Saturday, June 6, 2020

ജർമ്മനാണ് ജർമ്മൻ


ആ ദിവസത്തെ കുറിച്ച് ഞാൻ ഓർക്കുന്നു. ഏപ്രിൽ ഒന്ന്.  എന്റെ പ്രായം പന്ത്രണ്ട്. ഒരു ഷർട്ട് മാത്രം എല്ലാ ദിവസവും സ്കൂളിലേക്ക് ധരിച്ചുപോകുന്ന എന്റെ മാനസികാവസ്ഥ നിങ്ങൾക്ക് മനസിലാവില്ലായിരിക്കാം. യൂണിഫോമുള്ള സ്കൂളിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നത് എന്നെപ്പോലെയുള്ളവരാണ്. നിങ്ങൾക്ക് യൂണിഫോം ഒരു അലങ്കാരവും അഹങ്കാരവുമായിരുന്നെങ്കിൽ എനിക്ക് അത് നല്ലൊരു മറയായിരുന്നു. എന്റെയും കുടുംബത്തിന്റെയും  ഇല്ലായ്മ  ഒരു യൂണിഫോമിൽ പൊതിഞ്ഞാണ് എന്നെ അച്ഛനും അമ്മയും സ്കൂളിൽ പറഞ്ഞയച്ചിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അടുത്ത് ഓലപ്പുര വീടുള്ളത് എന്നെ ഒരുപാട് കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് തന്നെയായിരുന്നു. ഒരു സ്കൂൾ ഡ്രസ്സ് പ്പോലും വാങ്ങാൻ കഴിവില്ലാത്ത എനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി ക്രിക്കറ്റ്  കളിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഞാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ പോയിരുന്നത്. ക്രിക്കറ്റ് ക്യാമ്പിൽ ബാറ്റിനോടൊപ്പം രണ്ട്  ജോഡി വെള്ള ജേഴ്സികളും ലഭിക്കുമായിരുന്നു. ധരിക്കാൻ വസ്ത്രം ലഭിക്കുമെന്ന കാരണത്താൽ ക്രിക്കറ്റ് കളി തുടങ്ങിയവനെ കുറിച്ച് നിങ്ങൾ കേട്ടുകാണില്ല. ആ ദിവസം ജോഫിയെന്ന് പേരുള്ള  ക്യാമ്പിന്റെ പഴയ മേധാവി  അവിടെയെത്തി. എല്ലാവരും അയാളുടെ ചുറ്റും കൂടി. എല്ലാവരും നല്ല സന്തോഷത്തിലാണ്. അയാൾ നല്ല വിലകൂടിയ പല നിറങ്ങളിലുള്ള ടി ഷർട്ടുകൾ എല്ലാവരെയും കാണിക്കുന്നുണ്ട്.  ഞാനും അയാൾ പറയുന്നത് ശ്രദ്ധിച്ചു. 

"ഇത് ജർമ്മൻ മെയ്‌ക്ക് ആണ് ജർമ്മൻ..."

മറ്റുള്ളവർ പറഞ്ഞു "പുളു പുളു.. വൻ പുളു."

"അല്ലേടാ... നല്ല ഒറിജിനൽ ജർമ്മൻ."

ജർമ്മൻ എന്ന് കേൾക്കുമ്പോഴേക്കും എല്ലാവരും കോരിത്തരിച്ചു. അവരുടെ കോരിത്തരിപ്പ് എന്നിലും ചില തരിപ്പുകൾ ഉണ്ടാക്കി.

ഞാൻ അടുത്തേക്ക് ചെന്നു. ഒരു കടും നീല സ്പോർട്സ് ടിഷർട്ട് ജോഫി എന്റെയടുത്ത് ഉയർത്തി കാണിച്ചു.

"കടയിൽ ആയിരം കൊടുത്താൽ കിട്ടും. നീ എനിക്ക് നൂറ് രൂപ തന്നാൽ മതി. വേണോ?"

ഞാൻ നിസ്സംഗതയോടെ ജോഫിയെ നോക്കി. പെട്ടന്ന് അയാൾ പറഞ്ഞു "ഇത് നീ കയ്യിൽ വെച്ചോ. നല്ലതാണ്. എനിക്ക് പൈസയൊന്നും വേണ്ട. പക്ഷെ നന്നായി കളിക്കണം."

ഞാൻ അയാളോട് പറഞ്ഞു "ഇത് ഒരുപാട് വിലയുള്ള ഷർട്ട് അല്ലേ? എനിക്ക് വേണ്ട."

നല്ല പിടയ്ക്കുന്ന മീൻപ്പോലെ ഒരു ടിഷർട്ട്. ഞാൻ ഷർട്ട് മൂക്കിലേക്ക് അടുപ്പിച്ചു മണം നോക്കി.  "ജർമൻ തന്നെ."

എന്റെ കൂടെ കളിക്കുന്ന റാം ഇടപ്പെട്ടു. "അതിന് നീ ജർമ്മൻ ഷർട്ട് കണ്ടിട്ടുണ്ടോ?" ആ ചോദ്യം എന്നെ ചെറുതായൊന്ന് തളർത്തി. "അയാൾ നിന്നെ പറ്റിച്ചതാണ്.  ഇന്ന് ഏപ്രിൽ ഒന്നാണ്. ഏപ്രിൽ ഫൂൾ. ഒരു ജർമ്മൻ."

ഞാൻ ചിരിച്ചു. "അത്രേയുള്ളൂ!!" റാം  തുടർന്നു,  

"അയാൾ തിരുപ്പൂർ ബനിയൻ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്. അവിടെ നിന്ന് ജർമനിയിലേക്ക് കയറ്റി അയക്കാൻ കഴിയാത്ത പീസാണ്."  സംശയത്തോടെ ഞാൻ നെറ്റി ചുളിച്ചു.

"ഇത്ര നല്ല ടിഷർട്ട്." 

"എടാ അതിലൊരു നൂല് പോയിട്ടുണ്ട്; അതുകൊണ്ടാണ്." റാം എനിക്ക് ഷർട്ടിന്റെ ഒരു നൂല് പോയ ഭാഗം കാണിച്ചു തന്നു. ആദ്യത്തെ നോട്ടത്തിൽ എനിക്ക് ഷർട്ടിന്റെ പ്രശ്നം കാണാൻ കഴിഞ്ഞില്ല. റാം പിന്നെയും ഷർട്ട് അടുപ്പിച്ച് പിടിച്ചു കാണിച്ചു തരാൻ ഒരു ശ്രമം നടത്തി. അപ്പോഴും എനിക്ക് നൂൽ നഷ്ടപ്പെട്ട ഭാഗം കാണാൻ കഴിഞ്ഞില്ല.

"ഞാൻ എത്ര എളുപ്പത്തിൽ കണ്ടു." റാം പിന്നെയും പറഞ്ഞു. "ദേ ഡാ..."

എന്റെ കണ്ണിന്റെ അടുത്തേക്ക്  ഷർട്ട് തള്ളി, വളരെ സൂക്ഷിച്ചു നോക്കാൻ ആവശ്യപ്പെട്ടപ്പോൾ കണ്ണ് വല്ലാതെ വട്ടം പിടിച്ചതുകൊണ്ട് കണ്ണിൽ വെള്ളം നിറഞ്ഞുവെന്നല്ലാതെ  പോയ നൂലിന്റെ വിടവ് ഞാൻ കണ്ടില്ല. 'എന്തൊരു നല്ല ഏപ്രിൽ ഫൂൾ.' ഞാൻ മനസ്സിൽ പറഞ്ഞു. വീട്ടിൽ ചെന്ന് ഞാനും പറഞ്ഞു, “ജർമ്മനാണ് ജർമ്മൻ.”

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...