കൂട്ടുകാരുമൊത്ത് അമേരിക്കയിലെ സിൻ സിറ്റിയെന്ന്
ഓമനപ്പേരുള്ള ലാസ് വെഗാസ് പട്ടണത്തിൽ യാത്ര
നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് ആദ്യമായി പ്രായോഗീക മെൻഡലിസം ആദ്യമായി ഞാൻ ചെയ്യുന്നത്.
ഞങ്ങൾ സഹപ്രവർത്തകർ ഏഴു പേരുണ്ട്. കാസിനോകൾ ഓരോന്ന് കണ്ടു രാത്രി മുഴുവൻ കറങ്ങി നടന്നു.
കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ കാണുമ്പോൾ കൂടെയുള്ള ചില പെൺകുട്ടികൾ എന്റെ കണ്ണ് പൊത്താൻ
പറയുന്നത് കേൾക്കാം. ഒരു കാസിനോയിൽ കറങ്ങുന്നതിനിടയിൽ ഒരു സ്ത്രീ അടിവസ്ത്രമൊന്നുമിടാതെ
കാൽ അകത്തിവെച്ച് എന്റെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരുന്നു. അങ്ങോട്ട് നോക്കരുതെന്ന് റീനയും
റാണിയും പറഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് ഞാൻ എഴുന്നേറ്റ് ആ അമേരിക്കക്കാരിയുടെ അടുത്ത്
ചെന്ന് മുട്ടിൽ ഇരുന്ന് "വിൽ യു മാരി മി?" എന്ന ചോദ്യം ഉയർത്തി. ഞാൻ നിങ്ങൾ
ഉദ്ദേശിക്കുന്ന വ്യക്തിയല്ലെന്ന് ആ സ്ത്രീ
മറുപടി പറഞ്ഞു. പെട്ടന്ന് എഴുന്നേറ്റ് അവൾ മാറി നടന്നു, അല്പ ദൂരം നടന്നു പിന്നെ
എന്തോ ആലോചിച്ചു തിരിച്ചു വന്ന് എന്നോട് പറഞ്ഞു,
"ഐ ആം എ പ്രോസ്റ്റിറ്റിറ്റ്യുട്.." ഞാൻ ഒന്നും അറിയാത്തപ്പോലെ നിഷ്കളങ്കനായി
അവരുടെ മുഖത്തേക്ക് നോക്കി. എന്തായാലും കുഴപ്പമില്ലെന്ന മട്ടിലാണ് നിൽപ്പ്, അവൾ ചോദിച്ചു, "കാർ ഉണ്ടോ ?"
ഞാൻ പറഞ്ഞു "ഇല്ല." മറുപടി
പെട്ടന്നായിരുന്നു. "ജസ്റ്റ് ഗെറ്റ് ലോസ്റ്റ്
..." എത്ര മനോഹര ശബ്ദം.
ബാലയും വെങ്കിയും റാണിയും എന്നെ പിടിച്ചു
വലിച്ചു കൊണ്ടുപോയി. ഞാൻ റാണിയോടും വെങ്കിയോടും പറഞ്ഞു, "അവൾ എന്ത് പറയുമെന്ന്
എനിക്കറിയാമായിരുന്നു." ആകെ അമ്പരന്നു നിന്ന വെങ്കി ഞാൻ എന്താണ് അവളോട് കൃത്യമായി
പറഞ്ഞതെന്ന് ചോദിച്ചു കൊണ്ടിരുന്നു. “എന്റെ മെൻഡലിസമാണ്.”
“നീയും നിന്റെ മെൻഡലിസവും, അവർ എന്തിനും തയ്യറായിരുന്നെങ്കിൽ..."
“ഇല്ല. എനിക്കുറപ്പായിരുന്നു..."
ഏതോ കാസിനോയിൽ വെച്ച് സഹപ്രവർത്തകയായ
റാണിയുടെ ക്യാമറ മറ്റൊരാൾ തട്ടിപ്പറിച്ചു. ഒരാൾ നോക്കി നിൽക്കെ അയാളുടെ ക്യമാറ മറ്റൊരാൾ
എടുക്കുന്നു. മോഷ്ടിച്ചയാൾ ആ ക്യാമറ അവരുടേതെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. വലിയ തർക്കമായി.
ചുറ്റും ഏകദേശം ഇരുപത് പേര് കൂടി. കാസിനോ ഹോട്ടൽ മാനേജർ വന്നു. ആർക്കും പ്രശ്നം തീർക്കാൻ
കഴിയുന്നില്ല. പോലീസിനെ വിളിക്കാൻ ചിലർ പറയുന്നുണ്ട്. പ്രശ്നം കൂടുതൽ വഷളാവുന്നു. ആള്ക്കാര്
കൂടുന്നു. മോഷ്ടിച്ചയാളുടെ കൂടെ നാലോ അഞ്ചോ പേര് വേറെയുണ്ടെന്ന് ശരീരഭാഷയിൽ നിന്ന്
വ്യക്തമാണ്. അല്പപ് നേരം അവരെ നിരീക്ഷിച്ച് ഞാൻ പ്രശ്നം തീർക്കാൻ രംഗത്ത് ചാടി വീണു.
എല്ലാവരുടെയും നടുവിലേക്ക് വന്നു ഉറക്കെ
ബഹളം വെച്ചു "ഐ വിൽ സോൾവ് ദിസ് പ്രോബ്ലം... ഓക്കേ ...ഐ വിൽ സോൾവ് ."
മോഷ്ടിച്ച വ്യക്തിയോട് ഞാൻ ചോദിച്ചു,
“നിങ്ങൾ ഇതിൽ എടുത്ത അവസാന ഫോട്ടോ ഏതാണ്.?”
എന്റെ അവസരോചിത ബുദ്ധി കണ്ട് സഹപ്രവർത്തക റാണി അത്ഭുതപ്പെട്ടു.
നടൻ ജഗദീഷിന്റെ മുഖഭാവത്തിൽ 'ഇതൊക്കെയെന്ത്. ചീള് കേസ്' എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി.
അതെ, റാണിയും ചോദിച്ചു, “എന്റെ ക്യാമറയിലെ
അവസാന ഫോട്ടോ എനിക്കറിയാം, നിങ്ങളുടെ ക്യമറയിലെ അവസാന ഫോട്ടോ നിങ്ങൾ പറയൂ...”
ഞങ്ങൾ മോഷ്ടാവിനെ കയ്യോടെ കുടുക്കിയെന്ന്
സന്തോഷ ഭാവത്തിൽ നിൽക്കുന്നു. മോഷ്ടാവ് പറഞ്ഞു, “കുറെ ഫോട്ടോ എടുത്തു ഒന്നും ഓർമ്മയില്ല.”
പ്രശ്നം തീർക്കാൻ ഞങ്ങളുടെ ഇടയിൽ നിൽക്കുന്ന
കാസിനോ മാനേജർ ഇപ്പോൾ മോഷ്ടാവിന്റെ കൂടെയാണ്. “അതെ ഫോട്ടോ ആരും ഓർമ്മിക്കില്ല. നമുക്ക്
പോലീസിനെ വിളിക്കാം.”
അതോടെ ഞാൻ അടുത്ത മെൻഡലിസം ഇറക്കി...
എന്റെ ശബ്ദം നിയന്ത്രിച്ചു ഞാൻ മോഷ്ടാവിനോട്
എല്ലാവരുടെയും മുന്നിൽ വെച്ച് ചോദിച്ചു, "യുവർ ക്യാമറ ഓർഡിനറി ഓർ ഡിജിറ്റൽ..?" ഇതിൽ ഡിജിറ്റൽ എന്ന വാക്ക് ഞാൻ വളരെ ഉച്ചത്തിൽ പറഞ്ഞു.
ഉച്ചത്തിൽ എന്ന് പറഞ്ഞാൽ, അത്രയധികം ഉച്ചത്തിൽ. ഓർഡിനറി എന്ന വാക്ക് ശബ്ദം താഴ്ത്തിയാണ്
ഉപയോഗിച്ചത്. പെട്ടന്നുള്ള ആ വെടിയുണ്ട ചോദ്യത്തിൽ കാസിനോ മാനേജർ, മോഷ്ടാവിനോട് എന്റെ
ചോദ്യത്തിന് ഉത്തരം പറയണമെന്ന് പറഞ്ഞ് എന്റെ
ഭാഗത്തേക്ക് കൂടി. മോഷ്ടാവ് ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നു, "ഡിജിറ്റൽ."
അപ്പോൾ തന്നെ ഞാൻ പറഞ്ഞു “സി.ബി.ഐ സേതു രാമൻ കേസ് ക്ലോസ്ഡ്. ഇനി അമേരിക്കൻ പോലീസിന്റെ
ആവശ്യമില്ല. ഇത് ഡിജിറ്റൽ ക്യാമറയല്ല. ഇത് ഒരു സാധാരണ ക്യമാറയാണ്... അത് കൊണ്ട് തന്നെ
ഇത് എന്റെ സുഹൃത്തിൻറെയാണ്..."
കാസിനോ മാനേജർ എന്റെ വാദം ശരി വെച്ചു. എന്റെ കൂടെയുള്ള കൂട്ടുകാർ കേസിന്റെ വാദം കഴിഞ്ഞപ്പോൾ
എനിക്ക് വേണ്ടി കയ്യടിച്ചു. എല്ലാവരും സന്തോഷത്തിലാണ്. പിറ്റേ ദിവസം ഞാൻ കൂടെയുള്ള
വെങ്കി, ബാല, റാണി തുടങ്ങിയവർക്ക് ഒരു കാഴ്ച കാണിച്ചുകൊടുത്തു, തലേ ദിവസം ക്യാമറ മോഷ്ടിച്ച
വ്യക്തി ഒരു സംഘമായി അവിടെ ചുറ്റി കറങ്ങി കൊണ്ടിരിക്കുന്നു. തട്ടിപ്പറിക്കൽ അവരുടെ
സ്ഥിരം ഏർപ്പാടാണെന്ന് ഞങ്ങൾക്ക് മനസിലായി.
No comments:
Post a Comment