അജിത്ത് സാറിനെ കുറിച്ച് മുമ്പൊരിക്കൽ
ഫേസ് ബുക്കിൽ എഴുതിയിരുന്നു. മറ്റൊരു സുഹൃത്തിന്റെ ഓർമ്മ കുറിപ്പിന്റെ ഭാഗമായി ഒരു
മറുപടിയായി എഴുതിയതുകൊണ്ട് വായിക്കാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി എഴുതുകയാണ്.
അജിത്ത് രാജ എന്ന പേര് ആദ്യം ഞാൻ കേൾക്കുന്നത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ്.
എല്ലാവരും എൻട്രൻസ് പ്രീഡിഗ്രി ട്യൂഷൻ എടുക്കുന്ന സ്ഥലങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന
കാലഘട്ടം. (May-1992) ചേച്ചി ഡിഗ്രി കഴിഞ്ഞ് ബി.എഡ് പഠിക്കാൻ പോകുന്ന കാലം. സെയിന്റ് മേരിസ് കോളേജിൽ
പഠിക്കുമ്പോൾ തൃശൂർ വിശേഷങ്ങൾ അറിഞ്ഞത് കൊണ്ട് ചേച്ചിയുടെ അഭിപ്രായം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഒരു കാര്യം തീർച്ചയായി. പീസി വേണ്ട. "ആ
മാഷ് ചീത്ത പറയും. നിനക്ക് ആ മാഷ് ചേരില്ല." നല്ലൊരു മാഷ് വേറെയുണ്ട് അജിത് കുമാർ രാജ
എന്നാണ് മാഷിന്റെ പേര്. അവിടെ പോയി മാഷിനെ നേരിട്ട് കണ്ടു സംസാരിക്കാൻ പറഞ്ഞത് ഓർമ്മയുണ്ട്. മാഷിനെ കുറിച്ച് വലിയ അവതാരിക
ചേച്ചി വഴി അതിനകം ലഭിച്ചു കഴിഞ്ഞിരുന്നു.
ഗ്രാമത്തിൽ നിന്നും നഗരത്തിൽ ആദ്യമായി
എത്തുന്നവർക്ക് ഉണ്ടാകുന്ന ചെറിയ സംഭ്രമം മറച്ചു വെച്ച് വലിയ പരിചയമുള്ളവരെ പോല സെയിന്റ്
തോമസ് കോളേജിന്റെ പിന്നിലെ ട്യൂഷൻ സെന്ററിൽ എത്തി. പുസ്തകങ്ങളിലെ രാജാവിന്റെ ചുമർ ചിത്രം
കണ്ട ഓർമ്മ വെച്ചാണ് അജിത്ത് രാജ സാറിനെ കാണാൻ
ഓഫീസിലേക്ക് കയറി ചെല്ലുന്നത്.
ആരോ അകത്തേക്ക് കൈ ചൂണ്ടി.
ഞാൻ മുറിയിലേക്ക് കയറി, "ഞാൻ മാഷിനെ
കാണാനാണ് വന്നത്."
ഒരു ഗോൾഡൻ ഫ്രെയിം കണ്ണട വെച്ച സുമുഖനായ
ചെറുപ്പക്കാരൻ. അദ്ദേഹം തിരിച്ചു ചോദിച്ചു, "മാഷിനെ മുമ്പ് കണ്ടിരുന്നോ?"
ഞാൻ പറഞ്ഞു "ഇല്ല ..കാണാനാണു വന്നത്..."
"അങ്ങനെയാണെങ്കിൽ ബെനറ്റ് റോഡിൽ
മാഷ് ക്‌ളാസ് എടുക്കുന്നുണ്ട്… അവിടെ പോയി കാണു..."
ഞാൻ മുഴുവൻ എയറും വിട്ടു. മനസ്സിൽ പറഞ്ഞു. 'അത് ശരി അപ്പൊ നിങ്ങൾ അല്ല മാഷ്... ഇരുപ്പ് കണ്ടാൽ പ്രിൻസിപ്പാൾ ആണെന്നെ പറയു...'
ജോജു എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് മനസിലായി. ജോജു പറഞ്ഞതനുസരിച്ചു ബെനറ്റ് റോഡിലെ ഒരു വീടിന്റെ പിന്നിലെ ക്‌ളാസ് മുറിയിലേക്കു എത്തി. അവിടെ ഏതാണ്ട് നൂറിലധികം കുട്ടികൾ ഒരു ക്‌ളാസ് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ക്ളാസിലേക്ക് നോക്കിയിട്ട് മാഷിനെയൊന്നും കണ്ടില്ല... എങ്കിലും മാഷ് വരുന്നതും പ്രതീക്ഷിച്ചു ഒരു വശത്ത് നിന്നു. പെട്ടന്ന് കുട്ടികൾക്കിടയിൽ നിന്നും ഒരു തല പ്രത്യക്ഷപ്പെട്ടു. എന്റെ മുഖം കണ്ടതും മാഷ് ചോദിച്ചു "ഓഫിസിൽ അപ്ലിക്കേഷൻ കൊടുത്തോ?”
ഞാൻ പറഞ്ഞു "അവിടെ, മാഷിനെ കാണാൻ
പറഞ്ഞു.."
മാഷ് "ഇപ്പൊ കണ്ടില്ലേ.." ഞാൻ
സംശയത്തോടെ നിൽക്കുമ്പോൾ മാഷ് പുഞ്ചിരിയോടെ തുടർന്നു "ഓഫിസിലേക്ക് പോയി അപ്ലിക്കേഷൻ
ഫോം കൊടുത്തോളു.. ട്ടോ " മാഷ് വേഗം ക്ലാസ്സിലേക്ക് ഓടി.
നഗരങ്ങളിൽ കുട്ടികളെ തട്ടികൊണ്ട് പോകുന്നവരുടെ
കഥകൾ പത്രങ്ങളിൽ വായിച്ചു പരിചയമുള്ളത്കൊണ്ടാകാം, നഗരത്തിലെ ഒരു തവണ മാത്രം നടന്ന റോഡിലൂടെ ആയിരം
തവണ നടന്ന പരിചയം ഭാവിച്ചു, നഗരപരിചയ സമ്പന്നനെ പോലെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു,
‘സ്കൂൾ പുസ്തകത്തിൽ വാളൊക്കെ പിടിച്ചു നിൽക്കുന്ന വലിയ രാജാക്കന്മാരുടെ ഉയരമൊന്നും
ഇല്ല.’ പിന്നെ ആ ചിന്ത തിരുത്തി ‘അതൊക്ക ചിത്രങ്ങൾ മനസിനെ പറ്റിക്കുന്ന പണികളാണ്…’
1992 – ജൂലൈ-ഓഗസ്റ്റ് മാസത്തിൽ പ്രീഡിഗ്രി
സെയിന്റ് തോമസ് കോളേജ് ക്ളാസുകൾ തുടങ്ങി. ഒപ്പം ട്യൂഷൻ ക്ളാസുകളും. കൃത്യമായ ദിവസം
ഓർക്കുന്നില്ല. ആദ്യ ക്ലാസ്സിൽ തന്നെ ഏറ്റവും
പിന്നിൽ സീറ്റ് പിടിച്ചു. ആദ്യ ദിവസം ശ്രീനിയാണ് അടുത്ത് ഇരുന്നിരുന്നത്. അപ്പുറത്ത്
മോഹൻ. മെട്രിക്സ് ഗുണനം തുടക്കം. ആദ്യ ക്ലാസിന്റെ അവസാനം അഞ്ച് മിനിറ്റ് മാഷിന്റെ വേദിക്
കണക്ക്. അത് കണ്ടതോടെ എന്റെ കണ്ണിൽ പൊന്നീച്ച പറന്നു. ആദ്യ ദിവസം അദ്ദേഹം കാണിച്ച
മാന്ത്രിക പരിപാടി നാലക്കവും അഞ്ചക്കവുമുള്ള സംഖ്യകൾ തമ്മിൽ ഗുണിക്കുന്ന വിദ്യ. അദ്ദേഹം
ഉത്തരം എഴുതുന്നത് വെറും രണ്ടോ മൂന്നോ സെക്കന്റ് കൊണ്ട്.
മാഷുമായി കൂടുതൽ അടുക്കുന്നത് ആ വർഷം അവസാനം വാർഷിക കലാപരിപാടികൾ അവതരിപ്പിക്കാൻ മിമിക്രിയുമായി മുന്നോട്ട് ചെന്നപ്പോഴാണ്. പിന്നീട് എല്ലാ വർഷവും ജോലി ലഭിച്ചു പോകുന്ന വരെ വിദ്യാർത്ഥിയല്ലെങ്കിൽ പോലും ഞാൻ മിമിക്സ് പരിപാടികൾ അവതരിപ്പിക്കാൻ പോയിരുന്നു. എഞ്ചിനീയറിംഗ് കോളേജിൽ കയറി ഒരു വർഷം മാത്രം ശക്തൻ വാർഷിക പരിപാടിക്ക് പോയിരുന്നില്ല. അതിന്റെ അടുത്ത ദിവസം സ്വരാജ് റൗണ്ടിൽ നടക്കുമ്പോൾ മാഷ് എന്നെ പിന്നിൽ നിന്നും തോണ്ടി വിളിച്ചു. എന്നെ കണ്ട വഴിക്ക് ഒറ്റ ശ്വാസം ഒറ്റ ചോദ്യം "തനിക്ക് ഇനി പ്രത്യക ക്ഷണമില്ലാതെ അവിടെ വരാൻ കഴിയില്ല അല്ലേ..."
"അങ്ങനെയല്ല മാഷേ..." ഞാൻ മറുപടി
പറഞ്ഞു തുടങ്ങുമ്പോഴേക്കും മാഷ് സങ്കടമുണ്ടെന്ന്
കൈകൊണ്ട് ആംഗ്യം കാണിച്ചു വേഗം ഓടിപോകുന്നത് കണ്ടു. ഞാൻ മനസ്സിൽ പറഞ്ഞു 'മാഷിന്
എന്റെ പരിപാടി കണ്ട് മടുത്തില്ലേ !!' അതുകൊണ്ട്
തന്നെ തൃശൂർ നാട് വിടുന്ന വരെയും ശക്തൻ തമ്പുരാൻ കോളേജ് വാർഷിക ആഘോഷങ്ങളിൽ മിമിക്സ്
പരേഡുമായി പിന്നെയും രണ്ടു വർഷംകൂടി അവിടെ അവതരണങ്ങൾ നടത്തിയിരുന്നു.
എന്റെ വിഭവങ്ങളിൽ അജിത്ത് മാഷിന് ഏറ്റവും
കൂടുതൽ ഇഷ്ടം ജയറാം മാഷിന്റെ ശബ്‌ദാനുകരണമായിരുന്നു.
വർഷങ്ങൾ പിന്നിട്ട് ഫ്ലോറിഡയിൽ അമേരിക്കൻ
എക്സ്പ്രസ്സ് ഓഫിസിൽ ജോലി ചെയ്യുമ്പോൾ 34 പ്ലസ് 32 എന്നത് 66 എന്ന ഉത്തരം മനകണക്കിൽ
പെട്ടന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്ത അമേരിക്കൻ സായിപ്പ് അത്ഭുതത്തോടെ പറഞ്ഞു..."നിങ്ങൾ
കണക്കിന്റെ ഒരു ജീനിയസ് ആണ്" എനിക്ക്
ചിരി വന്നു.
അയാൾ സംശയം മാറാതെ കാൽക്കുലേറ്റർ എടുത്ത്
രണ്ടു സംഖ്യകൾ കൂട്ടി നോക്കി. എന്നിട്ട് ശരി വെച്ചു.
ജോ ഹെർണാനെസ് എന്നോട് പറഞ്ഞു "അമേരിക്കൻ
പ്രസിഡന്റ് പറയുന്നത് കണക്ക് ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് പഠിക്കേണ്ടിവരുമെന്നാണ്...."
അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല.
വർഷം 2003-ൽ നടന്ന ചെറിയൊരു കാര്യമാണെങ്കിലും
ആ സമയത്ത് എന്റെ മനസ്സിൽ പോയത് സാറിന്റെ വേദിക് കണക്ക് കണ്ടാൽ അവർ എന്ത് പറയുമെന്നതായിരുന്നു....
അടുത്ത കാലത്ത് മലയാളി ഇറക്കിയ പുതിയൊരു വാക്കുണ്ടല്ലോ " അവരുടെ കിളി
പോവും.."
ഡീപോൾ സ്‌കൂളിൽ എന്നെ കണക്ക് പഠിപ്പിച്ച ഓസ്റ്റിൻ മാഷ് അജിത്ത് സാറിന്റെ ആദ്യകാല (1986 - 1988) വിദ്യാർത്ഥിയായിരുന്നുവെന്ന് ഒരിക്കൽ എന്നെ കണ്ടപ്പോൾ പറഞ്ഞിരുന്നു. എന്റെ മകൻ കഴിഞ്ഞ വർഷം ഓൺലൈനായി മാഷിന്റെ വേദിക്ക് കണക്ക് ക്ലാസിൽ പങ്കെടുത്തിരുന്നു. ഇന്നലെ അവൻ അത് വീണ്ടും എടുത്ത് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പല തലമുറകളെ വേദിക് കണക്കുമായി മാഷ് അത്ഭുദപ്പെടുത്തി കൊണ്ടിരിക്കുന്നു. വിനയത്തോടെ മാഷ് പറയും പല തവണ ചെയ്ത് പഠിച്ചാൽ വേഗം ലഭിക്കും. ഓരോന്നും സ്വയം തീരുമാനിച്ച നിയോഗങ്ങൾ.