അമ്മാമയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ
വരുന്നത് കൊട്ടേക്കാട് അച്ഛൻ വീട്ടിൽ എത്തി അവിടെ നിൽക്കുന്ന ദിവസങ്ങളിൽ എന്നും കാലത്ത്
നാല് മണിക്ക് എഴുന്നേറ്റ് കട്ടൻ ചായയും ചോറും കറിയും വെക്കുന്ന ചട്ടയും മുണ്ടുമെടുത്ത
പ്രായമായ സ്ത്രീയുടെ വികാരം പ്രകടിപ്പിക്കാത്ത മുഖമാണ്. രാത്രി മദ്യപിച്ചു ചെറിയ ഒരു
ലഹരി വരുമ്പോൾ അപ്പാപ്പൻ ഇടയ്ക്ക് ചീത്ത പറയും,
ആ വാക്കുകളും രസത്തോടെ കേട്ട് നില്കുന്ന
സ്ത്രീ. ചീത്ത പറയുന്നതിലും ഒരു സ്നേഹമുണ്ട്. ഒരിക്കൽ അമ്മമ്മയുടെ ദാനശീലത്തെ കുറിച്ച്
ചീത്ത പറയുന്നതാണ് കേട്ടിരിക്കുന്നത്. "എനിക്കവളുടെ..." എന്ന് മാത്രമേ പറയു...പിന്നെ
ബാക്കി ശബ്ദം കടിച്ചമർത്തും.അമ്മാമയെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസിൽ പിന്നെ ഓടിവരുന്നത് അതിരാവിലെ കട്ടൻ ചായ ഉണ്ടാക്കുന്നതിനു
ഓല കത്തിക്കുമ്പോൾ ഉയരുന്ന ഒരു പ്രത്യേക മണം,അടുക്കളയിൽ നിന്നും പുറത്തേക്ക് പോകാൻ
മടിക്കുന്ന പുക. ഞായർ ദിവസങ്ങളിൽ ഉച്ചക്ക് കുട്ടികളെ നിരത്തി ഇരുത്തി ഇറച്ചിയിട്ട കായ
കറി കൃത്യമായി എല്ലാവർക്കും തുല്യമായി വിതരണം ചെയ്യുന്ന അമ്മാമ്മ. ഇറച്ചി മാത്രമല്ല,
പലഹാരങ്ങളായാലും കിറു കൃത്യമായി മുറിച്ചു പങ്ക് വെക്കുന്ന ശീലം ഞാൻ ആദ്യം കാണുന്നത്
അവിടെയാണ്.
തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ മാങ്ങയും കശുവണ്ടിയും ചക്കയും ഞങ്ങൾക്ക് പാർസൽ തരുന്ന സ്ത്രീ. തിരിച്ചു പോകുമ്പോൾ കാഴ്ചയിൽ നിന്നും മറയും വരെ നോക്കി നിൽക്കും. ഞങ്ങൾ അവിടെ ചെല്ലുന്നത് സന്തോഷമാണെങ്കിലും പരിക്കില്ലാതെ കുട്ടികളെ തിരിച്ചു പറഞ്ഞയക്കുന്ന വരെയുള്ള ഒരു വേവലാതിയും കുടുംബനാഥയ്ക്ക് ഉണ്ടല്ലോ. കുഞ്ഞച്ചനും വലിയച്ചനും അമ്മമ്മയുടെ സ്വഭാവ വിശേഷങ്ങൾ പകർത്തിയിരുന്നതായി ഓർക്കുന്നു.
No comments:
Post a Comment