കോളേജിൽ പഠിക്കുമ്പോൾ ഡോക്ടറെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കണമെന്ന്
റോസിയമ്മ ആഗ്രഹിച്ചിരുന്നു. കാരണം വളരെ ലളിതമാണ്. വെറും സ്വാർത്ഥത. എന്തെങ്കിലും രോഗം വന്നാൽ സത്യസന്ധമായി സംസാരിക്കാൻ
കഴിയുന്ന ഒരാൾ വീട്ടിലുണ്ടെങ്കിൽ അമ്മയുടെ ആരോഗ്യം രക്ഷപ്പെട്ടു. കുറ്റം പറയാൻ കഴിയില്ല.
ആശുപത്രികളെ കുറിച്ച് ദിവസവും പത്രത്തിൽ വായിക്കുന്ന, ചിന്തിക്കുന്ന വ്യക്തികൾക്ക്;
രോഗം, രോഗത്തിന്റെ കാരണം, ചികിത്സ ഇതൊക്കെ
ശരിയായി എല്ലായിടത്തും നടക്കുന്നുണ്ടോയെന്ന സംശയം ഉണ്ടാവുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.
പത്രത്തിലും, ടീവിയിൽ വരുന്ന ചില വാർത്തകൾ , ഒന്നിനെ പത്താക്കി വലുതാക്കി സംശയം വരുന്ന
തരത്തിലാണല്ലോ. (പ്രത്യേകിച്ചും ആശുപത്രികൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ.) അതുകൊണ്ട്
തന്നെയാവണം വീട്ടിൽ ഒരു ഡോക്ടറെന്ന സ്വാർത്ഥ ചിന്ത വളർന്നത്. അമ്മക്ക് ആകെ വിശ്വാസമുള്ള രണ്ട് ഡോക്ടർമാരെ ലോകത്തിലുള്ളു.
ഫസ്റ്റ് കസിൻ ഡോക്ടർ ഡോക്ടർ വർക്കിയും, ഡോക്ടർ
എൽസിയുമാണ്. ഫസ്റ്റ് കസിൻ ഡോക്ടറായാൽ ഗുണം അതാണ്. രണ്ടു പേരും കേരള ഗവണ്മെന്റ് സർവീസിൽ
നിന്നും വിരമിച്ചവരാണ്. അവരോട് സംസാരിക്കുമ്പോൾ അവർ തന്നെ പല മരുന്നുകളും കഴിക്കാൻ ഭയപ്പെടുന്നതിനെ കുറിച്ച് പറയുന്നത് കണ്ടിട്ടുണ്ട്. ഒരിക്കൽ വർക്കിയച്ചൻ പറഞ്ഞു...: "ഗ്യാസ്..ഹ്മ്മ്
... ഞാൻ തന്നെ ഉള്ളിയാണ് കഴിക്കുന്നത്... പിന്നെ എങ്ങനെ നിന്നോട് ഞാൻ വേറെ മരുന്ന്
കഴിക്കാൻ പറയും."
റോസിയമ്മ പണ്ട് പറയുന്നത് കേട്ടിട്ടുണ്ട്
"അവരുടെ മകൾ വളർന്നു ഒരു ഡോക്ടറവും അവളെ നീ കല്യാണം കഴിച്ചാൽ..... "
ഞാൻ വാചകം പൂർത്തിയാക്കും, "മമ്മിയുടെ
ഭയം തീരും...." ബന്ധുക്കൾ ഡോക്ടർമാരായാൽ
പോരാ. വീട്ടിൽ തന്നെ വേണം, അതിരു കടന്ന സ്വാർത്ഥത. അതിന് ശേഷം അമ്മ തന്നെ പറയും
"ബന്ധുക്കൾ തമ്മിലുള്ള വിവാഹം പാടില്ല." ഡിഗ്രി ബയോളജിക്കൽ ശാസ്ത്രം പഠിച്ചതുകൊണ്ട്
അങ്ങനെ ഒരു കാര്യം അമ്മ ഓർക്കുന്നുണ്ട്.
ഇനി എന്റെ മകളെയാണ് റോസി അമ്മമ്മ അടുത്ത
ഡോക്ടർ ഊഴത്തിനു കണ്ടുവെച്ചിരിക്കുന്നത്. 45 വർഷം മുമ്പ് ബന്ധുവായ ഡോക്ടറെ കുറിച്ച് അപ്പാപ്പൻ പറയുന്നത് കേട്ടിട്ടുണ്ട് "മരുന്ന്
അരയ്ക്കാൻ വീട്ടില് ഒരാളായില്ലേ...."
എന്റെ എം.സി.എ സുഹൃത്ത് വിജു വിവാഹം കഴിഞ്ഞു
ഭാര്യ വീട്ടിലെത്തിയപ്പോൾ ആദ്യ ദിവസം തന്നെ വീട്ടിലെ കേടുവന്ന കമ്പ്യൂട്ടർ ശരിയാക്കാൻ
ഇട്ടുകൊടുത്തതും, അതുവരെ കമ്പ്യൂട്ടർ കൈകൊണ്ടു തൊടാതെ തന്നെ ഡിഗ്രി ലഭിച്ചത്കൊണ്ട്
കുറച്ചു അറപ്പോടെ വെറുപ്പോടെ എന്നാൽ സ്നേഹത്തോടെ കമ്പ്യൂട്ടറിനെ നോക്കി നിൽക്കുമ്പോൾ
അടുത്ത വീട്ടിലെ ഒരു ചെറിയ കുട്ടി ഓടിവന്ന് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തപ്പോൾ കമ്പ്യൂട്ടർ
വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. വിജു നാണക്കേടിൽ നിന്നും രക്ഷപ്പെട്ടു. എം.സി.എ കഴിഞ്ഞ
വ്യക്തി കമ്പ്യൂട്ടർ ശരിയാക്കികൊടുക്കുമെന്നത് വീട്ടുകാരുടെ പ്രതീക്ഷയാണ്.
മകൾ ഡോക്ടറാവുമോ എന്നെനിക്കറിയില്ല. പക്ഷേ,
അമ്മാമ്മ പ്രതീഷിക്കുന്നത് മരുന്ന് അരയ്ക്കുകയെന്ന പണി ചെയ്യുന്ന ആളിനെയാണ്. അതിന്റെ പ്രവേശന പരീക്ഷ
അടുത്തു വരുന്നു. ഈ പ്രാവശ്യം ലഭിക്കില്ലെന്ന് മകൾ കട്ടായം പറയുന്നു.
No comments:
Post a Comment