Friday, September 2, 2022

ലണ്ടനിലെ കൈനോട്ടവും എന്റെ കൺസൾട്ടിങ്ങും

10 വർഷം മുമ്പ് യൂറോപ്പിലെ ഒരു വലിയ ബാങ്കിന്റെ ചില പദ്ധതി ചർച്ചകളാക്കായി ഒരു ദിവസ സന്ദർശനം നടത്തിയത് ഞാൻ ഓർമ്മിക്കുന്നു. ആകെ പതിനഞ്ചു മിനിറ്റിൽ എങ്ങനെ കൂടെയുള്ളവരെ കയ്യിലെടുക്കുമെന്നത് ചിന്തിച്ചു തല പുകച്ചു കൊണ്ടിരിക്കുന്നു സമയം. കാലത്ത് എയർപോർട്ടിൽ നിന്നും നേരെ ഓഫിസിന് അടുത്തുള്ള കഫെയിൽ എത്തി. അര മണിക്കൂർ സ്വന്തം കമ്പനിയിലെ സെയിൽസ് വിഭാഗവുമായി പെട്ടന്ന് ചർച്ച നടത്തി ഒരു രൂപത്തിലെത്തി. പിന്നെ ബാങ്കിൽ പോയി അയാളെ കയ്യിൽ എടുക്കണം. ബ്രിട്ടീഷ്കാരായ രണ്ടു സെയിൽസ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു:

“ഞങ്ങളുടെ കൂടെ വെറുതെ ഒന്ന് നിന്ന് തന്നാൽ മതി. ഇന്ത്യയിലെ ഓഫിസിലെ മഹാമഹം കുറച്ചു നേരം സംസാരിച്ചാൽ മതി; ബാക്കി ഞങ്ങൾ ഒപ്പിച്ചു ഡീൽ ശരിയാക്കാം. ഇവർക്ക് ഇന്ത്യൻ ഓഫിസിലെ ഒരാളെയെങ്കിലും നേരിട്ട് കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് നിങ്ങളെ ഈയൊരു ദിവസത്തേക്ക് വിളിച്ചത്.”

പിന്നെ മനസ്സിൽ കരുതി എന്തൊങ്കിലുമൊക്കെ സാഹചര്യം പോലെ പറയാം. ബാങ്ക് ഓഫിസിൽ ചെന്ന് അവിടുത്തെ മേധാവിയെ പരിചയപ്പെടുത്തി. അതും ഒരു ഇന്ത്യക്കാരൻ. വലിയ ഡയലോഗ് അടിക്കാനൊന്നും പോയില്ല. അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചു. അന്ന് ചെറുപ്പമായിരുന്നങ്കിലും വളരെ പ്രായമുള്ള ആളെ പോലെ ഇരുത്തം വന്ന സംസാരം അഭിനയിച്ചു. എന്റെ പെട്ടതല സഹായിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

അരമണിക്കൂറിനുള്ളിൽ ഞാനും എന്റെ കൂടെയുള്ള ബ്രിട്ടീഷ് സഹപ്രവർത്തകരും അവിടെ നിന്ന് പുറത്തിറങ്ങി. തിരിച്ചു നടത്തിനിടയിൽ, ബാങ്ക് മേധാവിയെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് ബ്രിട്ടീഷ് സെയിൽസ് ലീഡർ എന്നോട് ചോദിച്ചു. കൈനോട്ട പ്രകാരം ബാങ്ക് മേധാവിയുടെ ചില സ്വഭാവ വിശേഷങ്ങൾ പറഞ്ഞു.

അത് കേട്ടതോടെ അവർ പൊട്ടിചിരിക്കാൻ തുടങ്ങി. "വെറും 15 മിനിറ്റ് കണ്ടു അതും കൈകളുടെ ആകൃതി നോക്കി നിങ്ങൾ അയാളുടെ സ്വഭാവം പറഞ്ഞു. ഞങ്ങൾ അത് ഒരു വർഷം കൂടെ നടന്നു അയാളോട് സംസാരിച്ചു മനസിലാക്കിയതാണ്."

ഒരു ബ്രിട്ടീഷ് സഹപ്രവർത്തകൻ ഇടത്തും ഒരാൾ എന്റെ വലത്തും ഇരുന്നിരുന്നു.

"നിങ്ങൾക്ക് അയാളെ മുമ്പ് അറിയില്ല എന്നാണോ പറയുന്നത്...?"

"ഇല്ല.." ഞാൻ പറഞ്ഞു

"നിങ്ങൾ കണ്ടതല്ലേ? ഇന്ന് നേരെ എയർപോർട്ടിൽ നിന്നും വന്നു നിങ്ങളെയാണ് ആദ്യം കാണുന്നത്... ആ ബാങ്ക് മനുഷ്യനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.."

സംശയം തീർക്കാൻ ഉടനെ ബ്രിട്ടീഷ് സെയിൽ ലീഡർ അയാളുടെ കൈ എന്റെ നേരെ നീട്ടി ചോദിച്ചു.. "എന്തെങ്കിലും എന്നെ കുറിച്ച് പറയൂ."

"ഞാൻ ഇതിൽ നിപുണനൊന്നുമല്ല... ചെറിയ ട്രിക്ക്..."

"എന്നാലും പറയു..." അയാൾ വിടുന്ന ലക്ഷണമില്ല.

"നിങ്ങളുടെ പൊതുവായ രീതി ഇങ്ങനെയാകാനാണ് സാധ്യത." രണ്ടു വരികൾ പറഞ്ഞു. ഉടനെ എന്റെ വലത്ത്  ഇരുന്ന ബ്രിട്ടീഷ് സഹപ്രവർത്തക അത്ഭുതത്തോടെ ചിരിച്ചു.

"ഇത് കൊള്ളാമല്ലോ ...നിങ്ങൾ അയാളെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. ഇനി എന്നെ കുറിച്ച് പറയു.." അവരെ കുറിച്ച് രണ്ടു വരികൾ പറഞ്ഞതും ഇടത്ത് ഇരുന്ന വ്യക്തിയും പൊട്ടി ചിരിക്കാൻ തുടങ്ങി....

"ഒരു പരിചയവുമില്ലാതെ ഇത്രയും നിങ്ങൾ പറഞ്ഞെങ്കിൽ... ഞങ്ങൾക്ക് ഇത് പഠിക്കണം..."

ഞാൻ ചില പുസ്തകങ്ങളുടെ പേര് പറഞ്ഞു കൊടുത്തു. എന്നിട്ട് അവസാനം അവരോടു പറഞ്ഞു എനിക്ക് ഇതിൽ വലിയ വിശ്വാസമൊന്നുമില്ല. എങ്കിലും ചില സ്വഭാവ രീതികളൊക്കെ ഇങ്ങനെ ശരിയായി വരുന്നത് കണ്ടിട്ടുണ്ടെന്ന് മാത്രം. "എന്റെ യുക്തി എന്തോ ഇതിനെ..." അങ്ങനെ പറയാൻ തുടങ്ങുമ്പോഴേക്കും..

 "നോ വേ. പിന്നെ നിങ്ങൾ എങ്ങനെ ഇത്രയും കാര്യങ്ങൾ വെറും പുസ്തകം പഠിച്ചു ഒറ്റ നോട്ടത്തിൽ മാത്രം പറഞ്ഞു? എന്തോ യുക്തി ഉണ്ടാവും.." അങ്ങനെ കൈനോട്ടവുമായി അന്നത്തെ ഡീലിൽ രക്ഷപ്പെട്ടു നാട്ടിലേക്ക് തിരിച്ചുവന്നു...

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...