Tuesday, January 31, 2023

പദ്‌മനാഭൻ മാഷിന്റെ ഫിസിക്സ് കട്ട് - സിനിമ

പദ്മനാഭൻ മാഷിന്റെ ഫിസിക്സ് ക്ലാസിൽ പ്രീഡിഗ്രി ഒരു വർഷവും  ഡിഗ്രിക്ക് രണ്ട് വർഷവും ഇരുന്നിട്ടുണ്ട്. നല്ല രീതിയിൽ വിഷയം പറഞ്ഞു തരുന്ന അദ്ധ്യാപകനായി എല്ലാവർക്കും പൊതുവിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഞാൻ പെട്ടന്ന് ഓർക്കുന്നത് എന്തോ പറഞ്ഞപ്പോഴുള്ള മാഷിന്റെ ഉദാഹരമാണ്. സിനിമ കാണാൻ ക്‌ളാസ് കട്ട് ചെയ്ത പോയ കുട്ടികളെ ചെറിയ രീതിയിൽ ശകാരിക്കുന്നു. ജയറാം മാഷിന്റെ പോലെ അത്ര കോപം അഭിനയിക്കില്ല. ശകാരിക്കുന്നുവെന്ന് പലപ്പോഴും തോന്നാറില്ല. എങ്കിലും ഒരിക്കൽ ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ടവരോട് ശാസനയായി സംസാരിക്കുന്നതിനിടയിൽ. "നിങ്ങൾ സിനിമ കാണുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല... പക്ഷേ അതെങ്കിലും ശരിക്ക് കാണണം."

അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

പെട്ടന്ന് മാഷ് ഒരു ചോദ്യം ചോദിച്ചു. "അടുത്ത കാലത്ത് ഇറങ്ങിയ വിയറ്റ്നാം കോളനി എത്ര പേര് കണ്ടു?"

ഹിറ്റ് സിനിമയായതിനാൽ മിക്കവാറും ക്‌ളാസ്സിലെ എഴുപത് ശതമാനംപേരും കണ്ടതാണ്.

അതിൽ നിന്ന് എന്ത് പഠിച്ചു എന്നതാണ് അടുത്ത ചോദ്യം.

‘എന്ത് പഠിക്കാൻ...സൂപ്പറല്ലെ..സാറേ..സൂപ്പറ്‍ കോമഡിയല്ലേ?’ എല്ലാവരും മനസ്സിൽ പറഞ്ഞു.

മാഷ് എല്ലാവരുടെയും മുഖത്തേക്ക് നോക്കി. ആകാംഷയോടെ ഞങ്ങളും മാഷിന്റെ മുഖത്തേക്ക് നോക്കി. അതിനു ശേഷം ആ സിനിമയിലെ നായക കഥാപാത്രം 5 ഗുണ്ടകളോട് പ്രത്യേകം സംസാരിക്കുന്ന ഭാഗത്തെ കുറിച്ച് വിവരിച്ചു. "ഇരുമ്പ് സമ്മതിക്കുമ്പോൾ ജോൺ സമ്മതിക്കില്ല. ജോൺ സമ്മതിക്കുമ്പോൾ വട്ടപ്പിള്ളി സമ്മതിക്കില്ല. അങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിൽ നിന്നും എന്ത് മനസിലായി?"

"എന്ത് മനസ്സിലാവാൻ?"   ഞങ്ങൾ അന്തവിട്ടു.  അവർ ഗുണ്ടകളല്ലേ സാറേ.

"എടൊ ... അത്  നായകന്റെ സ്റ്റേക്ക് ഹോൾഡർ മാനേജ്‌മെന്റിന്റെ ഉദാഹരണമാണ്.  അതാണ് സിനിമയിൽ കാണിക്കുന്നത്. "

ഞങ്ങൾ പിന്നിലിരുന്ന് മനസ്സിൽ പറഞ്ഞു. "എന്ത് ഹോൾഡർ? ഇതൊക്കെ സംവിധായകൻ പോലും വിചാരിച്ചു കാണില്ല."

എന്നിട്ട് സിനിമ കണ്ടവരെ ഒരിക്കൽക്കൂടി ചീത്ത പറഞ്ഞു. "വെറുതെ സിനിമ കണ്ടാൽ പോര. അതിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണം." മാഷ് അവസാനിപ്പിച്ചു.

"കൊള്ളാം മാഷ് കിടിലൻ.." ഞാൻ മനസ്സിൽ പറഞ്ഞു. "വെറും ഫിസിക്സ് മാത്രമല്ല.." 

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...