Monday, March 7, 2022

എന്റെ പള്ളി വിവാഹ രഹസ്യ കുമ്പസാരം

വിവാഹത്തിന് മുമ്പ് കുമ്പസാരം വേണമെത്രെ....ഞാൻ എന്താണ് പറയേണ്ടത്. പറയേണ്ട രീതി തന്നെ മറന്നിരിക്കുന്നു. പള്ളിയിലെ കൊച്ചച്ചനാണ് എന്റെ നറുക്ക് വീണിരിക്കുന്നത്. കല്യാണത്തിന് മുമ്പ് അച്ചനെ കണ്ട് നമസ്കാരം ചൊല്ലി കേൾപ്പിക്കണം. ഇല്ലെങ്കിൽ കെട്ടു നടക്കില്ല. അതിനും കുറച്ചു വർഷം മുമ്പ് ഒരു തെറിയച്ചനെ (സ്ത്രീകളെ കാണുമ്പോൾ മാത്രം അശ്ലീലം പറയുന്ന  അച്ചൻ) ചെല്ലി കേൾപ്പിക്കാൻ ചെന്ന ഒരു മീൻകാരന്റെ കഥയാണ് എന്റെ അപ്പോഴത്തെ ഹീറോ. തെറിയച്ഛന്റെ കഴുത്തിന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കല്യാണം നടത്തിപ്പിച്ചു എന്നാണ് കേട്ട് കേൾവി. കൃത്യമായി ആർക്കും അറിയില്ല. മീൻകാരൻ കോട്ടയം കുഞ്ഞച്ചനെപ്പോലെ ഭീഷണി ഇറക്കുന്നതിന് മുമ്പ് മുറി അടച്ചിരുന്നു. അതുകൊണ്ട് തെളിവില്ല.

"എനിക്ക് വായിക്കാനും പഠിക്കാനും കഴിയില്ല. എന്റെ അമ്മയ്ക്ക് ഞാൻ പള്ളിയിൽ വന്നു പെണ്ണ് കെട്ടണമെന്നാണ് താല്പര്യം. നടത്തി തന്നില്ലെങ്കിൽ അച്ഛൻ ജീവനോടെ ഇവിടെ നിന്ന് പോകില്ല. "

ഇതാണ് ഹീറോ ഡയലോഗ്. ജീവിതത്തിലെ യഥാർത്ഥ ഹീറോ, ഞാൻ മനസ്സിൽ അത്രയും പറഞ്ഞു പള്ളിയിലേക്ക് നടന്നു. കൊച്ചച്ചനോട് ഞാൻ സമയത്ത് വരുമെന്ന് ആരോ അറിയിച്ചിട്ടുണ്ട്. ഒരു വർഷം അമേരിക്കയിൽ ജീവിച്ചാൽ പിന്നെ അമേരിക്കൻ ചെക്കനാണ്. അതുകൊണ്ട് ഒരു ഗുണമുണ്ടായി. എന്നെ കണ്ടപാടെ അച്ഛൻ ചോദിച്ചു, "നമസ്കാരങ്ങൾ അറിയില്ലേ.....?"

ഞാൻ പെട്ടന്ന് പറഞ്ഞു, "പിന്നില്ലാതെ...."

മറുപടിയുടെ ശക്തിയിൽ അച്ഛൻ മറ്റൊന്നും ചോദിച്ചില്ല. "കുമ്പസാരത്തിനു റെഡിയല്ലേ....?"

ഞാൻ വേണമെങ്കിൽ ഇവിടെ നിന്ന് പറയാം. ചിരിച്ചു തമാശയോടെ പറഞ്ഞുഎല്ലാ പാപങ്ങളും ചെയ്തിട്ടുണ്ട്.   മീൻ പത്ത് കല്പനകളും തെറ്റിച്ചിട്ടുണ്ട്.”

 പെട്ടന്ന് അച്ഛന്റെ മുഖം മാറി.

"ഇവിടെ വേണ്ട, ഞാൻ കുമ്പസാരകൂട്ടിലേക്ക് വരാം. അവിടെ വെച്ച് എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി എന്നോട്  പറയണം."

അത് ശരി അച്ഛന് ഡീറ്റൈൽ വേണം. എന്ത് ഡീറ്റൈൽ, അത്ര തന്നെ എല്ലാ പാപങ്ങളും.... അച്ഛൻ എന്നെ ആകെയൊന്ന് നോക്കുന്നുണ്ട്. ഇത് എന്തൂട്ട് ഐറ്റം എന്നതായിരിക്കും നോട്ടത്തിന്റെ അർഥം. നമസ്കാരത്തിന് ഒരു ഇടി ഉണ്ടാകുമെന്ന് കരുതി, പക്ഷേ, ഒന്നും ചോദിച്ചില്ല. ഇനി കുമ്പസാരത്തിൽ എന്ത് ഇടി ഉണ്ടാക്കാൻ....

അച്ഛൻ കുമ്പസാര കൂട്ടിലേക്ക് വന്നു.

 "അച്ഛൻ വേറെ ഒന്നും വിചാരിക്കരുത് , ഉദാഹരണത്തിന് ഞായർ കുർബാന ...." പറയുന്നതിനു മുമ്പേ അച്ഛൻ ഇടയിൽ കയറി പറഞ്ഞു ,

"അതൊന്നും കുഴപ്പമില്ല, പുറത്തൊക്കെ ജോലിക്ക് പോകുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും...."

"ഒരു വർഷത്തിൽ കൂടുതലായി കുമ്പസാരിച്ചിട്ട് ..." അച്ഛൻ വീണ്ടും ഇടയിൽ കയറി, "ഞാൻ പറഞ്ഞില്ലേ, അതൊന്നും കുഴപ്പമില്ല ...വേറെ എന്തെങ്കിലും.."

സ്ഥിരം കേൾക്കുന്ന കാര്യങ്ങൾ അച്ഛന് ബോറടിയാണല്ലോ.

ഞാൻ മനസ്സിൽ പറഞ്ഞു " ഞാൻ ഒരിക്കലേ കുമ്പസാരിച്ചിട്ടുള്ളു, ഏറിയാൽ രണ്ട് തവണ. വർഷം 17 ആയി കാണും. കുർബാനയും വല്ലപ്പോഴുമൊക്കെ കണ്ടുകാണും. "

"പിന്നെ എന്താണ് മാതാപിതാക്കളെ അനുസരിക്കാത്തതും, വല്ലപ്പോഴും ദേഷ്യം വരുന്നതുമാണോ ഇത്ര വലിയ തെറ്റ്? എല്ലാ കാര്യങ്ങളും അനുസരിക്കാൻ കഴിയുന്നതാവണമെന്നില്ലല്ലോ... "

ഞാൻ അച്ചനോട് സംസാരിക്കാൻ തുടങ്ങി. കുമ്പസാര ശൈലി മാറി സ്നേഹ സംഭാഷണ ശൈലിയിലേക്ക് മാറി. ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം. ഉദാഹരണത്തിന് കൊല്ലരുതെന്ന് പറയുന്നു. മനസിൽ തോന്നിയാലും തെറ്റെന്ന് നിങ്ങൾ പറയുന്നു. ഇതൊക്കെ തോന്നാത്ത മനുഷ്യരുണ്ടോ അച്ചാ... പിന്നെ സ്വയംഭോഗ വ്യഭിചാരം, അതും മനസ്സിൽ ചെയ്താലും തെറ്റാണല്ലോ.... ഞാൻ ആരെയും ശാരീരികമായി കേറി പിടിച്ചിട്ടില്ല."

അതോടെ  അച്ചന്റെ ശ്വാസഗതി  കുറച്ച് നേരെയായി.  ഇന്നോസെന്റ് ശബ്ദം അനുകരിച്ചു ദിലീപിൻറെ മിമിക്രി കുമ്പസാരംപ്പോലെ, അച്ചൻ മനസ്സിൽ പറഞ്ഞു കാണും .." കുറെ പ്രതീക്ഷിച്ചു, ഫ്ലോ പോയി..."

ഇനി ഞാൻ ആരെയെങ്കിലും കേറി പിടിക്കാൻ പോണോ , ഞാൻ മനസ്സിൽ പറഞ്ഞു.  ഇനി ഞാൻ പറയുന്നത് അച്ചൻ ശ്രദ്ധിച്ചു കേൾക്കണം. "എനിക്ക് ഞാൻ ചെയ്യുന്ന ഒരു കാര്യത്തിലും കുറ്റബോധമില്ല. ഇതൊരു തെറ്റാണോ ?"

അതോടെ അച്ചന് ഒരു സമാധാനമായി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ചെക്കൻ, പത്ത് കല്പനകൾ ലംഘിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ഞാൻ കുറെയേറെ  തെറ്റുകൾ ചെയ്തുകാണുമെന്ന് അച്ചൻ മോഹിച്ചു കാണുമോഎന്തെങ്കിലുമൊക്കെ ശക്തിയായി ഉപദേശിക്കാൻ ലഭിക്കുന്ന  അവസരം.

അച്ചന്റെ ഉപദേശം ഒറ്റ വരിയിൽ അവസാനിച്ചു. "ഇതാണ് മാർപ്പാപ്പ പറയുന്നത് , പുതിയ തലമുറയ്ക്ക് കുറ്റബോധമില്ല. "

"ഞാൻ എന്താണ് ചെയ്യുക, എനിക്ക് ഇതൊന്നും കുറ്റമായി തോന്നുന്നില്ല."  ഞാൻ സുഹൃത്തിനോട് സംസാരിക്കുന്ന രീതിയിൽ പറഞ്ഞു.

"പ്രാർത്ഥിക്കു പ്രാർത്ഥിക്കു... കുറ്റബോധം ഉണ്ടാവും..."

ഇയാളോടൊക്കെ എന്താണ് പറയുക. ഒന്നുകൂടി ബോധ്യമാവാൻ ഞാൻ അച്ചനോട്പറഞ്ഞു, "ഞാൻ ഇപ്പോൾ അങ്ങയോട് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ ഒരു മൈക്ക് എടുത്ത് എന്റെ മുന്നിലെ ആയിരകണക്കിന് ആൾക്കാരോട് പരസ്യമായി പറയാനും എനിക്ക് മടിയില്ല. പിന്നെ എങ്ങനെയാണു എനിക്ക് കുറ്റബോധമുണ്ടാവുന്നത് ?"

പ്രാർത്ഥിക്കൂ പ്രാർത്ഥിക്കൂ

അപ്പൊ ശരി...

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...