ഓർമ്മകൾക്കിടയിൽ ഓർത്തിരിക്കുന്ന ഒരു
പൊങ്ങച്ചം. പൊങ്ങച്ചം എഴുതുന്നത് അത്ര നല്ല കാര്യമല്ലല്ലോ, എന്നാലും നിരവധി പരാജയങ്ങൾക്കിടയിൽ
ചിലതു വിജയങ്ങളായി എന്നും ഓർത്തിരിക്കും. അങ്ങനെയൊന്നാണ് നാലാം സെമസ്റ്റർ സമയത്ത് വൃന്ദ
ടീച്ചറുടെ ക്ലാസ്സിൽ നടത്തിയ എന്റെ ചെറിയൊരു ലെക്ചർ. സോഫ്റ്റ് എഞ്ചിനീയറിംഗ് ആണ് വിഷയം.
കുറച്ചു നീട്ടി പിടിക്കുന്ന വിഷയമായത് കൊണ്ട് പഠിപ്പിക്കാൻ ടീച്ചർക്ക് ബോറടിക്കുന്നുണ്ടോ
എന്ന് ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. അത് കൊണ്ടാവാം, എംസിഎ ബാച്ചിലെ കുട്ടികൾ എല്ലാവരും
ഓരോ ക്ലാസ് അര മണിക്കൂർ വീതം സോഫ്റ്റ് എഞ്ചിനീയറിംഗിലെ തെരെഞ്ഞടുത്ത ഭാഗങ്ങൾ പഠിപ്പിക്കാനായി
ടീച്ചർ തന്നെ ആവശ്യപ്പെട്ടത്. കുറച്ചു പേരുടെ ലെക്ചർ കഴിഞ്ഞു എന്റെ ഊഴമെത്തി.
നാലാം സെമസ്റ്റർ ആയപ്പോഴേക്കും ക്ലാസിൽ
വരുന്ന കുട്ടികളുടെ എണ്ണം മുപ്പതിൽ നിന്നും പതിനഞ്ചിലേക്ക് കുറഞ്ഞു തുടങ്ങിയിരുന്നു.
പിന്നെ പിന്നെ അത് പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ള ഒരു സംഖ്യയായി മാറിയിരുന്നു. ഒരാഴ്ച
സമയം കിട്ടിയത് കൊണ്ട നല്ല പോലെ പരിശീലനം നടത്തി ലെക്ചെർ നടത്തി. ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ ഏതാണ്ട് അവസാനമായപ്പോഴാണ്
ഞാൻ അത് ശ്രദ്ധിച്ചത്, എന്റെ ലെക്ചെർ കേൾക്കാൻ എന്റെ ക്ലാസിനകത്ത് 15 പേർ മാത്രമാണെങ്കിലും
പുറത്ത് ജനാലയ്ക്കും വാതിലിനുപുറത്തുമായി 50-ലധികം ബിടെക് എലെക്ട്രിക്കൽ മെക്കാനിക്കൽ
പ്രത്യേകിച്ചും അടുത്തുള്ള ക്ലാസുകാർ നിൽക്കുന്നു.
പൊങ്കച്ചമായി തോന്നുന്നില്ലേ? ക്ഷമിക്കു. ചെറിയ അതിശയോക്തിപോലുമില്ല. നടന്ന സത്യമാണ്.
ലെക്ട്രർ അവസാനിച്ചു അഭിമാന ബോധത്തോടെ സീറ്റിൽ ചെന്നിരുന്നു. അഭിമാനത്തിന് കാരണം വൃന്ദ
ടീച്ചർ അത് ശ്രദ്ധിച്ചുവെന്നത് മാത്രമായിരുന്നു. എന്റെ ബാച്ചിലെ കുട്ടികൾക്ക് എന്നെ
എന്തായാലും അറിയാമല്ലോ. പുതിയ ആരെയെങ്കിലും എന്റെ പ്രകടനം കണ്ടല്ലോ എന്നതായിരുന്നു
സന്തോഷത്തിനു കാരണം. പക്ഷെ ഒട്ടും സന്തോഷം പുറത്ത് കാണിച്ചില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ
സന്തോഷം നിയന്ത്രിക്കാനുള്ള പരിശീലനം ലഭിച്ചത് കൊണ്ട് ഉള്ളിൽ ഒതുക്കി അങ്ങനെ ഇരുന്നു.
എന്നാൽ ടീച്ചർ പ്രത്യേകമായി എന്റെ ലെക്ചട്യൂറിംഗിനെ ഒന്നും പറഞ്ഞില്ലെങ്കിലും പുറത്തു തടിച്ചു കൂടിയ
കുട്ടികളെ കണ്ടതിൽ ചെറിയ ഒരു ഷോക്ക് ടീച്ചറുടെ
മുഖത്ത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ക്ലാസ്സിനിടവേളയിൽ ക്ലാസിലെ കൂട്ടുകാരുടെ
അഭിനന്ദനങ്ങൾക്കിടയിൽ പ്രീതി പറഞ്ഞു "ഇത് എളുപ്പമുള്ള വിഷയമായതുകൊണ്ടാണ് ഇത്രയും
നന്നായത്. " റാം അവളെ തിരുത്തി "എളുപ്പായാലും ബുദ്ധിമുട്ടായാലും നന്നായാൽ
നന്നായി..നന്നായി ചെയ്താൽ തന്നെ നന്നാവുകയുള്ളു." ഞാൻ അതിനു മറുപടിയായി പറഞ്ഞു
“വിഷയം എളുപ്പമാണല്ലോ.”
റാം വീണ്ടും പറഞ്ഞു "എളുപ്പമായാലും
ഇങ്ങനെ ചെയ്യാൻ എളുപ്പമല്ല."
എന്നാൽ അവരോട് അന്ന് ഞാൻ ഒരു സത്യം പറഞ്ഞില്ല.
ആ ഒരു സെഷൻ ചെയ്യാൻ ഏതാണ്ട് ഒരാഴ്ച കുറഞ്ഞത് 20
തവണയെങ്കിലും സ്വന്തം റൂമിൽ പറഞ്ഞു പഠിച്ചിരുന്നുവെന്നതാണ് അവരിൽ നിന്നും മറച്ചു
വെച്ച സത്യം. 20 തവണ എന്ന് പറയുമ്പോൾ കൃത്യമായി ആ 30 മിനിറ്റിൽ ഓരോ രണ്ടു മിനിട്ടിലും
ഞാൻ എങ്ങനെ എന്ത് പറയണമെന്ന് പരിശീലിക്കുക. എന്നാൽ ഒരു പരിശീലനവും നടത്താതെ അടുത്ത
വർഷം മറ്റൊരു ലെക്ടർ നടത്തിയപ്പോൾ അത് ശ്രദ്ധിക്കപെടാതെ പോകുകയും ചെയ്തു. എന്തായാലും ബാച്ച് മേറ്റ്സ് എന്റെ നല്ല പ്രകടനം
കണ്ടുവെന്നതിനേക്കാൾ അത് ടീച്ചറുടെ മുന്നിൽ വെച്ചായിരുന്നുവെന്നതാണ് അന്നത്തെ എന്റെ
എന്റെ സന്തോഷത്തിനു കാരണം.
No comments:
Post a Comment