ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയം. ഗുരുവായൂർ ഒരു സ്റ്റാർ ഷോ വരുന്നു. അതിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടുമോയെന്ന് സന്തോഷിനോട് ചോദിച്ചു. അവൻ പാട്ട് പാടാൻ അവസരം ചോദിച്ചു നടക്കുന്നു. ഏതായാലും അവന്റെ അച്ഛൻ സിനിമാക്കാരുമായി കമ്പനിഉള്ള വ്യക്തി. സ്റ്റാർ ഷോ സംഘടിപ്പിക്കുന്ന ആളല്ലേ, പിന്നെ തനിക്ക് അവസരം കിട്ടാൻ ബുദ്ധിമുട്ടില്ലല്ലോ. പക്ഷേ സന്തോഷ് എന്നെ പിന്തിരിപ്പിച്ചു.
"എടാ ദിവ്യ ഉണ്ണിയും കലാഭവൻ മണിയും കൈതപ്രവും പങ്കെടുക്കുന്ന പരിപാടിയാണ്. അതിന്റെ ഉള്ളിലേക്ക് കയറാൻ ടിക്കറ്റ് എടുക്കാൻ വഴി ഉണ്ടോന്ന് ആദ്യം നോക്കട്ടെ… നിന്റെ ഒരു പരിപാടി.."
അതിൽ നിന്നും എനിക്ക് ചാൻസ് കിട്ടില്ലെന്ന് മനസിലായി.
"നീ, ഇനി സിനിമ സ്ക്രിപ്റ്റിൽ ഫോക്കസ് ചെയ്യണം. മറ്റു മിമിക്രി പരിപാടികൾ വേണ്ട. "
അവസരം ഉണ്ടാക്കാൻ കഴിയാത്ത വിഷമം അവൻ അങ്ങനെ സംസാരിച്ചു ഒതുക്കി തീർത്തു.
പഴയ സിനിമ സ്ക്രിപ്റ്റിന്റെ കാര്യം ഞാനും ഓർമ്മിപ്പിച്ചു… ആ സിനിമ കമ്പനി പോലെ ഉടായിപ്പ് കമ്പനിയല്ലേ ഇതും എന്ന രീതിയിൽ അവനോട് സംസാരിച്ചിരിക്കണം..., ഞാൻ വലിയ അത്ഭുതം ഇത്തവണ മുഖത്തു പ്രകടിപ്പിച്ചില്ല.
അടുത്ത ദിവസം അവൻ എന്നെ വിളിച്ചു, സ്റ്റാർ ഷോ ക്ക് വേണ്ടി അവതരണ സംഭാഷണം എഴുതി കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ പരിപാടി ചെയ്യുന്നില്ലല്ലോ, ചെയ്യുന്നവർ തന്നെ എഴുതിയാൽ പോരെ…
"എടാ അവിടേക്ക് ഒരു ഫ്രീ പാസ് സംഘടിപ്പിക്കാം, നീ എന്തെങ്കിലും എഴുതി താ.. വലിയ സിനിമക്കാർ വരുന്ന സ്ഥലമാണ്… മ്മ്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം… ആരെയെങ്കിലും കണ്ടു സംസാരിക്കാം " സമാധാനിപ്പിക്കാൻ ഒരു ശ്രമം. "ഇങ്ങനെ ചാൻസ് ചോദിച്ചിട്ടാണ് എല്ലാവരും വലുതാകുന്നത്.. "
അവന്റെ സ്ഥിരം പല്ലവികൾ.
ഹ്മം
ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാൻ... നല്ല പഞ്ച് വേണം…നീ ഡയലോഗ് ശരിയാക്കി വെക്ക്..
"ഹ്മം.. ശരി.. " അത്ര സന്തോഷമില്ലെങ്കിലും സമ്മതിച്ചു.
"ഇതെവിടെ ഗുരുവായൂർ കൃത്യമായി സ്ഥലം? ", ഞാൻ അവനോട് ചോദിച്ചു…
ഗുരുവായൂർ ആനക്കോട്ടയുടെ അടുത്താണ്… അവിടെ കുറെ പാറക്കെട്ടുകൾ ഉള്ള സ്ഥലമാണ്, അവിടെ ഒരു ഗ്രൗണ്ടിൽ…
പെട്ടന്ന് പേന തുമ്പിൽ വന്ന വരികൾ ഞാൻ കുറിച്ചിട്ടു…"കരിങ്കൽ കെട്ടുകൾക്കും കാരിരുമ്പ് ചങ്ങലകൾക്കും തളയ്ക്കാനാവാത്ത സർഗ്ഗഭാവനയോട് കൂടി കോർത്തിണക്കിയ മണി മുത്തുകൾ….ബ്ല ബ്ല ബ്ല "
ആ സുദിനം വന്നു സ്റ്റാർ ഷോ ദിവസം...
ഞങ്ങൾ നേരെത്തെ ഗുരുവായൂർ എത്തി. ഉച്ച തിരിഞ്ഞു നാല് മണിയായി കാണണം. കൈതപ്രവും ദിവ്യ ഉണ്ണിയും താമസിക്കുന്ന ഹോട്ടൽ ലോബിയിൽ എത്തി. സന്തോഷിന്റെ കയ്യിൽ ഒരു ക്യാമറയുണ്ട്… ചില ഫോട്ടോസ് എടുത്തു കാണണം. ദിവ്യഉണ്ണിയും അമ്മയും ഇരിക്കുന്ന മുറിയിലേക്ക് ചെല്ലാൻ അവൻ അനുവാദം ചോദിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ആ മുറിയിലേക്ക് കയറി. അപ്പോൾ സന്തോഷിനോട് ചെറിയ ബഹുമാനം തോന്നി. എന്തൊക്കെയായാലും കേരളം അറിയുന്ന നടി താമസിക്കുന്ന മുറിയിലേക്ക് ഫാൻ എന്ന ലേബലിൽ കയറാൻ അനുവാദം കൊടുക്കാൻ കഴിയുന്ന എന്തോ ഒരു സംഘടന ചുമതല അവന്റെ അച്ഛനും ഉണ്ടായിരുന്നിരിക്കും. എന്നാൽ ഞാൻ അപ്പോഴും വലിയ ആവേശം കാണിച്ചില്ല.
അങ്ങനെ മുറിയിൽ കയറിയതും ഫോട്ടോ എടുക്കാൻ അവരുടെ അമ്മ അനുവാദം കൊടുക്കുന്നത് കണ്ടു. സന്തോഷ് ക്യാമറ എനിക്ക് തന്നു. നടിയുടെ കൂടെ അവന്റെ ഒരു ഫോട്ടോ എടുത്തു. അതിന് ശേഷം എന്നോട് ഫോട്ടോയിൽ നിൽക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒഴിഞ്ഞുമാറി. അവൻ നിർബന്ധിച്ചു. എങ്കിലും ദിവ്യഉണ്ണിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ഞാൻ സമ്മതിച്ചില്ല.
റൂമിനു പുറത്ത് എത്തിയപ്പോൾ "നീ എന്തൂട്ടാ ജാട കാണിക്കണേ "
"എടാ ഒരു ചമ്മൽ, അതുകൊണ്ടാണ്.. ജാടയല്ല."
"എന്തിന് ചമ്മൽ, അവർ അനുവാദം തന്നില്ലേ… ആർട്ടിസ്റ്റുകൾക്ക് അതിൽ വിഷമമൊന്നും ഉണ്ടാവില്ല…" അവന്റെ മറുപടി.
അതിനിടയിൽ, ഹോട്ടൽ ലോബ്ബിയിൽ ഒരാൾ എന്തൊക്കൊയോ നടന്നു പ്രാക്ടീസ് ചെയ്യുന്നുണ്ട്.
രാത്രിയായി… അവന്റെ അച്ഛൻ സംഘടിപ്പിച്ച ഫ്രീ പാസ്സുമായി ഞങ്ങൾ അകത്തു കയറി…
ആറടി ഉയരമുള്ള ഒരു വ്യക്തി സ്റ്റാർ ഷോയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി…അതേ വരികൾ, അതെ ഞാൻ എഴുതികൊടുത്ത അതെ വരികൾ.. ഇടയ്ക്ക് അയാൾ തെറ്റിക്കുന്നുണ്ട്..
തെറ്റിക്കുമ്പോഴൊക്കെ ഉള്ളിൽ എനിക്ക് ചെറിയ കോപം വന്നിരുന്നു..
ഞാൻ അവനോട് പറഞ്ഞു "ഇങ്ങനെയുള്ള കാര്യങ്ങൾ സ്വന്തമായി എഴുതി പറയേണ്ടതാണ്… തെറ്റിച്ചത് പറഞ്ഞത് കണ്ടോ?"
"നിനക്ക് എന്താണ്? തെറ്റിച്ചതൊന്നും ആർക്കും മനസിലായിട്ടില്ല…." സന്തോഷ് എന്നെ സമധാനപ്പെടുത്തി…
ഹ്മം… അല്ലെങ്കിൽ ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നത്.. ന്റെ പരിപാടിയല്ലല്ലോ… എന്നാലും ഡയലോഗ് തെറ്റിച്ചു.. ഞാൻ പിറുപിറുത്തു…അയാളുടെ മുഖം ഞാൻ മറന്നില്ല.
പിന്നീട് ഒരു വർഷത്തിന് ശേഷം അയാളെ കണ്ടു. പപ്പയുടെ ക്ലബ്ബിൽ. മിസ്റ്റർ വർഗീസ്. കുറെ കാലം പുറമെ ജോലി ചെയ്തപ്പോൾ കുറച്ചു മലയാളം കയ്യിൽ നിന്നും പോയതായിരിക്കും. പാവം. ഉള്ളിൽ പണ്ട് തോന്നിയ ദേഷ്യം അപ്പോഴുണ്ടായില്ല. എല്ലാവരും ജീവിച്ചു പോകാൻ ഓരോ കസ്രത്തുകൾ നടത്തുന്നു. എന്തായാലും എന്തെങ്കിലും മലയാളം പറയാൻ ശ്രമിച്ചല്ലോ.
സ്റ്റാർ ഷോയുടെ കാര്യം തൃശൂർ എഞ്ചിനീയറിങ് കോളേജിൽ ചില സുഹൃത്തുക്കളോട് പറഞ്ഞു.
അവർ എന്നോട് ദേഷ്യപ്പെട്ടു…."നിന്റെ ഒരു ജാഡ "
"അല്ല."
"എന്നാൽ നിന്റെ ഇൻഫീരിയർ കോംപ്ലക്സ്. "
“അതെന്തായാലും അല്ല.”
“സുന്ദരിയായ ഒരു സ്ത്രീയുടെ കൂടെ നിന്റെ ഈ മോന്തായം വെച്ച് നിൽക്കാനുള്ള മടി ?”
"അല്ല."
ഞാൻ കുറച്ച് ആലോചിച്ചു ഒരു മറുപടി കണ്ടെത്തി "മഞ്ജു വാരിയർ ഒന്നുമല്ലല്ലോ…"
"നീ ഉരുളണ്ട… ദിവ്യ ഉണ്ണി കേരളം അറിയുന്ന സ്റ്റാർ ആണ്. "
യഥാർത്ഥത്തിൽ എന്തായിരുന്നു അന്ന് നടിയുടെ കൂടെ ഫോട്ടോക്ക് നിൽക്കാതിരുന്നത്?
ഉത്തരം ലളിതമാണ്. സന്തോഷ് ക്യമറയിലെ ഫിലിമിന്റെ എണ്ണത്തെ കുറിച്ച് പറഞ്ഞു വിഷമിക്കുന്നതും ചൊറിയുന്നതും ശ്രദ്ധിച്ചിരുന്നു. എന്റെ ഉള്ളിലെ പെട്ടെന്നൊരു റിഫ്ളക്സ് "നീയും നിന്റെ ഒരു ക്യാമറയും… സില്ലി ബോയ്, എനിക്ക് വേണ്ട നിന്റെ ദിവ്യ ഉണ്ണി ഫോട്ടോ…."
ഇന്നത്തെ മൊബൈൽ നിമിഷ ഫോട്ടോ കാലത്ത് 36 ഫിലിം കഴിയുമോ എന്ന് ഭയപ്പെട്ട് ഫോട്ടോ എടുത്തിരുന്ന കാലത്തെ കുറിച്ച് ഓർമ്മിച്ചു പോകുന്നു...
No comments:
Post a Comment