Monday, June 27, 2022

ജോൺ

ജോണിനെ ആദ്യം കാണുന്നത് പള്ളിക്ക് പുറത്തുവെച്ച് കൂട്ടം കൂടി ആരോടോ സംസാരിക്കുമ്പോഴാണ്. മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരൻ. സ്‍കൂളിൽ പഠിക്കുമ്പോൾ ചിലർ പറയുന്ന പേരുകൾ നമ്മൾ ശ്രദ്ധിക്കുമല്ലോ. വല്യപ്പന്റെ മകൻ ജോൺസേട്ടൻ പറഞ്ഞു കേട്ടത് കൊണ്ടാവാം, ആരാ ഈ കക്ഷി എന്ന് എത്തി  നോക്കിയത്. പിന്നീട് ബാംഗ്ലൂർ അഡ്വെർടൈസിങ് കമ്പനിയിൽ ജോലിക്ക് കയറിയെന്നു സംസാരത്തിനിടയിൽ ആരോ പറഞ്ഞതായും കേട്ടതായും ഓർക്കുന്നു. പ്രീഡിഗ്രി പാസ്സാവാതെ ചിത്രംവരയെന്ന സ്വന്തം കഴിവ് മാത്രം വെച്ചുകൊണ്ട് സിംഗപ്പൂർ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോൺ; അതാണ് ആ വാർത്തയിലെ  എന്റെ  പുതുമ. പ്രീഡിഗ്രി പാസായോ അവസാനിപ്പിച്ചോ എന്നൊന്നും കൃത്യമായി അന്ന് അറിവില്ലായിരുന്നു. അയാൾ കൊള്ളാമെന്ന് മനസ്സിൽ സ്വയം പറയാൻ ആ വാർത്ത മതി. എന്ത് എഞ്ചിനീയറിംഗ്, എന്ത് എം.ബി.ബി.എസ്,  അതും കരുതി ഞാൻ മനപ്പൂർവം പ്രീഡിഗ്രിയിൽ തോൽക്കാനൊന്നും പോയില്ല. “അയാളൊക്കെ അതുപോലെത്തെ ചിത്രം വരയായിരിക്കും. അതുകണ്ടു ഞാൻ പ്രീഡിഗ്രി തോറ്റ് തോന്നിവാസം എഴുതിയാൽ പട്ടിണി ഉറപ്പാണ്.”

ജോണിനെ മനസിന്റെ ഒരു വശത്തു ഒളിപ്പിച്ചു.  അയാളെ കണ്ടാൽ ഏതാണ്ട് ജോൺ എബ്രഹാം പോലെ തന്നെ. എന്റെ പള്ളി പേരിലും ഒരു ജോൺ ഉണ്ടല്ലോ, തല്ക്കാലം ആ സാമ്യം മതി.  അത് കൊണ്ട് പ്രീഡിഗ്രി തോൽക്കാതെ കടന്നുപോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം ജോൺസേട്ടന്റെ വീട്ടിൽ കക്ഷിയെ ഒരിക്കൽ കൂടി കണ്ടു. അന്ന് എന്തൊക്കയോ പൊതു കാര്യങ്ങൾ സംസാരിച്ചിരുന്നു. വർഷം 2008 തന്നെയാവണം. അന്ന് എഴുതി കൊണ്ടിരുന്ന വിചിത്ര കഥയിലെ നായകനായി അയാളുടെ രൂപം ഞാൻ മനസിൽ കയറ്റി. അപ്പോഴും ഏതാണ്ട് 16 വർഷം മുമ്പ് കണ്ട മെലിഞ്ഞ രൂപം തന്നെ.

അന്നത്തെ സംസാരം കഴിഞ്ഞു പിന്നീട് എപ്പോഴോ ചെന്നൈ ബാംഗ്ലൂർ ഫ്ലൈറ്റ് യാത്രയിൽ രാത്രി കണ്ടതായും എന്തോ കുശലം പറഞ്ഞു നീങ്ങിയതായും ഓർക്കുന്നു. ഫ്ലൈറ്റിൽ നിന്നും ഇറങ്ങി കോറിഡോറിൽ വച്ച് ജോണിനോട് സംസാരിക്കുന്നത് എന്റെ കമ്പനിയിലെ യു.സ് ഓഫീസിലെ സുഹൃത്ത് കണ്ടിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പെട്ടന്ന് നമ്മൾ പറയുന്ന വാചകം പറഞ്ഞു." എന്റെ ഒരു പഴയ സുഹൃത്താണ്..."

"യുവർ ഫ്രണ്ട് ... നോ വേ.." അവൾ പറഞ്ഞു

ഞാൻ പൊട്ടി ചിരിച്ചു.

"അതെന്താ അങ്ങനെ പറഞ്ഞത്..." ഞാൻ ചോദിച്ചു.

"അയാൾ ലിയോണിന്റെ സുഹൃത്താവാനുള്ള ഒരു സാധ്യതയും കണ്ടിട്ട് തോന്നുന്നില്ല..."

"സുഹൃത്തെന്ന് ഞാൻ പെട്ടന്ന് പറഞ്ഞുവെന്നേയുള്ളു.. നാട്ടിലെ പരിചയക്കാരനാണ്..."

"നോക്ക് അയാളുടെ നടത്തം... അയാളെന്തായാലും ലിയോണിന്റെ സുഹൃത്ത് അല്ല..." അവൾ പിന്നെയും എന്നോട് ആവർത്തിച്ചു.  ഞാൻ ചിരിച്ചു. അയാളുടെ നടത്തം അകലെ നിന്ന് ഞാൻ ഒരിക്കൽക്കൂടി  വീക്ഷിച്ചു. ജോൺ, ജോൺ അബ്രഹാമിനെപ്പോലെ കാറ്റത്ത് ആടുന്ന രൂപം പോലെ ബാംഗ്ളൂർ എയർപോർട്ടിൽ നടന്നു മറഞ്ഞു. ആരെയും കൂസാത്ത സ്വതന്ത്ര നടത്തം. ഞാൻ ആരുടേയും അടിമയല്ല. ഈ ഭൂമി എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കും ആരെയും ഭയക്കാതെ  പറക്കാനുള്ള വിഹരിക്കാനുള്ള സ്വർഗ്ഗം. അതാണ് അയാളുടെ  നടത്തത്തിന്റെ അർത്ഥം.

"ഐ മീൻ ഹി ഈസ് ലൈക് എ ജിപ്സി... നോട്ട് യുവർ ടൈപ്പ് ദാറ്റ്സ്  വാട്ട്  ഐ മീൻ.. " അമേരിക്കക്കാരി പിന്നെയും സംശയം നിവർത്തി എന്നോട് പറഞ്ഞു.

മറ്റൊരു സുഹൃത്ത് മനോജ് പറഞ്ഞത് ഈ ജോണിനെ കുറിച്ച് തന്നെയാണോ.. പെട്ടന്ന് മറ്റൊരു കാര്യം എനിക്ക്  ഓർമ്മ വന്നു. ലാറി ബേക്കർ ശൈലിയിൽ പുതിയ വീട് വെച്ച്, അടുത്ത ആഴ്ച തന്നെ വീടിനു തീ വെച്ച് സ്വയം പരീക്ഷണം നടത്തിയതിന് ശേഷം  വീടിനു  ചുറ്റും ബിയർ കുപ്പിയുമായി നൃത്തം വെച്ച ജോണും ഈ ജോണും ഒന്ന് തന്നെയാണോ...! വീടിനു ഉറപ്പുണ്ടോ എന്ന് നോക്കിയതാവും.

അടുത്ത കാലത്ത് കൂടുതൽ അറിഞ്ഞപ്പോൾ ആദ്യം പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണെന്നു മനസിലായി. കൂടുതൽ അയാളെ കുറിച്ച് മനസിലാക്കി. 

"വെറുതെ ഇല്ലാ കഥ പറയല്ലേ ലിയോൺ, വീട് കത്തിക്കാനുള്ള ഭ്രാന്ത് എനിക്കില്ല. അത് വേറെ ആരെങ്കിലുമാകും ." ജോൺ പറഞ്ഞു. 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഒരു സിനിമ സ്റ്റൈൽ മുംബൈ യാത്ര. വീട് വിട്ടുള്ള യാത്ര. ലക്ഷ്യമില്ലാത്ത ഒരു യാത്ര. അവിടെ ഒരു വർഷം.  സുഹൃത്തായ ജോൺസനുമായി കത്തുകൾ വഴിയുള്ള ആശയ വിനിമയം. ജോൺസൺ മുഖേന ഒരു ക്യാരികേച്ചർ മത്സരത്തിന് അയച്ചുകൊടുക്കുന്നു. ആക്കാലത്ത് കേരള ഗവെർന്മെന്റ് നടത്തിയ ക്യാരിക്കേച്ചർ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ ഒന്നാം സ്ഥാനം. 

പിന്നെ നാട്ടിലേക്ക് ഗംഭീര തിരിച്ചു വരവ്, സെയിന്റ് തോമസിൽ എഴുതാതെ പോയ  പ്രീഡിഗ്രി വളരെ ഉയർന്ന മാർക്കോടെ പിന്നീടു പാസ്സായി. പ്രീഡിഗ്രി പഠിക്കുമ്പോൾ തന്നെ എം.എ ഇംഗ്ളീഷ് വിദ്യാർഥികൾക്കു ഇംഗ്ളീഷ് ടൂഷ്യൻ, (ശക്തൻ തമ്പുരാൻ കോളേജിൽ ആദ്യ കാലത്ത് തന്നെയായിരിക്കണം 1987-89)  കേരള വർമ്മയിൽ ഡിഗ്രി; എന്നാൽ ഡിഗ്രി പൂർത്തിയാകാതെ  സിംഗപ്പൂർ കമ്പനിയിൽ ജോലി കിട്ടി നാട് വിടുന്നു. കേട്ട് കേൾവി ഇല്ലാത്ത ഉയർന്ന ശമ്പളത്തോടെ. ജോണിന് ലഭിച്ച ആദ്യമാസ ശമ്പളം കേട്ടാൽ ആരും പിന്നെ ഇവിടെ ഡിഗ്രി പൂർത്തിയാക്കില്ല. അത്കൊണ്ട് മാത്രം ഞാൻ ഇവിടെ പറയുന്നില്ല. 

അവസാനം ഞാൻ ജോണിനെ കണ്ടത് 2016 -17 ൽ.

ആ കാലത്ത് ഇംഗ്ലണ്ടിൽ നിന്നും  ക്രീയേറ്റീവ് എഴുത്തു കലയിൽ  മാസ്റ്റർ ബിരുദവും കഴിഞ്ഞു വന്നിരിക്കുകയാണ്. എന്റെ ആദ്യ പുസ്തകം കൊടുക്കാൻ ഞാൻ  ഇരകളെ തേടി നടക്കുമ്പോൾ ജോണിനെയും വെറുതെ വിട്ടില്ല. 

ജോണിനെ അവസാനം കണ്ടപ്പോൾ പറഞ്ഞു, "പലർക്കും ഇപ്പോഴും ഡിഗ്രി സെർട്ടിഫിക്കറ്റ് തന്നെ വേണം ലിയോൺ.... ഒരെണ്ണം എന്റെ കയ്യിൽ ഇരുന്നോട്ടെ എന്ന് കരുതി; ഇംഗ്ലണ്ടിൽ നിന്നും എം.എ."

എന്നാലും ഞാൻ മനസ്സിൽ പറഞ്ഞു, "എന്നാലും ഇത്രയും കാലം ഡിഗ്രി  സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്തു പിടിച്ചു നിന്നില്ലേ യു ർ സ്റ്റിൽ എ ഹീറോ ഫോർ മി... യു ജസ്റ്റ് ഡോണ്ട് നോ വാട്ട് ഇറ്റ് മീൻസ് ടു മി.." 

അത് എന്റെ  മനസിലാണ് പറഞ്ഞത്. 

എന്നിട്ട് എന്റെ മക്കളോട് പറഞ്ഞു; "ഇതൊന്നും ആരും അനുകരിക്കാൻ നിൽക്കേണ്ട. നന്നായി പഠിച്ചു ഡിഗ്രി സെർട്ടിഫിക്കറ്റ് വാങ്ങി എന്തെങ്കിലും ജോലിക്ക് പൊയ്ക്കോ..."

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...