എല്ലാ ശനിയാഴ്ചയും ഒരു ഇറച്ചി കോഴിയെ
വാങ്ങി കറിവെച്ച് കഴിക്കുന്നത് അയാൾക്ക് ശീലമാണ്.
പക്ഷെ ഇന്നയാൾ മറ്റൊരു കാര്യം ശ്രദ്ധിച്ചു. കോഴി കടയുടമ പോൾസൺ കോഴിയെ തൂക്കിയിട്ട് ഭാരം അളന്നു. കയറിൽ തൂക്കിയതുകൊണ്ട്
കോഴി ബഹളം വെക്കുന്നുണ്ട്. കോഴി ആരാച്ചാർ എത്തിയിട്ടില്ല. അയാൾ കാശ് കൊടുത്ത് ആരാച്ചാർ
വരുന്നവരെ കാത്തിരുന്നു. തൂക്കിയ കോഴി കരയുന്നുണ്ട്. തൊട്ടപ്പുറത്ത് ഒരു ഇരുമ്പ് ഗ്രിൽ
മുറിയിൽ നൂറിലധികം കോഴികൾ ഭയന്ന് പല സ്ഥലത്തേക്ക് നോക്കി കൊണ്ടിരിക്കുന്നു. ഓരോ കോഴിക്കും
അവരുടെ അവസാനം എങ്ങനെയാണെന്നും അത് ആസന്നമാണെന്നും തിരിച്ചറിയാവുന്നത് കൊണ്ടുള്ള വെപ്രാളമാണെന്ന്
ഒറ്റ നോട്ടത്തിൽ മനസിലാകും. ചില കോഴികൾ നിസ്സംഗരാണ്.
കുറച്ചു കൂടി അടുത്തേക്ക്
നോക്കിയപ്പോൾ രസകരമായ മറ്റു ചില കാര്യങ്ങൾ അയാൾ ശ്രദ്ധിച്ചു. വെള്ളം കുടിക്കാനുള്ള
രണ്ട് വട്ടത്തിലുള്ള പാത്രങ്ങളുടെ ചുറ്റും എട്ടോ പത്തോ കോഴികൾ ആഘോഷമായി നിൽക്കുന്നു.
അവരുടെ സന്തോഷം വെപ്രാളമുള്ള കോഴികൾ കണ്ടില്ല. മറ്റു കോഴികളുടെ വെപ്രാളം അവരും കണ്ടിട്ടില്ല. മദ്യ ഷാപ്പിലെപ്പോലെ ആസ്വദിച്ചു വെള്ളം കുടിക്കുന്ന കോഴികൾ. തൂങ്ങി
കിടക്കുന്ന കോഴിയുടെ ശബ്‍ദം ഈ കോഴികൾ കേൾക്കാത്തത് അയാളെ അത്ഭുധപ്പെടുത്തി. ചില കോഴികൾ
ഒരു ബെഞ്ചിന്റെ അടിയിലേക്ക് പതുങ്ങുന്നതു ശ്രദ്ധിച്ചു. മറ്റു ചില കോഴികൾ വലിയ കോഴികളുടെ
പിന്നിലൊളിച്ചു. പിന്നെയുമുണ്ട് മറ്റൊരു വിഭാഗം. അവ ഒരു കൂസലുമില്ലാതെ ധാന്യങ്ങൾ കൊത്തി
നടന്നുകൊണ്ടിരുന്നു. പുറത്തു നടക്കുന്ന ബഹളമോ, ഉള്ളിലുള്ള കോഴികളുടെ വെപ്രാളമോ അവരെ
ബാധിച്ചിട്ടില്ല. അഞ്ചാറ് കോഴികൾ നല്ല ശക്തിയിൽ നെഞ്ച് വിരിച്ച് നടക്കുന്നതും അയാൾ
കണ്ടു. രണ്ടു കോഴികൾ പതുങ്ങി ഇരിക്കുന്നു. അവ പനി അഭിനയിക്കുന്നതാണ്, കണ്ടാൽ
അറിയാം. രക്ഷപ്പെടാൻ കഴിയില്ലെങ്കിലും ആസന്നമായ മരണം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കോഴികൾ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആരാച്ചാർ വന്നു തൂക്കിയ കോഴിയുടെ തലയറുത്തു.
അയാൾ തിരിഞ്ഞു നിന്ന് കണ്ണടച്ച് ആരാച്ചാരോട്
പറഞ്ഞു "ചെറിയ പീസ്..."
No comments:
Post a Comment