Tuesday, November 22, 2022

ജോസേട്ടൻ - Chapter 1

അമ്പത് വയസ്സ് തൊട്ട് സദാസമയവും മരണത്തെ കാത്തിരുന്ന ഒരു ചെറിയ മനുഷ്യൻ. മരണം വരുമൊരു നാൾ ഓർക്കുക മർത്യ നീ, എന്ന ക്രിസ്തീയ മരണ ഗാനം എല്ലാ ദിവസവും പാടി നടന്ന ഒരു ചെറിയ മനുഷ്യൻ. മരണം അടുത്ത് വരുന്ന ഓരോ ഘട്ടത്തിലും മരണത്തെ നിഷേധിച്ചവൻ. ജീവിതത്തെ ആഘോഷിച്ചു  മരണത്തെ നീട്ടിവെച്ച, മറ്റൊരർത്ഥത്തിൽ മരണത്തെ തോൽപ്പിച്ചവൻ. ഒരു പ്രത്യേകതയും ഇല്ലാത്ത മനുഷ്യൻ എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്ന അയാൾ ജനിച്ചത് 1941-ലെ വെള്ളപ്പൊക്ക ദിവസത്തിൽ, കൊടുങ്കാറ്റിന്റെ ദിവസത്തിൽ, പേമാരിയുടെ ദിവസത്തിൽ. പേര് ജോസൂട്ടി, പ്രായമായപ്പോൾ വിളിപ്പേര് ജോസേട്ടൻ. ഒരു പ്രത്യേകതയും ഇല്ലാത്ത പേര്. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥലത്ത് ജനനം.  സ്ഥലത്തിന്റെ പേര് അഞ്ചാം കല്ല്. കേരളത്തിലെ മിക്കവാറും പഞ്ചായത്തിലും അഞ്ചാം കല്ല് ഉണ്ട്‌. ഒരു പള്ളിയും ഒരു അമ്പലവും എല്ലാ പഞ്ചായത്തിലും ഉണ്ടാകുമല്ലോ.  ആയിരം ജോസേട്ടൻമാർ എല്ലാ പഞ്ചായത്തിലും ഉണ്ടെന്ന് അയാൾ പറയാറുണ്ട്. അത് വിഷമമായിട്ടല്ല, എങ്കിലും കത്തുകൾ തെറ്റി വരുമ്പോൾ പേര് പ്രശ്നമായി തോന്നാത്തവരില്ലല്ലോ. അത് കൊണ്ടു തന്നെ പേരിന്റെ കൂടെ വേണ്ടർ ഇലക്ട്രിസിറ്റി ജോസേട്ടൻ എന്ന പേര്   വേണ്ടെങ്കിൽ പോലും സ്വീകരിക്കാതെ തരമില്ലാതെ വന്നു. കുറച്ചു സമയം ആലോചിച്ചു അയാൾ പിന്നെയും മാറ്റി പറഞ്ഞു. അഞ്ചാം കല്ലിലല്ല, അമ്മവീടായ അഞ്ചേരിയെന്ന സ്ഥലത്ത് പെരുമലക്കുന്നിന്റെ താഴ്വരയിൽ പുലിക്കോട്ടിൽ തറവാട്ടിലാണ് യഥാർത്ഥ ജനനം. ആശുപത്രി ഉണ്ടായിരുന്നുവെങ്കിലും കാലവസ്ഥ മൂലം അവിടേക്ക് കൊണ്ടുപോയിരുന്നില്ലെന്നും വീട്ടിൽ തന്നെയായിരുന്നു ജനനമെന്ന് കുട്ടികളോട് പ്രത്യേകമായി പറയും. അതിനു ശേഷം അത് വലിയ പ്രത്യേകതയാന്നുമല്ല അതെല്ലാം സാധാരണമായിരുന്നു.അന്നൊക്കെ അങ്ങനെയായിരുന്നുവെന്ന് ആത്മഗതം ചെയ്യും. വീട്ടിലെ സ്ത്രീകൾ കുട്ടിയെ ഓമനിക്കുന്ന നേരം കൊടുങ്കാറ്റിന്റെ പുത്രനാണെന്ന് പറഞ്ഞു രസിക്കുമായിരുന്നെന്നും അമ്മ പറഞ്ഞു അയാൾ കേട്ടിട്ടുണ്ട്. വിവാഹ ശേഷം ഭാര്യയുടെ അപ്പനും വലിയ വിശേഷങ്ങൾ പറഞ്ഞു നടന്നിരുന്നു. പുലിയുടെ കുട്ടി. രാജ വെമ്പാലയുടെ മകൻ. അത് കേട്ട് നാട്ടുകാർക്ക് സഹിക്കാൻ കഴിയാതെ വരുമ്പോൾ കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കച്ചി കൊത്തി കൊണ്ടുപോയെന്ന് പാടി നടന്നിരുന്നത് ജോസേട്ടനെന്ന കറുത്ത കുറിയ മനുഷ്യനെ കളിയാക്കാനായിരുന്നില്ല.  വെളുത്ത ഭാര്യയുടെ വെളുത്ത ഭാര്യ പിതാവിന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നുവെന്ന് ഭാര്യ റോസ പറഞ്ഞു പലപ്പോഴും സമാധാനിപ്പിച്ചു കൊണ്ടിരുന്ന കാര്യവും വീട്ടിലെ സ്ഥിരമായ സംഭാഷണ വിഷയമായിരുന്നു.

കുട്ടികളെ വേണ്ടറോടെത്തെയെന്നു വിളിച്ചു കളിയാക്കിയവർ അത് നല്ല പേരാണെന്ന് അറിയാൻ തുടങ്ങിയപ്പോൾ അങ്ങനെ വിളിക്കാതായി. അങ്ങനെ വിളിക്കുന്നതിൽ അഭിമാനം കൊള്ളണമെന്നു അയാൾ കുട്ടികളെ സ്ഥിരമായി ബോധവത്കരണം നടത്തുമായിരുന്നു.  അതിനു ന്യായമായ കാരണമുണ്ട്. ജില്ലയിലെ പകുതി ആധാരമെഴുത്തും കൈകാര്യം ചെയ്യുന്ന  റെജിസ്റ്റർ ഓഫീസ് ആധാരമെഴുത്തുകാരനായ കുരിയപ്പാപ്പന് അന്ന് രാജ്യം ഭരിച്ച ബ്രിട്ടീഷുകാർ 1920-ൽ അനുവദിച്ചു കൊടുത്തതാണെന്ന കാരണം മാത്രമാണ് ജീവിത കാലഘട്ടത്തിൽ അയാൾ പ്രത്യേകതയായി കണ്ടിരുന്നത്. വെണ്ടർ ലോനപ്പേട്ടൻ ഒരു ജീനിയസ് ആയിരുന്നുവെന്നു നാട്ടിലെ കാരണവൻമാർ ജോസേട്ടനെ എവിടെ വെച്ച് കണ്ടാലും പറയുമായിരുന്നു. അത് കൊണ്ട് തന്നെ ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത തനിക്ക് ആകെയുള്ള പ്രത്യേകതയായ  അപ്പന്റെ ആധാരമെഴുത്ത് ആപ്പീസ് മാത്രമാണെന്ന് അയാൾക്ക് തോന്നി കാണും. ഓർമ്മ വെക്കുന്നതിനു മുമ്പേ മരിച്ചു പോയതാണെങ്കിലും രാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും സമ്മാനമായി ലഭിച്ചപ്പോലെ ആ കാര്യം അവസരം കിട്ടുമ്പോൾ അപ്പൻ വെണ്ടർ ലോനപ്പനെ കുറിച്ചും  അപ്പാപ്പൻ കുരിയപ്പനെ കുറിച്ചും  ജോസേട്ടൻ പറയാറുണ്ട്.- അപ്പാപ്പൻ കഥകൾ കേൾക്കാതെ ആരെങ്കിലും ഭൂമിയിൽ വളരുന്നുണ്ടോ? ഏറ്റവും കുറഞ്ഞത് പഠിക്കുന്ന പുസ്തകങ്ങളിലൂടെ എല്ലാവരും വായിച്ചു കൊണ്ടിരിക്കുന്നത് ആരുടെയെങ്കിലുമൊക്കെ അപ്പാപ്പൻ കഥകളാണാല്ലോ.  

ജനിച്ച കാലഘത്തിൽ തന്നെ ആദ്യ മരണം അയാളെ തേടിവന്നു. പ്രായമായപ്പോൾ അമ്മ പറഞ്ഞു കേട്ട തന്റെ ആദ്യ മരണ സാഹസത്തിന്റെ കഥ അയാൾ കുട്ടികളോട്  ഗംഭീരമായി അവതരിപ്പിക്കും. അന്ന്, ആ ദിവസം, ശരീരം മുഴുവൻ നീര് വന്നു ജീവനില്ലാത്ത ഒരു മാംസ പിണ്ഡംപോലെ അനക്കമില്ലാതെ കിടക്കുകയായിരുന്നു. കൊച്ചാപ്പു ഇളയപ്പന്റെ വിവാഹത്തിന്റെ സമയത്ത്  രോഗം മൂർജ്ജിച്ചു. ഇത് പറയുമ്പോൾ താൻ നേരിട്ട് കണ്ട കാഴ്ചപ്പൊലെ അയാൾ പറഞ്ഞൊപ്പിക്കും. സിനിമകളിൽ അതിശയോക്തിയായി  കാണിക്കുന്ന പോലെ ഒരേ വീട്ടിൽ ഒരു വിവാഹവും ശവമെടുപ്പും ഒരു ദിവസം തന്നെ നടക്കുമോയെന്ന് എല്ലാവരും ഭയപ്പെട്ടു. ഇത്രയും ഗംഭീരമായി പറഞ്ഞതിന് ശേഷം, വീണ്ടും അയാൾ മാറ്റി പറയും. "പണ്ട് ഇതൊക്കെ സാധാരണമാണ്. അതിശയോക്തി ഇല്ല.  പുതിയ കാലഘത്തിൽ ഇത്തരം അസൂഖങ്ങൾ ഇല്ല. കുറെയൊക്കെ ശാസ്ത്രത്തിന്റെ പുരോഗതിയിൽ സംഭിച്ചതാണ്.” അന്ന് ഇന്ത്യയിലെ ഒരു മനുഷ്യന്റെ ഏകദേശ ആയുസ്സ് 35 വയസായിരുന്നുവെന്ന ശാസ്ത്രീയ വെളിപാടുകൂടി കൂട്ടി ചേർത്തു. മുണ്ടൂരുള്ള ലോനപ്പ വൈദ്യർ കൊടുത്ത ഉറപ്പിൽ കൊച്ചപ്പേളപ്പൻ വിവാഹത്തിന് പോയി. വൈദ്യർ കൊടുത്ത ഒറ്റമൂലി മരുന്ന് ഫലിച്ചു. വിവാഹ സദ്യ കഴിഞ്ഞു ശവമെടുപ്പിനു തയ്യാറായി വന്നവർ കണ്ട കാഴ്ച ഏവരെയും അത്ഭുദപ്പെടുത്തി. നീര് വന്നു ശവം പോലെ വീർത്തു കിടന്നിരുന്ന കുട്ടി, ഒരു സാധാരണ കുട്ടിയെപ്പോലെ കിടന്നു ചിരിച്ചു കളിക്കുന്നു. അതുകൊണ്ട് തന്നെ കോടംകണ്ടത്ത്  ലോനപ്പ വൈദ്യരോട് എന്നും അയാൾ ബഹുമാനം കാത്ത് സൂക്ഷിച്ചു.

പൊതുവിൽ തറവാട് മഹിമ പറയുന്നത് ഇഷ്ടമല്ലെങ്കിലും വേരുകൾ അന്വേഷിച്ചു ഇറങ്ങിയ ഒരു കാലഘട്ടത്തിൽ 150 വർഷം മുമ്പ് ആളൂരിൽ നിന്നും ഒരു കുടുംബം നാല് മക്കളുമായി (നാല് അപ്പാപ്പന്മാരുമായി ) കുടിയേറിയതാണെന്ന് ഓർമ്മിക്കും. അന്നത്തെ രീതി അനുസരിച്ചു ഇടങ്ങഴി അരിയും നാല് ഇടങ്ങഴി നെല്ലും കൊണ്ടാണ് ഇവിടേക്ക് വന്നതെത്രെ. അഞ്ചാം കല്ല് ഇടവകയിലെ പഴമക്കാരെന്ന് ആരെങ്കിലും സ്വയം അതിരുകടന്ന അഭിമാനം കൊള്ളുമ്പോൾ, എല്ലാ മനുഷ്യരും എല്ലായിടത്തും കുടിയേറ്റക്കാരാണ്. എവിടെ നിന്നെങ്കിലും എവിടെയെങ്കിലും എപ്പോഴെങ്കിലും കുടിയേറിയവർ ജോസേട്ടൻ ആത്മഗതം ചെയ്തു. ചിലപ്പോൾ ചിലരെ ഓർമ്മിപ്പിക്കാൻ തന്റെ  വിചാരം ഉറക്കെ പറഞ്ഞു ആവർത്തിക്കുകയും ചെയ്യും.  

“നാല് ഇടങ്ങഴി നെല്ലും, ഇടങ്ങഴി അരിയും ഉണ്ടായാൽ എന്താവാനാണ്...?” മകൻ ലോന ചോദിച്ചു.

“ജോജൻറെ ബാങ്ക് പണിയും നിന്റെ സോഫ്റ്റ്‌വെയർ ജോലിപ്പോലെയല്ല. പണ്ട് ദിവസവും ആൾക്കാർ പറമ്പിൽ കിളച്ചു അധ്വാനിച്ചു പണിയെടുത്താണ് ജീവിച്ചത്. പാടത്തും പറമ്പിൽ നിന്നും പണി എടുത്ത് കിട്ടുന്ന ആദായം.”

“അത് ശരിയാ പപ്പാ പണിയെടുത്തിട്ടുണ്ട്.” പെണ്മക്കൾ സീനയും സീമയും ഒരേ സ്വരത്തിൽ പറഞ്ഞു.

“പപ്പയല്ലല്ലോ പണി എടുത്തത്...150 വർഷം മുമ്പുള്ളവരല്ലേ അങ്ങനെ പണിയെടുത്തത്. പപ്പയുടെ പണി എലെക്ട്രിസിറ്റിയിലല്ലേ?” മകൻ ജോജൻ ഒരു ചോദ്യമെറിഞ്ഞു.

“എന്നാലും റിട്ടയർ ചെയ്ത് ഞാൻ അത്യാവശ്യം പറമ്പിൽ പണി എടുത്തിട്ടുണ്ട്.”

“റിട്ടയർ ചെയ്യുമ്പോൾ ഞാനും..” ജോജൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും ജോസേട്ടൻ വാചകം പൂർത്തിയാക്കി;

“ആരോഗ്യം വേണമെങ്കിൽ എന്തെങ്കിലും പറമ്പിൽ ചെത്തി മിനുക്കി നിന്നോ..”

മിനുക്കി നിന്നോ..”

“എന്തിനാണ് നൂറ്റമ്പത് വർഷം പിന്നോട്ട് പോകണത്? എന്റെ കോളേജിൽ പഠിച്ചിരുന്ന മോൻസി എന്ന് പേരുള്ള ഒരു പെൺകുട്ടി തെങ്ങിൽ കയറി തേങ്ങ ഇട്ടിരുന്നു, പപ്പാ അത്രയ്ക്കൊന്നും ചെയ്തിട്ടില്ലല്ലോ?” ലോനയുടെ വക പുതിയ വിവരം.

“അതാ ആ പെൺകുട്ടി... നീയല്ലല്ലോ?”

"കുള്ളൻ തെങ്ങായിരിക്കും." ജോജൻ സംശയം ഉയർത്തി. 

"ഏയ്, നല്ല ഒന്നാന്തരം വലിയ  തെങ്ങ്; അവൾ ഇപ്പോൾ ആസ്‌ത്രേലിയയിൽ എലെക്ട്രോണിസ് എഞ്ചിനീയർ ആണ്.."  ലോന നേരിൽ കണ്ടപോലെ മറുപടി കൊടുത്തു.

“തെങ്ങ് കയറിയാൽ നിങ്ങൾക്കും പോകാം.” ജോസേട്ടന്റെ ഉപദേശം.

“എനിക്ക് പോകേണ്ട.” അത്രയും പറഞ്ഞു രണ്ടു പേരും ചിരി തുടങ്ങി. 

പ്രായം കൂടിയ പെണ്ണിനെ കെട്ടിയ കഥ നാട്ടിൽ ചിലർ പറഞ്ഞിരുന്ന കാര്യം പറയുമ്പോൾ അതിനുള്ള മൂല കാരണവും അയാൾ അവതരിപ്പിക്കും. ഒപ്പം പഠിച്ചവർ എല്ലാവരും അയാളേക്കാൾ  നാല് വയസ്സ് പ്രായം കുറവുള്ളവരായിരുന്നു.

"ഞാൻ തോറ്റ് പഠിച്ചിട്ടില്ല. ചിലന്നിയെന്ന അസൂഖം മൂലം വളരെ വൈകിയാണ് ഒന്നാം ക്ലാസിൽ ചേർന്നത്. പ്രൈമറി പൂർത്തിയപ്പോൾ പ്രായം 14."

ചിലന്നി ഒരു പഴുപ്പ് രോഗമാണ്. പഴുപ്പ് ശക്തമാകുമ്പോൾ വാഴപ്പോളയിൽ പൊതിഞ്ഞു കെട്ടും. പഴുപ്പ് ഉരച്ചു കളഞ്ഞു 'അമ്മ കൈകാലുകൾ വൃത്തിയാക്കുമ്പോൾ ജീവൻ പോകുന്ന വേദന അനുഭവിച്ചിരുന്നുവെന്ന് അയാൾ ഓർത്തെടുത്തു.

"പണ്ട് ഞാൻ അത്രയും ദുരിതം അനുഭവിച്ചതിന്റെ ഫലമാണ് ഇപ്പോൾ രോഗമൊന്നുമില്ലാതെ നടക്കുന്നത്. ഭക്ഷണം കഴിച്ചിട്ടുള്ള അസൂഖങ്ങളാണ് ഇപ്പോൾ കൂടുതൽ... സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്.."  ഇത് പറയുമ്പോൾ ജോസേട്ടന്റെ പ്രായം 72.

“ഒന്നും പറയാൻ പറ്റില്ല... ഓരോ മൂന്നിലും ദുരിതങ്ങൾ ഉണ്ടായിരുന്നു. 23 വയസ്സിലും 33 വയസിലും 43 വയസിലുമൊക്കെ മരണം വന്നു വിളിച്ചിട്ടും പോകാതിരുന്നതാണ്. അടുത്ത വർഷം 73 വയസ്സ്... ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ 73-ൽ തീരും... 75 മുട്ടിക്കണമെന്ന് ഒരു ആഗ്രഹമുണ്ട്." 

അപ്പാപ്പന്റെ അപ്പാപ്പന്റെ കാലത്തെ ദുരിതങ്ങൾ പറയുമെങ്കിലും അപ്പന്റെ കാലത്ത് താമസിച്ചിരുന്നത് അത്യാവശ്യം വലുപ്പമുള്ള ഒരു നാലുകെട്ട് വീട്ടിലാണെന്ന് ജോസേട്ടൻ അഭിമാനത്തോടെ പറയും. ചില ആരോഗ്യ ദുരിതങ്ങൾ മാറ്റി നിർത്തിയാൽ അന്നത്തെ ഏറ്റവും വലിയ തമാശയായി ജോജനെയും ലോനയെയും ചിരിപ്പിച്ചത് ഇളയമ്മമാരെ പറ്റിക്കുന്ന ചില കളികളാണ്. ഉച്ചയൂണ് കഴിഞ്ഞു നാല് കെട്ടിന്റെ തളത്തിനോട് ചേർന്നുള്ള ഇടനാഴിയിൽ വിശ്രമിക്കുന്ന ഇളയമ്മമാരുടെ (ചട്ടയും മുണ്ടും) മുണ്ടിന്റെ ഞൊറികൾ തമ്മിൽ കൂട്ടിക്കെട്ടി വെക്കുക, അല്ലെങ്കിൽ മേശയുടെ കാലിൽ കെട്ടി വെക്കുക തുടങ്ങിയ വികൃതികൾ ചെയ്യാൻ ജോസേട്ടന്റെ കൂടെ ചൊവ്വന്നൂർ, ആർത്താറ്റ്‌  അമ്മായിമാരുടെ മക്കൾ പങ്കുചേരും. ഈ കഥ കേൾക്കുന്ന ഓരോ സമയവും ആദ്യ  മകൾ സീമ ചിരിച്ചു കൊണ്ടിരിക്കും. ചിരിച്ചു തുടങ്ങിയാൽ അവൾ ചിരി നിർത്തില്ല. അതുകൊണ്ട് തന്നെ ഇത് ഒരു സൂപ്പർ ഹിറ്റ് സിനിമ തീയറ്ററിൽ ആവർത്തിക്കുന്നത്പ്പോലെ ജോസേട്ടൻ അമ്പത് തവണയെങ്കിലും ജീവിത കാലഘത്തിൽ മക്കളോട് ഈ വികൃതിയെ കുറിച്ച് പറഞ്ഞിട്ടുണ്ടാവും.

തുടരും...

  

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...