Tuesday, October 25, 2022

ചാൻസലർ ക്ലബ് - ആരെയും ഞെട്ടിക്കുന്ന പ്രസംഗം

1996 ഏപ്രിൽ - മെയ്, ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞിരിക്കുന്ന സമയം.  ചാൻസലർ ക്ലബ് നടത്തുന്ന പ്രസംഗ പരീശീലന വ്യക്തിത്വ വികസന ക്യാമ്പിൽ നടത്തിയ ആദ്യ പ്രസംഗം മറക്കില്ല. എന്റെ ആദ്യ നുണ പ്രസംഗം, അവസാനത്തെയും.  നുണ പറയിച്ചതാണ് ആ സംഘാടകൻ,  രംഗനാഥ്. വ്യക്തിത്വ വികസനത്തിൽ ഡെയിൽ കാർനെഗിയുടെ രീതികൾ പിന്തുടരുന്ന ക്യാമ്പ് തുടങ്ങി രണ്ടാം ദിവസം ആരെയും അത്ഭുതം കൊള്ളിക്കുന്ന എന്നാൽ സ്വന്തം ജീവിതത്തിൽ നടന്ന വിശ്വസനീയമായ അനുഭവം, പ്രസംഗമായി അവതരിപ്പിക്കുക; രണ്ടു മിനിറ്റിൽ. ഇതാണ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ലഭിച്ച ആദ്യ വെല്ലുവിളി. അടുത്ത ദിവസം പ്രസംഗം മത്സരം. നുണ പറയാൻ പാടില്ല. ആലോചിച്ചു നോക്കിയപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ ജീവിതത്തിൽ നടന്നിട്ടില്ല. പിന്നെ ആദ്യം എഴുതിയ നോവൽ കത്തിച്ചു കളഞ്ഞ കാര്യം പുറത്ത്  പറയാൻ താല്പര്യമില്ല. മറ്റ്  ഭീകരമായ അനുഭവങ്ങളൊന്നും പ്രസംഗിക്കാൻ ലഭിക്കുന്നില്ല. ഈ പ്രസംഗം നടത്താൻ ഇരുപതാം വയസ്സിൽ ഹിമാലയം കയറി തിരിച്ചു വരേണ്ടി വരും. ആഴ്ചകൾക്ക് മുൻമ്പ്  സൈക്കിളിൽ നിന്നും വീണ കാര്യം എനിക്ക് ഓർമ്മ വന്നു. ജീവൻ രക്ഷിക്കാൻ വശത്തേക്ക് വെട്ടിച്ചു കുഴിയിൽ വീണ കഥയിൽ പ്രത്യേക അത്ഭുതമൊന്നും ആർക്കും ഉണ്ടാകാൻ ഇടയില്ല. എന്ത് പറയാൻ. പിന്നെയാണ് ആ കഥയിൽ കാര്യമായ ഒരു തിരുത്തൽ ഞാൻ നടത്തിയത്. സൈക്കിളിൽ നിന്നും വീണത് നേരെ ഒരു ലോറിയുടെ അടിയിൽ. ലോറി എന്റെ മുകളിലൂടെ കയറിപ്പോയി. ഞാൻ കൃത്യമായി ലോറിക്ക് അടിയിൽ നടുവിൽ പെട്ടതുകൊണ്ട് ലോറിയുടെ ചക്രങ്ങൾ  എന്റെ ശരീരത്തിൽ  തൊട്ടില്ല. ലോറി പോയി കഴിഞ്ഞതും ഞാൻ പരിക്ക് പറ്റാതെ റോഡിൽ എഴുന്നേറ്റ് നിന്നു. മറ്റു വണ്ടികൾ ബ്രേക്ക് പിടിച്ചു എന്നെ ഇടിക്കാതെ രക്ഷപ്പെടുത്തി. യഥാർത്ഥത്തിൽ നടന്ന സൈക്കിൾ വീഴ്‌ച കഥയിൽ ഞാൻ  അങ്ങനെയൊരു ഭീകരത കൂട്ടി  പ്രസംഗിച്ചു. എല്ലാവരും ശ്വാസം അടക്കി കേട്ടിരുന്നു. മുപ്പത് പേരുടെ പ്രസംഗം കഴിഞ്ഞു. വിധികർത്താക്കൾ എളുപ്പത്തിൽ വിധി എഴുതി. എന്റെ പ്രസംഗത്തിന് ഒന്നാം സ്ഥാനം. റോഡിൽ വീഴുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഭക്തകുജേല വീഡിയോ കാസറ്റിന്റെ കാര്യം പ്രസംഗത്തിൽ പറഞ്ഞില്ല. അതും കൂടി പറഞ്ഞിരുന്നെങ്കിൽ....

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...