ആർക്കും ഉപദ്രവം ഇല്ലാത്ത നുണ പറയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടാകാം. ഒരിക്കൽ ഒരു ട്രെയിൻ യാത്രക്കിടയിൽ നുണ പറഞ്ഞപ്പോൾ ഉണ്ടായ അനുഭവം, വിവരിക്കട്ടെ.
ബാംഗ്ലൂർ യാത്രക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. മറ്റാരോ എടുത്ത ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ കള്ളപ്പേരിൽ. ഉദാഹരണത്തിന് ജോജി എന്ന കള്ളപ്പേരിൽ . ടിക്കറ്റ് എക്സാമിനർ, ചോദിച്ചു വന്നപ്പോൾ ജോജി എന്ന് പറഞ്ഞ് ടിക്കറ്റ് പഞ്ചിംഗ് നടത്തി. സമാധാനമായി ഒരിടത്തിരുന്നു. പാലക്കാട് എത്തിയപ്പോൾ മറ്റൊരാൾ കയറി. അദ്ദേഹം സംസാര പ്രിയനായതുകൊണ്ട്, ഞങ്ങൾ രണ്ടുപേരും, പെട്ടെന്ന് സംസാരത്തിൽ മുഴുകി. ആ കമ്പാർട്ട്മെന്റിൽ ബാക്കി ആരും സംസാരിച്ചിരുന്നില്ല. ട്രെയിൻ ഈറോഡ് കഴിഞ്ഞപ്പോൾ ടിക്കറ്റ് എക്സാമിനർ വീണ്ടും വന്നു. ഇത്തവണ അടുത്തിരുന്നാളുടെ പേര് വിളിച്ചു. പക്ഷേ, അയാൾ വിളി കേൾക്കുന്നില്ല. ബാത്റൂമിൽ എവിടെയെങ്കിലും പോയതായിരിക്കുമെന്ന് ആരോ പറയുന്നത് ശ്രദ്ധിച്ചു. പക്ഷേ മറ്റൊരാൾ, വളരെ വ്യക്തമായി പറഞ്ഞു, ഈറോഡ് കഴിഞ്ഞതിനുശേഷം അയാളെ ഈ ട്രെയിനിൽ കണ്ടിട്ടില്ല. എന്തോ ഒരു അപായസൂചന പോലെയാണ് അയാൾ അത് പറഞ്ഞത്. കഴിഞ്ഞ മുപ്പത് മിനിറ്റ് ആയി, അയാൾ ഇവിടെയില്ല. അതോടെ ടിക്കറ്റ് എക്സാമിനർക്ക് സംശയമായി. അയാൾ ബോഗി മുഴുവൻ പരതി, ഉറക്കെ പേര് വിളിച്ചു.
ഇതിനിടയിൽ ഒരാൾ പറയുന്നത് കേട്ടു, "അവർ സംസാരിക്കുന്നുണ്ടായിരുന്നു. അയാൾ ഇയാളുടെ സുഹൃത്താണ്."
ഞാൻ വേഗം അയാളെ തിരുത്തി. "അയാൾ എന്റെ സുഹൃത്തല്ല, ഇവിടെ വന്നിരുന്നപ്പോൾ വർത്താനം പറഞ്ഞതാണ്."
ഞാൻ വേഗം ഉറങ്ങാൻ കിടന്നു. 'ടി ടി വരുന്നതിനു മുമ്പേ ഉറക്കം നടിച്ചു കിടക്കാം. ഇനിയും ജോജി എന്ന കള്ളപ്പേരു ആവർത്തിക്കാൻ കഴിയില്ല.'
കുറച്ചു കഴിഞ്ഞു ഒരു വൃദ്ധൻ, ഉറങ്ങുന്ന എന്നെ ചൂണ്ടി പറഞ്ഞു, " അവര് ഭയങ്കരമായിട്ട് സംസാരിക്കുഉണ്ടായിരുന്നു… അയാളോട് ചോദിച്ചു നോക്കൂ, അയാൾക്കെന്തെങ്കിലും വിവരം അറിയുന്നുണ്ടാവും.. "
ഞാൻ ശക്തമായ ഉറക്കം നടിച്ചു കിടന്നു. അവരുടെ സംഭാഷണം മുഴുവൻ കേട്ടുകൊണ്ടിരുന്നു. പേരുമാറി യാത്ര ചെയ്യുന്നതിലെ അപകടം, എന്റെ തലയിലൂടെ മിന്നി കൊണ്ടിരുന്നു. കുറച്ചധികം സമയം അവിടെ യാത്രക്കാർക്കിടയിൽ ഒരു ചർച്ച നടന്നിരുന്നു. ട്രെയിനിൽ വച്ച് ഒരാളെ കാണാതായിരിക്കുന്നു. അത് വലിയ വിഷയമായിരിക്കുകയാണ്.
ഇടക്കിടക്ക് ആ വൃദ്ധൻ, ചൊറിഞ്ഞു കൊണ്ടിരുന്നു,
"ആ ചെക്കനോട് ചോദിച്ചാൽ അറിയും… അവനുമായി ഒരുപാട് നേരം സംസാരിക്കുന്നത് ഞാൻ കണ്ടതാണ്. "
മുകളിലെ നിലയിലാണ് കിടക്കുന്നത് 'ടി ടി വിളിച്ചിറക്കുമോ?'
കാണാതായ മനുഷ്യൻ വല്ല ക്രിമിനലോ മറ്റോ ആണോ?
അതോ അയാൾക്ക് വല്ല അപകടം സംഭവിച്ചോ?
ഇതിന്റെ പേരിൽ നാളെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമോ? ഏതാണ്ട് ഒരു മണിക്കൂർ ആയിട്ടും അയാളെ ട്രെയിനിൽ കാണാനില്ല. ഞാൻ ജോജിയായി യാത്ര ചെയ്യുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഉണ്ടായേക്കാവുന്ന സംശയങ്ങൾ, ആൾമാറാട്ട കുറ്റം തൊട്ട് എന്തൊക്കെ തലയിൽ വന്നു ചേരും !!
കാര്യം, ഒരുപാട് പേർ അങ്ങനെ യാത്ര ചെയ്യുന്നുണ്ട്. അതൊന്നും പറഞ്ഞിട്ട് ഇവിടെ കാര്യമില്ല. സീറ്റിൽ അടുത്തിരുന്ന ആളെ കാണുന്നില്ല. ട്രെയിനിലെ ചിലരുടെ വർത്തമാനം കേട്ടാൽ ഞാൻ പിടിച്ചു പുറത്തേക്ക് തള്ളിയെന്നും തോന്നും. "ഇവര് എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത് " ഞാൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും, മറ്റൊരാൾ അത് പറഞ്ഞു… നമ്മൾ എന്തിനാണ് ടെൻഷൻ അടിക്കുന്നത്.. ചെറിയ കുട്ടികളൊന്നുമല്ലല്ലോ…
പക്ഷേ, വൃദ്ധൻ പിടി വിടുന്നില്ല… എന്നാലും അങ്ങനെയല്ലല്ലോ… ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരാളെ കാണാതാവുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ?
ഞാൻ മനസ്സിൽ പറഞ്ഞു. 'അല്ലയോ മനുഷ്യ അത് ചെറിയ കാര്യമല്ല.., എന്തോ വലിയ പ്രശ്നം തന്നെയാണ്… പക്ഷേ ഇപ്പോൾ ഇനിയും എന്നെ കുറിച്ച് പറയരുത്. ഞാൻ പേര് മാറിയാണ് യാത്ര ചെയ്യുന്നത്… പ്ലീസ്,പ്ലീസ്' അങ്ങനെ മനസ്സിൽ പലവിധവിചാരങ്ങളായി കണ്ണടച്ചു കിടന്നു.
ട്രെയിൻ സേലം എത്തിയപ്പോൾ അയാൾ മഴ നനഞ്ഞു ബോഗിയിലേക്ക് കയറി വന്നു. അയാൾ ഷുഗറിന്റെ മരുന്ന് കഴിക്കാൻ ഈറോഡ് ഇറങ്ങിയതാണെത്രെ. ട്രെയിൻ മിസ്സായി. പെട്ടെന്ന് ഈ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. പിന്നാലെ വന്ന മറ്റൊരു ട്രെയിനിൽ കയറി സേലം എത്തി വീണ്ടും ഇതേ വണ്ടിയിൽ ഓടി കയറിയതാണ്. ചർച്ച ചെയ്തുകൊണ്ടിരുന്ന യാത്രക്കാർ വലിയ സന്തോഷത്തിലായി. എനിക്കും വലിയ സമാധാനമായി. ഇനിയും ഏതോ ഒരു ജോജിയെ അന്വേഷിച്ചു ആരും വരില്ലല്ലോ….
No comments:
Post a Comment