അവസാനം കണ്ടത്
തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിന്റെ ഗാലറിയിൽ. പക്ഷെ ഇന്ന്
അവൾ വരുമോ? തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കാറോടിച്ചു പോകുമ്പോൾ ഞാൻ ആലോചിച്ചു കൊണ്ടിരുന്നു.
സമയം വെള്ളിയാഴ്ച കാലത്ത് 6:45, ഡിസംബർ 5 2014. ആദ്യ നോവൽ പ്രകാശനം നടക്കുന്ന
ദിവസം.
എന്റെ ചിന്ത പഴയ പാർക്കർ പേനയിലേക്ക് പോയി. 13 വർഷം
മുമ്പ് തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഗാലറിയിൽ വെച്ച് ഞാൻ കൊടുത്ത ആ പേന തിരിച്ചു ലഭിക്കുമോ? കുമാറിന്റെ ബെറ്റ്
പൊളിയും. ‘അവൾ ആ പേനയും കൊണ്ട് പുസ്തക പ്രകാശനത്തിനു
വരും.’ അതോ കുമാർ പറഞ്ഞ പോലെ, അവളുടെ കുട്ടികൾ അത് നശിപ്പിച്ചു കാണുമോ?.
പപ്പയുടെ
ശേഖരത്തിൽ നിന്നും ഞാൻ മോഷണം നടത്തിയ പേന. ഇപ്പോൾ ഏകദേശം 60 വർഷം പഴക്കമുള്ള പേന. 2001 ആഗസ്റ്റ് മാസത്തിൽ, ആ പേന അവൾക്കു കൊടുക്കുമ്പോൾ, ഞാൻ പറഞ്ഞത്
ഒരേ ഒരു കാര്യം..."ഇത് 40 വർഷം പഴക്കമുള്ള പേന, ഞാൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ പേന, 12
വർഷത്തിനു ശേഷം എന്റെ ആദ്യ നോവൽ പബ്ലിഷ് ചെയ്യുമ്പോൾ, എനിക്ക്
ഈ പേന സമ്മാനമായി നീ തിരിച്ചു തരണം…”
“തിരിച്ചു
തരാനാണെങ്കിൽ ഇപ്പോൾ ഇത് എന്തിനാ എനിക്ക് തരുന്നത്?” അവളുടെ ന്യായമായ സംശയം.
“അത് നിനക്ക്
ഇപ്പോൾ മനസിലാവില്ല. ആ ദിവസം മനസിലാകും.”
വർഷങ്ങൾക്ക് ശേഷം ആ ദിവസം, എന്റെ
കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ അവളെ അന്വേഷിച്ചു. പക്ഷെ അവൾ വന്നില്ല.
പിന്നെയും കുറച്ചു മാസങ്ങൾക്ക് ശേഷം യാദൃശ്ചികമായി
അവളെ കണ്ടപ്പോൾ പാർക്കർ പേനയുടെ കാര്യം ചോദിച്ചു. അവൾക്ക് അങ്ങനെ ഒരു പാർക്കർ പേനയുടെ
കാര്യം ഓർമ്മയില്ല എന്നായിരുന്നു മറുപടി.
എപ്പോഴാണ് ഓർമ്മയില്ലെന്നു മറുപടി
പറയേണ്ടതെന്ന് അവൾ എന്നെ പഠിപ്പിച്ചു. പുറത്ത് പറയാതെ അവൾ മനസ്സിൽ പറഞ്ഞ മറുപടിയും
ഞാൻ കേട്ടു. "അയ്യടാ അങ്ങനെ ഇപ്പോൾ സുഖിക്കേണ്ട.... അത്രയും അഹങ്കാരം വേണ്ട."
No comments:
Post a Comment