പ്രിയപ്പെട്ട അയൻ റാൻഡ്,
എന്റെ ആദ്യ പുസ്തകം എഴുതി കഴിഞ്ഞപ്പോൾ
അതിൽ ഫിലോസഫി കൂടുതലാണെന്ന് പലരും പറയുകയുണ്ടായി. എനിക്കതിൽ വിഷമമൊന്നുമില്ല. ആ കാര്യത്തിൽ
റാൻഡ് എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ 12 വർഷത്തിന് മുമ്പായിരിക്കണം മാഡത്തിന്റെ
ഫൗണ്ടൈൻ ഹെഡ് ഞാൻ വായിക്കുന്നത്. രണ്ടു ദിവസംകൊണ്ട് ഏതാണ്ട് 16 മണിക്കൂർ എടുത്ത് വായിച്ചു
തീർത്തുവെന്നാണ് ഞാൻ ഓർമ്മിക്കുന്നത്. അതിൽ എന്റെ മനസ്സിൽ കൂടുതൽ കാലം തങ്ങി നിന്ന കാര്യം ഫിലോസഫി ഫിലോസഫിയായി എഴുതാൻ മാഡത്തിന്
താല്പര്യമില്ലായിരുന്നു, അതുകൊണ്ട് നോവലായി എഴുതിയെന്നാണ്. അതെനിക്ക് ഇഷ്ടപ്പെട്ടു.
നോവലിലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ
സ്വഭാവം ഉണ്ട്. അത് തുടർച്ചയായി ഒരേ രീതിയിൽ പ്രകടിപ്പിക്കുന്നുണ്ട്. എന്റെ ആദ്യ രചനയിലെ
പ്രധാന കഥാപാത്രത്തിന് ഒരേ സ്വഭാവമല്ല. അതെന്നോട് വിമർശനമായി പറഞ്ഞവരുണ്ട്.
വൈരുദ്ധ്യ സാഹചര്യങ്ങളിൽ വൈരുധ്യങ്ങളായ അഭിപ്രായ പ്രകടനങ്ങളിലൂടെ കാര്യങ്ങളെ നോക്കി
കാണുന്ന ഒരു കഥാപാത്രം. ജീവിതത്തിന്റെയും ചിന്താമണ്ഡലത്തിന്റെയും
വളർച്ചയുടെ ഓരോ ഘട്ടത്തിലും വിഭിന്ന സ്വഭാവം പ്രകടിപ്പിക്കുന്ന നായകൻ.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയെന്നത്
തെറ്റായ കാര്യമാണെന്ന് മാഡം പറയുന്നു. ഞാൻ
യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. ചിലർ സേവനത്തിനു വേണ്ടി സന്തോഷമായി ഇറങ്ങുന്നവരുണ്ട്.
അത് അവരുടെ സന്തോഷം തന്നെയാണ്. അതുകൊണ്ട് അവർ ഒരേ സമയം അവർക്ക് വേണ്ടിയും അതെ സമയം
മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കുന്നു. ഇതിനെ രണ്ടായി കാണേണ്ടതുണ്ടോ? പ്രശസ്തിക്ക്
വേണ്ടിമാത്രം മറ്റുള്ളവരെ സഹായിക്കുന്നവരെ കുറിച്ചല്ല ഞാൻ പറയുന്നത്. കടന്ന് ചിന്തിച്ചാൽ
അവിടെയും മാഡം വിജയിച്ചു. കൂട്ടായ്മ തന്നെ ലക്‌ഷ്യമാകുമ്പോൾ ലക്ഷ്യപരമായ ജീവിതം സന്തോഷമെന്ന്
പറയാമല്ലോ.
എനിക്ക് ഒരു ലക്ഷ്യമില്ലെന്ന് പറയുന്നവരും
ഉണ്ട്. അന്ന് ആഹാരം കിട്ടിയാൽ അന്ന് സന്തോഷം എന്നാണ് അവർ പറയുന്നത്. അവർ പറയുന്നത്
അവരുടെ ലക്ഷ്യമാണെന്ന് അവർ ചിന്തിക്കുന്നില്ല. അകലെ കാണുന്നതാണ് ലക്ഷ്യങ്ങൾ എന്നാണ്
അവർ ചിന്തിക്കുന്നത്. അടുത്തുള്ള ലക്ഷ്യങ്ങളും അകലെയുള്ള ലക്ഷ്യങ്ങളും ലക്ഷ്യങ്ങളാണല്ലോ
മാഡം. അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നത് അപരന് സുഖത്തിനായി വരേണമെന്ന ഞങ്ങളുടെ
നാട്ടിലെ കവിവാക്യം തന്നെയല്ലേ മാഡം പറഞ്ഞു നടന്നതും എഴുതിവെച്ചതും. അങ്ങനെ വരുമ്പോൾ
ലക്ഷ്യവും മാർഗ്ഗവും ഒന്നാകുകയും ചെയ്യുന്നില്ലേ. എല്ലാവരും അങ്ങനെ ചിന്തിക്കുമ്പോൾ
എല്ലാം പലതാകുന്നു എന്നാണ് മാഡം ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ഓരോരുത്തർക്കും ഓരോ
ലക്ഷ്യങ്ങൾ; മനസിലായി. പക്ഷേ, എല്ലാ പലതും
ഒന്നിലേക്കുള്ള പ്രയാണമാണല്ലോ മാഡം. എല്ലാം പലതുമാണ് ഒന്നുമാണ്. എനിക്കറിയാം ആക്കാലത്ത്
ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. ഫേസ് ബുക്ക് ഉണ്ടായിരുന്നില്ല. സൂം ഉണ്ടായിന്നില്ല.
ഇൻസ്റ്റാഗ്രാം ഉണ്ടായിരുന്നില്ല. എല്ലാ അടയ്ക്കപ്പെട്ട ലോകങ്ങൾ. ഒരു അടയ്ക്കപ്പെട്ട
ലോകത്ത് നിന്നും മറ്റൊരു അടയ്ക്കപ്പെട്ട ലോകത്തിലേക്ക് മാഡം യാത്ര ചെയ്ത കാര്യം എനിക്കറിയാം.
ഇന്ന് ഞങ്ങൾ ജീവിക്കുന്നത് രക്തം ഒഴുകുന്ന ഞെരമ്പുകളാൽ ബന്ധിക്കപ്പെട്ട ചെറിയ മുറികളിൽ
ഡാറ്റ ഒഴുക്കിക്കൊണ്ടാണ്. എല്ലാ ചെറിയ മുറികളും നെറ്റ്‌വർക്ക് വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഡാറ്റകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്
ഞങ്ങൾ പലതുമായിരിക്കെ ഒന്നായിരിക്കുകയും രണ്ടായും മൂന്നായും ജോലികൾ ചെയ്യുന്നു.
പേറ്റന്റ് ലഭിക്കാൻ എല്ലാവരും ഓടുന്നു.
ആദ്യം മരുന്ന് കണ്ടുപിടിച്ചത് ആരാണെന്ന തർക്കം എവിടെയും എത്താതെ പോകുന്നു. മാഡത്തിന്റ
ചെറുപ്പത്തിൽ കമ്പനികൾ കൂടുതൽ രാജ്യകേന്ദ്രികൃതമായിരുന്നല്ലോ. മാഡം എഴുതികൊണ്ടിരിക്കുമ്പോൾ
തന്നെ മാറ്റങ്ങൾ നടന്നുകൊണ്ടിരുന്നു. ഇപ്പോൾ ഒരു വലിയ കമ്പനി എല്ലാ രാജ്യങ്ങളിലും ഉണ്ടെന്ന
അവസ്ഥയാണ്. മരുന്നുകൾ അവശ്യ വസ്തുക്കളല്ലേ മാഡം. ചിലപ്പോൾ കണ്ടുപിടിക്കുന്നത് ചെറിയ
കമ്പനികളാകും. അത് ലോകത്ത് മുഴുവൻ എത്തിക്കാൻ അവർ വലിയ കമ്പനികളുടെയോ അല്ലെങ്കിൽ ഗവൺമെന്റുകളുടെ സഹായം തേടുന്നു. പര്സപര
സഹായ സംഘടനകളെപ്പോലെ. വളരെ വലിയ ലക്ഷ്യങ്ങൾക്ക് പ്രവർത്തിക്കുന്നു. അങ്ങനെയുള്ള സഹകരണ
സംഘങ്ങളുടെ പ്രവർത്തനങ്ങളെ തെറ്റാണെന്നു പറയാൻ
കഴിയില്ലല്ലോ. വ്യക്തിയുടെ ദ്വന്ദ വ്യക്തിത്വം
ഒരു നിത്യ സത്യമല്ലേ. ഒരേ സമയം അമ്മയും മകളും സുഹൃത്തും കാമുകിയും സഹോദരിയും ടീച്ചറും
പോലീസും കലാകാരിയും ആയിരിക്കുന്നപ്പോലെ. ചിലപ്പോൾ ദ്വന്ദമല്ല മാഡം. എത്രയോ നിലകൾ. എണ്ണിയാൽ തീരാത്ത നിലകളുള്ള കെട്ടിടങ്ങൾപ്പോലെ.
ഇനിയും എഴുതാം
സ്നേഹത്തോടെ
ജെ. സി. ലോനപ്പൻ
No comments:
Post a Comment