പപ്പയും മറ്റു പല ബന്ധുമിത്രാധികളും പഠിച്ച
കോളേജെന്ന രീതിയിലാണ് ആദ്യമായി തൃശൂർ എഞ്ചിനീയറിംഗ് കോളേജ് എന്റെ തലയിൽ സ്ഥാനം പിടിക്കുന്നത്.
പ്രീഡിഗ്രി സമയത്ത് എഞ്ചിനീറിങ്ങിനെ കുറിച്ച് ഞാൻ കേട്ടിരുന്ന കാര്യങ്ങൾ “കമ്പ്യൂട്ടർ ബ്രാഞ്ച് ലഭിക്കാൻ അന്നത്തെ ഒരു സാഹചര്യത്തിൽ
ആദ്യ 500 റാങ്കിൽ വരണം അല്ലെങ്കിൽ അവിടെ മാത്രമല്ല ഒരിടത്തും പ്രവേശനം ലഭിക്കില്ല.
മറ്റു ബ്രാഞ്ചുകൾക്ക് ജോലി സാധ്യത കുറവാണ്.”
ആദ്യ 500 ലഭിക്കണമെങ്കിൽ വേണ്ടതായുള്ള
പഠനം നടത്താൻ ഞാൻ തയ്യാറല്ലെന്ന് ആ കാലത്ത് എനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട്
തന്നെ തൃശൂർ എഞ്ചിനീയറിംഗ് കോളേജെന്ന പദ്ധതി
വേണ്ടെന്നു വെച്ച് അന്നത്തെ കൂടുതൽ താല്പര്യം നോക്കി സെയിന്റ് തോമസിൽ ഫിസിക്സ് പഠനം
തുടർന്നു.
ഒരു ഭംഗിക്ക് നമ്മൾ പറയില്ലേ, വരാൻ വെച്ചത്
വഴിയിൽ തങ്ങില്ല. ഡിഗ്രി കഴിഞ്ഞു സിനിമ തിരക്കഥ
മോഹവുമായി നടക്കുമ്പോൾ തൃശൂർ എഞ്ചിനീയറിംഗ്
കോളേജിലേക്ക് സുഹൃത്ത് വഴി ഒരു ക്ഷണം ലഭിച്ചു. മിമിക്രി അവതരണത്തിനാണ് വിളി വന്നിരിക്കുന്നത്.
അവിടെ പഠിക്കുന്ന സിവിൽ ബ്രാഞ്ച് സുഹൃത്ത് ആയിരം രൂപ യൂണിയൻ സംഘാടകരോട്
പറഞ്ഞു ഫീസ് തരാമെന്നു കാര്യങ്ങൾ ഉറപ്പിച്ചു. പിന്നീട് അത് 750 ആയി കുറച്ചു പറഞ്ഞതും
ഓർമ്മയുണ്ട്. അങ്ങനെയുള്ള സംഭാഷണങ്ങൾ നടക്കുന്നതിനിടയിലാണ് തീരെ പ്രതീക്ഷിക്കാതെ കേരള
എം.സി.എ എൻട്രൻസ് കടമ്പ കടക്കുന്നത്. അന്നൊക്കെ അതിനെ ലോട്ടറി എന്നാണ് പലരും പറഞ്ഞത്.
പുറത്ത് പഠിക്കാനുള്ള ഉയർന്ന ചിലവാണ് അതിന്റെ ആദ്യ കാരണം. എന്റെ ഓർമ്മ
ശരിയാണെങ്കിൽ ആകെ 90 സീറ്റുകൾ മാത്രമാണ് കേരളത്തിൽ ആ കാലത്ത് ആകെ ഉണ്ടായിരുന്നത്. ആറായിരം
രൂപക്ക് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് തൃശൂരിൽ തന്നെ പഠിക്കാൻ അവസരം ലഭിക്കുക ലോട്ടറി തന്നെയാണല്ലോ. ഞാനും അത് ശരി വെച്ചു.
അതിനിടയിൽ സിവിൽ സുഹൃത്ത പ്രജിത് എന്നെ
കണ്ടപ്പോൾ പറഞ്ഞു “അടുത്ത മാസം അവിടെ വിദ്യാര്ഥിയെങ്കിൽ പിന്നെ മിമിക്രിയുടെ ആയിരം രൂപ മറന്നേക്കൂ. ഇനി
അവിടുത്തെ സ്റ്റുഡന്റ് ഫ്രീ ആയി മിമിക്രി അവതരിപ്പിച്ചു
പോയേക്കു. വലിയ ഫ്രോഫഷണൽ ജാഡ ഞങ്ങളുടെ അടുത്ത ഇനി
വേണ്ട. (ഞങ്ങൾ സ്വയം കളിയാക്കി വിളിക്കുന്ന വാക്കാണ് ഫ്രോഫഷണൽ)”
അങ്ങനെ 1998 ജനുവരിയിലെ ആദ്യ ദിവസങ്ങളിൽ
തൃശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പടികൾ കയറി.
എന്നോടൊപ്പം ഡിഗ്രി ഫിസിക്സ് പഠിച്ച രാം, മനോജ് കൂടെ ഉണ്ടായിരുന്നു. റാഗിങ്
എന്ന ഓമനപ്പേരിൽ ചില തമാശകൾ സീനിയർ വിദ്യാർഥിക നടത്തിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്.
കൃത്യമായി ഓരോന്നും ഓർക്കുന്നില്ല. ഒരു ഐസ് ബ്രേക്കിംഗ് എന്നതിലപ്പുറം റാഗിങ്ങ് അവിടെ
ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ ആഴ്ചയിൽ തന്നെ കേട്ട ഒരു സീനിയർ വിദ്യാർത്ഥിയുടെ വാചകം
ഓർമ്മയുണ്ട്.
“നീ എന്തിനാണ് ഫിസിക്സ് വേണ്ടന്നുവെച്ച്
ഇവിടെ വന്നത് ? നിന്റെ ഉള്ള വില കളയണോ?”
‘ജോലി ലഭിക്കാൻ സാധ്യതയുള്ള ഒരു ഡിഗ്രിയും
പ്രശ്നമാണോ. എന്തെങ്കിലുമാകട്ടെ ഇത് പൂർത്തിയാക്കുക തന്നെ.’ മനസ്സിൽ അത്രയും പറഞ്ഞുറപ്പിച്ചു.
ആദ്യ ദിവസം ക്ലാസ്സിൽ ഓരോരുത്തരെ പരിചയപ്പെട്ടു
കൊണ്ടിരിക്കുമ്പോൾ വിനീത എന്റെ അടുത്തേക്ക് വന്നു പരിചയപ്പെട്ടു. "നിങ്ങളെ ഞാൻ
എവിടെ വച്ച് കണ്ടാലും മറക്കില്ല." അവൾ പറഞ്ഞു.
എന്റെ വല്ല മിമിക്രി ഫാൻ ആയിരിക്കുമെന്ന
സന്തോഷത്തിൽ അടുത്ത നിന്നിരുന്ന മനോജിന്റെ മുഖത്തേക്ക് അഭിമാനത്തോടെ നോക്കുമ്പോഴേക്കും അവൾ
പറഞ്ഞു, “നിങ്ങൾ കാരണമാരണ് എനിക്ക് പരീക്ഷക്ക് ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചത്.” ഞാൻ
അമ്പരന്നു നിൽക്കുമ്പോൾ ഒരേ എൻട്രൻസ് പരീക്ഷ സെന്ററിൽ അവൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളോട്
സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു പ്രത്യേക ചോദ്യം വരുമെന്ന് ബെറ്റ് പറഞ്ഞതായും അത് അവൾ
ഒളിഞ്ഞു കേട്ട് പഠിച്ചതിന്റെ പേരിലാണ് എന്നെ ഓർക്കുന്നതെന്നായിരുന്നു അവളുടെ മറുപടി.
ഞാൻ മനസ്സിൽ പറഞ്ഞു "അയ്യേ... അതായിരുന്നോ...
എല്ലാം കളഞ്ഞു." ഏത് മിമിക്രി സ്റ്റേജാണ് കണ്ടതെന്ന് ചോദിക്കാനുള്ള സമയം തരുന്നതിനു
മുമ്പേ സംസാരപ്രിയ വിനീത ഇടിച്ചു കയറി വളരെപെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിച്ചു.
അന്നത്തെ ചിന്ത ഇവിടെ പഠിക്കുമ്പോൾ ദിവസവും
വീട്ടിൽ പോയി വരാമെന്നതാണ്.
അത്
ഗുണം. അത് തന്നെയാണ് ദോഷവും.
ഹോസ്റ്റൽ ജീവിതം, അവിടുത്തെ കെട്ടുകാഴ്ചകൾ
നിങ്ങൾക്ക് നഷ്ടപ്പെടും.
അധ്യാപകരുടെ ക്ളാസുകളിൽ ആദ്യം ഞാൻ ഓർക്കുന്നത്
അഗ്നിശർമൻ നമ്പൂതിരി സാറിന്റെ ആദ്യ ഇലക്ട്രോണിക് ക്ലാസാണ്.
അമേരിക്കൻ യൂണിവേഴ്സിറ്റിയി പഠിപ്പിച്ച
മാഷാണ് എന്നാണ് കേട്ടുകേൽവി. എന്തെങ്കിലും പുതിയതായി ലഭിക്കാതിരിക്കില്ല എന്ന ചിന്തയിൽ
കാത് കൂർപ്പിച്ചു ക്‌ളാസ് ശ്രദ്ധിച്ചിരുന്നു. പൊതുവെ ശബ്‍ദം കുറവായിരുന്നതുകൊണ്ട് വളരെയധികം
ശ്രദ്ധയോടെ ലെക്ചർ കേട്ടിരുന്നു. ഈ ലേഖനം എഴുതുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് അദ്ദേഹം
പങ്കുവെച്ച ഒരു അനുഭവകഥയാണ്. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ആദ്യ ദിവസം ക്ലാസ് എടുക്കാൻ
പോയപ്പോൾ നടന്ന അനുഭവം തമാശയോടെ അദ്ദേഹം ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. തമാശ എന്ന്
പറയുമ്പോൾ ഏത് രീതിയിൽ പെടുത്താമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പല സ്ഥലങ്ങളിലെ പല
രീതികളിലെ വ്യത്യസം തമാശയായി ചിലർക്ക് അനുഭവപ്പെടുകയും ചിലർക്ക് അത് യാഥാർഥ്യമായിരിക്കുകയും
ചെയ്യുന്ന അവസ്ഥകളുണ്ടല്ലോ. അങ്ങനെയൊന്നു അദ്ദേഹം പൊട്ടിച്ചു.
ഇതാണ് ആദ്ദേഹത്തിന്റെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ
ആദ്യ ദിവസത്തെ അനുഭവം. അദ്ദേഹം ക്‌ളാസ് മുറിയിൽ കയറി ചെല്ലുന്നു.
അവിടെ ഒരു സ്ത്രീ അവരുടെ പുറത്ത് അവളുടെ
കുട്ടിയെ ചുമന്നു അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കുന്നു. മാഷ് ലെക്ചർ തുടങ്ങുന്നതിനു
മുമ്പ് അവളെ സംശയഭാവത്തിൽ നോക്കി. അവൾ ക്‌ളാസിൽ നിന്നും ഇറങ്ങി പോകുന്ന ലക്ഷണമില്ല.
കുട്ടിയെ പുറത്തിട്ട് സുഖമായി മാഷിന്റെ ഇലക്ട്രോണിക്സ് ക്‌ളാസ് കേൾക്കാൻ ഇരിക്കുന്നു. പുതിയ സ്ഥലമായതുകൊണ്ട്
മാഷ് മനസില്ലാമനസോടെ അവളോട് ചോദിച്ചു "ഇതെന്താ ഇങ്ങനെ ക്ലാസിൽ കുട്ടിയെ പിടിച്ചിരിക്കുന്നത്?"
അവൾ അതിനു പറഞ്ഞ നിഷ്കളങ്കമായ മറുപടി,
കുട്ടിയെ സ്വന്തം പുറത്തിടുന്നതാണ് അവൾക്ക് കൂടുതൽ സുഖമെന്നാണ്. അതോടെ മാഷിന്റെ സംശയം
തീർന്നു. സാംസ്കാരികമായ വ്യസ്തത മാഷിനെ ഓർമ്മിപ്പിച്ച ആദ്യ അനുഭവമാണ് ഞങ്ങളുടെ മുന്നിൽ
പങ്കുവെച്ചത്.
No comments:
Post a Comment