Monday, November 8, 2021

റബ്ബേക്കായുടെ ഭാഷാ പഠനം

പുതിയ സ്ഥലമാണ്. പുതിയ ഭാഷ പഠിക്കാൻ ഏറ്റവും നല്ല സ്ഥാപനമാണ്. ഫോർട്ട്‌ കൊച്ചി തന്നെയാണ് സ്പാനിഷ് പഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം. എന്റെ ഭൂതകാലം ഇവിടെ ആർക്കും അറിയില്ല. ഞാൻ വളരെ നല്ല പെൺകുട്ടിയുടെ സ്വഭാവം പ്രകടിപ്പിച്ചു കാര്യങ്ങളൊക്കെ നോക്കി മനസിലാക്കി കൊണ്ടിരുന്നു. സ്വഭാവം പ്രകടിപ്പിച്ചെന്ന് പറയുമ്പോൾ അഭിനയിക്കുകയാണെന്ന് കരുതേണ്ട. ഞാൻ നല്ല പെൺകുട്ടി തന്നെയാണ്. ഇടക്ക് ചില കുട്ടി കുറുമ്പുകൾ കാണിക്കാറുണ്ടെന്നു വീട്ടിലുള്ളവർ പറയുമെങ്കിലും, ഞാൻ ഈ ലോകത്ത് ജീവിക്കുന്ന ഏറ്റവും നല്ല പെൺകുട്ടിയാണ്. എന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞു നടക്കുന്നവരെ എനിക്കറിയാം. അവരുടെ സൗകര്യത്തിന് ഞാൻ നിന്ന് കൊടുക്കാത്തതിന് പല സൂത്രങ്ങളും അവർ പറഞ്ഞു നടക്കും. ജൂഡ്, ഇത് പുതിയ സ്ഥലമായതുകൊണ്ട് അത്തരം ശത്രുക്കൾ എനിക്കിവിടെയില്ല.

പുതിയൊരു ജീവിതം തുടങ്ങുന്ന പോലെ. എന്തിനാണ് ഞാൻ സ്പാനിഷ് പഠിക്കുന്നതെന്ന്  ചോദിക്കരുത്. ഒരു മാറ്റം എനിക്കും ആവശ്യമായിരുന്നു. ആകെ ഇരുപത്തിയഞ്ച് പേര് കാണും. അഞ്ച് വരികളിലായി അഞ്ച് കസേരകൾ. എഴുതാനുള്ള സൗകര്യം കസേരകളിൽ തന്നെ ഒരുക്കിയിട്ടുണ്ട്.  ചുറ്റുപാടുകൾ നന്നായി നീരിക്ഷിച്ചു. തൊട്ടടുത്ത്‌ നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.  സംസാരം കണ്ടാലറിയാം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ നല്ല പരിശ്രമം നടത്തുന്നയാൾ. കൂടതലും നാട്യമാണ്. ഏതാണ്ട് തന്റെ തന്നെ പ്രായമുള്ള ഒരാൾ നേരെ മുമ്പിൽ ഇരിക്കുന്നു. കണ്ടാൽ അറിയാം വിവാഹം കഴിഞ്ഞതാണ്. നല്ല ഉയരമുണ്ട്. വിവാഹം കഴിഞ്ഞു കുടുംബമായി കഴിയുന്നതിന്റെ ഒരു ലക്ഷണം സംസാരത്തിലെ ഒതുക്കം വിളിച്ചു പറയുന്നുണ്ട്. 

തന്റെ നേരെ പിന്നിൽ ഒരാൾ ഇരിക്കുന്നുണ്ട്‌. വലിയ ശല്യമൊന്നുമില്ലാതെ എന്തോക്കൊയോ വരച്ചു കൊണ്ടിരിക്കുന്നത് കാണാം. ഇടവേളകളിൽ അയാളുടെ അടുത്ത് സംസാരിക്കാൻ പലരും വരുന്നുണ്ട്. അയാളും എല്ലാവരോടും വളരെ സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. എന്താണ് എല്ലാവരും അയാളോട് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. രണ്ടു ദിവസമായി ഞാൻ ഇത് കാണുന്നു. സുന്ദരിയായ എന്നെപ്പോലെ ഒരു പെൺകുട്ടി ഇവിടെ വന്നിരുന്നിട്ട് ഒന്ന് ശ്രദ്ധിക്കുന്നുപോലുമില്ല. എങ്ങനെ ശ്രദ്ധിക്കാൻ, രണ്ടു ദിവസത്തിനുള്ളിൽ അവിടെ പഠിക്കാൻ വന്ന ഇരുപത്തിമൂന്ന് പേരും അയാളോട് കുശലം പറഞ്ഞു. ഞാൻ മാത്രം പോയില്ല. അയാളും എല്ലാവരുടെയും അടുത്ത് പോയി സ്വതന്ത്രമായി സംസാരിക്കുന്നുണ്ട്. അതിൽ വലിയ കാര്യമില്ല. അയാളുടെ അടുത്തു എല്ലാവരും സംസാരിച്ചു. അയാളും സംസാരിക്കുന്നു. എന്റെയടുത്ത് ആരും വരുന്നില്ല. ഞാനും പോകുന്നില്ല. അയാൾക്ക് പരിചയമുള്ള പലരും അവിടെയുണ്ട്. ഒരു പക്ഷേ എന്റെ തോന്നലായിരിക്കാം. വെറുതെ ചിന്തിച്ചു പ്രശ്നമുണ്ടാക്കേണ്ട.

ഇടയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ അയാളുടെ മുഖം ശ്രദ്ധിച്ചു. എന്തോ ഒരു പ്രത്യേകതയുണ്ട്. എങ്കിലും കാര്യമായി നോക്കിയില്ല. അങ്ങനെ ഇപ്പോൾ അഹങ്കരിക്കേണ്ട. എന്നാലും എന്നെ എന്താണ് ശ്രദ്ധിക്കാത്തത്? ഞാൻ ഡിഗ്ലാം ചെയ്തു ഇരിക്കുകയാണ്. എനിക്ക് വേറെയും വേഷങ്ങൾ ഉണ്ട്. ശ്രദ്ധിപ്പിക്കാൻ എനിക്കറിയാം. എന്റെ വേഷംകെട്ടുകൾ പുറത്തെടുക്കേണ്ടിവരും ചിലപ്പോൾ അയാൾ മനപ്പൂർവം പെൺകുട്ടികളെ ശ്രദ്ധിക്കാതിരിക്കുന്നതാവും. ഒരു ജാടക്ക്. ഏയ്‌ അങ്ങനെയല്ല. പെൺകുട്ടികളോടും ആൺകുട്ടികളോടും ഒരുപോലെ തന്നെയാണ് അയാൾ സംസാരിക്കുന്നത്. എന്തിനാണ് ഞാൻ അയാളെ കുറിച്ച് ഇങ്ങനെ അകാരണമായി ചിന്തിക്കുന്നത്. നിയന്ത്രിക്കൂ. നിയന്ത്രിക്കൂ. നിയന്ത്രിക്കൂ. മനസിനെ നിയന്ത്രിക്കൂ. ഒരുവനെയും വിശ്വസിക്കാൻ കൊള്ളില്ല. വെറുതെ അഹങ്കാരികളെ സൃഷ്ടിക്കും. കുഴപ്പം അയാളുടെയല്ല, എന്റെ തന്നെയാണ്. എന്റെ അഹങ്കാരത്തെ പിടിച്ചു കെട്ടാൻ കഴിയുന്നില്ലല്ലോ. വളരെ വിനയത്തോടെ പെരുമാറണം. ചിലപ്പോൾ കഴിയും. ശ്രമിച്ചു നോക്കട്ടെ. അയാൾ വിനയം അഭിനയിക്കുകയാണോ? ഇങ്ങനെ വിനയം മനുഷ്യർക്ക് കാണുമോ? ഇല്ല വെറും അഭിനയം. അഹങ്കാരികൾ വിനയം അഭിനയിക്കും. അത് തന്നെ.

ഞാൻ എന്തിനാണ് അനാവശ്യമായി അയാളെ കുറിച്ച് ചിന്തിക്കുന്നത്? ഇതിനിടയിൽ മറ്റൊരു ബാച്ചിൽ നിന്നും ഒരാൾ വന്ന് അയാളോട് പരിചയം പുതുക്കുന്നുണ്ട്. അയാൾ ഫ്രഞ്ച് പഠിക്കാൻ വന്ന കക്ഷിയാണ്. ആദ്യ കൊച്ചി ബിനാലെയിൽ എന്തോ സംഭവം ചെയ്ത കാര്യം പറയുന്നുണ്ട്. എത്ര പെട്ടന്നാണ് അവർ സുഹൃത്തുക്കൾ ആയത്. വലിയ പരിചയമൊന്നുമില്ലെന്ന് കണ്ടാൽ അറിയാം. ഈ മനുഷ്യന്റെ മുഖത്തിന്‌ എന്തോ പ്രത്യേകതയുണ്ട്. മുഖത്തിന്‌  എന്തോ ഒരു പ്രകാശം നൽകുന്നത് അയാളുടെ കണ്ണുകൾ തന്നെയാണ്. എന്തോ ഒരു വ്യതസ്തയുണ്ട്, അതിന്റെ അഹങ്കാരമാണ്. അത് കൊണ്ടാണ് എന്നെ ശ്രദ്ധിക്കാത്തത്. ഞാൻ പിന്നെയും അയാളുടെ അഹങ്കാരത്തെ കുറിച്ച് അനാവശ്യമായി ചിന്തിക്കുന്നു. സത്യത്തിൽ ഇത് എന്റെ അഹങ്കാരമാണ്. എനിക്കറിയാം. എങ്ങിനെ നിയന്ത്രിക്കുമെന്നാണ് ഞാൻ നേരിടുന്ന പ്രശ്നം. അയാൾ എല്ലാവരോടും പ്രസന്നതയോടെ സംസാരിക്കുന്നു. ഞാനും അത് പോലെ സംസാരിച്ചു തുടങ്ങിയാലോ; ചിലപ്പോൾ എന്റെ അഹങ്കാരം പുറത്തു കാണിക്കാതെ വിനയം അഭിനയിക്കാൻ കഴിയുമായിരിക്കും. അയാളെ കുറിച്ച് പല വാർത്തകളും പലരിൽ നിന്നും അറിഞ്ഞു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം വരക്കാരനാണ്. അയാൾ ഒരു നേരം പോക്കിന് സ്പാനിഷ് പഠിക്കാൻ വന്നിരിക്കുകയാണ്. വെറുതെയല്ല എന്നെ ശ്രദ്ധിക്കാത്തത്. എന്നാലും ഞാൻ ഒരു സുന്ദരിയല്ലേ? ആ ഒരു പരിഗണന അയാൾക്ക് എന്നോട് തന്നുകൂടെ? എങ്ങിനെയാണ് അയാളോട് സംസാരിക്കുന്നത്. മുഖം തന്നെ പൂർണ്ണമായി കണ്ടിട്ടില്ല. പിന്നെയും എന്റെ ചിന്ത അയാളിലേക്ക് തന്നെ തിരിയുകയാണല്ലോ. 'ഇശോമിശിഹായെ'. ഞാൻ ആത്മഗതം ചെയ്തു.

മൂന്ന് ദിവസം കടന്ന് പോയി വലതു വശത്തുള്ള വിക്കി തന്റെ നിശബ്ദതയെ ചോദ്യം ചെയ്തു തുടങ്ങി. ഈ കഴിഞ്ഞ മൂന്ന് ദിവസവും വിക്കിയും തന്റെ ഇടതു ഭാഗത്ത്‌ ഇരിക്കുന്ന വിവാഹം കഴിഞ്ഞ ചെറുപ്പക്കാരനും തന്നോട് മാന്യമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഞാനും മാന്യമായി തന്നെയാണ് അവരോടു സംസാരിച്ചത്. എല്ലാവരോടും അയാൾ  സംസാരിക്കുന്നുണ്ടല്ലോ. എന്നെയൊന്നു നോക്കികൂടെ. വെള്ളം കുടിക്കാൻ എഴുന്നേറ്റ് പോകുമ്പോൾ ഞാൻ ഇടയ്ക്കു നോക്കുന്നത് കണ്ടതല്ലേ? ദുഷ്ടൻ. മൂരാച്ചി. സ്നേഹമില്ലാത്തവൻ. ഞാൻ ഒരു സുന്ദരി തന്നെയാണ്.ചില ആണുങ്ങളുടെ സ്വഭാവം അങ്ങനെയാണ്. ശ്രദ്ധിക്കുന്നില്ലായെന്നു തോന്നിപ്പിക്കും. ചിലപ്പോൾ അവരായിരിക്കും കൂടുതൽ ശ്രദ്ധിക്കുന്നത്. ഒരു ചിത്രകാരൻ. ദുഷ്ടൻ. മുരാച്ചി. വീണ്ടും മനസ്സിൽ പറഞ്ഞു.

അയാൾ ഒരു മായാജാലക്കാരൻ തന്നെയാണ്. എങ്ങിനെയാണ് ഒന്ന് സംസാരിക്കുന്നത്. ഈശോ മിശിഹായെ.ഇതിനിടയിൽ വിക്കി തന്റെ മൗനം അവസാനിപ്പിക്കുന്നതിനു തന്നെയായി അയാളെ ചൂണ്ടി കൊണ്ട് പറഞ്ഞു. 

"ദേ ഈ ഇരിക്കുന്നത് വലിയ ചിത്രകാരനാണ്. സാധാരണക്കാരൻ അല്ല. ബിനാലെയിൽ ലക്ഷം വിലയുള്ള ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ. സൂക്ഷിച്ചില്ലെങ്കിൽ തന്റെയൊക്കെ പടം വരച്ചു രാജ്ഞിക്ക് അയച്ചു കൊടുക്കും."

കിട്ടിയ അവസരം പാഴാക്കാൻ കഴിയില്ല. ഇതിൽ പിടിച്ച് കയറണം. "എന്തിനാണ് രാജ്ഞിക്ക് അയച്ചു കൊടുക്കുന്നത്? ഏതു രാജ്ഞി?" വിക്കി വെറുതെ പറഞ്ഞതാണ് എന്നുറപ്പാണ്. എങ്കിലും ഈ വഴിയിലൂടെ ഒന്ന് സംസാരിക്കണം. 

"ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കാര്യമാണ് ഞാൻ പറയുന്നത്." വിക്കി ഒന്നുകൂടി ശബ്ദം അമർത്തി പറഞ്ഞു. അയാൾ തന്നെ ശ്രദ്ധിക്കുന്ന ലക്ഷണമില്ല. ഒരു മഹാൻ. എന്നാലും ദേഷ്യം ഉള്ളിൽ ഒതുക്കി.

 "ആര് എലിസബെത്ത് രാജ്ഞിയോ?"

"അതെ, പതിനേഴാം വയസിൽ അയാൾ വരച്ച ചിത്രങ്ങൾ എലിസബെത്ത്  രാജ്ഞി വാങ്ങിച്ചിട്ടുണ്ട്.."

അപ്പോൾ വിക്കി പറഞ്ഞ കാര്യം സത്യമാണ്. എന്നാലും അയാൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഉറക്കെ പറഞ്ഞു

"പിന്നെ രാജ്ഞിക്ക് ഇയാളുടെ ചിത്രം കിട്ടിയിട്ട് പുഴുങ്ങി തിന്നാൻ അല്ലേ"

"അതെ തന്റെ ഇഷ്ടം."  വിക്കി പറഞ്ഞു. വിക്കി പറഞ്ഞത് പരിപൂർണമായി വിശ്വസിച്ചെങ്കിലും അയാളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഞാൻ ഉറക്കെ പറഞ്ഞു "തന്നെ കണ്ടാൽ അറിയാം താൻ ഒരു നുണയൻ ആണ്." കുറച്ചു കൂടി ശക്തി കൂട്ടാൻ ഒരിക്കൽ കൂടി പറഞ്ഞു "നുണയൻ നുണയൻ ..". വിക്കി ചിരി തുടങ്ങി.

പെട്ടന്ന് അയാൾ ഇരുന്ന സ്ഥലത്തും നിന്ന് തിരിഞ്ഞു തന്നെ നോക്കി. ആദ്യമായി ഞാൻ അയാളുടെ കണ്ണുകൾ കണ്ടു. എന്റെ കണ്ണുകൾ അയാളുടെ കണ്ണുകളെ പോലെ തന്നെ വികസിച്ചു. എന്ത് പറയണമെന്നറിയാതെ തന്റെ തൊണ്ടയിലെ നനവ് ഇല്ലാതായി.

എലിസബെത്ത് രാജ്ഞി ഒരു സ്ത്രീയാണ്; നിങ്ങളും ഒരു സ്ത്രീയാണ്. അവർക്ക് ഞാൻ ഒരു ചിത്രം അയച്ചു കൊടുത്തു. അത് ഇഷ്ടപ്പെട്ടു. വീണ്ടും അയച്ചു തരാൻ പറഞ്ഞു. അത്ര മാത്രം. അത് വലിയ സംഭവമൊന്നുമല്ല.

ഞാൻ ചൂളി പോയി. ഇനി എന്താ പറയുക. എങ്കിലും ഞാൻ മനസ്സിൽ പറഞ്ഞു. പൊങ്കച്ചമാണ് ചിത്രകാരൻ പറഞ്ഞത്. പക്ഷേ അയാൾ പറഞ്ഞപ്പോൾ അതു  പൊങ്കച്ചമാണെന്ന് തോന്നിയില്ല. ചിലർക്ക് അതിനുള്ള കഴിവുണ്ട്. എത്ര പൊങ്കച്ചം പറഞ്ഞാലും വളരെ സാധാരണ കാര്യം പറയുന്ന പോലെ പറയും. അതും ഒരു കഴിവാണ്. എന്നാലും അയാൾ പറഞ്ഞത് സത്യമാണ്. അതുകൊണ്ട് പൊങ്കച്ചമെന്ന് പറഞ്ഞു കളിയാക്കാനും കഴിയില്ല. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞു നടക്കുന്നവരുടെ ലോകത്ത്, ഇയാൾ പറഞ്ഞതിനെ കളിയാക്കാൻ കഴിയില്ല. വീണ്ടും ആലോചിച്ചു. 'സത്യമാണെങ്കിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറഞ്ഞാലും, ഞാൻ പൊങ്കച്ചമെന്നേ പറയൂ. എനിക്കും അതു നല്ല പോലെ അറിയാം.’ ഞാൻ മനസിൽ പറഞ്ഞതാണ്, ഭാഗ്യം ശബ്ദം പുറത്തു വന്നില്ല.

"എവിടെയങ്കിലും ചിത്ര പ്രദർശനം നടത്തിയിട്ടുണ്ടോ?" ഉത്തരം അറിയാമെങ്കിലും ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ അങ്ങനെ ഒരു ചോദ്യമാണ് തന്റെ നാവിൽ വന്നത്.

"ബിനാലെയടക്കം പല വേദികളിലും... പിന്നെ കൂടുതൽ സംസാരിക്കാം."

തന്റെ ചമ്മൽ മനസിലാക്കി കൊണ്ടാകണം അയാൾ തന്നെ രക്ഷപ്പെടുത്തിയത്. ആദ്യമായി അയാളുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു. ശബ്ദം ഞാൻ ശ്രദ്ധിച്ചു. മായാജാലക്കാരൻ തന്നെ. എന്റെ കണ്ണുകൾ വിടർന്നു. പുരികം മുകളിലേക്ക് പോയി. വാൻഗോഗിന്റെയും റെംബ്രാൻന്റിയും ചായ ചിത്രങ്ങളിൽ ആരാധികയെ പോലെ നോക്കി നിന്നു. ശരിയാണ് ആരെയും ആകർഷിക്കുന്ന കണ്ണുകൾ.വലിയ ചായ ചിത്രങ്ങളിൽ മാത്രം കാണുന്ന വിശ്വചിത്രകാരന്മാരുടെ ചിത്രങ്ങൾക്ക് തുല്യംതന്നെ അയാളുടെ മുഖം. അയാൾ ഇനിയും സംസാരിക്കാമെന്നു പറഞ്ഞെങ്കിലും വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കാൻ മോഹം ഉദിച്ചു. അയാൾ എന്നെ ശ്രദ്ധിക്കാതെ എന്തൊക്കയോ ചെയ്യുന്നുണ്ട്. ഇനി എന്ത് ചെയ്താലാണ് അയാളുടെ മുഖം കാണുക എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. എന്താണ് താൻ ഇങ്ങനെ? പഠിക്കാൻ വന്ന തന്റെ ശ്രദ്ധ മുഴുവൻ പോയി. ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല.

ആദ്യ നോട്ടത്തിൽ തന്നെ ആഴക്കടലിൽ പെട്ട പോലെ. ഒരു പായ് വഞ്ചിയിൽ നടുക്കടലിൽ. അവിടെ ഓളങ്ങൾ ഇല്ല. വഞ്ചി തുഴയാൻ താൻ പഠിച്ചിട്ടില്ല. വഞ്ചി കരയോട് അടുപ്പിക്കണമെങ്കിൽ ഒന്നുകിൽ സ്വയം തുഴയണം. അല്ലെങ്കിൽ കാറ്റു വഞ്ചിയെ തള്ളി നീക്കണം. അതുമല്ലെങ്കിൽ ചെറിയ തിരകളിൽ പിടിച്ചു കരകയറണം. അതെ മഹാ സാഗരത്തിന് നടുവിൽ തന്നെയാണ്. ഉച്ച ഭക്ഷണം കഴിഞ്ഞു അയാളുടെ വലതു വശത്ത് ചെന്ന് നിന്ന്, വരച്ച കുറച്ചു ചിത്രങ്ങളെ കുറിച്ച് ചോദിച്ചു. അയാൾ തന്റെ ബാഗ് തുറന്ന് മൂന്ന് ചിത്രങ്ങൾ കാണിച്ചു തന്നു. അതിലൊന്ന് സൂര്യോദയം നോക്കി കടൽ തീരത്ത് ഇരിക്കുന്ന ഒരു പട്ടിയുടെയായിരുന്നു. വളരെ ലളിതമായ ശൈലി. തന്റെ അറിവ് കാണിക്കാൻ എന്തെങ്കിലും പറയണം. തന്റെ കൂട്ടുകാരി പറയുന്ന ഒരു വാചകം ഓർമ വന്നു.

നിറങ്ങളും ബ്രഷ് സ്ട്രോക്സും വാൻഗോഗിന്റെ പോലെ തന്നെ.” അയാൾ പെട്ടന്ന് മുഖം ഉയർത്തി തന്നെ ആഴത്തിൽ നോക്കി. അയാളെ വിശ്വസിപ്പിക്കാൻ ഞാൻ ഒന്ന് കൂടി പറഞ്ഞു

"ജൂഡ്... ഞാൻ വെറുതെ പറഞ്ഞതല്ല... ബ്രഷ് സ്ട്രോക്സിന് ഒരു താളമുണ്ട്."

അയാളുടെ പേര് വിക്കിയോട് ചോദിച്ചു മനസിലാക്കിയത് തന്നെ രക്ഷപ്പെടുത്തി. സെയിന്റെ തെരാസസ്  കോളേജിലെ  കൂട്ടുകാരികൾ ശ്രീവിദ്യയും ലക്ഷ്മിയും സ്ഥിരം പറയുന്ന വരികൾ തന്നെ രക്ഷിച്ചു. ഇത്രയും പറഞ്ഞതും അയാൾ വീണ്ടും തന്നെ നോക്കി. അയാളുടെ ആ നോട്ടത്തിൽ എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. താൻ പറഞ്ഞ രണ്ടു വരികളിൽ തനിക്കു തന്നെ അഭിമാനം തോന്നി. രണ്ടു വരികൊണ്ട് ജൂഡിനെ കയ്യിലെടുത്തു. ഈ കലാകാരന്മാരെ പറ്റിക്കാൻ എളുപ്പമാണ്. നല്ല രണ്ടു മുഖസ്തുതി പറഞ്ഞാൽ മതി. ജൂഡ് ഇടയ്ക്കു വശത്തേക്ക് നോക്കും. അതിനെ കുറിച്ച് എനിക്ക് വിവരിക്കാതിരിക്കാൻ കഴിയില്ല.  കണ്ണിന്റെ കൃഷ്ണമണികൾ ഇടത്തേക്ക് ചലിപ്പിച്ചു തന്റെ മനസിന്റെ കവാടം തള്ളി തുറന്നു അകത്തേക്ക് എത്തി നോക്കുന്നത് പോലെ. ഞാൻ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി.

"ചിത്ര കല വെച്ച് ജീവിക്കുക എളുപ്പമല്ല. ബിനാലെ വരുമ്പോൾ സപ്പോർട്ട് ചെയ്യണം. എല്ലാവരും വാൻഗോഗ് അല്ലല്ലോ?"

"ശ്രമിച്ചാൽ ജൂഡ് വാന്ഗോഗിനെയും വെട്ടിക്കും. ഞാൻ മറുപടിയായി പറഞ്ഞു. ജൂഡ് പുഞ്ചിരിച്ചു.

ദൈവം എന്നെ  രക്ഷിച്ചു. കൃത്യ സമയത്ത് നല്ല വരികൾ നാവിൻ തുമ്പത്ത് വരുന്നുണ്ട്. ജൂഡ് സമ്മതഭാവത്തിൽ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു. അത് സുദീർഘമായ ഒരു പുഞ്ചിരിയായിരുന്നു. താൻ അവിടെ നിന്ന് നടന്നകലുമ്പോഴും പുഞ്ചിരി അണഞ്ഞിട്ടില്ല. എന്തോ വലിയ ഒരു ജോലി ചെയ്ത സന്തോഷത്തിൽ ചുണ്ടുകളെ പല്ല് കൊണ്ട് കൂട്ടി പിടിച്ചു ഞാൻ നടന്നു. കൈകൾ പിന്നിൽ കെട്ടി നടന്നു. ഇടയ്ക്കു ഫോണിൽ എന്തോ വലിയ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നപോലെ, ആരൊടൊക്കൊയൊ   വെറുതെ സംസാരിച്ചു നടന്നു. ഞാൻ കോറിഡോറിലൂടെ നടന്നു. ഇടയ്ക്കു ഞാൻ വെറുതെ എഴുന്നേറ്റു നടക്കും. വെറുതെ ഒരു ലക്ഷ്യവുമില്ലാതെ തലങ്ങും വിലങ്ങും നടന്നു. ചിലപ്പോൾ ഫോൺ വിളിയിലാണെന്ന് അഭിനയിച്ചു. ഞാൻ എനിക്ക് തന്നെ ഫോൺ ചെയ്തു മടുത്തു. ഇടയിൽ അയാളെയൊന്നു ശ്രദ്ധിച്ചെന്നു വരുത്തും. ആ നിർവൃതിയിൽ വീണ്ടും പല്ല് കൊണ്ട് ചുണ്ടുകളെയും താടിയെല്ലുകളെയും കൂട്ടിപിടിക്കും. പിന്നെയാണ് എനിക്ക് മനസിലായത് ഇത് ജൂഡിന്റെ രീതിയാണ്. ഞാൻ അറിയാതെ അയാളെ അനുകരിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ നടത്തത്തിന്റെ താളം അയാളുടേത് പോലെ തന്നെ. ഏതായാലും സംസാരിച്ചു തുടങ്ങിയത് കൊണ്ട് സമാധാനമായി. ഇനി ഭയമില്ലാത്ത വീണ്ടും സംസാരിക്കാം. 

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...