമായ ജോലി. എന്നെപ്പോലെയുള്ള പാവങ്ങൾ
ഒറ്റയ്ക്ക് ബ്രോക്കർ പണി ചെയ്‌താൽ അത് വലിയ തെറ്റ്.
ഇതെങ്ങനെ ശരിയാകും? ദൈവം എന്നോട് സംസാരിക്കുന്നുണ്ട്
"മൈക്ക് നീ ചെയ്തത് ശരി തന്നെയാണ്. ഇത്
സാത്താന്റെ കളികളാണ്. നീ ഭയപ്പെടാതിരിക്കുക. ഞാൻ പാവപ്പെട്ടവരുടെയും പീഡിതരുടെയും
കൂടെയാണ്."
ഇത്രയും മനസ്സിൽ വന്നപ്പോൾ
മൈക്ക് തിരിച്ചു മനസ്സിൽ സംസാരിക്കാൻ
തുടങ്ങി ‘എത്ര കാലമായി താങ്കൾ പാവപ്പെട്ടവരുടെ കൂടെ
കൂടിയിട്ട്?
താങ്കൾ പണക്കാരുടെ കൂടെയാണെന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ
വിശ്വസനീയമാകുമായിരുന്നു. നുണ പറയുമ്പോൾ പാവങ്ങൾ വിശ്വസിക്കുന്ന നുണ പറയേണ്ട.’
ഇത്രയും മനസ്സിൽ പറഞ്ഞ മൈക്ക് വീണ്ടും ചിന്തിച്ചു കൊണ്ടിരുന്നു. കോടികൾ ഇടനിലക്കാരനായി
കമ്മീഷൻ വാങ്ങിച്ച ഞാൻ അത്ര പാവമൊന്നുമല്ല. അതുകൊണ്ട് കമ്മീഷൻ
കിട്ടിക്കൊണ്ടിരുന്നപ്പോൾ ദൈവം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. തടവിൽ
പാർപ്പിക്കപ്പെടാൻ തുടങ്ങിയ ദിവസം തൊട്ടു എനിക്ക് മറിച്ചു തോന്നിയതിൽ അത്ഭുതപ്പെടാനില്ല.
ആരായിരിക്കും കാറിൽ ചാടിക്കയറിയ എന്റെ ബോധം കെടുത്തിയ സുന്ദരിമാർ?
ഇടനിലക്കാരനാകുക എന്ന്
പറഞ്ഞാൽ വഞ്ചിക്കുക എന്നർത്ഥമില്ല. സമയമില്ലാത്ത വലിയ ബിസിനെസ്സ്കാരുടെ ഡീലുകളിൽ
ഞാൻ സഹായിക്കാറുണ്ട്. ഞാൻ പറഞ്ഞല്ലോ; അതെന്റെ ജോലിയാണ്. പറഞ്ഞു
വരുമ്പോൾ ഒരു തെറ്റ് ഞാൻ ചെയ്‌തിട്ടുണ്ട്. ഒരേ ഡീലിൽ പലരുടെയും കയ്യിൽ നിന്നും
കമ്മീഷൻ വാങ്ങിച്ചിട്ടുണ്ട്. അത് അവർ എന്റെ കയ്യിൽ നിർബന്ധിച്ച് ഏൽപ്പിച്ചതാണ്.
കാര്യം നടക്കാതെ വരുമ്പോൾ എന്നെ അവർ വഞ്ചകനെന്ന് വിളിക്കുന്നതിൽ എന്തർത്ഥം? അവർ തന്ന കാശ് ഞാൻ തിരിച്ചുകൊടുക്കാൻ തയ്യാറായിരുന്നു.
എന്നെ ഇനിയും ആവശ്യമുണ്ടെന്ന് കരുതി അവർ എന്നിൽ നിന്നും അത് തിരിച്ചു
വാങ്ങിക്കാറില്ല. അങ്ങനെ നടക്കാത്ത ഡീലിന് കാശ് വാങ്ങിച്ച ഞാൻ നിരവധി തവണ
വഞ്ചകനെന്ന പേരിൽ അറിയപ്പെട്ടു. ഡീലുകൾ എല്ലാവർക്കും കിട്ടില്ലെന്നത് ബിസിസ്നെസ്സ്കാരും
മനസിലാക്കേണ്ട?
ഡീൽ കിട്ടാതാവുമ്പോൾ എന്നെപ്പോലെയുള്ള പാവപ്പെട്ട
ഇടനിലക്കാരെ വഞ്ചകനെന്ന് വിളിക്കുന്നത് ശരിയല്ലല്ലോ. ശരിയാണ് അവരുടെ കള്ളത്തരങ്ങൾ
ഞാൻ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്നെ പിണക്കാൻ അവർക്ക് താല്പര്യമില്ല.
അതുകൊണ്ട് തന്നെ കാശ് തിരിച്ചു ചോദിക്കുന്നില്ല. അവർ വഞ്ചകനെന്ന്
വിളിച്ചതുകൊണ്ടൊന്നും ഞാൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ എന്റെ
ജോലിയുടെ ഭാഗമായി കേൾക്കുന്ന സാധാരണ പഴികളാണ്. എല്ലാ ബ്രോക്കർമാരും ഇത് കേൾക്കാൻ
വിധിക്കപ്പെട്ടവരാണ്.
നൂറുകണക്കിന് ഡീലുകൾ ഞാൻ
ഇടപ്പെട്ട് ഏർപ്പാടാക്കി. അതിൽ തന്നെ മൂന്നെണ്ണം എന്റെ ജീവിതം മാറ്റിമറിച്ച
ഡീലുകളായിരുന്നു. ജീവിതത്തിൽ സത്യം കൈവിടാതെ പ്രവർത്തിച്ചതിൽ എനിക്ക് കിട്ടിയ വലിയ
ബിസിനസ് ഡീലുകളാണ്. കൈ നനയാതെ മീൻ പിടിക്കുന്നുവെന്നാണ് എന്നെപ്പോലെയുള്ളവരെ
കച്ചവടക്കാർ കളിയാക്കുന്നത്. യഥാർത്ഥത്തിൽ അത് വളരെ വലിയ തെറ്റാണ്. കച്ചവടക്കാരുടെ
കൈ നനയാതിരിക്കാൻ, ചിലപ്പോൾ അവരുടെ കയ്യിൽ ചെളി പുരളാതിരിക്കാൻ, മറ്റുചിലപ്പോൾ അവരുടെ കൈകൾ
പൊള്ളാതിരിക്കാൻ ഞങ്ങളുടെ കൈകൾ അവർ വെള്ളത്തിൽ മുക്കുന്നു. തീയ്യിൽ ഇട്ടു
പൊള്ളിക്കുന്നു. സത്യത്തിൽ ഞങ്ങളാണ് വെള്ളത്തിൽ കൈ ഇടുന്നത്. ഞങ്ങളുടെ കൈകളാണ്
പൊള്ളുന്നത്. മീൻ ലഭിക്കുമെന്നായാൽ വലിയ ബിസിനെസ്സ്കാർ വരുന്നു. ഞങ്ങൾ ഇടനിലക്കാരെ
ഒഴിവാക്കുന്നു. അങ്ങനെ ഞങ്ങൾ അവരുടെ കണ്ണിൽ വഞ്ചകരാകുന്നു. ഇതൊക്കെ ഞാൻ എത്ര
കണ്ടിരിക്കുന്നു. രണ്ടുമുതൽ അഞ്ച് ശതമാനം കമ്മീഷൻ വാങ്ങിക്കുന്ന ഞങ്ങൾ ആരെയും
വഞ്ചിക്കാറില്ല.
ധനികനായ ഒരുവന്റെ മകന്
സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ആലോചിച്ച് ഇടനിലക്കാരനായി ഞാൻ തുടങ്ങി. കല്യാണം
ഉറപ്പിച്ചാൽ കാശ് മുഴുവൻ എനിക്ക്
കിട്ടിയിരിക്കണം. അതാണ് അവരുമായുള്ള ഡീൽ. ഒരു മരുന്ന് കട നടത്തി മാത്രം
പരിചയമുണ്ടായിരുന്ന ഞാൻ വെറുതെ പറഞ്ഞതാണ്. ഒരു രൂപ പോലും പ്രതീക്ഷിച്ചല്ല ഞാൻ
അങ്ങനെ പറഞ്ഞത്. പറഞ്ഞു വന്നപ്പോൾ ധനികൻ വലിയൊരു തുക വാഗ്ദാനം ചെയ്തു. അത്രയും വലിയൊരു തുക ഞാൻ ജീവിതത്തിലിന്നുവരെ
കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അങ്ങനെ ഇടനിലക്കാരനെന്ന ജോലി എനിക്കിഷ്ടമായി
തുടങ്ങി. പതിനഞ്ച് വർഷം മരുന്ന് കച്ചവടം നടത്തിയിട്ടും മരുന്നിന് പോലും കാശ്
സമ്പാദിക്കാത്ത എനിക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു. വീണ്ടും മറ്റൊരു വിവാഹത്തിന്
ഞാൻ ഇടനിലക്കാരനായി. ഇത്തവണ കണക്ക് ആദ്യമേ പറഞ്ഞുറപ്പിച്ചു. പക്ഷേ; പെണ്ണു വീട്ടുകാരെയും ചെക്കൻ വീട്ടുകാരെയും അത്ര വിശ്വസിക്കാൻ കൊള്ളില്ലെന്നു
അറിമായിരുന്നു. അതുകൊണ്ട് തന്നെ പലകാര്യങ്ങൾ അന്വേഷിക്കാനായെന്ന രൂപത്തിൽ രണ്ടുപേരുടെ
കൈയിൽ നിന്നും അഡ്വാൻസ് തുക ഞാൻ കൈപ്പറ്റിയിരുന്നു. ഇടനിലക്കാരനാവുമ്പോൾ കാര്യം
നടക്കുന്നതിനു മുമ്പ് തന്നെ അഡ്വാൻസ് കൈപ്പറ്റാനുള്ള വിദ്യ പഠിച്ചത് അങ്ങനെയാണ്.
രണ്ട് പാർട്ടികളുടെയും കയ്യിൽ നിന്നും ഇത്തരം കാര്യങ്ങൾക്ക് ഫീസ് വാങ്ങിക്കാം.
അതോടെ പ്രണയ വിവാഹങ്ങളെ എതിർക്കുകയും കുടുംബങ്ങൾ ആലോചിക്കുന്ന വിവാഹങ്ങളെ
പ്രോത്സാഹിപ്പിക്കുന്നവനെന്ന സൽപ്പേര് ഞാൻ
നേടിയെടുത്തു. വിശ്വാസം നേടിയെടുത്താൽ കൂടുതൽ കുടുംബങ്ങൾ തന്നെ തേടിവരുമെന്ന് ഞാൻ
ഇത്തരം പ്രവർത്തികളിലൂടെ പഠിച്ചു. ഇതിൽ എവിടെയെങ്കിലും ചതിയുണ്ടോ? ഇതൊക്കെ എന്റെ ജോലിയല്ലേ. ഇതിനിടയിൽ
പ്രണയമെന്നു പറഞ്ഞു ഏതെങ്കിലും പെണ്ണ് അടുത്തുവന്നാൽ അവരെ വട്ടം കറക്കി അവരുടെ
കുടുംബത്തിലെത്തി കാശ് കിട്ടാൻ വകുപ്പുള്ള കാര്യങ്ങളും ഞാൻ
നടത്തികൊടുത്തിട്ടുണ്ട്. പണമില്ലാത്ത ഒരുവന്റെയും വിവാഹവും ഞാൻ അക്കാലത്തു നടത്തികൊടുത്തിട്ടില്ല.
എനിക്കതിൽ അല്പം പോലും കുറ്റബോധമില്ല. കാരണം ഇടനിലക്കാരന്റെ നിലനിൽപ്പ് കാശുള്ള
സ്ഥലത്താണ്. എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നത്. പണമില്ലാത്തവർ ഏതെങ്കിലും പള്ളിയിലോ
അമ്പലത്തിലോ പോയി സ്വയം വിവാഹവും ചെയ്യുക. പണമുള്ളവർക്ക് അഹങ്കാരം കൂടുതാലാണെങ്കിൽ
അവരുടെ അഹങ്കാരത്തിനു കോട്ടം തട്ടാതെ രണ്ടുപേരുടെയും പൊങ്കച്ചങ്ങൾ
രണ്ടുവീട്ടുകാരെയും പഠിപ്പിച്ചുകൊണ്ട് ഒരേ സ്റ്റേജിൽ കൊണ്ടുവരുകയെന്ന വളരെ
ബുദ്ധിമുട്ടേറിയ ജോലിയാണ് ഞാൻ ചെയ്യുന്നത്. ആ കാലത്തും കൈ നനയാതെ മീൻ
പിടിക്കുന്നവരെന്ന് ഞങ്ങൾക്ക് ദുഷ്പ്പേരുണ്ട്. കല്യാണ ബ്രോക്കറെന്ന ജോലി ചെയ്യുക
ഒരു പ്രത്യേക കഴിവാണ്. ആ കഴിവിനെ ബഹുമാനിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ അത്
നിങ്ങളുടെ കുഴപ്പമാണ്. ഞങ്ങളുടെ ഇടയിൽ മാന്യതയില്ലാതെ പെരുമാറുന്നവർ ഇല്ലെന്നല്ല.
നീതി പൂർവ്വമല്ലാതെ ഞാൻ കാശ് വാങ്ങിക്കാറില്ല. ഡിഗ്രിയുള്ള എനിക്ക് മരുന്ന്
കച്ചവടത്തിനിടയിൽ കല്യാണം നടത്തി ലഭിക്കുന്ന ധനം കണ്ടു അസൂയയുള്ളവർ എന്റെ മരുന്ന്
കച്ചവടം തകർന്നെന്ന് പറഞ്ഞു നടക്കാറുണ്ട്. ഞാൻ അവരെ ഗൗനിക്കാറില്ല. എന്റെ സമയത്തെ
ഞാൻ മറ്റൊരു ജോലി ചെയ്യാൻ ഉപേയോഗിക്കുന്നു. ധനം സമ്പാദിക്കുന്നു. ഇതിൽ അവർ അസൂയ
വെച്ചിട്ട് ഒരു കാര്യവുമില്ല.
ഒരു സിവിൽ എൻജിനിയറുടെ
കല്യാണം നടത്തികൊടുത്തതിന് പ്രതിഫലമായി കമ്മീഷൻ മാത്രമല്ല കുറെ സർക്കാർ കാര്യങ്ങളും
പഠിച്ചു. അയാളുടെ ഓഫിസിൽ നിന്നും ടെൻഡർ വിളിച്ച റോഡ് പണിക്ക് കോൺട്രാക്ടറുടെ
ഇടനിലക്കാരനായി ഞാൻ പ്രവർത്തിച്ചു. അവർ വലിയ ആൾക്കാരാണ്. അവർക്ക് ഇതിനൊന്നും
സമയമില്ല. കോടികളുടെ കോൺട്രാക്ടുകളിൽ ഇടനിലക്കാരനായി നിൽക്കാൻ പതുക്കെ ഞാൻ
പരിശീലിച്ചു. ഇരുപതു കോടി രൂപയുടെ പദ്ധതി രാജൻ കോൺട്രാക്ടർ ഏറ്റെടുത്തു. കല്യാണ
ബ്രോക്കർ പരിപാടി ഞാൻ അവസാനിപ്പിച്ചു. നല്ലൊരു സെഡാൻ കാർ വാങ്ങിച്ചു. വീടുവെക്കാൻ
കുറച്ചു സഥലവും വാങ്ങിച്ചു. കുടുംബത്തിൽ എനിക്കൊരു വിലയായി. നിരവധി തവണ സിവിൽ
വകുപ്പുകളുമായി ഏകോപന ജോലികൾ ചെയ്തിട്ടാണ് ഞാൻ കമ്മീഷൻ സമ്പാദിച്ചത്. എങ്കിലും
കല്യാണ ബ്രോക്കർ എന്ന പേരിൽ നിന്നും എനിക്ക് മോചനം ലഭിച്ചില്ല. വീട്ടിൽ എന്റെ
കച്ചവടത്തെ ഡീൽ എന്ന് വിളിക്കാൻ തുടങ്ങി. പല സ്ഥാപനങ്ങളും എന്നെ തേടി വന്നു.
പലരുടെയും ഡീലുകൾ ഞാൻ ശരിയാക്കി കൊടുത്തു. വെറുതെയല്ലല്ലോ; നയത്തിൽ
സംസാരിക്കാനുള്ള എന്റെ കഴിവ് ഉപയോഗിച്ചിട്ടാണ് ഇതൊക്കെ ശരിയാക്കിയത്. സ്ഥലവും
കാറും വാങ്ങിച്ചതോടെ ബന്ധുക്കളുടെ ഇടയിലും എനിക്ക് സ്വാധീനം വർദ്ധിച്ചു. ഒരു
വിവാഹം കഴിക്കണമെന്ന് പലരും നിർബന്ധിക്കാൻ തുടങ്ങി. എങ്കിലും ബ്രോക്കർ എന്ന പേരിൽ
ഒരു കല്യാണം ശരിയാവില്ലെന്ന് മനസിലാക്കി സ്റ്റോക്ക് ബ്രോക്കർ കമ്പനി ഞാൻ തന്നെ
തുടങ്ങി. അതിനു നല്ലൊരു പേരും കൊടുത്തു. ഇന്റെലിസെന്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ്
ബ്രോക്കിങ് കമ്പനി. ജോലിയൊക്കെ ഒന്ന് തന്നെ. ഇടനിലക്കാരൻ. പെണ്ണുങ്ങൾക്ക് ബിസിനസ് ചെയ്യുന്നവരേക്കാൾ കമ്പനികളിൽ ജോലി
ചെയ്യുന്നവരെയാണ് കൂടുതൽ ഇഷ്ടം. അതുകൊണ്ടു തന്നെ കമ്പനി തുടങ്ങി അതിന്റെ തലവനെന്ന
പേരിൽ വലിയ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കണം. അങ്ങനെയാണ് വലിയ ബന്ധങ്ങൾ
ഉണ്ടാകുന്നതെന്ന് ഞാൻ കല്യാണ ബ്രോക്കറായിരുന്ന സമയത്തു പഠിച്ചിട്ടുണ്ട്. അങ്ങനെ
കമ്പനി ഹെഡ് ആയി കുറച്ചു കാലം വിലസി.
ഇതിനിടയിൽ എന്റെ ഒരു
ജോലിക്കാരൻ ഒരു വിലകൂടിയ കാറുമായി ഓഫീസിൽ വരാൻ തുടങ്ങി. എന്റെ കാറിന്റെ ആറിരട്ടി
വിലയുള്ള കാറുമായി വന്നയാളെ എന്തിനാണ് കമ്പനിയിൽ ജോലി തുടർന്ന് കൊടുക്കുന്നതെന്ന്
എന്നോട് ചോദിക്കരുത്. പലരുടെയും അടുത്ത് ഞാൻ അത് അഭിമാനമായി പറഞ്ഞു നടന്നു. എങ്കിലും എന്റെ ഒരു പാട്ടുകാരൻ സുഹൃത്തെന്നെ കളിയാക്കി. അവന്റെ ഭാര്യ
കൊടുത്ത സമ്മാനത്തിൽ ഞാനോ എന്റെ കമ്പനിയോ അഭിമാനം കൊള്ളേണ്ട കാര്യമില്ലെന്ന്
പറഞ്ഞെന്നെ തളർത്തി. ഞാൻ വിട്ടു കൊടുത്തില്ല. എന്റെ കമ്പനിയിലെ ജോലിയാണ് അയാൾക്ക് പണക്കാരിയായ
പെണ്ണിനെ വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ടാക്കിയതെന്ന് ഞാൻ വാദിച്ചു. പള്ളി
പാട്ടുകാരനായ പഴയ സുഹൃത്ത് എന്നെ നിരന്തരം വേട്ടയാടികൊണ്ടിരുന്നു. പ്രായമായിട്ടും
വിവാഹം നടക്കാത്ത ആ പാട്ടുകാരന് ഇന്നും ഞാൻ വിവാഹ ബ്രോക്കറാണ്. എങ്കിലും ഞാൻ എങ്ങനെ കാശുണ്ടാക്കിയെന്നറിയാൻ പാട്ടുകാരൻ ആഗ്രഹിച്ചു.
ഗാനമേളക്ക് പാടി കിട്ടുന്ന കാശ് മതിയാകുന്നില്ലെന്ന തോന്നൽ അയാൾക്കുണ്ട്.
അയാളെ കാശുണ്ടാക്കുനുള്ള വിദ്യ ഞാൻ
പഠിപ്പിക്കാമെന്നേറ്റു. പുതിയ ഒരു സ്ഥാപനം ഞാൻ രെജിസ്റ്റർ ചെയ്തു. അയാളുടെ
അനുവാദത്തോടെ തന്നെ അയാളെ അതിന്റെ തലവനാക്കി. കാശ് കിട്ടുമെന്നറിഞ്ഞതോടെ അയാൾ
എന്തിനും തയ്യാറായി. പറഞ്ഞു വന്നാൽ എന്റെ പഴയ ജോലി തന്നെ. ഞാൻ അതിന് ഇംഗിഷ്
പേരുകൊടുത്തു. വെഡിങ് കൊ. പാട്ടുകാരൻ മുതലാളി സന്തോഷവാനായി. പാട്ടുപാടാൻ പുതിയ
അവസരങ്ങൾ ഉണ്ടാകുമെന്നും അയാൾക്ക് മനസിലായി. ഈ കമ്പനിയിൽ എന്റെ പഴയ കല്യാണ ബ്രോക്കിങ്
തൊട്ട് ഇവന്റ് മാനേജ്‌മന്റ് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി. ആറുമാസത്തിനുള്ളിൽ
കാശൊക്കെ വരാൻ തുടങ്ങിയതോടെ ഞാൻ പാട്ടുകാരനെ അഭിനന്ദിച്ചു. "നിങ്ങൾ മഹാനായ
പാട്ടുകാരനുമാണ്, അതോടൊപ്പം നിങ്ങൾ ഇവിടെ നല്ലൊരു കല്യാണ ബ്രോക്കറുകൂടിയാണ്.
ഓൺലൈൻ മൊബൈൽ ആപ്പ് സൗകര്യങ്ങളുള്ള
ആദ്യത്തെ സ്ഥാപനം. നിങ്ങളുടെ പേരിലാണ് സ്ഥാപനം. ഞാൻ ഇറക്കിയ ആദ്യ തുക നിങ്ങൾ
എപ്പോഴെങ്കിലും തന്നാൽ മതി. എന്നെ ഇൻവെസ്റ്ററാറ്‍യി കണ്ടാൽ മതി. നിങ്ങളാണ് ഈ
കല്യാണ കമ്പനിയുടെ തലവൻ. പാട്ട് അവശ്യ വസ്തുവല്ലലോ. മനുഷ്യർക്ക് ആവശ്യമുള്ള
കച്ചവടങ്ങൾക്കിടയിൽ ഇടനില നിൽക്കുന്ന
പരിപാടി. അതാണ് കാശുണ്ടാക്കാൻ ഏറ്റവും നല്ലതു. ഇടയ്ക്ക് സന്തോഷത്തിന് പാട്ടുപാടിക്കോളൂ."
നല്ലൊരു ഉപദേശവും ഞാൻ പാട്ടുകാരന് നൽകി. അയാളെ വിട്ടു പോകുന്നതിനു മുമ്പ് അയാളെ
ഞാൻ ഓർമ്മപ്പെടുത്തി "ഇപ്പോൾ താങ്കളും കല്യാണ ബ്രോക്കറാണ്. ഇത് ഒരു മോശം
ജോലിയല്ല. രണ്ടു പേരെ ഒന്നിപ്പിക്കുന്ന മഹാപുണ്യ കർമ്മമാണ്. പാട്ടുകാരനായ
താങ്കൾക്ക് ഇത് മനോഹരമായി തുടരാൻ കഴിയും.” ഇത്തരം
ജോലികളിലൊന്നും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്ത ജോലിക്ക് കണക്ക് പറഞ്ഞു
കമ്മീഷൻ വാങ്ങിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പീഡനത്തിന് കാരണം കർമ്മദോഷമാണെന്ന്
എനിക്ക് തോന്നുന്നില്ല. എല്ലാ ഇടനില ജോലികളും നീതിപൂർവമാണല്ലോ ഞാൻ ചെയ്തത്. പിന്നെ
എവിടെയാണ് എനിക്ക് പിഴച്ചത്?
ലൈബ്രറി
മോടിപിടിപ്പിക്കുന്ന ഒരു ഡീൽ ഞാൻ ഏറ്റെടുത്തിരുന്നു. വലിയ സാമ്പത്തിക നേട്ടം
മോഹിച്ചല്ല അത് ഞാൻ ചെയ്‌തത്. അതോടൊപ്പം മൂന്ന് കോടി രൂപയുടെ പുസ്തകങ്ങളും വിവിധ
പ്രസാധകരുടെയായി ഞാൻ ലൈബ്രറിയിൽ എത്തിച്ചുകൊടുത്തു. വലിയ ലാഭമൊന്നും കിട്ടിയില്ല.
അതിന്റെ ജോലി നടക്കുന്ന സമയത്തു നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു. ലൈബ്രറിയിലെ
ഏറ്റവും മുകളിലെ നിലയിലെ റാക്കുകൾ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ താഴെ നിലയിൽ
ഞാൻ ഒരു പുസ്തക വരാന്തയിലൂടെ നടന്നു കാര്യങ്ങൾ നീരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുകളിലേക്ക് നോക്കി നടക്കുന്നതിനിടയിൽ ഞാൻ ശ്രദ്ധിക്കാതെ താഴെ കിടന്നിരുന്ന ഒരു
പുസ്തകത്തിൽ ചവിട്ടി. വളരെ പെട്ടന്ന് ഞാൻ വേദനയോടെ പുസ്തകം എന്റെ കയ്യിലെടുത്തു.
പെട്ടന്ന് ഒരു ചെറുപ്പക്കാരൻ എന്നെ തള്ളി വീഴ്ത്തി. പുസ്തകം എന്റെ കയ്യിൽ നിന്നും
പിടിച്ചു വാങ്ങിച്ചു. എന്റെ കാലിൽ അമർത്തി ചവിട്ടി. എന്നെ മോശമായ ഭാഷയിൽ വിളിച്ചു.
ഞാൻ അത് നിങ്ങളോട് പറയുന്നില്ല. അവൻ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ പതിഞ്ഞു.
"ഇത് എന്റെ പെണ്ണാണ്. എന്റെ പെണ്ണ്..." എന്താണ് സംഭവിക്കുന്നതെന്ന്
മനസിലാക്കുന്നതിന് മുമ്പ് രോഷത്തോടെ അവൻ എന്റെ കാലിൽ ഒരു ചവിട്ടുകൂടി തന്നു. അവൻ
അവിടെ നിന്നും ഓടിയകന്നു. ഒരു പക്ഷെ അവന്റെ ഹൃദയത്തിലാകാം ഞാൻ ചവിട്ടിയത്. അല്ലെങ്കിൽ
അവന്റെ കാമുകിയുടെ മുഖത്ത്. ഇടനിലക്കാരനായി ജീവിതം വിജയം നേടിയ എനിക്ക് ഒരു അവസരം
പോലും തരാതെ അവൻ ഓടിയകന്നു. ഇത്രയും ചെറിയ കാര്യത്തിനാണോ അവൻ ഇങ്ങനെ ക്ഷോഭിച്ചത്? ഒരു പക്ഷേ അവന്റെ കാമുകിയെ പ്രതീക്ഷിച്ചു അവിടെ ഒളിച്ചിരുന്ന അവന്റെ അന്നത്തെ
പദ്ധതി നടന്നു കാണില്ല. അതിന്റെ രോഷം എന്റെ കാലിൽ തീർത്തു, തുപ്പുന്ന ആംഗ്യം കാണിച്ചാണ് അവൻ പോയത്. അവന്റെ ചവിട്ടിന്റെ ശക്തിയിൽ ഞാൻ
അവിടെ പത്തു മിനിറ്റ് സമയം ചിലവഴിച്ചെങ്കിലും ഒരു പെൺകുട്ടിയും ആ വഴിക്ക് വരുന്നത്
ഞാൻ കണ്ടില്ല. കാമുകനും കാമുകിക്കും വേണ്ടി മണിക്കൂറുകൾ കാത്തിരിക്കാൻ
മടികാണില്ലെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇനി അവരുടെ പ്രണയം ഞാൻ മൂലം തകർന്നുവോ? ഒരു പക്ഷേ കച്ചവടം ചെയ്തു എനിക്ക് അവരുടെ വികാരങ്ങൾ മനസിലാക്കാൻ കഴിയാത്തതാകാം; അതിന്റെ ശാപമാണോ ഞാൻ അനുഭവിക്കുന്നത്. എനിക്കറിയില്ല. പരാജയം സംഭവിക്കുമ്പോൾ യഥാർത്ഥ കാരണങ്ങളിൽ
നിന്നും ഒളിച്ചോടുന്നത് മനുഷ്യ സഹജമാണല്ലോ.
അവിടെ നിന്നും ആയുധ
കച്ചവടത്തിന് ഇടനിലക്കാരനായി ഞാൻ ഉയർന്നു. കിട്ടിയ അവസരം ഞാൻ ഉപയോഗിച്ചു. അവസരങ്ങൾ
ഞാൻ നഷ്ടപ്പെടുത്താറില്ല. ആദ്യ അവസരത്തിൽ തന്നെ ചാടി വീഴും. പണത്തോടുള്ള
ആർത്തിയെന്നെ പുതിയ കടലാസു കമ്പനികൾ
തുടങ്ങുന്നതിനു പ്രേരിപ്പിച്ചു. പുതിയ ഒരു പാട് പ്രശ്നങ്ങൾ എന്നെ തേടി
വന്നു. ബാങ്ക് അക്കൗണ്ടുകൾ എല്ലാം ബന്ധിപ്പിക്കപ്പെട്ടതോടെ പല കച്ചവടങ്ങളിലും ഇടപാടുകാർ കാശ് കറൻസിയായി തരാൻ തയ്യാറായി.
കറൻസി വാങ്ങിക്കാൻ എനിക്ക് മടിയായിരുന്നു. കൃത്യമായി ടാക്സ് അടക്കുന്ന എനിക്ക്
ബാങ്കിലൂടെയുള്ള ഇടപാടുകൾ
താല്പര്യമായിരുന്നു. സൗദിയും കാനഡയുമായി നടന്ന ആയുധ കച്ചവടത്തിൽ ഇടപാട് സമയം മുപ്പത്
ദിവസമായി കുറക്കുന്നതിന് കാനഡ ഗവണ്മെന്റ്മായി സംസാരിച്ചത് ഞാനായിരുന്നു. എഴുപത്തിയഞ്ച്
ദിവസത്തെ ഇടപാട് സമയം മുപ്പതായി കുറക്കാൻ എനിക്ക് വേണ്ടിവന്നത് കുറച്ചു ചർച്ചകളും. സൗദി ഒരു യുദ്ധത്തിന് വേണ്ടിയല്ല ആയുധങ്ങൾ വാങ്ങുന്നത്.
ആയുധങ്ങൾ വാങ്ങിക്കുന്നത് ഒരു പങ്കു കച്ചവടത്തിന്റെ സുഖത്തിന് വേണ്ടി
മാത്രമാണത്രെ. ആയുധങ്ങൾ അമേരിക്ക ഒരുപാട് സൗദിക്ക് കൊടുത്തിട്ടുണ്ട്.
കാനഡക്കാർക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് അവരിൽനിന്നും വാങ്ങിക്കുന്നത്. ഇങ്ങനെ അന്തരാഷ്ട്ര നയതന്ത്ര പരിപാടികൾ
ഒരുപാടുണ്ട്. കുട്ടികൾ കളിക്കോപ്പുകൾ കൊടുക്കുന്നതുപോലേയാണ് ആയുധങ്ങൾ
വിൽക്കുന്നത്. ഇതൊന്നും എനിക്കറിയേണ്ട കാര്യമല്ല. എനിക്ക് കിട്ടേണ്ട ഫീ കൃത്യമായി
കിട്ടുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ഇത്രയും വലിയ പീഡനം അനുഭവിക്കാൻ ഞാൻ ചെയ്ത
ഏറ്റവും വലിയ തെറ്റ് ഇത് തന്നെയായിരിക്കണം. ആയുധ കച്ചവടത്തിന് ഇടനിലക്കാരനായി നിന്നുവെന്നത്
തെറ്റാണെങ്കിൽ എനിക്കൊന്നും ഇനി ചെയ്യാനില്ല. ആ ആയുധങ്ങൾ എത്രപേരെ കൊല
ചെയ്തുവെന്നെനിക്കറിയില്ല. അങ്ങനെയെങ്കിൽ ഇതിലും വലിയ ശിക്ഷ ഞാൻ അനുഭവിക്കണം. അതിൽ
തെറ്റ് പറയാനാകില്ല. എങ്കിൽ കത്തികൾ വിറ്റവരും തെറ്റുകാരാണെന്ന് പറയേണ്ടി വരും.
രണ്ടു
മുട്ടനാടുകൾക്കിടയിൽ നിന്നുകൊണ്ട് ചോര കുടിക്കുന്ന ഇടനിലക്കാരനെന്ന് നിങ്ങളിൽ ചിലർ
എന്നെ വിളിച്ചേക്കാം. പരിപൂർണ്ണമായി കച്ചവട മനസാണെനിക്കെന്ന് ഞാൻ പറയുന്നില്ല.
ഒരുകാലത്തും ഞാൻ ആരെയും പ്രണയിച്ചിട്ടില്ലെന്നും പറയുന്നില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി. അവൾ
സുന്ദരി പ്രാവുതന്നെയായിരുന്നു. പ്രാവുകൾ നടക്കുന്ന താളത്തിലൊരു പെണ്ണ്. കുണുങ്ങി
കുണുങ്ങി നടക്കുന്ന പ്രാവ്. കാലുകളിലെ
ഇളക്കത്തിൽ മാത്രമല്ല മുലകളുടെ ഇളക്കവും പ്രാവുകളുടെ കുണുങ്ങും താളത്താൽ
മനോരഹമായിരുന്നു. എന്റെ കണ്ണുകൾ എപ്പോഴും
അവളുടെ മുലകളിലായിരുന്നു. അതോടെ ആ പ്രണയം പരാജയപ്പെട്ടു. എപ്പോഴും സ്ത്രീയുടെ
ശരീരഭാഗങ്ങളിൽ ശ്രദ്ധ പോകുന്നതുകൊണ്ട് സ്ത്രീകൾ ആഗ്രഹിക്കുന്ന രീതിയിൽ സംസാരിക്കാൻ
കഴിഞ്ഞിരുന്നില്ല. വേഗം കാര്യങ്ങൾ നടക്കണം. അതുകൊണ്ട് തന്നെ പ്രണയങ്ങൾ
പരാജയപ്പെട്ടുകൊണ്ടിരുന്നു. ഒരുപാടുകാലം ഒരാളെ പ്രണയിച്ചു കുഴിയിൽ വീഴ്ത്താൻ ചില
പാഴ്ശ്രമങ്ങൾ ക്ഷമയോടെ നടത്തിയില്ലെന്ന് പറയാൻ കഴിയില്ല. മഞ്ഞ നിറത്തിലുള്ള അവളുടെ
സെൻ കാർ അടുത്തെത്തുമ്പോൾ എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങും. അവൾ
പുറത്തറിങ്ങുമ്പോൾ എന്തെങ്കിലും കാര്യമുണ്ടാക്കി സംസാരിക്കാൻ ശ്രമിക്കും, പക്ഷേ
അവളുടെ അടുത്തെത്തുമ്പോഴേക്കും ഞാൻ ചോദിക്കാൻ കരുതിയ ചോദ്യം പോലും മറന്നു പോകും.
അടുത്ത അവസരം സ്കൂൾ വിട്ട് പുറത്തു വരുമ്പോഴാണ്. പക്ഷെ അവളുടെ കൂടെ ഒരുപാട്
പേരുണ്ടാകുമെന്നത് എന്നെ അത്തരം ഒരു ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു.
അവസാനത്തെ മണിക്കൂറിൽ റസ്റ്റ് റൂമിൽ പോകാനെന്ന വണ്ണം ഞാൻ ക്ലാസിൽ നിന്നും
പുറത്തിറങ്ങി. ഡ്രൈവർ മാറിനിന്ന അവസരത്തിൽ ഞാൻ ഒരു സൂത്രപ്പണിയൊപ്പിച്ചു. അവളുടെ
കാറിന്റെ ഒരു ടയറിന്റെ കാറ്റഴിച്ചു വിട്ടു. അങ്ങനെ കുറച്ചു നേരം അവളെ അവിടെ
പിടിച്ചു നിർത്താനുള്ള കളി വിജയിച്ചു. ടയറിന്റെ കാര്യം മനസിലാക്കിയ ഡ്രൈവറുടെ അടുത്തേക്ക്
ഞാൻ ഓടിയെത്തി. സ്റ്റെപ്പിനി മാറ്റി വെക്കാൻ സഹായിക്കാനെന്നവണ്ണം ഞാൻ അടുത്തുകൂടി.
ഡ്രൈവർ എന്നെയൊന്നു ഉഴിഞ്ഞു നോക്കി. അതിനു ശേഷം എന്റെ പ്രാവിനെ പുറത്തേക്ക്
വിളിച്ചു. അത് വഴിവന്ന ഓട്ടോയിൽ അവർ കയറി. അവളുടെ ഡ്രൈവർ എന്നോട് പറഞ്ഞു "ഞാൻ സ്റ്റെപ്പിനി വെക്കാൻ മറന്നുപോയി,
എടുത്തിട്ട് വരാം.അത് വരെ ഇവിടെ നിൽക്കാമോ " അവർ ഓട്ടോയിൽ കയറിപ്പോകുന്നത്
ഞാൻ നോക്കി നിന്നു. ഞാൻ അയാളുടെ മടങ്ങി വരവിനു വേണ്ടി കാത്തുനിന്നില്ല. മറ്റൊരിക്കൽ
അവൾ പള്ളിയിൽ പോകുന്ന സമയത്തു എന്റെ ബൈക്ക് അവളുടെ അടുത്തുകൂടെ ഓടിക്കാൻ
ശ്രമിച്ചു. വഴിയിൽ വെള്ളം കെട്ടി കിടന്ന ഭാഗം എത്തിയപ്പോൾ ഞാൻ അവളുടെ അടുത്ത്
എത്തി. മനഃപൂർവം വെള്ളത്തിലൂടെ ഓടിച്ചു. അവളുടെ വസ്ത്രത്തിൽ വെള്ളം ആകാതിരിക്കാൻ
പരമാവധി ശ്രമിച്ചുകൊണ്ട് ബൈക്ക് വേഗത കുറച്ച് അവളോട് ക്ഷമാപണം നടത്തി. ഉടനെ അവൾ
എന്നോട് പറഞ്ഞു "ചേട്ടൻ മൂന്ന് കാര്യങ്ങൾ മനസിലാക്കണം. എന്റെ മേൽ വെള്ളം
ആയിട്ടില്ല, അതുകൊണ്ട് സോറി പറയേണ്ട കാര്യമില്ല. രണ്ടാമത്തെ കാര്യം കാറിന്റെ ടയറിൽ
നിന്നും കാറ്റഴിച്ചു വിട്ടത് ചേട്ടനാണെന്ന് എനിക്കറിയാം. മൂന്നാമത്തെ കാര്യം ഞാൻ
പഠിക്കുകയാണ് എനിക്ക് സമയമില്ല." അത്രയും കേട്ടതും എന്റെ മുഖത്തെയും ശരീരത്തിലെയും
കാറ്റും വെള്ളവും ഒരുമിച്ച് പോയതുപോലെ ഞാൻ അവിടെ നിന്ന് പരുങ്ങി. അവിടെ തീർന്നു
എന്റെ പ്രണയ ശ്രമങ്ങൾ.
പെൺകുട്ടിക്ക്
എന്നെ ഇഷ്ടപ്പെടാത്തത് എന്റെ കുറ്റമല്ലല്ലോ. അവൾ പറഞ്ഞപോലെ എനിക്കും
സമയമില്ലാതെയായി. കോളേജ് പഠനത്തിനോടപ്പം ഞാൻ ചില ജോലികളും ചെയ്തു തുടങ്ങി. എങ്ങനെയും
പണമുണ്ടാക്കണമെന്ന ചിന്ത എന്നെ വിവിധ ജോലികളിൽ എത്തിച്ചു. കോളേജിൽ എന്റെ വിഷയം
ഹിസ്റ്ററിയായിരുന്നു. അവസാന സെമസ്റ്റർ പഠനത്തിനിടയിൽ ഒരു മാർക്കറ്റിങ് വിദഗ്ദ്ധൻ
ഞങ്ങളെയെല്ലാം നെറ്റ്വർക്ക് മാർക്കറ്റിങ് പഠിക്കാനായി ക്ഷണിച്ചു. "നിങ്ങൾ
ഒറ്റയ്ക്ക് ജോലി ചെയ്യുമ്പോഴല്ല, നിങ്ങൾക്ക് വേണ്ടി മറ്റുള്ളവർ പണിയെടുക്കുമ്പോളാണ്
നിങ്ങൾ പണം സമ്പാദിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക്." അത്
അയാളിൽനിന്നുമുള്ള പുതിയൊരു
അറിവായിരുന്നു. അയാൾക്ക് വേണ്ടി കുറച്ചുകാലം ഞാൻ പ്രവർത്തിച്ചെങ്കിലും അത് എന്നെ എത്തിച്ചത്
എന്റെ ആദ്യ ജോലിയായ കല്യാണ ബ്രോക്കർ പണിയിലാണ്. ഭൂമിക്കടിയിലെ ഈ മുറിയിൽ ഒറ്റയ്ക്ക്
കിടക്കുമ്പോൾ പലതരം ചിന്തകൾ കടന്നു വരുന്നതിൽ എങ്ങനെയാണ് തെറ്റ് പറയുവാൻ കഴിയുക. എന്നിൽ നിന്ന് ഇവർക്കെന്താണ് വേണ്ടത്. എന്നെ എന്തിനാണ് തടവിൽ
പാർപ്പിച്ചിരിക്കുന്നത്?
ഞാൻ ഇവിടെയെത്തിയിട്ട്
എത്ര മാസങ്ങൾ കഴിഞ്ഞിരിക്കും. എനിക്ക്
കണക്ക് കൂട്ടാൻ കഴിയുന്നില്ല. ഞാൻ നേരത്തെ പറഞ്ഞുവല്ലോ വലിയ വാതിലിന്റെ കിളിവാതിലിലൂടെ
എനിക്ക് ഭക്ഷണം വെച്ചു തരുന്ന സ്ത്രീ ആരാണെന്ന് മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഭക്ഷണം വെച്ചു തരുമ്പോൾ ഉച്ചത്തിൽ ഞാൻ പലവട്ടം അവരോട് സംസാരിച്ചുകൊണ്ടിരുന്നു. ഉച്ചത്തിൽ
പലവട്ടം അവരോട് സംസാരിച്ചിട്ടും അവർ മറുപടി പറഞ്ഞില്ലല്ലോ. സ്വയം സംസാരിക്കുന്ന ജീവിയായി
മാറിയെന്നല്ലാതെ അവിടെനിന്നും ഒരു മറുപടിയും കേട്ടില്ല. എനിക്ക് ചിത്രങ്ങളും പേനകളും
വാതിലിനിടയിലൂടെ തന്ന കുട്ടിയുടെ കാരുണ്യത്തിൽ എനിക്ക് കിട്ടിയ പുസ്തകവും പേനയും നിങ്ങളോട്
സംസാരിക്കുന്നു. ഇതെഴുതി തുടങ്ങി മൂന്ന് ദിവസമായിരിക്കുന്നു. ഈ പേന കിട്ടിയതിനു ശേഷം
ഞാൻ സമയത്തെ കുറിക്കാൻ തുടങ്ങിയിരിക്കുന്നു. ബധിരനും ഊമയുമായ ആ കുട്ടിക്ക് നന്ദി. ബധിരനാണെന്ന്
ഞാൻ ഊഹിക്കുന്നതാണ്.
ഞാൻ തടവിലാക്കപ്പെട്ട
മുറിയുടെ വശത്തുള്ള ടോയ്‌ലെറ്റിൽ സ്ഥിരമായി വെള്ളവും മറ്റു സൗകര്യങ്ങളുമുണ്ട്. അതൊക്ക
മുടങ്ങാതിരിക്കുവാൻ മുകളിലൊരാൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്നത് പകൽ വെളിച്ചമെന്നപ്പോലെ
സത്യമാണ്. കള്ളക്കടത്തുക്കാരല്ല എന്നെ തടവിലാക്കിയിരിക്കുന്നത്. അവർക്ക് ഇത്രയും വൈരാഗ്യം
എന്നോടുണ്ടാകാൻ കാരണം ഞാൻ കാണുന്നില്ല. ഇനി അവരാണെങ്കിൽ തന്നെ അവർക്ക് വേണ്ടതൊന്നും
എന്റെ കൈവശമില്ല. എന്നേക്കാൾ സമ്പാദ്യമുള്ള എത്രയോ വലിയ ധനവാന്മാർ ഈ നാട്ടിൽ കറങ്ങി
നടക്കുന്നു. വീടിനു മുകളിൽ ഹെലിപാഡുകളുള്ള ധനവാന്മാർ ഒരുപാടുണ്ടല്ലോ. ഒരിക്കൽ സുഹൃത്ത്
പറയുന്നത് ഞാൻ ഓർമ്മിച്ചു. കണ്ടോ "ആ ഫ്‌ളാറ്റിന് മുകളിൽനിന്നും പറക്കുന്ന ഹെലികോപ്റ്റർ.
രണ്ടു മിനിറ്റ് കഴിഞ്ഞാൽ ചിലപ്പോൾ തിരിച്ചു വരുന്നതും കാണാം. വല്ല പേനയോ പേഴ്സോ എടുക്കാൻ
മറന്നതാകാം.” അക്ബർ എന്ന ധനികനെ കുറിച്ച് സുഹൃത്ത് പറഞ്ഞത് ഞാൻ ഓർമ്മിച്ചു.
അവരുമായി
താരതമ്യം ചെയ്യുമ്പോൾ ഒന്നുമില്ലാത്തയെന്ന തടവിൽ
പാർപ്പിച്ചിട്ട് മോഷ്ടാക്കൾക്ക് ഒന്നും ലഭിക്കാനില്ല. വൈരാഗ്യം ഉണ്ടാകാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലായെന്ന് വീണ്ടും
മനസ്സിൽ പറഞ്ഞുറപ്പിച്ചു കൊണ്ടിരുന്നു. പ്രശസ്തിയോ അളവില്ലാത്ത സമ്പാദ്യമോ ഇല്ലാത്തയെന്നെകൊണ്ട്
ആർക്കും വലിയ പ്രയോജനമൊന്നുമില്ല. താടിയും മുടിയും നീട്ടി വളർത്തി ഇവിടെ ഇങ്ങനെ കിടന്നതുകൊണ്ടും
ആർക്കും പ്രയോജനമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇനി നാളെ
എഴുതാം, നിങ്ങളുടെ സ്വന്തം
സ്നേഹ പൂർവ്വം
മൈക്ക്