Monday, May 25, 2020

ഗുണ്ട്


ഒന്നാം ദിവസം
"അമ്മേ  ദേ അറിഞ്ഞോ പാത്രക്കാരന്റെ ഷോപ്പിലെ പാത്രങ്ങളെല്ലാം റോഡിലേക്ക് വീണു." സുദിൻ വീട്ടിൽ കയറിയതും അമ്മയോട് ഉറക്കെ പറഞ്ഞു.
"നീ എന്തൂട്ടാ പറയണേ?"
"റോഡിൽ പാത്രങ്ങൾ വീണു... വണ്ടി ബ്ലോക്കായി."
"വെല്ലോർക്കും വെല്ലതും പറ്റിയാ?"
"വേറൊന്നും ഉണ്ടായില്ല... പാത്രങ്ങൾ താഴെ വീണു... അത്രന്നെ" അതും പറഞ്ഞു സുദിൻ കുളിക്കാൻ കയറി. രാത്രി ഒമ്പത് മണി കഴിഞ്ഞു. അന്നത്തെ കാര്യങ്ങൾ നല്ല സുഖമായി മുന്നോട്ട് പോയി.
രണ്ടാം ദിവസം
അടുത്ത ദിവസം രാത്രി "അമ്മേ... കേട്ടാ?"
"എന്തേഡാ..."
"കടപ്പാലത്തിന്റെ അടുത്ത 11KV ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു; ആകെ തീയാണ്..." സുദിൻ ഭയാനകരമായ കാഴ്ച വിവരിച്ചു.
"ദൈവമേ... ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാടാ?"
"ഒന്നൂല്ല... അവിടെ ബോര്ഡകാര് പണി എടുക്കുന്നുണ്ട്... ചിലപ്പോ ഇവിടെ കറണ്ട് പോകും."
ഇത്രയും പറഞ്ഞു സുദിൻ കുളിക്കാൻ കയറി. സമയം രാത്രി പത്ത് മണി.
മൂന്നാം ദിവസം
സുദിൻ രാത്രി ഒമ്പതിന് വീട്ടിൽ കയറി. സുദിൻ സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ സഹോദരി സുമി സംസാരം തുടങ്ങി "ദേ ചേട്ടൻ വന്നു...ഇപ്പൊ തുടങ്ങും അവിടെ പടക്കം പൊട്ടി, ഇവിടെ ഗുണ്ട് പൊട്ടി, മറ്റേയിടത്ത് മരം വീണു ....ഇത് അമ്മേനെ പറ്റിക്കാനുള്ള അടവാണ്.." സുദിൻ മുഖം വീർപ്പിച്ചു ഒന്നും പറയാതെ റൂമിലേക്ക് പോയി.
"എന്നെ എന്തിനാ പറ്റിക്കാണത് ?" അമ്മ നിഷ്കളങ്കമായി ചോദിച്ചു.
"രാത്രി നേരം വൈകി വരുമ്പോൾ അമ്മ ചീത്ത പറയാതിരിക്കാൻ ചേട്ടൻ കാണിക്കുന്ന അടവാണ്." സഹോദരി സൂത്രം പൊളിച്ചതിന് ശേഷം; ചേട്ടൻ തന്നെ നോക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചു. തന്റെ ബുദ്ധി സാമർഥ്യം വിജയിച്ചതിൽ അവൾ ആഹ്ളാദിച്ചു.

Sunday, May 24, 2020

സിനിമ കമ്പനി -1997-ലെ ഓർമ്മകളിൽ നിന്ന്


സന്തോഷിന്റെ അച്ഛൻ സിനിമ കമ്പനി തുടങ്ങിയെന്ന് പറഞ്ഞപ്പോൾ ഞാൻ അത്ര വിശ്വസിച്ചില്ല. പാർട്ണർ എന്ന് പറഞ്ഞെങ്കിലും അത്ര കാര്യമായെടുത്തില്ല. സഹകരണ അടിസ്ഥാനത്തിൽ മറ്റൊരു സിനിമ കമ്പനി എന്റെ നാട്ടിൽ തുടങ്ങിയതിനെ കുറിച്ചും, അതിന്റെ നടത്തിപ്പിനെ കുറിച്ചും കേട്ടത് കൊണ്ടാണ് സന്തോഷ് പറഞ്ഞത് ആദ്യം ശ്രദ്ധിക്കാതിരുന്നത്. അയാളുടെ സംഭാഷണം പലതവണ കേട്ടപ്പോൾ ഒരു സ്ക്രിപ്റ്റ് ചെയ്യാമെന്ന് ഞാനും മനസ്സിൽ കരുതി. ആദ്യമേ സിനിമ ചെയ്യാതെ എന്തെങ്കിലും ചെറിയ ടെലിസീരിയൽ ചെയ്ത് തുടങ്ങണമെന്ന സംഭാഷണം ഞങ്ങളുടെ ഇടയിൽ നടന്നുകൊണ്ടിരുന്നു. അന്തിക്കാട്ടുള്ള സിനിമ  സംവിധായകൻ അനിൽ മേനോൻ അവർക്ക് വേണ്ടി പടം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അദ്ദേഹം ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ‘എന്തായാലും സിനിമ സംവിധായകനാണല്ലോ.’ ഞാൻ പറഞ്ഞു "പേര് കേൾക്കുമ്പോൾത്തന്നെ ഒരു സംവിധായകന്റെ  ഒരു ഇത് ഇണ്ട്..."  അങ്ങനെയുള്ള തമാശകൾ പറഞ്ഞ് അന്തിക്കാടുള്ള അനിൽ മേനോനെ കാണാൻ തീരുമാനിച്ചു.  

മാസങ്ങൾക്ക് മുമ്പേ അന്തിക്കാട് തന്നെയുള്ള ജിജിനുമായി ഇതേ വിഷയുമായി ബന്ധപ്പെട്ട് സംസാരിച്ചത് എനിക്കോർമ്മ വന്നു. അമ്മാവൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞ് ഒരു ചെറിയ വേഷം. ജിജിന്റ മറുപടി കൃത്യമായിരുന്നു. “നിന്റെ മിമിക്രിയുമായി അമ്മാവന്റെ അടുത്ത് ചെന്നാൽ ഓടിച്ചു വിടും..." ദിലീപും മണിയുമൊക്കെ മിമിക്രിയിൽ നിന്ന് സിനിമയിൽ വന്നില്ലേയെന്ന എന്റെ വാദം ജിജിന്റെ അടുത്ത് ചിലവായില്ല. "അത് തന്നെയാണ് ഞാൻ പറഞ്ഞത് ഇപ്പോൾ ഒരുപാട് മിമിക്രിക്കാരായി. ഇനി വേണ്ട. പുതിയ എന്തെങ്കിലും സംഭവം ഇല്ലാതെ അങ്ങോട്ട് കയറാൻ പറ്റില്ല.”
“മിമിക്രി മാത്രമല്ലല്ലോ. നമ്മൾ റാപ്പ് ഡാൻസ് കളിച്ചില്ലേ, നാടകം കളിച്ചില്ലേ?”
“ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്.” ജിജിൻ മറുപടി പറഞ്ഞു.
ഞാൻ മനസ്സിൽ പറഞ്ഞു 'പുതിയ സംഭവം വേണം. അല്ലാതെ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ കഴിയില്ല.' റോക്ക് ആൻഡ് റോൾ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പറയുന്ന ഡയലോഗുണ്ട്  'വെറൈറ്റി ..ല്ലേ...' അതാണ് കാര്യം. ജിജിൻ അമ്മാവന്റെ അടുത്തെത്താൻ സഹായിച്ചില്ലെങ്കിൽ വേണ്ട ഏതായാലും അന്തിക്കാട് തന്നെയുള്ള അനിൽ മേനോനെ കിട്ടിയല്ലോ, അതിലൂടെ പിടിച്ചു കയറാം എന്നതായിരുന്നു അന്നത്തെ ചിന്ത. ചെറിയ സൈഡ് വേഷത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടർ ആകാമല്ലോ!!!

നിരവധി സിനിമകൾ അസ്സോസിയേറ്റ് ചെയ്ത ആളല്ലേ, അത് കൊണ്ട് തന്നെ കുറച്ചു ബുദ്ധിമുട്ടി അദ്ദേഹത്തിന്റെ വീട് ഞങ്ങൾ കണ്ടു പിടിച്ചു. കഥയിലെ നായകവേഷം ചെയ്യുന്ന അജേഷും, സ്ക്രിപ്റ്റ് എഴുതാൻ തയ്യാറായി ഞാനും, സന്തോഷും അദ്ദേഹത്തോട് ആദ്യ സംഭാഷണം നടത്തി. അനിലിന് വലിയ താടിയുണ്ടായിരുന്നു. പദ്മരാജനെപ്പോലെ അത് തടവിക്കൊണ്ട്  ഞങ്ങൾ പറഞ്ഞ സ്ക്രിപ്റ്റ് കേൾക്കാൻ അയാൾ തയ്യറായി. ഞങ്ങളുടെ ആശയം അവതരിപ്പിച്ചു. അന്നത്തെ ടെലിവിഷൻ പരിപാടികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സംഭവം. (സംഭവം എന്നാണ് ഞങ്ങളുടെ ഇടയിലെ പൊതുഭാഷ). പുതിയ രീതിയായിരിക്കുമെന്ന് അദ്ദേഹത്തെ ഞങ്ങൾ ബോധ്യപ്പെടുത്തി. സ്ക്രിപ്റ്റുമായി വീണ്ടും വരാമെന്നു അറിയിച്ച് ആദ്യ കൂടിക്കാഴ്ച അവസാനിച്ചു. ‘ഷൂട്ടിംഗ് തുടങ്ങിയാൽ ഈ തമാശക്കളി പറ്റില്ല. ഞാൻ വളരെ സ്ട്രിക്റ്റ് ആണ്. എന്റെ സ്വഭാവം മാറും. കാര്യങ്ങളൊക്കെ കൃത്യമായിരിക്കണം.’ ഇങ്ങനെ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു.   സംവിധായകരായ ഷാജി  കൈലാസും, ഐ വി ശശിയും, പ്രിയദർശനും ക്യാമറ വെക്കുന്ന രീതികൾ ഞങ്ങൾ മനസിലാക്കിയ ആദ്യ ദിവസമാണ്. പുതിയ അറിവുകൾ ലഭിച്ച ദിവസം. അത് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് അന്നത്തെ  വേദവാക്യം പോലെ ഞങ്ങൾ അനുസരിച്ചു.

ശക്തൻതമ്പുരാൻ കോളേജിന്റെ പരിപാടിക്ക് കസ്സ്തുഭം ഓഡിറ്റോറിയത്തിൽ കളിച്ച ശാകുന്തളം നാടകം പുതിയ രീതിയിൽ അവതരിപ്പിക്കുകയെന്ന സ്ക്രിപ്റ്റ് അതിവേഗം തയ്യാറാക്കി. അജേഷും സന്തോഷും ഞാനും വളരെ വേഗം ഒരു ഒത്തുതീർപ്പിലെത്തി സ്ക്രിപ്റ്റ് പൂർത്തിയാക്കി. അതുകൊണ്ടു മാത്രം ഞാൻ അന്ന് അത്ര സന്തോഷവാനായിരുന്നില്ല. ഒരു പുതിയ ഒറിജിനൽ വർക്ക് എന്റേതായി ഉണ്ടാക്കണമെന്ന ചിന്തയിൽ, പതിനഞ്ചു ദിവസത്തെ ഒരു ഇടവേള കിട്ടിയത് വെച്ച് ഏകദേശം നൂറു പേജ് വരുന്ന ഒരു സിനിമ സ്ക്രിപ്റ്റും ഞാൻ എഴുതി കയ്യിൽ കരുതി. ഈ ദിവസങ്ങൾക്കിടയിൽ ഞങ്ങൾ ഓടി നടന്ന് ടെലിസീരിയലിനു വേണ്ടി ഷൂട്ടിങ് ലൊക്കേഷനുകൾ കണ്ടുപിടിച്ചു. ആദ്യ ലൊക്കേഷൻ സെയിന്റ് മേരീസ് കോളേജ്, പ്രിൻസിപ്പലിന്റെ റൂമിലേക്ക് ഞങ്ങൾ ആവേശപൂർവം കയറി അനുവാദം വാങ്ങിച്ചു. വിലങ്ങൻ കുന്നും ബ്യൂട്ടി പാർലർ അങ്ങനെ അങ്ങനെ പോകുന്നു... എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ഷാജികൈലാസിന്റെ കൈകൊണ്ടുള്ള ആക്ഷൻ ഞങ്ങൾ നോക്കും. ക്യാമറയിൽ കാണുന്നപ്പോലെ. (രണ്ടു കൈകൾ ചേർത്ത് പിടിച്ചു ക്യാമറയിൽ ഒരു സീൻ കാണുന്നപ്പോലെ.) ഒരു സീനിൽ നിന്നും അടുത്ത സീനിലേക്ക് കട്ട് ചെയ്യുന്ന ഷാജി കൈലാസ് രീതി ഞങ്ങളെ അദ്ദേഹം മനസിലാക്കി തന്നിരുന്നു. വേഗത്തിൽ വന്നു നിൽക്കുന്ന ജീപ്പിന്റെ ടയർ ക്ലോസപ്പ് കാണിക്കും. അതാണ് കട്ട്. ചടുലമായ ഒരു സീനിൽ നിന്നും അടുത്ത സീനിലേക്ക് മാറുന്ന ഷാജി ശൈലി.

രണ്ടാമത്തെ കൂടിക്കാഴ്ചയിൽ സിനിമ കമ്പനിയുടെ സിനിമ പദ്ധതിപാളുന്നുവെന്ന് വാർത്ത കേട്ടു. ഏതായാലും ഞങ്ങൾ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. ടെലിസീരിയൽ അത്ര ചിലവുള്ള കാര്യമല്ലല്ലോ, അതുമായി മുന്നോട്ട് പോകാമെന്നായിരിക്കും അവർ കരുതുന്നത്. ഞങ്ങൾ വളരെ പോസിറ്റീവ് ആയിരുന്നു. അന്ന് തന്നെ ഞാൻ അദ്ദേഹത്തെ സിനിമ സ്ക്രിപ്റ്റും വായിച്ചു കേൾപ്പിച്ചു. സീൻ ബൈ സീൻ ആയി തുടങ്ങി പിന്നീട് അതിന്റെ ഒരു ഏകദേശ രൂപം അവതരിപ്പിച്ചു. 'ഈ ശൈലി കഥകളൊക്കെ അമേരിക്കയിലേ വിജയിക്കൂ.' അദ്ദേഹം മറുപടി പറഞ്ഞു. അജേഷ് എന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു "അയാൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അത് ഇനി സംസാരിക്കേണ്ട." ഇതിനിടയിൽ അവിടെ തന്നെയുള്ള അനിലിന്റ സുഹൃത്ത് എന്റെ കൈ നോക്കി പറഞ്ഞു "ഇയാൾക്ക് കുറച്ചുകൂടി പഠിപ്പ് ബാക്കിയാണ്... അഞ്ച് വര്ഷം കഴിഞ്ഞു വീണ്ടും വരണം. അപ്പോഴും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ നമ്മൾ ചെയ്യും." അയാൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണെന്നാണ് ഞാൻ കേട്ടത്. എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നി. മനസ്സിൽ ഞാൻ പറഞ്ഞു 'ഓരോ കൈനോട്ടം തട്ടിപ്പായിട്ട് ഇറങ്ങിയിരിക്കുന്നു... പറ്റില്ലെങ്കിൽ അത് പറഞ്ഞാൽപ്പോരേ...' അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ അജേഷിനോട് പറഞ്ഞു " അനിൽ മേനോൻ പറഞ്ഞത് ശരിയാണ്... ചിലപ്പോൾ ശൈലി മാറ്റിയെഴുതേണ്ടിവരും..." എന്റെ ശ്രദ്ധ സ്ക്രിപ്റ്റ് മാറ്റിയെഴുതുന്നതിനെകുറിച്ചായിരുന്നു. അതിനിടയിൽ അജേഷ് അവരുടെ സംഭാഷണം ശ്രദ്ധിച്ചതിൽ നിന്ന് മനസിലാക്കിയിട്ടാകണം എന്നോട് സ്വകാര്യമായി പറഞ്ഞു "ഈ പ്രൊജക്റ്റ് നടക്കാൻ സാധ്യതയില്ല. എടാ അവരുടെ കയ്യിൽ പൈസയുണ്ടെന്ന് തോന്നുന്നില്ല..." അവിടെനിന്ന് പലവഴിക്കായി പിരിഞ്ഞു. ഇരുപത്തിമൂന്ന് വർഷത്തിന് ശേഷം രണ്ടു ദിവസം മുമ്പാണ് അജേഷുമായി വീണ്ടും സംസാരിക്കുന്നത്. അഞ്ച് മിനിറ്റ്കൊണ്ട് ഇരുപതാം വയസിൽ തിരിച്ചെത്തിയപ്പോലെ.

Tuesday, May 12, 2020

തണുത്ത വെള്ളം

അതിരാവിലെ ആദ്യ ചായ കൊടുക്കുന്നതിനിടയിൽ  ത്രേസ്യ കെട്ടിയവന് മറ്റൊരു ചായകൊടുത്തു. ചായപ്പൊടിയിൽ കലർന്ന ഉപദേശമാണത്. കഴിഞ്ഞ രാത്രിയിലെ വേദനയാണ് ഇന്ന് കാലത്ത് പുറത്തു വന്നത്.  “ഒരെഴുപത് വയസെങ്കിലും ആയിക്കാണും; എന്നാലും അയൽവാസി കിളവനെ  സൂക്ഷിക്കണം. കുട്ടികളെ പീഡിപ്പിക്കുന്നവർ ഉള്ള കാലമാണ്." 

"അങ്ങനെയൊന്നുമില്ല. അയാൾ അവരുടെ കൊച്ചുമക്കളെ കളിപ്പിക്കുന്നപ്പോലെ നമ്മുടെ മക്കളെയും കളിപ്പിക്കുന്നു. നീ ഇല്ല്യാത്ത പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ?" ജോബി അവളെ നേരിട്ടു.

ത്രേസ്യ വിട്ടുകൊടുത്തില്ല. "എന്തൊക്ക വാർത്തകളാണ് ദിവസവും കേൾക്കുന്നത് ?

“വാർത്തകൾ സത്യമല്ലേ?”

“വാർത്ത സത്യമോ നുണയോ എന്നറിയില്ല. എങ്കിലും, ഒരു ലക്ഷം മനുഷ്യരിൽ അഞ്ച് പേർ അങ്ങനെ ചെയ്യുന്നവർ എന്ന് കരുതുക.”

“ആ അഞ്ച് പേരിൽ ഒരാൾ ഇയാളാണെങ്കിലോ ?” അവൾ ഇടയ്ക്ക് കയറി പറഞ്ഞു.

“ഞാൻ തർക്കിക്കുന്നില്ല. വാർത്തകൾ വായിക്കുമ്പോൾ ഭയപ്പെടുത്തുന്ന രീതിയിൽ വായിക്കുന്നതുകൊണ്ടാണ് ഭയം തോന്നുന്നത്.” അയാൾ മയപ്പെടുത്താൻ ഒരു ശ്രമം നടത്തി.

“ഇത്തരം കാര്യങ്ങൾ അങ്ങനെ വായിക്കുന്നത് തന്നെയാണ് നല്ലത്. എല്ലാവരും കുറച്ചു ഭയപ്പെടുന്നത് നല്ലതല്ലേ ? ജനങ്ങൾ ഒന്നറിയട്ടെ. എന്റെ ചെറുപ്പത്തിൽ ഞാൻ അറിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങൾ. ഇപ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നുവെന്ന് അറിയുന്നത് തന്നെ” അവൾ കാര്യങ്ങൾ ഭംഗിയായി സമർത്ഥിച്ചു.

“അതിന് നീ എന്തിനാണ് ഈ മനുഷ്യനെ ക്രൂശിക്കുന്നത് ?”

“അയാൾ വന്നിട്ട് അധികം കാലായിട്ടില്ല. അയാളുടെ വീട്ടിലെ കുട്ടികളെ സ്നേഹിച്ചാൽപ്പോരേ?”

“ഞാൻ നിന്നോട് തർക്കിക്കാനില്ല. അയാളെ കുറിച്ച് അന്വേഷിക്കാം.”
അവളുടെ കവിൾത്തടത്തിൽ ഒരു ഉമ്മ കൊടുത്ത് അയാൾ  തർക്കം അവസാനിപ്പിച്ചു.

“അമ്മ ഇവിടെയുണ്ടല്ലോ... നീ അത്ര പേടിക്കേണ്ട കാര്യമില്ല.” ഉമ്മ വെച്ചതിന് ശേഷം ഭാര്യക്ക് ധൈര്യം കൊടുത്തു.

“എന്ത് പറഞ്ഞാലും അമ്മ, അമ്മ. അമ്മയുടെ പ്രായം എന്താണെന്ന് നിങ്ങൾക്ക് ഓർമ്മയില്ലേ?”

അത് കേട്ട് അമ്മ അവിടേക്ക് കടന്നു വന്നു. "അമ്മേ ഞാൻ പറയണേ കേട്ടിട്ട് അമ്മക്ക് വിഷമം തോന്നരുത്...ഞാൻ അപ്പുറത്തെ ആ പുതിയ കിളവനെ കുറിച്ച് പറഞ്ഞതാണ്...കുട്ടികളവിടെ  ഒരുപാട് ഓടി കളിക്കുന്നുണ്ട്..അതാണ് ഞാൻ പറഞ്ഞത്. ഏതു നേരവും വെള്ളം ചോദിച്ചു കുട്ടികൾ വരുന്നു ...അവിടെ ഫ്രിഡ്ജ് ഇല്ലെന്ന് ... ഇത്ര വയസായിട്ടും തണുത്ത വെള്ളം കുടിക്കണ മനുഷ്യരുണ്ടോ ?" മരുമകൾ അമ്മായിയമ്മയെ സോപ്പിട്ടു.

"അപ്പൊ അതാണ് കാര്യം...അയാൾ എന്തിനാണ് ഈ പ്രായത്തിൽ തണുത്ത വെള്ളം കുടിക്കുന്നത്? ഇത് ആദ്യം പറയാമായിരുന്നല്ലേ... എന്നെ വെറുതെ ടെൻഷൻ അടിപ്പിച്ചു." ജോബി കാര്യങ്ങൾ സമാധാനത്തിൽ എത്തിച്ചു.

"നല്ല ആരോഗ്യമുള്ളവർ ചിലപ്പോൾ തണുത്ത വെള്ളം വയസായാലും കുടിച്ചെന്നിരിക്കും.” ജോബിയുടെ അമ്മ പ്രത്യേകിച്ച് വികാരമൊന്നുമില്ലാതെ പറഞ്ഞു. "നിങ്ങൾ അയാളെ കുറിച്ച് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട." അമ്മ തുടർന്നു “അയാൾ എന്നെയൊന്നു അകലെ നിന്ന് കാണാൻ അടുത്ത് വന്നു താമസിക്കുന്നു; അത്രേയുള്ളു."

ത്രേസ്യ ജോബിയുടെ മുഖത്തേക്ക് നോക്കി വേഗം അകത്തേക്ക് പോയി. ജോബി അടുത്തെത്തിയപ്പോൾ ശബ്ദം നല്ലപ്പോലെ താഴ്ത്തി സ്വകാര്യമായി പറഞ്ഞു. "ഞാൻ ആദ്യമേ  പറഞ്ഞില്ലേ എന്തോ ചുറ്റിക്കളിയുണ്ടെന്ന്..."

Monday, May 11, 2020

എന്താണ് നിങ്ങളുടെ മതം?

സംശയ: എന്താണ് ലോനപ്പന്റെ മതം ?
ലോനപ്പൻ: എല്ലാ മതങ്ങളിലെയും കൊച്ചു കൊച്ചു അംശങ്ങൾ അടങ്ങിയ സുന്ദരിയായ കൊളാഷ്.
സംശയ: ആർട്ട് ചിത്രം ആണല്ലേ? കൃത്യമായി ഉത്തരം എന്താണ് ? ഇത് ഒരു നയം അല്ലേ ?
ലോനപ്പൻ: ഞാൻ കൃത്യമായി തന്നെയാണ് പറഞ്ഞത്. അതിൽ കൂടുതലുമില്ല കുറവുമില്ല. അത്ര തന്നെ. കഥ കഴിഞ്ഞു.
സംശയ: ലോനപ്പന് വേണമെങ്കിൽ ഇനിയും നീട്ടി പറയാം.
ലോനപ്പൻ: ചുരുക്കി പറഞ്ഞാൽ എല്ലാ മനുഷ്യരിലേയും ഏറ്റവും ചെറിയ അംശങ്ങളുടെ ആകെ തുക. ഇനി ചോദിക്കരുത്. 
സംശയ : ഇനിയും നീട്ടി പറയാം…
ലോനപ്പൻ: ഒരാൾ ചെറുപ്പത്തിൽ ഒരു മതം മനസ്സിൽ കയറ്റി വെക്കുന്നു.  മനുഷ്യ മനസ്സ് കമ്പ്യൂട്ടർപ്പോലെയാണ്. അവരുടെ മനസ്സിൽ ചെറുപ്പം മുതൽ വിൻഡോസ്, അല്ലെങ്കിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം കയറ്റി വെച്ചിട്ടുണ്ടാകും. അതിലൂടെ മാത്രമേ അപ്പിക്കേഷൻ ഓടിക്കുകയുള്ളു. ചിലർ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പ്യൂട്ടറിൽ കയറ്റി വെക്കും. ആവശ്യത്തിന് രണ്ടും ഉപയോഗിക്കും. രണ്ടു ഒഎസും രണ്ട രീതിയിലാണല്ലോ. വ്യത്യസ്ത ആവശ്യങ്ങൾക്ക് അതുപകരിക്കുമെന്ന് അയാൾ ചിന്തിക്കുന്നു. രണ്ടു ലാപ്ടോപ്പും ഒരു ഡെസ്‌ക്ടോപും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുമുണ്ട്. ഇതൊക്കെ അയാളുടെ ജോലിയുടെ ഉയർച്ചയുടെ ലക്ഷണമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ചില മനുഷ്യർ റൂട്ടർപ്പോലെയാണ്. അവർ മനസ്സിൽ മതം കയറ്റില്ല. പക്ഷേ ഏതു മതം അവരുടെ അടുത്ത് വന്നാലും ശരിയായ സ്ഥലത്തേക്ക് റൂട്ട് ചെയ്യും. വേറെ ചിലർ ക്‌ളൗഡ്‌ പ്പോലെയാണ്. അവരുടെ മനസ്സും മതവും നിർവചിക്കാൻ പ്രയാസം. എല്ലായിടത്തും ആ മഴമേഘങ്ങൾ  പെയ്തിറങ്ങുന്നു.

കഥ കഴിഞ്ഞു. 

Sunday, May 10, 2020

ഉദാത്ത കല


സംശയ  : എന്താണ് ഉദാത്ത കല ?
ലോനപ്പൻ : ഒരേ സമയം ആസ്വദിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു... പണ്ടെപ്പോഴോ സംവിധായകൻ അടൂർ ഗോപാല കൃഷ്ണനും, നടൻ ശ്രീനിവാസനും പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. മാതൃഭൂമിയിലെ നുറുങ്ങുകൾ. ഒരുപടികൂടി കടന്ന്  ചിലപ്പോൾ ഉദാത്തമായി പ്രവർത്തിപ്പിക്കുന്നു.
സംശയ : എന്താണ് ഉദാത്തം?
ലോനപ്പൻ : ഏറ്റവും നല്ല രീതി, ഉൽകൃഷ്ടം.
സംശയ : ഒരു നല്ല സിനിമയിലെ കൊലപാതകം ഒരുവൻ അനുകരിച്ചാൽ...
ലോനപ്പൻ: അവൻ ജീവിക്കുന്ന രാജ്യത്തിന്റെ നിയമത്തിന് കീഴടങ്ങുക. ചോദ്യത്തിന്റെ അർഥം എനിക്ക് മനസിലായി. സിനിമ കണ്ട് കൊലപാതകിയായവർ എത്ര പേരുണ്ടാകും? ഒരുവൻ ഒരു പാതകത്തിനു ഇറങ്ങാൻ തീരുമാനിച്ചപ്പോൾ ചില സിനിമകൾ  ഓർത്തിട്ടുണ്ടാകാം. അത് മൂലകാരണമാകാൻ സാധ്യത വളരെ കുറവാണ്. അത്കൊണ്ട് സിനിമ നാടകം പുസ്തകം നിരോധിക്കേണ്ട കാര്യമില്ല. എങ്കിലും സിനിമയിലെ നാടകത്തിലെ സംസാരഭാഷകൾ മനുഷ്യരിൽ പ്രകടമാകാറുണ്ട്. ഭാഷയിൽ സ്വാധീനങ്ങൾ ഉണ്ടാകാം. വിദ്വെഷം മാത്രം പ്രചരിപ്പിക്കുന്ന വ്യക്തികളെ കാണുമ്പോൾ നമ്മൾ ചോദിക്കാറില്ലേ , നിങ്ങൾ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്....അങ്ങനെ ഏതെങ്കിലും കലാരൂപം ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ചെറിയ കുട്ടികൾ കാണുന്നത് അനുകരിക്കാൻ സാധ്യതയുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ സെൻസർ ചെയ്തു കാണിക്കുന്നതും ഉദാത്തം തന്നെ. പല സർട്ടിഫിക്കറ്റുകൾ നമ്മൾ കൊടുക്കുന്നുണ്ടല്ലോ.

സംശയ : മനസിലായി ലോനപ്പൻ സാർ. ബുദ്ധനെ പഠിച്ച,  ബൈബിൾ വായിച്ചു പഠിച്ച ഒരുവൻ   കൊലപാതകം ചെയ്താൽ യേശുവോ ബുദ്ധനോ  എങ്ങനെ ഉത്തരവാദിയാകും ?

ലോനപ്പൻ : അത് അവൻ തന്നെ പറയുന്നതായിരിക്കും കൂടുതൽ കൃത്യമായ ശരി.

കഥ കഴിഞ്ഞു.

Letter to Ayan Rand


പ്രിയപ്പെട്ട അയൻ റാൻഡ്,

എന്റെ ആദ്യ പുസ്തകം എഴുതി കഴിഞ്ഞപ്പോൾ അതിൽ ഫിലോസഫി കൂടുതലാണെന്ന് പലരും പറയുകയുണ്ടായി. എനിക്കതിൽ വിഷമമൊന്നുമില്ല. ആ കാര്യത്തിൽ റാൻഡ് എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ 12 വർഷത്തിന് മുമ്പായിരിക്കണം മാഡത്തിന്റെ ഫൗണ്ടൈൻ ഹെഡ് ഞാൻ വായിക്കുന്നത്. രണ്ടു ദിവസംകൊണ്ട് ഏതാണ്ട് 16 മണിക്കൂർ എടുത്ത് വായിച്ചു തീർത്തുവെന്നാണ് ഞാൻ ഓർമ്മിക്കുന്നത്. അതിൽ എന്റെ മനസ്സിൽ കൂടുതൽ കാലം തങ്ങി  നിന്ന കാര്യം ഫിലോസഫി ഫിലോസഫിയായി എഴുതാൻ മാഡത്തിന് താല്പര്യമില്ലായിരുന്നു, അതുകൊണ്ട് നോവലായി എഴുതിയെന്നാണ്. അതെനിക്ക് ഇഷ്ടപ്പെട്ടു.

നോവലിലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവം ഉണ്ട്. അത് തുടർച്ചയായി ഒരേ രീതിയിൽ പ്രകടിപ്പിക്കുന്നുണ്ട്. എന്റെ ആദ്യ  രചനയിലെ  പ്രധാന കഥാപാത്രത്തിന് ഒരേ സ്വഭാവമല്ല. അതെന്നോട് വിമർശനമായി പറഞ്ഞവരുണ്ട്. വൈരുദ്ധ്യ സാഹചര്യങ്ങളിൽ വൈരുധ്യങ്ങളായ അഭിപ്രായ പ്രകടനങ്ങളിലൂടെ കാര്യങ്ങളെ നോക്കി കാണുന്ന ഒരു കഥാപാത്രം.  ജീവിതത്തിന്റെയും ചിന്താമണ്ഡലത്തിന്റെയും വളർച്ചയുടെ ഓരോ ഘട്ടത്തിലും വിഭിന്ന സ്വഭാവം പ്രകടിപ്പിക്കുന്ന നായകൻ.

മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയെന്നത് തെറ്റായ കാര്യമാണെന്ന്  മാഡം പറയുന്നു. ഞാൻ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. ചിലർ സേവനത്തിനു വേണ്ടി സന്തോഷമായി ഇറങ്ങുന്നവരുണ്ട്. അത് അവരുടെ സന്തോഷം തന്നെയാണ്. അതുകൊണ്ട് അവർ ഒരേ സമയം അവർക്ക് വേണ്ടിയും അതെ സമയം മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കുന്നു. ഇതിനെ രണ്ടായി കാണേണ്ടതുണ്ടോ? പ്രശസ്തിക്ക് വേണ്ടിമാത്രം മറ്റുള്ളവരെ സഹായിക്കുന്നവരെ കുറിച്ചല്ല ഞാൻ പറയുന്നത്. കടന്ന് ചിന്തിച്ചാൽ അവിടെയും മാഡം വിജയിച്ചു. കൂട്ടായ്മ തന്നെ ലക്‌ഷ്യമാകുമ്പോൾ ലക്ഷ്യപരമായ ജീവിതം സന്തോഷമെന്ന് പറയാമല്ലോ.

എനിക്ക് ഒരു ലക്ഷ്യമില്ലെന്ന് പറയുന്നവരും ഉണ്ട്. അന്ന് ആഹാരം കിട്ടിയാൽ അന്ന് സന്തോഷം എന്നാണ് അവർ പറയുന്നത്. അവർ പറയുന്നത് അവരുടെ ലക്ഷ്യമാണെന്ന് അവർ ചിന്തിക്കുന്നില്ല. അകലെ കാണുന്നതാണ് ലക്ഷ്യങ്ങൾ എന്നാണ് അവർ ചിന്തിക്കുന്നത്. അടുത്തുള്ള ലക്ഷ്യങ്ങളും അകലെയുള്ള ലക്ഷ്യങ്ങളും ലക്ഷ്യങ്ങളാണല്ലോ മാഡം. അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നത് അപരന് സുഖത്തിനായി വരേണമെന്ന ഞങ്ങളുടെ നാട്ടിലെ കവിവാക്യം തന്നെയല്ലേ മാഡം പറഞ്ഞു നടന്നതും എഴുതിവെച്ചതും. അങ്ങനെ വരുമ്പോൾ ലക്ഷ്യവും മാർഗ്ഗവും ഒന്നാകുകയും ചെയ്യുന്നില്ലേ. എല്ലാവരും അങ്ങനെ ചിന്തിക്കുമ്പോൾ എല്ലാം പലതാകുന്നു എന്നാണ് മാഡം ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ; മനസിലായി.  പക്ഷേ, എല്ലാ പലതും ഒന്നിലേക്കുള്ള പ്രയാണമാണല്ലോ മാഡം. എല്ലാം പലതുമാണ് ഒന്നുമാണ്. എനിക്കറിയാം ആക്കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. ഫേസ് ബുക്ക് ഉണ്ടായിരുന്നില്ല. സൂം ഉണ്ടായിന്നില്ല. ഇൻസ്റ്റാഗ്രാം ഉണ്ടായിരുന്നില്ല. എല്ലാ അടയ്ക്കപ്പെട്ട ലോകങ്ങൾ. ഒരു അടയ്ക്കപ്പെട്ട ലോകത്ത് നിന്നും മറ്റൊരു അടയ്ക്കപ്പെട്ട ലോകത്തിലേക്ക് മാഡം യാത്ര ചെയ്ത കാര്യം എനിക്കറിയാം. ഇന്ന് ഞങ്ങൾ ജീവിക്കുന്നത് രക്തം ഒഴുകുന്ന ഞെരമ്പുകളാൽ ബന്ധിക്കപ്പെട്ട ചെറിയ മുറികളിൽ ഡാറ്റ ഒഴുക്കിക്കൊണ്ടാണ്. എല്ലാ ചെറിയ മുറികളും നെറ്റ്‌വർക്ക് വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഡാറ്റകൾ ഒഴുകിക്കൊണ്ടിരിക്കുന്നു.  അതുകൊണ്ട് ഞങ്ങൾ പലതുമായിരിക്കെ ഒന്നായിരിക്കുകയും രണ്ടായും മൂന്നായും ജോലികൾ ചെയ്യുന്നു.

പേറ്റന്റ് ലഭിക്കാൻ എല്ലാവരും ഓടുന്നു. ആദ്യം മരുന്ന് കണ്ടുപിടിച്ചത് ആരാണെന്ന തർക്കം എവിടെയും എത്താതെ പോകുന്നു. മാഡത്തിന്റ ചെറുപ്പത്തിൽ കമ്പനികൾ കൂടുതൽ രാജ്യകേന്ദ്രികൃതമായിരുന്നല്ലോ. മാഡം എഴുതികൊണ്ടിരിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നടന്നുകൊണ്ടിരുന്നു. ഇപ്പോൾ ഒരു വലിയ കമ്പനി എല്ലാ രാജ്യങ്ങളിലും ഉണ്ടെന്ന അവസ്ഥയാണ്. മരുന്നുകൾ അവശ്യ വസ്തുക്കളല്ലേ മാഡം. ചിലപ്പോൾ കണ്ടുപിടിക്കുന്നത് ചെറിയ കമ്പനികളാകും. അത് ലോകത്ത് മുഴുവൻ എത്തിക്കാൻ അവർ വലിയ കമ്പനികളുടെയോ  അല്ലെങ്കിൽ ഗവൺമെന്റുകളുടെ സഹായം തേടുന്നു. പര്സപര സഹായ സംഘടനകളെപ്പോലെ. വളരെ വലിയ ലക്ഷ്യങ്ങൾക്ക് പ്രവർത്തിക്കുന്നു. അങ്ങനെയുള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ തെറ്റാണെന്നു  പറയാൻ കഴിയില്ലല്ലോ.  വ്യക്തിയുടെ ദ്വന്ദ വ്യക്തിത്വം ഒരു നിത്യ സത്യമല്ലേ. ഒരേ സമയം അമ്മയും മകളും സുഹൃത്തും കാമുകിയും സഹോദരിയും ടീച്ചറും പോലീസും കലാകാരിയും ആയിരിക്കുന്നപ്പോലെ. ചിലപ്പോൾ ദ്വന്ദമല്ല മാഡം. എത്രയോ നിലകൾ. എണ്ണിയാൽ തീരാത്ത നിലകളുള്ള കെട്ടിടങ്ങൾപ്പോലെ.

ഇനിയും എഴുതാം
സ്നേഹത്തോടെ
ജെ. സി. ലോനപ്പൻ

Saturday, May 9, 2020

Capital Syndrome



അവാൻ  : കാൾ ഫ്രം ക്യാപിറ്റൽ

ഇവാൻ : ഇതിനെയാണ് ക്യാപിറ്റൽ സിൻഡ്രോം എന്ന് പറയുന്നത്.

അവാൻ  : കാൾ ഫ്രം വത്തിക്കാൻ

ഇവാൻ : ഇതിനെയാണ് വത്തിക്കാൻ സിൻഡ്രോം എന്ന് പറയുന്നത്

The end. 

North South Syndrome & East West Syndrome


വടക്ക് : ഞങ്ങളാണ് ഉയരത്തിൽ, അതുകൊണ്ട് ഞങ്ങൾക്കാണ് ശക്തി കൂടുതൽ . ഞങ്ങൾ വടക്കൻമാർ. 

തെക്ക്: ഞങ്ങൾ നിങ്ങളുടെ അടിയിൽ അല്ല. നിങ്ങളുടെ അടിമകളുമല്ല. ഞങ്ങൾ കാണുന്നത് ആകാശം മാത്രം. 

കിഴക്ക് : ഞങ്ങളാണ് നിങ്ങളെ കണ്ടുപിടിച്ചത്.

പടിഞ്ഞാറ് : ഞങ്ങൾ നിങ്ങളെ നോക്കിയപ്പോൾ, നിങ്ങൾ ഞങ്ങളെ കണ്ടു. അപ്പോൾ ആരാണ് ആദ്യ കണ്ടത് ? കിഴക്കോ പടിഞ്ഞാറോ?

കഥ കഴിഞ്ഞു.

Friday, May 8, 2020

കൊറോണയെ സ്നേഹിക്കണോ വെറുക്കണോ


റോഡിലെ വാഹന ബ്ലോക്കുകളെ ഞാൻ ശപിച്ചിട്ടുണ്ട്. അതുണ്ടാക്കുന്ന മലിനീകരണങ്ങളെയും ഞാൻ വെറുത്തിട്ടുണ്ട്. ചില അവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിന് അമ്പത് ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഞാൻ കുറച്ചു ദിവസം മുമ്പ് റോഡിൽ ഇറങ്ങി കാറോടിച്ചു. എങ്ങും മൂകം. ശൂന്യത. കണ്ണെത്താദൂരത്തു വാഹനങ്ങളെ കണ്ടില്ല. എങ്കിലും അമിത വേഗതയിൽ ഞാൻ സഞ്ചരിച്ചില്ല. ഇന്ന് ഞാൻ വീണ്ടും കാറെടുത്ത് പുറത്തിറിങ്ങി. ധർമ്മജന്റെ കടയിൽ നിന്നും നിനക്ക് പ്രിയപ്പെട്ട കരിമീൻ വാങ്ങിച്ചു. പോകുന്നതിനിടയിൽ  റോഡിൽ വലിയ വാഹന ബ്ലോക്ക്.  എനിക്ക് വലിയ സന്തോഷമായി. എത്രയോ ദിവസത്തിന് ശേഷമാണ് ഒരു ബ്ലോക്ക് കാണുന്നത്. റോഡ് ബ്ലോക്ക് ഇല്ലാതായപ്പോൾ കൊറോണയെ സ്നേഹിച്ചവർക്ക്  റോഡ് ബ്ലോക്ക് തിരിച്ചു വന്നപ്പോൾ പഴയ വെറുപ്പില്ല. ഒരു ചെറിയ പുഞ്ചിരി മാത്രം. 

1989 - പുതിയ ടീച്ചർ


കെസ്സി ടീച്ചർ എം.സ്.സി കഴിഞ്ഞ്  ആദ്യമായി സ്കൂളിൽ പഠിപ്പിക്കാനെത്തി. ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചു, ആദ്യമായാണ് എം.സ്.സി കഴിഞ്ഞ ടീച്ചർ പഠിപ്പിക്കാനെത്തുന്നത്. ഇത് ഒരു വെറൈറ്റി ആയിരിക്കുമെന്ന  ചിന്തയായിരുന്നു എല്ലാവരുടെയും മനസ്സിൽ. അന്ന് കൂടുതൽ പേരും ബി.സ്.സി കഴിഞ്ഞ ടീച്ചർമാരായിരുന്നു. ക്ലാസ് കഴിഞ്ഞ് കുട്ടികൾ പുതിയ ടീച്ചറെ കുറിച്ച് സംസാരിക്കാൻ വട്ടം കൂടി. "എം" ഉള്ളത്കൊണ്ട്  അറിവ് കൂടുതലായിരിക്കുമെന്ന് കുട്ടികൾക്ക് ഉറപ്പുണ്ടെങ്കിലും കാര്യങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ അവർ മടികാണിക്കാറില്ല.

ജയകുമാർ പറഞ്ഞു "ടീച്ചർക്ക് എന്തോ ഒരു തടസ്സം പോലെ... പറയുമ്പോൾ കാര്യങ്ങൾ അറിയാത്തപ്പോലെ..തപ്പി, തപ്പി."

അതിനു മറുപടി പറഞ്ഞത് അശ്വിനാണ്. "ആദ്യ ക്ലാസാണ്, എങ്ങനെയാണു നമ്മളോട് സംസാരിക്കേണ്ടതെന്ന് ശരിയാവാഞ്ഞിട്ടാണ്..."

"നീ പറഞ്ഞാൽ അത് ശരിയായിരിക്കും. എനിക്ക് പിന്നെ ടീച്ചർ എം.സ്.സി ആയാലും ബി.സ്.സി ആയാലും, എന്തായാലും മനസിലാകില്ല. " ജയകുമാർ കൈ മലർത്തി കുറ്റം സമ്മതിച്ചു.

കാരണവർ ആൽഫ്രഡ് ഇടയ്ക്ക് കയറി. അഞ്ചാം ക്ലാസ് മുതൽ ആൽഫ്രഡ് ക്ലാസ്സിലെ കാരണവരെപ്പോലെയാണ് സംസാരിക്കാറുള്ളത്.  എട്ടാം ക്ളാസിൽ എത്തിയിട്ടും മാറ്റമൊന്നുമില്ല. "എടാ ഇത് ഗാവസ്ക്കർ ടെസ്റ്റ് മാച്ച് കളിക്കുന്ന പോലെയാണ്. ആദ്യ മണിക്കൂറിൽ കുറെ പന്തുകൾ ഓഫ് സ്റ്റമ്പിന് വശത്തോടെ പോകുന്ന പോലെ.. കുറെ കഴിഞ്ഞാൽ കപിൽ ദേവായി ഫോറും സിക്സും അടിക്കും..." 

കൊറോണക്കും ഒരു പ്രണയ ലേഖനം

സുന്ദരിയായ നിന്നെ അവർ തെറ്റിദ്ധരിച്ചതാണ്. കൂടെ നിന്നപ്പോൾ നിന്നെ മതം ഉപയോഗിച്ച് പരാജയപ്പെടുത്താൻ കഴിയുമോയെന്ന് ശ്രമിച്ചു നോക്കി. പിന്നെ രാഷ്ട്രീയം. നീ വെറും പെണ്ണാണെന്ന് അവർ കരുതി. നീ വിഷമാണെന്ന് പറഞ്ഞവർ എന്താകുന്നു? നീ വെള്ളമാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അവർ കണ്ടത് അവരെ തന്നെയെന്ന് അവർ അറിഞ്ഞില്ലല്ലോ. അഥവാ അറിഞ്ഞാലും അറിഞ്ഞില്ലെന്ന് ഭാവിച്ചു. അത് നിന്റെ കുറ്റമല്ലല്ലോ. അതിർത്തികൾ നോക്കാതെ കൊറോണ  രോഗം ഒഴുകുന്നത്  നീ കാണുന്നില്ലേ. വെള്ളവും അങ്ങനെ ഒഴുകും. അതിർത്തികൾ ഇല്ലാതെ. ഒഴുക്കിനിടയിൽ ഇടയ്ക്ക് നീരാവിയായി ആകാശത്തേക്കും പിന്നെ മഴയായി ഭൂമിയിലേക്കും സ്ഥലകാല വ്യതാസമില്ലാതെ തുടരുന്ന പ്രപഞ്ച സത്യമായി നീ തുടരും. അവസാനമില്ലാത്ത തുടർച്ച. അനന്തം.


ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. ഞാൻ തോറ്റു കഴിഞ്ഞു. നിന്റെ പ്രണയത്തിനു മീതെ ഒന്നുമില്ല. കാരണം നീയാകുന്നു പ്രണയം. ശുദ്ധ ജലം. ശുദ്ധ വായു. വിഷം കലർന്ന വെള്ളവും വായുവും എന്താണെന്ന് മനസിലാക്കാൻ ഒരു കൊറോണ വേണ്ടിവന്നെന്ന്  എല്ലാവരും വാഴ്ത്തി പാടുന്നു. ചിലർ പറയുന്നു ദൂരെ നിന്ന് നോക്കി ഹിമാലയം കണ്ടെന്ന്. അങ്ങനെ നോക്കുമ്പോൾ കൊറോണ ശുദ്ധമാണ്. ശുദ്ധനാണ്. വെറും ശുദ്ധൻ. പലരും പറയുന്നു രൂപം മനസിലായിട്ടില്ലെന്ന്. അത് കൊണ്ട് മരുന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണത്രെ. അവൻ അരൂപിയാണെന്ന് വിശ്വാസികൾ പറയുന്നു. വീര്യം കുറഞ്ഞ കൊറോണ ബിയർ ഒരു ഗ്ലാസ്സിലെടുത്താൽ വെള്ളം പോലെ ശുദ്ധമായ പാനീയമായി എല്ലാ രാജ്യക്കാർക്കും വിവിധ  വിശ്വാസികൾക്കും ഒരുപോലെ രുചിക്കാം. അവിടെ മതത്തിനും രാഷ്ട്രീയത്തിനും പ്രസക്തിയില്ലല്ലോ. ശരിയായ ദാഹത്തിനും ശരിയായ വിശപ്പിനും മരുന്നില്ലോ.  20 വർഷം മുമ്പ്, ഒരിക്കൽ ഞാനും കൊറോണ ബിയർ കഴിച്ചിരുന്നു. ഒന്നല്ല രണ്ടു കുപ്പി കൊറോണ. നല്ല സുഖമാണ് ആ കൊറോണ. ഇറങ്ങുമ്പോൾ ചെറിയ ഒരു കുളിർ. ആരുടെയോ മുഖത്തേക്ക് ഞാൻ നോക്കി. അവന്റെ കണ്ണിൽ നിന്നും ചെറിയ ചുടു കണ്ണീർ. പക്ഷേ, നീ ഒരു കോറോണയല്ല. നൂറായിരം കോറോണയാണ്. വെള്ളം വീഞ്ഞാക്കി ജനത്തിനെ  സന്തോഷിപ്പിച്ച യേശുവിനെ ഓർക്കാതെ വയ്യല്ലോ. അവർ വീഞ്ഞിന് വേണ്ടി ഇപ്പോഴും കാത്തു നിൽക്കുന്നു. ഓൺലൈൻ  ആയി വീഞ്ഞ് ലഭിക്കുമ്പോൾ  വെയിലേറ്റ്  വരി നിൽക്കുന്ന പഴയ സുഖം ഉണ്ടാകില്ല. ഇതും ഒരു സുഖം. അത് മറ്റൊരു സുഖം. അവരോട്  ആവേശത്തോടെ പറയൂ, ഞാൻ ഒരു നീരാവിയായോ നീരുവീഴ്ചയായോ ഇവിടെയൊക്കെ തന്നെ കാണും. ഒരു ചെറിയ പന്തിന്റെ വലുപ്പത്തിൽ ഭൂമി കോറോണയുടെ കയ്യിൽ കിടന്നു തിരിയുന്നു. ഭൂമിയിൽ കോറോണയും ഉരുണ്ടു കളിക്കുന്നു. രാജ്യാതിർത്തികൾക്ക് എന്ത് പ്രസക്തി. ഒരു വര. വെറും വര. നിനക്കും എനിക്കും മനസിലാകാത്ത വര. ഏതോ രാജ്യത്തു നിന്ന് അടിച്ചതാണെന്ന് ജനങ്ങൾ തർക്കിക്കുന്നു. അതിലെന്ത് പ്രസക്തി? എല്ലാവരും ഉരുണ്ടു കളിക്കുന്നു. എല്ലാവരും കൈകൾ കഴുകുന്നു. ആർക്കും കൃത്യമായ ഉത്തരങ്ങളോ, എന്തിന് ചോദ്യങ്ങൾ പോലുമില്ല. ഇനി നാളെ.

Wednesday, May 6, 2020

അവൻ മിടുക്കനാണ് - 1995


ടീച്ചർ ശാലിനി: അവൻ മിടുക്കനാണ്. ബുദ്ധിമാനെന്ന ഭാവമില്ല

രാജീവ് : ആരുടെ കാര്യമാണ് പറയുന്നത് ?

ടീച്ചർ : കാര്യം ആദ്യ റാങ്കൊന്നും ഇല്ലെങ്കിലും അവൻ ശ്രദ്ധിച്ചിരിക്കും. മുഖത്തു നിന്ന് കണ്ണെടുക്കില്ല. കൃത്യമായി മുഖം തന്ന് നമ്മൾ പറയുന്നത് മനസിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

രാജീവ് : ആരാണ് ആ മിടുക്കൻ

ടീച്ചർ : അതും ഒരു ഡോക്ടറുടെ മകനാണല്ലോ ... ഡോക്ടർ  റാം

രാജീവ് : അവനെ എനിക്ക് നല്ല പോലെ അറിയാം.   പലപ്പോഴും നിന്റെ ക്‌ളാസ് ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണെന്ന് അവൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ടീച്ചർ : എന്നിട്ട് രാജീവ് എന്നോട് പറഞ്ഞിട്ടില്ലല്ലോ.

രാജീവ് : അവൻ പറഞ്ഞത് ടീച്ചറുടെ കുഴപ്പമാണെന്നല്ല. അതുകൊണ്ടാണ് പറയാതിരുന്നത്. അവന്റെ കണ്ണിൽ എന്തെങ്കിലും കാഴ്ചകൾ വരികയും, ചിന്തകൾ അതിന്റെ പിന്നാലെ ഭാവനാലോകത്ത്  എത്തിക്കുന്നുവെന്നാണ്.

ടീച്ചർ : ഇത്രയും കേട്ടിട്ട് നിങ്ങൾ അവനെ ഉപദേശിച്ചില്ലേ ..

രാജീവ് : അവിടെയും ഇവിടെയും നോക്കാതെ  തല താഴ്ത്തിയിരുന്ന് ക്‌ളാസ് ശ്രദ്ധിക്കാൻ ഞാൻ ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകാം. ഞാൻ കൃത്യമായി ഓർക്കുന്നില്ല.

ടീച്ചർ : അവൻ ആള് കൊള്ളാമല്ലോ...അവന്റെ കണ്ണുകൾ കണ്ടാൽ ശ്രദ്ധിക്കുന്നില്ലെന്ന് ഒരിക്കലും പറയില്ല.

രാജീവ് : അത് ശരിയാണ്, കണ്ണുകളിൽ  അവന്റെ ഭാവനയുടെ  തിളക്കമാണ്.  അത് കഴിഞ്ഞു അവന്റെ ശ്രദ്ധ ക്ലാസിൽ തിരിച്ചെത്തുമ്പോൾ , നീ ഒരുപാട് ദൂരം പോയി കഴിഞ്ഞിരിക്കും

ടീച്ചർ : കണ്ണിലെ തിളക്കം, തലയാട്ടൽ  ഇതൊക്കെ കണ്ടാൽ ശ്രദ്ധിക്കുകയാണെന്നേ തോന്നൂ

രാജീവ് : ടീച്ചർക്ക്  വിഷമം വരാതിരിക്കാൻ  കണ്ണുകൾകൊണ്ട്  ശരിയെന്ന്  പറഞ്ഞതായിരിക്കും

ടീച്ചർ : ഇങ്ങനെയായാൽ എങ്ങനെ ശരിയാകും

രാജീവ് : ഓരോ അഞ്ച് മിനിറ്റിലും അവരുടെ ശ്രദ്ധയെ പിടിച്ചു വലിക്കണം.... അതിനു പല മാർഗങ്ങളും ഉപയോഗിക്കാം... കുട്ടികൾ പല തരം. മനുഷ്യരുടെ ബുദ്ധി പ്രവർത്തിക്കുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ടല്ലോ. ചിലരിൽ കണ്ണുകൾ കേൾവിയെ മറികടക്കും. ചിലരിൽ കേൾവികൾ കാഴ്ചയെ മറികടക്കും. ചിലരിൽ സ്പര്ശനം മറ്റു രണ്ടിനെയും തോൽപ്പിക്കും.

മൂന്ന് തെറ്റുകൾ - 1995


ടീച്ചർ ശാലിനി: പഠിക്കാത്ത കുട്ടികൾക്ക് ടീച്ചർമാരോട് സ്നേഹം കൂടുതലാണ്. എനിക്കവരെയാണ് കൂടുതൽ ഇഷ്ടം.

രാജീവ് : അതെന്താ അങ്ങനെ പറയുന്നത്?

ടീച്ചർ : ഞാൻ ആദ്യം പഠിപ്പിക്കാൻ പോയ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്.

രാജീവ് :  ശരി.

ടീച്ചർ: അവളുടെ ഇരുപ്പു കണ്ടാൽ ലോകത്തെ സകല വിവരവും അറിയാമെന്നാണ്.

രാജീവ് : നീ കാര്യം പറയൂ... ആരാണ്?

ടീച്ചർ: ഡോക്ടർ ചെറിയാന്റെ മകൾ. എല്ലാം ആദ്യമേ പഠിച്ചു വന്നിരിക്കുകയാണ്.

രാജീവ്: നീ ഹിസ്റ്ററിയല്ലേ പഠിപ്പിക്കുന്നത്. അത്ര പ്രശ്നം വരേണ്ട കാര്യമില്ലല്ലോ. നടന്നത് നടന്ന പോലെ പറഞ്ഞാൽ പോരെ

ടീച്ചർ: മനുഷ്യരല്ലേ , നാക്ക് പിഴയൊക്കെ സംഭവിക്കില്ലേ?

രാജീവ് : നീ കാര്യം പറയൂ.

ടീച്ചർ: പത്താം ക്ലാസിലെ ആദ്യ ദിവസം. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവൾ. ഏത് നേരവും തലകുമ്പിട്ടിരിക്കും. എന്റെ മുഖത്തു നോക്കില്ല.

രാജീവ് : അത്കൊണ്ട്...

ടീച്ചർ: അതുകൊണ്ടൊന്നുമില്ല; എനിക്ക് എവിടെയെങ്കിലും തെറ്റിയാൽ അവൾ തലയുയർത്തി എന്നെയൊന്ന് നോക്കും. അവൾ ആകെ മൂന്ന് തവണയേ തലയുർത്തി നോക്കിയുള്ളൂ

രാജീവ് : ഹ ഹ ഹ ...അവൾ മിടുക്കിയാണല്ലോ? പിന്നെ

ടീച്ചർ : അപ്പോൾ ഞാൻ ഒന്ന് കൂടി ആലോചിച്ച്, പുസ്തകം നോക്കി പിറ്റേ ദിവസമോ, ക്ലാസിന്റെ അവസാനമോ തിരുത്തി പറയും.

രാജീവ് : നല്ല കാര്യമല്ലേ. മൂന്ന് തെറ്റ് ...  നിനക്ക് 97% മാർക്ക് കുട്ടി തന്നില്ലേ. അത് വളരെ നല്ല കാര്യമാണ്.

ടീച്ചർ: ഇവർക്കൊന്നും ഞങ്ങളുടെ ആവശ്യമില്ല രാജീവ്. അവരുടെ വിചാരം....

രാജീവ് : എന്തൊക്കെയാണ് നീ പറയുന്നത് ?

ടീച്ചർ: എനിക്ക് പഠിക്കാത്ത കുട്ടികളെയാണ് കൂടുതൽ ഇഷ്ടം. അവര് ക്ലാസിൽ കുറച്ചു പ്രശ്നം ഉണ്ടാക്കിയാലും പിന്നെ കണ്ടാൽ അവർക്കാണ് കൂടുതൽ സ്നേഹം. ഇവരൊക്കെ വല്യ ബുദ്ധിമതികളല്ലേ...


രാജീവ് : അപ്പൊ അതാണ് കാര്യം... അങ്ങനെയൊക്കെ ചിന്തിക്കണോ? അവൾ തല താഴ്ത്തി ഇരുന്നതിന് കാരണമുണ്ട്. അവൾ ശ്രദ്ധ പോകാതിരിക്കാൻ ചെവി കൂർപ്പിച്ചു പിടിച്ചു  കൃത്യമായി ശ്രദ്ധിച്ചു ഇരിക്കുന്നതാണ്.


ടീച്ചർ : അതൊന്നുമല്ല

Friday, May 1, 2020

ചെറിയ പീസ്


എല്ലാ ശനിയാഴ്ചയും ഒരു ഇറച്ചി കോഴിയെ വാങ്ങി കറിവെച്ച് കഴിക്കുന്നത് അയാൾക്ക് ശീലമാണ്.  പക്ഷെ ഇന്നയാൾ മറ്റൊരു കാര്യം ശ്രദ്ധിച്ചു. കോഴി കടയുടമ  പോൾസൺ കോഴിയെ തൂക്കിയിട്ട് ഭാരം അളന്നു. കയറിൽ തൂക്കിയതുകൊണ്ട് കോഴി ബഹളം വെക്കുന്നുണ്ട്. കോഴി ആരാച്ചാർ എത്തിയിട്ടില്ല. അയാൾ കാശ് കൊടുത്ത് ആരാച്ചാർ വരുന്നവരെ കാത്തിരുന്നു. തൂക്കിയ കോഴി കരയുന്നുണ്ട്. തൊട്ടപ്പുറത്ത് ഒരു ഇരുമ്പ് ഗ്രിൽ മുറിയിൽ നൂറിലധികം കോഴികൾ ഭയന്ന് പല സ്ഥലത്തേക്ക് നോക്കി കൊണ്ടിരിക്കുന്നു. ഓരോ കോഴിക്കും അവരുടെ അവസാനം എങ്ങനെയാണെന്നും അത് ആസന്നമാണെന്നും തിരിച്ചറിയാവുന്നത് കൊണ്ടുള്ള വെപ്രാളമാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. ചില കോഴികൾ നിസ്സംഗരാണ്.

കുറച്ചു കൂടി അടുത്തേക്ക് നോക്കിയപ്പോൾ രസകരമായ മറ്റു ചില കാര്യങ്ങൾ അയാൾ ശ്രദ്ധിച്ചു. വെള്ളം കുടിക്കാനുള്ള രണ്ട് വട്ടത്തിലുള്ള പാത്രങ്ങളുടെ ചുറ്റും എട്ടോ പത്തോ കോഴികൾ ആഘോഷമായി നിൽക്കുന്നു. അവരുടെ സന്തോഷം വെപ്രാളമുള്ള കോഴികൾ കണ്ടില്ല. മറ്റു കോഴികളുടെ വെപ്രാളം അവരും കണ്ടിട്ടില്ല. മദ്യ ഷാപ്പിലെപ്പോലെ ആസ്വദിച്ചു വെള്ളം കുടിക്കുന്ന കോഴികൾ. തൂങ്ങി കിടക്കുന്ന കോഴിയുടെ ശബ്‍ദം ഈ കോഴികൾ കേൾക്കാത്തത് അയാളെ അത്ഭുപ്പെടുത്തി. ചില കോഴികൾ ഒരു ബെഞ്ചിന്റെ അടിയിലേക്ക് പതുങ്ങുന്നതു ശ്രദ്ധിച്ചു. മറ്റു ചില കോഴികൾ വലിയ കോഴികളുടെ പിന്നിലൊളിച്ചു. പിന്നെയുമുണ്ട് മറ്റൊരു വിഭാഗം. അവ ഒരു കൂസലുമില്ലാതെ ധാന്യങ്ങൾ കൊത്തി നടന്നുകൊണ്ടിരുന്നു. പുറത്തു നടക്കുന്ന ബഹളമോ, ഉള്ളിലുള്ള കോഴികളുടെ വെപ്രാളമോ അവരെ ബാധിച്ചിട്ടില്ല. അഞ്ചാറ് കോഴികൾ നല്ല ശക്തിയിൽ നെഞ്ച് വിരിച്ച് നടക്കുന്നതും അയാൾ കണ്ടു. രണ്ടു കോഴികൾ പതുങ്ങി ഇരിക്കുന്നു. അവ പനി അഭിനയിക്കുന്നതാണ്, കണ്ടാൽ അറിയാം. രക്ഷപ്പെടാൻ കഴിയില്ലെങ്കിലും ആസന്നമായ മരണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കോഴികൾ. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആരാച്ചാർ വന്നു തൂക്കിയ കോഴിയുടെ തലയറുത്തു. 

അയാൾ തിരിഞ്ഞു നിന്ന് കണ്ണടച്ച്  ആരാച്ചാരോട് പറഞ്ഞു "ചെറിയ പീസ്..." 

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...