മൂന്നാം ക്ലാസ് ബി. അവിടെ ഞാൻ രണ്ട് ആഴ്ച ഇരുന്നിട്ടുണ്ടെന്ന് ഓർക്കുന്നു. ഞാൻ ഇരുന്ന ബഞ്ചിലും അതിന്റെ മുന്നിലും പിന്നിലും ആകെ ബഹളമായിരുന്നുവെന്നാണ് ഓർമ്മ. തൊട്ട് അടുത്തിരുന്ന ഒരുവൻ എന്നും എണ്ണയിൽ കുളിച്ചു, തലയിൽ നിന്നും എണ്ണ ഒലിപ്പിച്ചു അവന്റെ ശരീരത്തിൽ നിന്നും ബഞ്ചിലും ഡെസ്കിലും ആകെ പരക്കുന്ന രീതിയിലാണ് എന്നും ക്ലാസ്സിൽ വന്നിരുന്നത്. അവന്റെ അടുത്ത് രണ്ടു ദിവസം ഇരുന്നു. ഒരു ദിവസം ഞാൻ കുറച്ചു കടലാസ്സ് വളരെ ചെറിയ കഷണങ്ങളാക്കി നുറുക്കി ഡെസ്കിൽ വെച്ചു. എണ്ണയിൽ കുളിച്ചു നിൽക്കുന്നവന് ഞാൻ ഒരു മാജിക് കാണിച്ചു കൊടുത്തു. ഒരു സ്കെയിൽ എടുത്ത് അവന്റെ തലയിൽ വെച്ച് ഉരച്ചു. അതിന് ശേഷം ചെറിയ കടലാസ്സ് കഷണങ്ങൾക്ക് മുകളിൽ ഏകദേശം ഒരു സെന്റിമീറ്റർ മീതെ കാണിച്ചപ്പോൾ കടലാസ് കഷണങ്ങൾ ഉയർന്നു പൊങ്ങി സ്കെലിൽ പറ്റി പിടിച്ചു. ആ ബഞ്ചിൽ ഇരുന്നിരുന്ന മറ്റു കുട്ടികളും അമ്പരന്നു. അത് വരെ അവിടെ ഉണ്ടായിരുന്ന ചിന്നി ചിതറിയ ബഹളം പിന്നെ എന്റെ ചുറ്റുമായി. ഇടവേളയിൽ എല്ലാവരും മാജിക് കാണാൻ ചുറ്റും കൂടി. ഒരു ടീച്ചർ ക്ലാസ്സിൽ കയറി വന്നിട്ടും മാജിക് ബഹളം അവസാനിച്ചിരുന്നില്ല. ടീച്ചർ വന്നു നോക്കിയപ്പോൾ അവർക്കും അത്ഭുതം അടക്കാനായില്ല. അവർ പരിഭ്രാന്തരായി ഹെഡ്മിസ്ട്രസിന്റെ റൂമിലേക്ക് ഓടി. ചെറിയ കുട്ടിയുടെ കണ്ടുപിടുത്തം എന്തെങ്കിലും വരാനിരിക്കുന്ന വലിയ കണ്ടുപിടുത്തങ്ങളുടെ തുടക്കമാണെങ്കിലോ. എന്നെ ഓഫീസിൽ റൂമിലേക്ക് വിളിപ്പിച്ചു. എന്റെ കൂടെ അത്ഭുതം കണ്ട കുട്ടികളും കൂടി. ചെറിയ കാര്യമല്ല. ഹെഡ്മിസ്ട്രെസ്സിനെ ഞെട്ടിക്കാനുള്ള പുറപ്പാടാണ്.
"സംഗതി ശരിയാണ്. " ഹെഡ്മിസ്ട്രസ് പറഞ്ഞു.
"ഇതിൽ എന്തെങ്കിലും സയൻസ് ഉണ്ടാകും. ഇത് റോമിലേക്ക് അയച്ചു കൊടുക്കാനുള്ള അത്ഭുതമൊന്നും ഉണ്ടാകില്ല. ഇവര് ക്ലാസ്സിൽ പോയി ഇരിക്കട്ടെ. നമുക്ക് അന്വേഷിക്കാം."
ഞങ്ങൾ ശാന്തരായി. എല്ലാവരും എന്നെ അത്ഭുധത്തോടെ നോക്കികൊണ്ടിരുന്നു. കുറച്ചു നേരത്തേക്ക് ഞാൻ ശാസ്ത്രജ്ഞനായി. ലീവിൽ ആയിരുന്ന ആനി ടീച്ചർ അടുത്ത ദിവസം വന്നു. അതോടെ കാര്യങ്ങൾക്ക് തീരുമാനമായി. ആനി ടീച്ചർ ക്ലാസിലേക്ക് അധികാരത്തോടെ കയറിവന്നു.
"ആരും ബഹളം ഉണ്ടാക്കേണ്ട. ഇത് സ്റ്റാറ്റിക് എലെക്ട്രിസിറ്റിയാണ്." ടീച്ചർ എന്നെയും വിളിച്ചു ഹെഡ്മിസ്ട്രെസ്സിന്റെ റൂമിലേക്ക് കൊണ്ടുപോയി. ടീച്ചർ എന്നെ ചേർത്ത് നിറുത്തി സ്നേഹത്തോടെ പറഞ്ഞു
"മോൻ വലുതാവുമ്പോ പഠിക്കും...ട്ടോ
"
ഹെഡ്മിസ്ട്രസ് ഈഡിത്ത് ചോദിച്ചു. "ഇനി ഞാൻ ഞാൻ എന്താ ചെയ്യേണ്ടത്?"
"ഇവൻ തൽക്കാലം സീലിയ സിസ്ററുടെ ക്ലാസ്സിലേക്ക് മാറിയിരിക്കട്ടെ." അങ്ങനെ ഞാൻ 3 സിയിൽ എത്തി. കുട്ടി ശാസ്ത്രജ്ഞനു
കിട്ടിയ അംഗീകാരമായിരിക്കണം, ഉറപ്പില്ല; ചിലപ്പോൾ 3-ബിയിലെ കുട്ടികളുടെ ബഹളം ഒഴിവാക്കാനായിരിക്കണം.
No comments:
Post a Comment