Monday, June 27, 2022

ജോൺ

ജോണിനെ ആദ്യം കാണുന്നത് പള്ളിക്ക് പുറത്തുവെച്ച് കൂട്ടം കൂടി ആരോടോ സംസാരിക്കുമ്പോഴാണ്. മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരൻ. സ്‍കൂളിൽ പഠിക്കുമ്പോൾ ചിലർ പറയുന്ന പേരുകൾ നമ്മൾ ശ്രദ്ധിക്കുമല്ലോ. വല്യപ്പന്റെ മകൻ ജോൺസേട്ടൻ പറഞ്ഞു കേട്ടത് കൊണ്ടാവാം, ആരാ ഈ കക്ഷി എന്ന് എത്തി  നോക്കിയത്. പിന്നീട് ബാംഗ്ലൂർ അഡ്വെർടൈസിങ് കമ്പനിയിൽ ജോലിക്ക് കയറിയെന്നു സംസാരത്തിനിടയിൽ ആരോ പറഞ്ഞതായും കേട്ടതായും ഓർക്കുന്നു. പ്രീഡിഗ്രി പാസ്സാവാതെ ചിത്രംവരയെന്ന സ്വന്തം കഴിവ് മാത്രം വെച്ചുകൊണ്ട് സിംഗപ്പൂർ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോൺ; അതാണ് ആ വാർത്തയിലെ  എന്റെ  പുതുമ. പ്രീഡിഗ്രി പാസായോ അവസാനിപ്പിച്ചോ എന്നൊന്നും കൃത്യമായി അന്ന് അറിവില്ലായിരുന്നു. അയാൾ കൊള്ളാമെന്ന് മനസ്സിൽ സ്വയം പറയാൻ ആ വാർത്ത മതി. എന്ത് എഞ്ചിനീയറിംഗ്, എന്ത് എം.ബി.ബി.എസ്,  അതും കരുതി ഞാൻ മനപ്പൂർവം പ്രീഡിഗ്രിയിൽ തോൽക്കാനൊന്നും പോയില്ല. “അയാളൊക്കെ അതുപോലെത്തെ ചിത്രം വരയായിരിക്കും. അതുകണ്ടു ഞാൻ പ്രീഡിഗ്രി തോറ്റ് തോന്നിവാസം എഴുതിയാൽ പട്ടിണി ഉറപ്പാണ്.”

ജോണിനെ മനസിന്റെ ഒരു വശത്തു ഒളിപ്പിച്ചു.  അയാളെ കണ്ടാൽ ഏതാണ്ട് ജോൺ എബ്രഹാം പോലെ തന്നെ. എന്റെ പള്ളി പേരിലും ഒരു ജോൺ ഉണ്ടല്ലോ, തല്ക്കാലം ആ സാമ്യം മതി.  അത് കൊണ്ട് പ്രീഡിഗ്രി തോൽക്കാതെ കടന്നുപോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം ജോൺസേട്ടന്റെ വീട്ടിൽ കക്ഷിയെ ഒരിക്കൽ കൂടി കണ്ടു. അന്ന് എന്തൊക്കയോ പൊതു കാര്യങ്ങൾ സംസാരിച്ചിരുന്നു. വർഷം 2008 തന്നെയാവണം. അന്ന് എഴുതി കൊണ്ടിരുന്ന വിചിത്ര കഥയിലെ നായകനായി അയാളുടെ രൂപം ഞാൻ മനസിൽ കയറ്റി. അപ്പോഴും ഏതാണ്ട് 16 വർഷം മുമ്പ് കണ്ട മെലിഞ്ഞ രൂപം തന്നെ.

അന്നത്തെ സംസാരം കഴിഞ്ഞു പിന്നീട് എപ്പോഴോ ചെന്നൈ ബാംഗ്ലൂർ ഫ്ലൈറ്റ് യാത്രയിൽ രാത്രി കണ്ടതായും എന്തോ കുശലം പറഞ്ഞു നീങ്ങിയതായും ഓർക്കുന്നു. ഫ്ലൈറ്റിൽ നിന്നും ഇറങ്ങി കോറിഡോറിൽ വച്ച് ജോണിനോട് സംസാരിക്കുന്നത് എന്റെ കമ്പനിയിലെ യു.സ് ഓഫീസിലെ സുഹൃത്ത് കണ്ടിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പെട്ടന്ന് നമ്മൾ പറയുന്ന വാചകം പറഞ്ഞു." എന്റെ ഒരു പഴയ സുഹൃത്താണ്..."

"യുവർ ഫ്രണ്ട് ... നോ വേ.." അവൾ പറഞ്ഞു

ഞാൻ പൊട്ടി ചിരിച്ചു.

"അതെന്താ അങ്ങനെ പറഞ്ഞത്..." ഞാൻ ചോദിച്ചു.

"അയാൾ ലിയോണിന്റെ സുഹൃത്താവാനുള്ള ഒരു സാധ്യതയും കണ്ടിട്ട് തോന്നുന്നില്ല..."

"സുഹൃത്തെന്ന് ഞാൻ പെട്ടന്ന് പറഞ്ഞുവെന്നേയുള്ളു.. നാട്ടിലെ പരിചയക്കാരനാണ്..."

"നോക്ക് അയാളുടെ നടത്തം... അയാളെന്തായാലും ലിയോണിന്റെ സുഹൃത്ത് അല്ല..." അവൾ പിന്നെയും എന്നോട് ആവർത്തിച്ചു.  ഞാൻ ചിരിച്ചു. അയാളുടെ നടത്തം അകലെ നിന്ന് ഞാൻ ഒരിക്കൽക്കൂടി  വീക്ഷിച്ചു. ജോൺ, ജോൺ അബ്രഹാമിനെപ്പോലെ കാറ്റത്ത് ആടുന്ന രൂപം പോലെ ബാംഗ്ളൂർ എയർപോർട്ടിൽ നടന്നു മറഞ്ഞു. ആരെയും കൂസാത്ത സ്വതന്ത്ര നടത്തം. ഞാൻ ആരുടേയും അടിമയല്ല. ഈ ഭൂമി എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കും ആരെയും ഭയക്കാതെ  പറക്കാനുള്ള വിഹരിക്കാനുള്ള സ്വർഗ്ഗം. അതാണ് അയാളുടെ  നടത്തത്തിന്റെ അർത്ഥം.

"ഐ മീൻ ഹി ഈസ് ലൈക് എ ജിപ്സി... നോട്ട് യുവർ ടൈപ്പ് ദാറ്റ്സ്  വാട്ട്  ഐ മീൻ.. " അമേരിക്കക്കാരി പിന്നെയും സംശയം നിവർത്തി എന്നോട് പറഞ്ഞു.

മറ്റൊരു സുഹൃത്ത് മനോജ് പറഞ്ഞത് ഈ ജോണിനെ കുറിച്ച് തന്നെയാണോ.. പെട്ടന്ന് മറ്റൊരു കാര്യം എനിക്ക്  ഓർമ്മ വന്നു. ലാറി ബേക്കർ ശൈലിയിൽ പുതിയ വീട് വെച്ച്, അടുത്ത ആഴ്ച തന്നെ വീടിനു തീ വെച്ച് സ്വയം പരീക്ഷണം നടത്തിയതിന് ശേഷം  വീടിനു  ചുറ്റും ബിയർ കുപ്പിയുമായി നൃത്തം വെച്ച ജോണും ഈ ജോണും ഒന്ന് തന്നെയാണോ...! വീടിനു ഉറപ്പുണ്ടോ എന്ന് നോക്കിയതാവും.

അടുത്ത കാലത്ത് കൂടുതൽ അറിഞ്ഞപ്പോൾ ആദ്യം പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണെന്നു മനസിലായി. കൂടുതൽ അയാളെ കുറിച്ച് മനസിലാക്കി. 

"വെറുതെ ഇല്ലാ കഥ പറയല്ലേ ലിയോൺ, വീട് കത്തിക്കാനുള്ള ഭ്രാന്ത് എനിക്കില്ല. അത് വേറെ ആരെങ്കിലുമാകും ." ജോൺ പറഞ്ഞു. 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഒരു സിനിമ സ്റ്റൈൽ മുംബൈ യാത്ര. വീട് വിട്ടുള്ള യാത്ര. ലക്ഷ്യമില്ലാത്ത ഒരു യാത്ര. അവിടെ ഒരു വർഷം.  സുഹൃത്തായ ജോൺസനുമായി കത്തുകൾ വഴിയുള്ള ആശയ വിനിമയം. ജോൺസൺ മുഖേന ഒരു ക്യാരികേച്ചർ മത്സരത്തിന് അയച്ചുകൊടുക്കുന്നു. ആക്കാലത്ത് കേരള ഗവെർന്മെന്റ് നടത്തിയ ക്യാരിക്കേച്ചർ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ ഒന്നാം സ്ഥാനം. 

പിന്നെ നാട്ടിലേക്ക് ഗംഭീര തിരിച്ചു വരവ്, സെയിന്റ് തോമസിൽ എഴുതാതെ പോയ  പ്രീഡിഗ്രി വളരെ ഉയർന്ന മാർക്കോടെ പിന്നീടു പാസ്സായി. പ്രീഡിഗ്രി പഠിക്കുമ്പോൾ തന്നെ എം.എ ഇംഗ്ളീഷ് വിദ്യാർഥികൾക്കു ഇംഗ്ളീഷ് ടൂഷ്യൻ, (ശക്തൻ തമ്പുരാൻ കോളേജിൽ ആദ്യ കാലത്ത് തന്നെയായിരിക്കണം 1987-89)  കേരള വർമ്മയിൽ ഡിഗ്രി; എന്നാൽ ഡിഗ്രി പൂർത്തിയാകാതെ  സിംഗപ്പൂർ കമ്പനിയിൽ ജോലി കിട്ടി നാട് വിടുന്നു. കേട്ട് കേൾവി ഇല്ലാത്ത ഉയർന്ന ശമ്പളത്തോടെ. ജോണിന് ലഭിച്ച ആദ്യമാസ ശമ്പളം കേട്ടാൽ ആരും പിന്നെ ഇവിടെ ഡിഗ്രി പൂർത്തിയാക്കില്ല. അത്കൊണ്ട് മാത്രം ഞാൻ ഇവിടെ പറയുന്നില്ല. 

അവസാനം ഞാൻ ജോണിനെ കണ്ടത് 2016 -17 ൽ.

ആ കാലത്ത് ഇംഗ്ലണ്ടിൽ നിന്നും  ക്രീയേറ്റീവ് എഴുത്തു കലയിൽ  മാസ്റ്റർ ബിരുദവും കഴിഞ്ഞു വന്നിരിക്കുകയാണ്. എന്റെ ആദ്യ പുസ്തകം കൊടുക്കാൻ ഞാൻ  ഇരകളെ തേടി നടക്കുമ്പോൾ ജോണിനെയും വെറുതെ വിട്ടില്ല. 

ജോണിനെ അവസാനം കണ്ടപ്പോൾ പറഞ്ഞു, "പലർക്കും ഇപ്പോഴും ഡിഗ്രി സെർട്ടിഫിക്കറ്റ് തന്നെ വേണം ലിയോൺ.... ഒരെണ്ണം എന്റെ കയ്യിൽ ഇരുന്നോട്ടെ എന്ന് കരുതി; ഇംഗ്ലണ്ടിൽ നിന്നും എം.എ."

എന്നാലും ഞാൻ മനസ്സിൽ പറഞ്ഞു, "എന്നാലും ഇത്രയും കാലം ഡിഗ്രി  സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്തു പിടിച്ചു നിന്നില്ലേ യു ർ സ്റ്റിൽ എ ഹീറോ ഫോർ മി... യു ജസ്റ്റ് ഡോണ്ട് നോ വാട്ട് ഇറ്റ് മീൻസ് ടു മി.." 

അത് എന്റെ  മനസിലാണ് പറഞ്ഞത്. 

എന്നിട്ട് എന്റെ മക്കളോട് പറഞ്ഞു; "ഇതൊന്നും ആരും അനുകരിക്കാൻ നിൽക്കേണ്ട. നന്നായി പഠിച്ചു ഡിഗ്രി സെർട്ടിഫിക്കറ്റ് വാങ്ങി എന്തെങ്കിലും ജോലിക്ക് പൊയ്ക്കോ..."

Thursday, June 23, 2022

നുണ

ആർക്കും ഉപദ്രവം ഇല്ലാത്ത നുണ പറയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടാകാം. ഒരിക്കൽ ഒരു ട്രെയിൻ യാത്രക്കിടയിൽ നുണ പറഞ്ഞപ്പോൾ ഉണ്ടായ അനുഭവം, വിവരിക്കട്ടെ.


ബാംഗ്ലൂർ യാത്രക്ക്  ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. മറ്റാരോ എടുത്ത ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ കള്ളപ്പേരിൽ. ഉദാഹരണത്തിന് ജോജി എന്ന കള്ളപ്പേരിൽ . ടിക്കറ്റ് എക്സാമിനർ, ചോദിച്ചു വന്നപ്പോൾ ജോജി എന്ന് പറഞ്ഞ് ടിക്കറ്റ് പഞ്ചിംഗ് നടത്തി. സമാധാനമായി ഒരിടത്തിരുന്നു. പാലക്കാട് എത്തിയപ്പോൾ മറ്റൊരാൾ കയറി. അദ്ദേഹം സംസാര പ്രിയനായതുകൊണ്ട്, ഞങ്ങൾ രണ്ടുപേരും, പെട്ടെന്ന് സംസാരത്തിൽ മുഴുകി. ആ  കമ്പാർട്ട്മെന്റിൽ  ബാക്കി ആരും സംസാരിച്ചിരുന്നില്ല. ട്രെയിൻ ഈറോഡ് കഴിഞ്ഞപ്പോൾ ടിക്കറ്റ് എക്സാമിനർ വീണ്ടും വന്നു. ഇത്തവണ അടുത്തിരുന്നാളുടെ  പേര് വിളിച്ചു. പക്ഷേ, അയാൾ വിളി കേൾക്കുന്നില്ല. ബാത്റൂമിൽ എവിടെയെങ്കിലും പോയതായിരിക്കുമെന്ന് ആരോ പറയുന്നത് ശ്രദ്ധിച്ചു. പക്ഷേ മറ്റൊരാൾ, വളരെ വ്യക്തമായി പറഞ്ഞു, ഈറോഡ് കഴിഞ്ഞതിനുശേഷം അയാളെ ഈ ട്രെയിനിൽ കണ്ടിട്ടില്ല. എന്തോ ഒരു അപായസൂചന പോലെയാണ് അയാൾ അത് പറഞ്ഞത്. കഴിഞ്ഞ മുപ്പത് മിനിറ്റ് ആയി, അയാൾ ഇവിടെയില്ല. അതോടെ ടിക്കറ്റ് എക്സാമിനർക്ക് സംശയമായി. അയാൾ ബോഗി മുഴുവൻ പരതി, ഉറക്കെ പേര് വിളിച്ചു. 


ഇതിനിടയിൽ ഒരാൾ പറയുന്നത് കേട്ടു, "അവർ സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ഇയാളുടെ സുഹൃത്താണ്."


ഞാൻ വേഗം അയാളെ തിരുത്തി. "അയാൾ എന്റെ സുഹൃത്തല്ല, ഇവിടെ വന്നിരുന്നപ്പോൾ വർത്താനം പറഞ്ഞതാണ്."


ഞാൻ വേഗം ഉറങ്ങാൻ കിടന്നു. 'ടി ടി വരുന്നതിനു മുമ്പേ ഉറക്കം നടിച്ചു കിടക്കാം. ഇനിയും ജോജി എന്ന കള്ളപ്പേരു ആവർത്തിക്കാൻ കഴിയില്ല.'


കുറച്ചു കഴിഞ്ഞു  ഒരു വൃദ്ധൻ, ഉറങ്ങുന്ന എന്നെ ചൂണ്ടി പറഞ്ഞു,  " അവര് ഭയങ്കരമായിട്ട് സംസാരിക്കുഉണ്ടായിരുന്നു…  അയാളോട് ചോദിച്ചു നോക്കൂ, അയാൾക്കെന്തെങ്കിലും വിവരം അറിയുന്നുണ്ടാവും.. "


ഞാൻ ശക്തമായ ഉറക്കം നടിച്ചു കിടന്നു. അവരുടെ സംഭാഷണം മുഴുവൻ കേട്ടുകൊണ്ടിരുന്നു. പേരുമാറി യാത്ര ചെയ്യുന്നതിലെ അപകടം, എന്റെ തലയിലൂടെ മിന്നി കൊണ്ടിരുന്നു. കുറച്ചധികം സമയം അവിടെ യാത്രക്കാർക്കിടയിൽ ഒരു ചർച്ച നടന്നിരുന്നു. ട്രെയിനിൽ വച്ച് ഒരാളെ  കാണാതായിരിക്കുന്നു. അത് വലിയ വിഷയമായിരിക്കുകയാണ്.


ഇടക്കിടക്ക് ആ വൃദ്ധൻ, ചൊറിഞ്ഞു കൊണ്ടിരുന്നു,


"ആ ചെക്കനോട് ചോദിച്ചാൽ അറിയും… അവനുമായി ഒരുപാട് നേരം സംസാരിക്കുന്നത്   ഞാൻ കണ്ടതാണ്. "


മുകളിലെ നിലയിലാണ് കിടക്കുന്നത് 'ടി ടി വിളിച്ചിറക്കുമോ?'


കാണാതായ  മനുഷ്യൻ  വല്ല ക്രിമിനലോ  മറ്റോ ആണോ?


അതോ അയാൾക്ക് വല്ല അപകടം സംഭവിച്ചോ?


ഇതിന്റെ പേരിൽ നാളെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമോ? ഏതാണ്ട് ഒരു മണിക്കൂർ ആയിട്ടും അയാളെ ട്രെയിനിൽ കാണാനില്ല. ഞാൻ ജോജിയായി യാത്ര ചെയ്യുന്നുവെന്ന  ഒറ്റക്കാരണം കൊണ്ട്  ഉണ്ടായേക്കാവുന്ന സംശയങ്ങൾ, ആൾമാറാട്ട കുറ്റം തൊട്ട് എന്തൊക്കെ തലയിൽ വന്നു ചേരും !!

കാര്യം, ഒരുപാട് പേർ അങ്ങനെ യാത്ര ചെയ്യുന്നുണ്ട്. അതൊന്നും പറഞ്ഞിട്ട് ഇവിടെ കാര്യമില്ല. സീറ്റിൽ അടുത്തിരുന്ന ആളെ കാണുന്നില്ല. ട്രെയിനിലെ ചിലരുടെ വർത്തമാനം കേട്ടാൽ ഞാൻ പിടിച്ചു പുറത്തേക്ക് തള്ളിയെന്നും തോന്നും. "ഇവര് എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത് " ഞാൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും, മറ്റൊരാൾ അത് പറഞ്ഞു… നമ്മൾ എന്തിനാണ് ടെൻഷൻ അടിക്കുന്നത്.. ചെറിയ കുട്ടികളൊന്നുമല്ലല്ലോ…


പക്ഷേ, വൃദ്ധൻ പിടി വിടുന്നില്ല… എന്നാലും അങ്ങനെയല്ലല്ലോ… ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരാളെ കാണാതാവുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ?


ഞാൻ മനസ്സിൽ പറഞ്ഞു. 'അല്ലയോ മനുഷ്യ അത് ചെറിയ കാര്യമല്ല.., എന്തോ വലിയ പ്രശ്നം തന്നെയാണ്… പക്ഷേ ഇപ്പോൾ ഇനിയും എന്നെ കുറിച്ച് പറയരുത്. ഞാൻ പേര് മാറിയാണ് യാത്ര ചെയ്യുന്നത്… പ്ലീസ്,പ്ലീസ്' അങ്ങനെ മനസ്സിൽ പലവിധവിചാരങ്ങളായി കണ്ണടച്ചു കിടന്നു. 


ട്രെയിൻ സേലം എത്തിയപ്പോൾ അയാൾ മഴ നനഞ്ഞു ബോഗിയിലേക്ക് കയറി വന്നു. അയാൾ ഷുഗറിന്റെ മരുന്ന് കഴിക്കാൻ ഈറോഡ് ഇറങ്ങിയതാണെത്രെ. ട്രെയിൻ മിസ്സായി. പെട്ടെന്ന് ഈ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. പിന്നാലെ വന്ന മറ്റൊരു ട്രെയിനിൽ കയറി സേലം എത്തി വീണ്ടും ഇതേ വണ്ടിയിൽ ഓടി കയറിയതാണ്. ചർച്ച ചെയ്തുകൊണ്ടിരുന്ന യാത്രക്കാർ  വലിയ സന്തോഷത്തിലായി. എനിക്കും വലിയ  സമാധാനമായി. ഇനിയും ഏതോ ഒരു ജോജിയെ അന്വേഷിച്ചു ആരും വരില്ലല്ലോ….


Monday, June 20, 2022

പഴയ കുസൃതികൾ

"എടാ ഫ്രീസ്റ്റോ നീ ഇത് വായിച്ചോ? എന്ത് രസമാണ്, റഷ്യൻ എഴുത്തുകാരൻ ഇഗോർ ചെക്കനോവിന്റെ വരികളാണ്  (അപ്പോൾ എന്റെ  വായിൽ വന്ന പേര്.) " 

ഫ്രീസ്റ്റോ നോട്ട്ബുക്കിലെ മലയാളം വരികൾ സൂക്ഷിച്ചു നോക്കി. 

"കൊള്ളാം . ഇവരൊക്കെ ഇങ്ങനെ പലതും എഴുതും... നീ സ്വന്തമായിട്ട് എന്തെങ്കിലും എഴുത്....വല്ലവരും എഴുതിയത് പൊക്കി പിടിച്ചിട്ടു മ്മ്ക് എന്തൂട്ട് കാര്യളെളടാ."

എനിക്ക് സമാധാനമായി. ഞാൻ എഴുതിയത് നല്ലതാണെന്നു അവനെ കൊണ്ട് പറയാതെ പറയിപ്പിച്ചു. 

ഇനി അടുത്ത ഇര രജിത്, അവനെയും ഒറ്റക്ക് കിട്ടിയപ്പോൾ ചില വരികൾ കാണിച്ചു. ഫ്രീസ്റ്റോയെ പറ്റിച്ചപ്പോലെ അത്ര എളുപ്പമല്ല. അവൻ നെറ്റി ചുളിച്ചു.  അവൻ കുറച്ചു സംശയത്തോടെ പറഞ്ഞു... "ഞാൻ വായിച്ചിട്ടില്ലല്ലോ ഇങ്ങനെ ഒരു കാര്യം..."

പെട്ടന്ന് പുസ്തകത്തിന്റെ പേര് പറയാതെ എവിടയോ മാഗസിനിൽ വായിച്ചതെന്നും പറഞ്ഞു രക്ഷപ്പെട്ടു. പുസ്തകത്തിന്റെ പേര് പറഞ്ഞാൽ രജിത് അത് തപ്പി കണ്ടുപിടിക്കാൻ ശ്രമിച്ചു സമയം കളയുമോയെന്നു സംശയിച്ചു.  ഞാൻ മനസ്സിൽ കുറിച്ചിട്ടു.."ഹ്മ്മ് വരികൾ അത്ര മോശമല്ല..."

അത്തരത്തിലുള്ള മൂന്നാമത്തെ പണിയായിരുന്നു കുടമാറ്റം സിനിമയിലെ പാട്ടെന്നു പറഞ്ഞുകൊണ്ട് ഒരു കവിത എഴുതി സന്തോഷിനെ കൊണ്ട് പാടിപ്പിച്ചതും സൂപ്പർ ഹിറ്റ് ആകുമെന്ന് അവനെക്കൊണ്ട് തന്നെ പറയിപ്പിച്ചതും.

പിന്നീട് ഒരിക്കലും അത്തരം ഉടായിപ്പ് പണികൾ ചെയ്തിട്ടില്ല. ആത്മവിശ്വാസം കിട്ടാതായപ്പോൾ  ചെയ്ത ഓരോ പഴയ കുസൃതികൾ ഓർത്തെടുത്തപ്പോൾ. 

Thursday, June 16, 2022

ദിവ്യ ഉണ്ണി

ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയം. ഗുരുവായൂർ ഒരു സ്റ്റാർ ഷോ വരുന്നു. അതിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടുമോയെന്ന് സന്തോഷിനോട് ചോദിച്ചു. അവൻ പാട്ട്  പാടാൻ അവസരം ചോദിച്ചു നടക്കുന്നു. ഏതായാലും അവന്റെ അച്ഛൻ സിനിമാക്കാരുമായി കമ്പനിഉള്ള വ്യക്തി. സ്റ്റാർ ഷോ സംഘടിപ്പിക്കുന്ന ആളല്ലേ, പിന്നെ തനിക്ക് അവസരം കിട്ടാൻ ബുദ്ധിമുട്ടില്ലല്ലോ. പക്ഷേ സന്തോഷ്‌ എന്നെ പിന്തിരിപ്പിച്ചു.

"എടാ ദിവ്യ ഉണ്ണിയും കലാഭവൻ  മണിയും കൈതപ്രവും പങ്കെടുക്കുന്ന പരിപാടിയാണ്. അതിന്റെ ഉള്ളിലേക്ക് കയറാൻ ടിക്കറ്റ് എടുക്കാൻ വഴി ഉണ്ടോന്ന് ആദ്യം നോക്കട്ടെ… നിന്റെ ഒരു പരിപാടി.."


അതിൽ നിന്നും എനിക്ക് ചാൻസ് കിട്ടില്ലെന്ന്‌ മനസിലായി.


"നീ, ഇനി സിനിമ സ്ക്രിപ്റ്റിൽ ഫോക്കസ് ചെയ്യണം. മറ്റു മിമിക്രി  പരിപാടികൾ വേണ്ട. "


അവസരം ഉണ്ടാക്കാൻ കഴിയാത്ത വിഷമം അവൻ അങ്ങനെ സംസാരിച്ചു ഒതുക്കി തീർത്തു.


പഴയ സിനിമ സ്ക്രിപ്റ്റിന്റെ കാര്യം ഞാനും ഓർമ്മിപ്പിച്ചു…  ആ സിനിമ കമ്പനി പോലെ ഉടായിപ്പ് കമ്പനിയല്ലേ ഇതും എന്ന രീതിയിൽ അവനോട് സംസാരിച്ചിരിക്കണം..., ഞാൻ വലിയ  അത്ഭുതം ഇത്തവണ മുഖത്തു പ്രകടിപ്പിച്ചില്ല. 


അടുത്ത ദിവസം അവൻ എന്നെ വിളിച്ചു, സ്റ്റാർ ഷോ ക്ക് വേണ്ടി അവതരണ സംഭാഷണം എഴുതി കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ പരിപാടി ചെയ്യുന്നില്ലല്ലോ, ചെയ്യുന്നവർ തന്നെ എഴുതിയാൽ  പോരെ…


"എടാ അവിടേക്ക്  ഒരു ഫ്രീ പാസ് സംഘടിപ്പിക്കാം, നീ എന്തെങ്കിലും എഴുതി താ.. വലിയ സിനിമക്കാർ വരുന്ന സ്ഥലമാണ്… മ്മ്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം… ആരെയെങ്കിലും കണ്ടു സംസാരിക്കാം " സമാധാനിപ്പിക്കാൻ ഒരു ശ്രമം. "ഇങ്ങനെ ചാൻസ് ചോദിച്ചിട്ടാണ് എല്ലാവരും വലുതാകുന്നത്.. "


അവന്റെ സ്ഥിരം പല്ലവികൾ.


ഹ്മം


ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാൻ... നല്ല പഞ്ച് വേണം…നീ ഡയലോഗ് ശരിയാക്കി വെക്ക്..


"ഹ്മം.. ശരി.. " അത്ര സന്തോഷമില്ലെങ്കിലും സമ്മതിച്ചു. 


"ഇതെവിടെ ഗുരുവായൂർ  കൃത്യമായി സ്ഥലം? ", ഞാൻ അവനോട് ചോദിച്ചു…


ഗുരുവായൂർ ആനക്കോട്ടയുടെ അടുത്താണ്… അവിടെ കുറെ പാറക്കെട്ടുകൾ ഉള്ള സ്ഥലമാണ്, അവിടെ ഒരു ഗ്രൗണ്ടിൽ…


പെട്ടന്ന് പേന തുമ്പിൽ വന്ന വരികൾ ഞാൻ കുറിച്ചിട്ടു…"കരിങ്കൽ കെട്ടുകൾക്കും കാരിരുമ്പ് ചങ്ങലകൾക്കും തളയ്ക്കാനാവാത്ത സർഗ്ഗഭാവനയോട് കൂടി കോർത്തിണക്കിയ മണി മുത്തുകൾ….ബ്ല ബ്ല ബ്ല "


ആ സുദിനം വന്നു സ്റ്റാർ ഷോ ദിവസം...


ഞങ്ങൾ നേരെത്തെ ഗുരുവായൂർ എത്തി. ഉച്ച തിരിഞ്ഞു നാല് മണിയായി കാണണം. കൈതപ്രവും ദിവ്യ ഉണ്ണിയും താമസിക്കുന്ന ഹോട്ടൽ ലോബിയിൽ എത്തി. സന്തോഷിന്റെ കയ്യിൽ ഒരു  ക്യാമറയുണ്ട്… ചില ഫോട്ടോസ് എടുത്തു കാണണം. ദിവ്യഉണ്ണിയും അമ്മയും ഇരിക്കുന്ന മുറിയിലേക്ക് ചെല്ലാൻ അവൻ അനുവാദം ചോദിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ആ മുറിയിലേക്ക് കയറി. അപ്പോൾ സന്തോഷിനോട് ചെറിയ ബഹുമാനം തോന്നി. എന്തൊക്കെയായാലും കേരളം അറിയുന്ന നടി താമസിക്കുന്ന മുറിയിലേക്ക് ഫാൻ എന്ന ലേബലിൽ കയറാൻ അനുവാദം കൊടുക്കാൻ കഴിയുന്ന എന്തോ ഒരു സംഘടന ചുമതല അവന്റെ അച്ഛനും ഉണ്ടായിരുന്നിരിക്കും. എന്നാൽ ഞാൻ അപ്പോഴും വലിയ ആവേശം കാണിച്ചില്ല.


അങ്ങനെ മുറിയിൽ കയറിയതും ഫോട്ടോ എടുക്കാൻ അവരുടെ അമ്മ അനുവാദം കൊടുക്കുന്നത് കണ്ടു. സന്തോഷ്‌ ക്യാമറ എനിക്ക് തന്നു. നടിയുടെ കൂടെ അവന്റെ ഒരു ഫോട്ടോ എടുത്തു. അതിന് ശേഷം എന്നോട് ഫോട്ടോയിൽ നിൽക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒഴിഞ്ഞുമാറി. അവൻ നിർബന്ധിച്ചു. എങ്കിലും ദിവ്യഉണ്ണിയുടെ കൂടെ നിന്ന്  ഫോട്ടോ എടുക്കാൻ ഞാൻ സമ്മതിച്ചില്ല.


റൂമിനു പുറത്ത് എത്തിയപ്പോൾ "നീ എന്തൂട്ടാ ജാട കാണിക്കണേ "


"എടാ ഒരു ചമ്മൽ, അതുകൊണ്ടാണ്.. ജാടയല്ല."


"എന്തിന് ചമ്മൽ, അവർ അനുവാദം തന്നില്ലേ… ആർട്ടിസ്റ്റുകൾക്ക് അതിൽ വിഷമമൊന്നും ഉണ്ടാവില്ല…" അവന്റെ മറുപടി. 


അതിനിടയിൽ, ഹോട്ടൽ ലോബ്ബിയിൽ ഒരാൾ എന്തൊക്കൊയോ നടന്നു പ്രാക്ടീസ് ചെയ്യുന്നുണ്ട്.

രാത്രിയായി… അവന്റെ അച്ഛൻ സംഘടിപ്പിച്ച  ഫ്രീ പാസ്സുമായി ഞങ്ങൾ അകത്തു കയറി…


ആറടി ഉയരമുള്ള ഒരു വ്യക്തി  സ്റ്റാർ ഷോയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി…അതേ  വരികൾ, അതെ ഞാൻ എഴുതികൊടുത്ത അതെ വരികൾ.. ഇടയ്ക്ക് അയാൾ തെറ്റിക്കുന്നുണ്ട്..


തെറ്റിക്കുമ്പോഴൊക്കെ ഉള്ളിൽ എനിക്ക് ചെറിയ കോപം വന്നിരുന്നു..


ഞാൻ അവനോട് പറഞ്ഞു "ഇങ്ങനെയുള്ള കാര്യങ്ങൾ സ്വന്തമായി എഴുതി പറയേണ്ടതാണ്… തെറ്റിച്ചത് പറഞ്ഞത് കണ്ടോ?"


"നിനക്ക് എന്താണ്?  തെറ്റിച്ചതൊന്നും ആർക്കും മനസിലായിട്ടില്ല…." സന്തോഷ് എന്നെ സമധാനപ്പെടുത്തി…


ഹ്മം… അല്ലെങ്കിൽ ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നത്.. ന്റെ പരിപാടിയല്ലല്ലോ… എന്നാലും ഡയലോഗ് തെറ്റിച്ചു.. ഞാൻ പിറുപിറുത്തു…അയാളുടെ മുഖം ഞാൻ മറന്നില്ല.


പിന്നീട് ഒരു വർഷത്തിന് ശേഷം  അയാളെ കണ്ടു. പപ്പയുടെ ക്ലബ്ബിൽ. മിസ്റ്റർ വർഗീസ്. കുറെ കാലം പുറമെ ജോലി ചെയ്തപ്പോൾ കുറച്ചു മലയാളം കയ്യിൽ നിന്നും പോയതായിരിക്കും. പാവം. ഉള്ളിൽ പണ്ട് തോന്നിയ ദേഷ്യം അപ്പോഴുണ്ടായില്ല. എല്ലാവരും ജീവിച്ചു പോകാൻ ഓരോ കസ്രത്തുകൾ നടത്തുന്നു. എന്തായാലും എന്തെങ്കിലും മലയാളം പറയാൻ ശ്രമിച്ചല്ലോ. 


സ്റ്റാർ ഷോയുടെ കാര്യം തൃശൂർ എഞ്ചിനീയറിങ് കോളേജിൽ ചില സുഹൃത്തുക്കളോട് പറഞ്ഞു.


അവർ എന്നോട് ദേഷ്യപ്പെട്ടു…."നിന്റെ ഒരു ജാഡ "


"അല്ല."


"എന്നാൽ നിന്റെ ഇൻഫീരിയർ കോംപ്ലക്സ്. "


“അതെന്തായാലും അല്ല.”


“സുന്ദരിയായ ഒരു സ്ത്രീയുടെ കൂടെ നിന്റെ ഈ മോന്തായം വെച്ച് നിൽക്കാനുള്ള മടി ?”


 "അല്ല."


ഞാൻ കുറച്ച് ആലോചിച്ചു ഒരു മറുപടി കണ്ടെത്തി "മഞ്ജു വാരിയർ ഒന്നുമല്ലല്ലോ…"


"നീ ഉരുളണ്ട… ദിവ്യ ഉണ്ണി കേരളം അറിയുന്ന സ്റ്റാർ ആണ്. "


യഥാർത്ഥത്തിൽ എന്തായിരുന്നു അന്ന് നടിയുടെ കൂടെ ഫോട്ടോക്ക് നിൽക്കാതിരുന്നത്?


ഉത്തരം ലളിതമാണ്. സന്തോഷ്‌ ക്യമറയിലെ ഫിലിമിന്റെ എണ്ണത്തെ കുറിച്ച് പറഞ്ഞു വിഷമിക്കുന്നതും ചൊറിയുന്നതും  ശ്രദ്ധിച്ചിരുന്നു. എന്റെ ഉള്ളിലെ പെട്ടെന്നൊരു റിഫ്ളക്സ് "നീയും നിന്റെ ഒരു ക്യാമറയും… സില്ലി ബോയ്, എനിക്ക് വേണ്ട നിന്റെ ദിവ്യ ഉണ്ണി ഫോട്ടോ…."


ഇന്നത്തെ മൊബൈൽ നിമിഷ ഫോട്ടോ കാലത്ത് 36 ഫിലിം കഴിയുമോ എന്ന് ഭയപ്പെട്ട് ഫോട്ടോ എടുത്തിരുന്ന കാലത്തെ കുറിച്ച് ഓർമ്മിച്ചു പോകുന്നു...


ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...