അതിരാവിലെ ആദ്യ ചായ കൊടുക്കുന്നതിനിടയിൽ ത്രേസ്യ കെട്ടിയവന് മറ്റൊരു ചായകൊടുത്തു. ചായപ്പൊടിയിൽ
കലർന്ന ഉപദേശമാണത്. കഴിഞ്ഞ രാത്രിയിലെ വേദനയാണ് ഇന്ന് കാലത്ത് പുറത്തു വന്നത്.
“ഒരെഴുപത്
വയസെങ്കിലും ആയിക്കാണും; എന്നാലും അയൽവാസി കിളവനെ
സൂക്ഷിക്കണം. കുട്ടികളെ പീഡിപ്പിക്കുന്നവർ ഉള്ള കാലമാണ്."
"അങ്ങനെയൊന്നുമില്ല. അയാൾ അവരുടെ കൊച്ചുമക്കളെ കളിപ്പിക്കുന്നപ്പോലെ
നമ്മുടെ മക്കളെയും കളിപ്പിക്കുന്നു. നീ ഇല്ല്യാത്ത പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ?"
ജോബി അവളെ നേരിട്ടു.
ത്രേസ്യ വിട്ടുകൊടുത്തില്ല. "എന്തൊക്ക വാർത്തകളാണ്
ദിവസവും കേൾക്കുന്നത് ?
“വാർത്തകൾ സത്യമല്ലേ?”
“വാർത്ത സത്യമോ നുണയോ എന്നറിയില്ല. എങ്കിലും, ഒരു ലക്ഷം
മനുഷ്യരിൽ അഞ്ച് പേർ അങ്ങനെ ചെയ്യുന്നവർ എന്ന് കരുതുക.”
“ആ അഞ്ച് പേരിൽ ഒരാൾ ഇയാളാണെങ്കിലോ ?” അവൾ ഇടയ്ക്ക് കയറി
പറഞ്ഞു.
“ഞാൻ തർക്കിക്കുന്നില്ല. വാർത്തകൾ വായിക്കുമ്പോൾ ഭയപ്പെടുത്തുന്ന
രീതിയിൽ വായിക്കുന്നതുകൊണ്ടാണ് ഭയം തോന്നുന്നത്.” അയാൾ മയപ്പെടുത്താൻ ഒരു ശ്രമം നടത്തി.
“ഇത്തരം കാര്യങ്ങൾ അങ്ങനെ വായിക്കുന്നത് തന്നെയാണ് നല്ലത്.
എല്ലാവരും കുറച്ചു ഭയപ്പെടുന്നത് നല്ലതല്ലേ ? ജനങ്ങൾ ഒന്നറിയട്ടെ. എന്റെ ചെറുപ്പത്തിൽ
ഞാൻ അറിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങൾ. ഇപ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നുവെന്ന് അറിയുന്നത്
തന്നെ” അവൾ കാര്യങ്ങൾ ഭംഗിയായി സമർത്ഥിച്ചു.
“അതിന് നീ എന്തിനാണ് ഈ മനുഷ്യനെ ക്രൂശിക്കുന്നത് ?”
“അയാൾ വന്നിട്ട് അധികം കാലായിട്ടില്ല. അയാളുടെ വീട്ടിലെ
കുട്ടികളെ സ്നേഹിച്ചാൽപ്പോരേ?”
“ഞാൻ നിന്നോട് തർക്കിക്കാനില്ല. അയാളെ കുറിച്ച് അന്വേഷിക്കാം.”
അവളുടെ കവിൾത്തടത്തിൽ ഒരു ഉമ്മ കൊടുത്ത് അയാൾ തർക്കം അവസാനിപ്പിച്ചു.
“അമ്മ ഇവിടെയുണ്ടല്ലോ... നീ അത്ര പേടിക്കേണ്ട കാര്യമില്ല.”
ഉമ്മ വെച്ചതിന് ശേഷം ഭാര്യക്ക്
ധൈര്യം കൊടുത്തു.
“എന്ത് പറഞ്ഞാലും അമ്മ, അമ്മ. അമ്മയുടെ പ്രായം എന്താണെന്ന് നിങ്ങൾക്ക്
ഓർമ്മയില്ലേ?”
അത് കേട്ട് അമ്മ അവിടേക്ക് കടന്നു വന്നു. "അമ്മേ ഞാൻ
പറയണേ കേട്ടിട്ട് അമ്മക്ക് വിഷമം തോന്നരുത്...ഞാൻ അപ്പുറത്തെ ആ പുതിയ കിളവനെ കുറിച്ച്
പറഞ്ഞതാണ്...കുട്ടികളവിടെ ഒരുപാട് ഓടി കളിക്കുന്നുണ്ട്..അതാണ്
ഞാൻ പറഞ്ഞത്. ഏതു നേരവും വെള്ളം ചോദിച്ചു കുട്ടികൾ വരുന്നു ...അവിടെ ഫ്രിഡ്ജ് ഇല്ലെന്ന്
... ഇത്ര വയസായിട്ടും തണുത്ത വെള്ളം കുടിക്കണ മനുഷ്യരുണ്ടോ ?" മരുമകൾ അമ്മായിയമ്മയെ
സോപ്പിട്ടു.
"അപ്പൊ അതാണ് കാര്യം...അയാൾ എന്തിനാണ് ഈ പ്രായത്തിൽ
തണുത്ത വെള്ളം കുടിക്കുന്നത്? ഇത് ആദ്യം പറയാമായിരുന്നല്ലേ... എന്നെ വെറുതെ ടെൻഷൻ അടിപ്പിച്ചു."
ജോബി കാര്യങ്ങൾ സമാധാനത്തിൽ എത്തിച്ചു.
"നല്ല ആരോഗ്യമുള്ളവർ ചിലപ്പോൾ തണുത്ത വെള്ളം വയസായാലും
കുടിച്ചെന്നിരിക്കും.” ജോബിയുടെ
അമ്മ പ്രത്യേകിച്ച് വികാരമൊന്നുമില്ലാതെ പറഞ്ഞു. "നിങ്ങൾ അയാളെ കുറിച്ച് അന്വേഷിച്ചു
ബുദ്ധിമുട്ടേണ്ട." അമ്മ തുടർന്നു “അയാൾ എന്നെയൊന്നു അകലെ നിന്ന് കാണാൻ അടുത്ത്
വന്നു താമസിക്കുന്നു; അത്രേയുള്ളു."
ത്രേസ്യ ജോബിയുടെ മുഖത്തേക്ക് നോക്കി വേഗം അകത്തേക്ക് പോയി.
ജോബി അടുത്തെത്തിയപ്പോൾ ശബ്ദം നല്ലപ്പോലെ താഴ്ത്തി സ്വകാര്യമായി പറഞ്ഞു. "ഞാൻ
ആദ്യമേ പറഞ്ഞില്ലേ എന്തോ ചുറ്റിക്കളിയുണ്ടെന്ന്..."
No comments:
Post a Comment